പെഗാസസ്: നനഞ്ഞ പടക്കങ്ങളുമായി പ്രതിരോധത്തിനിറങ്ങാന്‍ അമിത്ഷായ്ക്കു മാത്രമേ കഴിയൂ

പെഗാസസ്: നനഞ്ഞ പടക്കങ്ങളുമായി പ്രതിരോധത്തിനിറങ്ങാന്‍ അമിത്ഷായ്ക്കു മാത്രമേ കഴിയൂ

ഇന്ത്യയിലെ പാർലമെന്റേറിയന്മാർ, ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്തിന് ബിജെപിയുടെ കേന്ദ്രമന്ത്രിമാർ എന്നിവരുടെയൊക്കെ ഫോണുകളിൽ നിന്ന് വിവരം ചോർത്താൻ ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റുവെയർ ഉപയോഗിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയ്ക്കു മുന്നിൽ ഉരുണ്ടു കളിക്കുകയാണ് അമിത് ഷായും ബിജെപിയും. നേർക്കുനേരെ ഉയർന്ന ചോദ്യത്തിനല്ല അവർ മറുപടി പറയുന്നത്. ചോദ്യം ലളിതമാണ്. പെഗാസസ് സോഫ്റ്റുവെയർ ഇന്ത്യാ സർക്കാർ വാങ്ങിയിട്ടുണ്ടോ? ഇല്ല എന്ന മറുപടി എന്തുകൊണ്ടാണ് ധൈര്യത്തോടെ ജനങ്ങളോടു പറയാൻ കേന്ദ്രസർക്കാരിനും അതിന്റെ സർവശക്തരായ പ്രതിനിധികൾക്കും കഴിയാതെ പോകുന്നത്?

ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായവർ വരെ ചോർത്തൽ പട്ടികയിലുണ്ട്. തകർന്നു തരിപ്പണമായിക്കിടക്കുകയാണ് കേന്ദ്രസർക്കാരിന്റെ വിശ്വാസ്യത. എന്നിട്ടും ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി നേതാവ് രവിശങ്കർപ്രസാദുമൊക്കെ വാചാടോപങ്ങളുടെ കുമിളകൾ ഊതിക്കളിക്കുകയാണ്. തടസപ്പെടുത്തുന്നവർക്കു വേണ്ടി നശിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ടാക്കിയ വിവാദമാണുപോലും. പ്രോജക്ട് പെഗാസസ് പട്ടികയിൽ ഉൾപ്പെട്ട ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെങ്കിലും ഈ വാചകമടി ദഹിക്കുമോ ആവോ? രാജ്യം ഭരിക്കുന്ന സർക്കാരിന്റെയും നേതാക്കളുടെയും വിശ്വാസ്യത കടലെടുത്തു നിൽക്കുന്ന സമയത്ത് ഇത്തരം നനഞ്ഞ പടക്കങ്ങളുമായി പ്രതിരോധത്തിനിറങ്ങാൻ അമിത്ഷായ്ക്കു മാത്രമേ കഴിയൂ.

മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ ന്യായമാണ് കേമം. 45 ഓളം രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് എന്നാണ് അദ്ദേഹത്തിന്റെ എമണ്ടൻ ചോദ്യം. സ്വന്തം കണങ്കാലിലേയ്ക്ക് കോടാലി വലിച്ചെറിയാൻ ബിജെപി നേതാക്കളെക്കഴിഞ്ഞേ ആരുമുള്ളൂ.45 രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നു എന്ന് രവിശങ്കർ പ്രസാദ് സമ്മതിച്ചു കഴിഞ്ഞു. ഗവണ്മെന്റുകൾക്കാണ് ഈ സോഫ്റ്റുവെയർ വിറ്റത് എന്ന് നിർമ്മാതാക്കളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഈ 45 രാജ്യങ്ങളിൽ ഏതെങ്കിലുമൊരു രാജ്യം നമ്മുടെ കേന്ദ്രമന്ത്രിമാരുടെയും ജഡ്ജിമാരുടെയും എംപിമാരുടെയും ഫോൺ ചാരവൃത്തിയ്ക്കുപയോഗിക്കാനുള്ള സാധ്യതയെ രവിശങ്കർ പ്രസാദ് എങ്ങനെയാണ് കാണുന്നത്? ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി സോഫ്റ്റുവെയറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനു ശേഷമാണ് വാർത്ത പുറത്തുവിട്ടത് എന്നാണ് പ്രോജക്ട് പെഗാസസുകാരുടെ അവകാശവാദം. അതു സ്ഥിരീകരിക്കണമെങ്കിൽ അന്വേഷണം നടക്കണ്ടേ.

അത്യന്തം ഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഒരു മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയിൽ പിടയുകയാണ് രാജ്യം. ഒരുതരം മനുഷ്യാവകാശങ്ങൾക്കും നിലനിൽപ്പില്ലാത്ത സ്ഥിതിയിലേയ്ക്കുള്ള പതനം അകലെയല്ല.

ഇന്ത്യ ഈ സോഫ്റ്റുവെയർ ഉപയോഗിച്ചിട്ടില്ലെങ്കിൽ, മറ്റേതെങ്കിലും രാജ്യം നമ്മുടെ നാട്ടിൽ ഈ ചാരപ്പണി നടത്തിയിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് സർക്കാർ എന്തിന് വൈമുഖ്യം കാണിക്കണം? മറ്റുള്ളവരുടെ ഫോൺ പോകട്ടെ, ബിജെപിക്കാരായ കേന്ദ്രമന്ത്രിമാരുടെ ഫോണിലെ വിവരങ്ങൾ ഏതെങ്കിലും ശത്രുരാജ്യം ചോർത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ. അതിന് ബിജെപി തയ്യാറല്ല. അവിടെയാണ് അമിത്ഷായുടെയും രവിശങ്കർ പ്രസാദിന്റെയുമൊക്കെ വാദങ്ങൾ എട്ടു നിലയിൽ പൊട്ടുന്നത്.

45 രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ട് എന്ന മുൻ കേന്ദ്രമന്ത്രിയും പ്രബല ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണമല്ലാതെ സർക്കാരിനു മുന്നിൽ പോംവഴികളൊന്നുമില്ല. ഞഞ്ഞാമിഞ്ഞാ ന്യായം പറഞ്ഞ് അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ ബിജെപിയും കേന്ദ്രസർക്കാരിനെയും അനുവദിക്കുകയുമില്ല. വഴിയുമില്ല.

എല്ലാ ഏകാധിപതികളുടെയും കൂടെപ്പിറപ്പാണ് അവിശ്വാസം. എതിരാളികളെ മാത്രമല്ല, സ്വന്തം പാർടിയിലുള്ളവരെയും അവർ സദാ അവിശ്വാസത്തോടെ നിരീക്ഷിക്കും. പെഗാസസ് വഴിയുള്ള ചാരവൃത്തിയുടെ ലക്ഷ്യം എതിരാളികളുടെ നീക്കം ചോർത്തലും ഉള്ളിലിരിപ്പ് അറിയിലും മാത്രമല്ല. എതിരാളികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെന്നേയ്ക്കുമായി ജയിലിൽ തള്ളാൻ ആവശ്യമായ തെളിവുകൾ സ്ഥാപിക്കാനും സോഫ്റ്റ്വെയറിന് കഴിയും. എതിരാളികളെ നിശ്ചയിച്ചു കഴിഞ്ഞാൽ മതി. അവരുടെ ഫോണിലും കമ്പ്യൂട്ടറിലും ഇമെയിലുകളിലും രാജ്യദ്രോഹക്കുറ്റത്തിനുള്ളിൽ തെളിവുകൾ സോഫ്റ്റുവെയറുകൾ സ്ഥാപിച്ചു കൊടുക്കും. ഏതെങ്കിലും പെറ്റിക്കേസിൽ അറസ്റ്റു ചെയ്ത് ഫോണോ കമ്പ്യൂട്ടറോ പിടിച്ചെടുത്താൽ മതി. ആജീവനാന്തകാലം ജയിലിൽ തള്ളാനുള്ള രാജ്യദ്രോഹക്കുറ്റങ്ങൾക്കുള്ള തെളിവുകൾ അവയിലുണ്ടാകും.

അത്യന്തം ഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഒരു മാന്യതയും മര്യാദയുമില്ലാത്തവരുടെ ഉരുക്കു മുഷ്ടിയിൽ പിടയുകയാണ് രാജ്യം. ഒരുതരം മനുഷ്യാവകാശങ്ങൾക്കും നിലനിൽപ്പില്ലാത്ത സ്ഥിതിയിലേയ്ക്കുള്ള പതനം അകലെയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in