'ഓപ്പറേഷൻ ജാവ അയാൾക്കുള്ള ട്രിബ്യൂട്ടാണ്, ഹെർക്കുലീസ് മണിയേട്ടന്'

'ഓപ്പറേഷൻ ജാവ അയാൾക്കുള്ള ട്രിബ്യൂട്ടാണ്, ഹെർക്കുലീസ് മണിയേട്ടന്'

ഉയർന്ന ചിന്താഗതി, മൂഞ്ചിയ ജീവിതം !!ജാവ നമ്മളെ നോക്കി ചിരിക്കുകയല്ല, നമ്മളെ കൂകി വിളിച്ചോടിക്കുകയാണ്..

ഹാൻഡ് പിക് വിദേശ മദ്യങ്ങൾ നിരത്തി വെച്ച ഒരു സൂപ്പർ മാർക്കറ്റുണ്ട് കോഴിക്കോട്ടെ കോറണേഷൻ തീയേറ്ററിൻ്റെ മുമ്പിൽ. പത്രക്കടലാസിൽ ചുരുട്ടിയ രണ്ടു കുപ്പികളുമായി ഇന്നാളൊരു ഒരു ദിവസം നോബി വന്ന് കാറേക്കയറിയത് അവിടെ വെച്ചാണ്. ''ഹെർക്കുലീസാ, എച്ച്.എമ്മിനിപ്പഴും റമ്മന്നെ വേണം !!''

വർഷങ്ങൾക്ക് ശേഷം ഞാനാ പേരുകൾ വീണ്ടും കേൾക്കുകയായിരുന്നു. എനിക്കുമുണ്ടായിരുന്നു ഒരെച്ചെം. പിൽക്കാലം ഞാൻ ജീവിക്കാൻ ശ്രമിച്ച സ്കൂളിലെ ആദ്യത്തെ എച്ച്.എം !! മുഴുവൻ പേര് ഹെർക്കുലീസ് മണി. ഡൈനാമോ സെറ്റുള്ള ഹെർക്കുലീസ് സൈക്കിളിൽ സിനിമാക്കഥകളും പേറി മണിയേട്ടൻ പോവുമ്പോൾ ഞാനാരാധനയോടെ നോക്കി നിൽക്കുമായിരുന്നു.

കൂട്ടം തെറ്റി കെട്ടിൽക്കയറുന്ന മണിയേട്ടൻ്റെ പോസ്റ്റർക്കഷണങ്ങൾ കൊണ്ടാണ് ഞാനന്നെൻ്റെ ബുക്കുകൾ പൊതിഞ്ഞിരുന്നത്. തലയും പേരുമൊക്കെ ചിലപ്പോൾ പാതിയേ കാണൂ. മൂക്കില്ലാത്ത മോഹൻലാലിനെയും മൂക്കുത്തിയിലേക്ക് ചുരുങ്ങിയ ശോഭനയേയും കൊണ്ട് എന്റെ കുട്ടിക്കാലത്തെ മൂപ്പിച്ചു തന്നത് മണിയേട്ടനാണ്. മുറിപ്പോസ്റ്ററുകൾ കൊണ്ടലങ്കരിച്ച ബാല്യകാലമാണെന്റേത്.

സിനിമാപ്പാട്ടും പാടി, ഒരു പുഴ പോലെ വളഞ്ഞു പുളഞ്ഞ് ഇരുട്ടിലൂടെ മലകയറിപ്പോകുന്ന ഹെർക്കുലീസ് മണി ഇപ്പോഴും എൻ്റെ ഓർമ്മയിലുണ്ട്, സന്ധ്യ കഴിഞ്ഞാൽ ഹെർക്കുലീസ് അയാളുടെ അകത്തു കയറും, അയാൾ ഹെർക്കുലീസിൻ്റെ പുറത്തും. എല്ലാവരോടും പ്രതിഷേധമായിരുന്നു മണിയേട്ടന്. പോസ്റ്ററൊട്ടിപ്പൊക്കെ പാടാണെന്ന് മൂപ്പരെപ്പഴും പറയും, ആർക്കും ഒരു വിലയുമില്ലെന്ന്. ഓപ്പറേഷൻ ജാവയിലൊരു ഡയലോഗുണ്ട്, ''എന്ത് കണ്ടാലും കുറ്റം കണ്ടു പിടിക്കുന്ന ഒരു പ്രത്യേക തരം സൈക്കോകളാണ് എൻ്റെ നാട്ടുകാർ,'' എന്ന് !! എല്ലാക്കാലത്തും എല്ലായിടത്തുമുണ്ടായിരുന്നു ഇവർ, ഇന്നാട്ടുകാർ - സൈക്കോകൾ.

ഓപ്പറേഷൻ ജാവയിലൊരിടത്ത് തരുൺ മൂർത്തിയുടെ നായകന്മാർ ആത്മപുച്ഛത്തോടെ പറയുന്നുണ്ട്, ഉയർന്ന ചിന്താഗതി, മൂഞ്ചിയ ജീവിതം എന്ന്. സത്യത്തിൽ ഈ വരികൾ മണിയേട്ടൻ്റെ മൈദയിൽ മുക്കി നാട്ടുകാരുടെ മുഴുവനും നെഞ്ചത്തൊട്ടിക്കാനുള്ളതാണ്. ഗവൺമെൻ്റ് ജോലിയില്ലാത്തവന് പെണ്ണിനെ കൊടുക്കില്ലെന്ന് പറയുന്ന അച്ഛാച്ഛന്, കാമുകനേം തേച്ച് കടൽ കടന്നു പോകുന്ന കാമുകിക്ക്, ഇവമ്മാരെയൊന്നും തലയിൽ കയറ്റിവെക്കരുതെന്ന് ആദ്യാവസാനം പറഞ്ഞു കൊണ്ടിരിക്കുന്ന പ്രശാന്തിൻ്റെ പോലീസ് ക്യാരക്ടറിന്, ഇതുപോലത്തെ കേസൊക്കെ കൈകാര്യം ചെയ്യാൻ സൈബർ സെല്ലിന് പെർമനൻ്റുകാരെ വിട്ടൂടേ എന്ന് ചോദിക്കുന്ന ഷൈൻ ടോം ചാക്കോയുടെ ഇൻസ്പക്ടർക്ക് ഒക്കെ, ഒക്കെ ടാഗ് ലൈനായി ചേർക്കാവുന്ന വാക്കുകൾ 'ഉയർന്ന ചിന്താഗതി, മൂഞ്ചിയ ജീവിതം' എന്നതു തന്നെ.

സത്യത്തിൽ ഓപ്പറേഷൻ ജാവ പറയുന്നത് ആ കഥയാണ്. ലുക്ക്മാന്റെയും ബാലു വര്‍ഗ്ഗീസിന്റെയും നായക കഥാപാത്രങ്ങൾക്ക്, വിനയദാസിനും ആന്റണിക്കും ജോലി സ്ഥിരപ്പെടുത്തിക്കൊടുത്തവസാനിപ്പിച്ചിരുന്നെങ്കിൽ ആ പടം രാഷ്ട്രീയമായി പരാജയപ്പെട്ടേനെ.

ഓപ്പറേഷൻ ജാവ കണ്ടിറങ്ങിയപ്പോൾ ഞാൻ വീണ്ടും മണിയേട്ടനെ ഓർത്തു. അയാളിപ്പോൾ എവിടെയായിരിക്കും. ആരുടെയൊക്കെ കുട്ടിക്കാലത്തിന് നിറം കൊടുക്കേണ്ടിയിരുന്ന മനുഷ്യനാണ്. വലുതായാൽ ആരാവണമെന്ന വി ഗൈഡ് വാസു മാഷിൻ്റെ ചോദ്യത്തിന്, എച്ച്.എം എന്നുത്തരം പറഞ്ഞ കുട്ടിയായിരുന്നു ഞാൻ. ''നേരിട്ടങ്ങനെ എച്ച്.എമ്മാവാൻ പറ്റൂല. അതിനാദ്യമൊരു മാഷാവണം. പിന്നെ കയറിക്കയറി വന്ന് ഒരു ദിവസം ഹെഡ്മാഷാവും.'' വി ഗൈഡിന് പുറത്ത് നിന്ന് വാസുമാഷ് പറഞ്ഞ ആദ്യത്തെ ഉത്തരം, ഞാനോർക്കുന്നുണ്ട്.

ഒരു കെട്ട് പേപ്പറും ഒരു തൊട്ടി മൈദയും കൊണ്ട് ഒരു നാട്ടിൻ പുറത്തെ മുഴുവൻ വശീകരിക്കുന്ന ഹെർക്കുലീസ് മണിയേട്ടനെ മനസിലാക്കാൻ വി ഗൈഡ് വാസു മാഷിൻ്റെ ബി എഡ് പോര !! അതിന്, കണ്ട സ്വപ്നങ്ങളെ പേപ്പറിലെഴുതാൻ പറയുന്ന, സ്വപ്ന ജീവികളെ ബിരുദ പത്രം കൊടുത്താദരിക്കുന്ന ഒരു ക്ലാസ് മുറി വേണം. കുട്ടികളെ ഉണ്ടാക്കേണ്ടത് അമ്മുറികളാണ്, കിടപ്പു മുറികളല്ല. ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും അവസാനിക്കാത്തത് നമ്മുടെ ക്ലാസ് മുറികൾ പക്വമാവാത്തതു കൊണ്ടാണ്.

സത്യത്തിൽ ഓപ്പറേഷൻ ജാവ പറയുന്നത് ആ കഥയാണ്. ലുക്ക്മാന്റെയും ബാലു വര്‍ഗ്ഗീസിന്റെയും നായക കഥാപാത്രങ്ങൾക്ക്, വിനയദാസിനും ആന്റണിക്കും ജോലി സ്ഥിരപ്പെടുത്തിക്കൊടുത്തവസാനിപ്പിച്ചിരുന്നെങ്കിൽ ആ പടം രാഷ്ട്രീയമായി പരാജയപ്പെട്ടേനെ. ഇങ്ങനെയാണ് ഒരാളെ രക്ഷപ്പെടുത്തേണ്ടതെന്ന്, ഇതാണ് രക്ഷപ്പെടലെന്ന് മുഖ്യധാരയോട് ഒട്ടി നിന്ന്, സൈക്കോകളോടൈക്യപ്പെട്ട് സമ്മതിക്കലായേനേ അത്. ആ പിള്ളേർക്ക് ജോലി സ്ഥിരപ്പെട്ടെങ്കിൽ എന്ന് തീയേറ്ററിൽ നിന്നിറങ്ങുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം, നിങ്ങളിലുമുണ്ട് അയാൾ !! ഗവൺമെൻ്റ് ജോലിക്കാരാണ് വിജയിച്ചവരെന്ന് കരുതുന്ന സൈക്കോ,

ഇന്ന് രാവിലെയാണ്, നടത്തത്തിനിടയിൽ മനോരമ ജംഗ്ഷനിലെത്തിയതും കൂട്ടം തെറ്റി മോനങ്ങോടിപ്പോയി. അത്ര രാവിലെയല്ല, വണ്ടികൾ പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്, റോഡിലേക്കോടിക്കളയും ചിലപ്പോൾ. കൈ പിടിക്കാനാണ് ഓടിച്ചെന്നത്, പക്ഷേ പിടിക്കാൻ തോന്നിയില്ല. സിനിമാപ്പോസ്റ്ററിൽ കൈയ്യെത്തി തൊട്ടാണ് നിൽപ്പ്. എനിക്കറിയാം, അവനെൻ്റെ എച്ച്.എം നെ തേടുകയാണ് !!

Operation Java
Operation JavaOperation Java

ഓപ്പറേഷൻ ജാവ അയാൾക്കുള്ള ട്രിബ്യൂട്ടാണ്, ഹെർക്കുലീസ് മണിയേട്ടന്. അയാളെപ്പോലെ തൊഴിലിടങ്ങളിൽ കണ്ണീർ വീഴ്ത്തിക്കടന്നു പോയവർക്കെല്ലാമുള്ള ട്രിബ്യൂട്ടാണ് ജാവ. ''പോടാ'' എന്ന് പറഞ്ഞ്, ഇർഷാദും ബിനു പപ്പുവും ആ കുട്ടികളെ നിഷ്കരുണം ഇറക്കി വിടുന്നിടത്താണ് എൻ്റെ കൈയ്യടി. ഇരുപത്തഞ്ച് വയസ്സെന്നാൽ സുമ്മാവാ !! അതിനകത്ത് തീരാനുള്ളതല്ല നിങ്ങളുടെ ലോകം. ജാവ സിമ്പിളല്ല, പവർഫുള്ളാണ് - കാണാതിരിക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in