എഴുത്തിന്റെ മികവ് അവരുടെ വര്‍ഗീയ വാദത്തെ ന്യായീകരിക്കുമോ?

എഴുത്തിന്റെ മികവ് അവരുടെ വര്‍ഗീയ വാദത്തെ ന്യായീകരിക്കുമോ?

മദ്യവും,മയക്കുമരുന്നും രതിവൈകൃതങ്ങളും പോലെയുള്ള ഒരു ആസക്തിയാണ് വര്‍ഗീയത. ചിലരില്‍ അത് കുടുംബങ്ങളില്‍ നിന്ന് കൂടിയേറുന്നു. ചിലരില്‍ വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്ന് പകരുന്നു. ചിലരില്‍ അത് അവരുടെ അവസരവാദത്തിലെ ഒരു നാഴികകല്ലാണ്. മതങ്ങളാണ് വര്‍ഗീയതകളുടെ പ്രഭവകേന്ദ്രങ്ങള്‍.

വര്‍ഗീയത ഒരാളില്‍ വേരിറക്കുന്ന മാര്‍ഗം ഏതാണെങ്കിലും ഫലം ഒന്ന് തന്നെ: അയാള്‍ അഥവാ അവള്‍ സമൂഹത്തിലെ ഒരു വിഷജീവിയായി മാറുന്നു. അനവധി നന്മകള്‍ മനുഷ്യവംശത്തി ന് നല്‍കിയിട്ടുള്ള മതങ്ങളുടെ ഭീകരദുരന്തമാണിത്.വര്‍ഗീയവാദം മനുഷ്യന്റെ ഏറ്റവും നീചമായ വികാരങ്ങളെയാണ് അതിന്റെ ഉപകരണങ്ങളാക്കുന്നത്: പക, വിദ്വേഷം, അക്രമാസക്തി, രക്തക്കൊതി. ഇവയെ തരം താഴ്ന്ന മത വികാരവു മാ യി കൂട്ടിയിണ ക്കുമ്പോള്‍ മതവര്‍ഗീയതയുടെ പ്രയോഗശാസ്ത്രം തയ്യാറായി.

പക്ഷേ യഥാര്‍ഥത്തില്‍ വര്‍ഗീയ വാദം ഹീനങ്ങളായ ആസക്തികളു ടെ മാത്രം കാര്യമല്ല. ഇന്ത്യയില്‍ അതിനൊരു കൃത്യമായ അജണ്ട ഉണ്ട്: അധികാരം. സ്പര്‍ദ്ധയിലും വെറുപ്പിലും അജ്ഞതയിലും ജീര്‍ണ പാരമ്പര്യങ്ങളിലും വേരിറക്കിയ സ്വേച്ഛാധിപത്യം.

ഒരെഴുത്തുകാരനായ എന്നെ അദ്ഭുതപെടുത്തുന്നത് ഇതാണ്: എന്തു കൊണ്ടാണ് സ്‌നേഹത്തിനും സമാധാനത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി - അതാണ് എഴുത്തിന്റെ പൈതൃകം - നിലയുറപ്പിക്കേണ്ടവരായ എഴുത്തുകാരില്‍ ചിലര്‍ വര്‍ഗീയ വാദത്തെയും സ്വേച്ഛാധിപത്യ ത്തെയും പിന്തുണക്കുന്നത്? അവരുടെ എഴുത്തിന്റെ മികവ് അവരുടെ വര്‍ഗീയ വാദത്തെ ന്യായീകരിക്കുമോ? എഴുത്തുകാര്‍ വിഷജീവികളായാല്‍ അവര്‍ അവരുടെ വായനക്കാരെ വഞ്ചിക്കുകയല്ലെ ചെയ്യുന്നത്? അതിലുമേറെ, സമൂഹത്തില്‍ സ്വാധീനമുള്ളവരെന്ന നിലക്ക് അവര്‍ കുടിലങ്ങളായ മാതൃകകള്‍ സൃഷ്ടിക്കുകയല്ലെ ചെയ്യുന്നത്?

നോര്‍വേ എഴുത്തുകാരന്‍ ക്നുട് ഹംസനെ ഓര്‍മ വരുന്നു. ഹെമിങ്വേ ഗുരു തുല്യനായി കണ്ട മഹാനായ നോവലിസ്റ്റ് ആയിരുന്നു അദ്ദേഹം. കാഫ്കയെയും മാക്‌സിം ഗോര്‍ക്കിയെയും തോമസ്മന്നിനെയും അദ്ദേഹം സ്വാധീനിച്ചു. പക്ഷേ അദ്ദേഹം ഹിറ്റ്‌ലറുടെ ആരാധകനായി മാറി. നോര്‍വെ ഹിറ്റ്‌ലര്‍ പിടിച്ചെടുത്തപ്പോള്‍ നാസികള്‍ക്ക് വേണ്ടി നില കൊണ്ടു. നോര്‍വെക്കാര്‍ അവരുടെ മഹാനായ എഴുത്തുകാരന് മാപ്പ് കൊടുത്തില്ല - ഇത്രയും ചെയ്തു: രാജ്യത്തെ ഒറ്റിക്കൊടുത്തവര്‍ക്ക് നല്‍കിയ വധശി ക്ഷയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഹംസണെ അവരുടെ സാംസ്‌കാരിക സ്മരണകളില്‍ നിന്ന് അവര്‍ തുടച്ചു നീക്കി. സമീപ വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ അവിടെ തിരിച്ചു വന്നത്.മലയാളികള്‍ എത്ര വിശാല ഹൃദയരാണ്. എഴുത്തുകാര്‍ക്ക് വേണ്ടി അവര്‍ക്ക് നന്ദി.