ഉമ്മ : ഒരു ഇൻട്രോവർട്ടിന് മതവിശ്വാസം നൽകിയ ആശ്വാസങ്ങൾ

ഉമ്മ : ഒരു ഇൻട്രോവർട്ടിന് മതവിശ്വാസം നൽകിയ ആശ്വാസങ്ങൾ

നാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്ത് തൊഴിൽ തിരഞ്ഞെടുക്കുമായിരുന്നു ? ധ്യാനാത്മകതയും ചിന്താ ജീവിതവും വിട്ടു വീഴ്ച ചെയ്യാനാവാത്ത എത്ര തൊഴിലുകളാണ് ഇന്ന് അത്തരം മനുഷ്യർക്കുള്ളത് ? ഇത് ഒരു നാരായണ ഗുരുവിൻ്റെ മാത്രം പ്രശ്നമല്ല. ഹിറാ ഗുഹയിലെ ഏകാന്ത വാസമനുഷ്ഠിച്ച നബിക്ക് ഇന്നത്തെ കാലം അങ്ങനെ ഒരു അനുവാദം കൊടുക്കുമോ ? പുരുഷന് അത്തരം ഏകാന്ത ജീവിതങ്ങൾ അനുവദിച്ചാലും സ്ത്രീയെ അതനുവദിക്കാതിരിക്കാൻ സമൂഹം ഇന്നും ശ്രദ്ധിക്കുന്നുണ്ട്. ഉമ്മയുടെ രണ്ടാം ഓർമ ദിനത്തിൽ തൻ്റെ ഇൻട്രോവർട്ട് ട്രെയിറ്റുകളെ മതവിശ്വാസത്തിൻ്റെ സഹായത്തോടെ അവർ എങ്ങനെ മറികടന്നു എന്നു പരിശോധിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പിൽ .

ഇൻട്രോവർട്ടുകളുടെ ലോകങ്ങൾ

'പഠിപ്പി' എന്നതും 'ബുദ്ധിജീവി ' എന്നതും ഒരാളെ റദ്ദ് ചെയ്യാനുള്ള പല പ്രായങ്ങളിലെ വിളിപ്പേരുകളാണ്. എന്നാൽ അതിലുമെത്രയോ എളുപ്പമാണ് കുറച്ച് അന്തർമുഖത്വമുള്ള കുട്ടിയെ പരിഹസിക്കാൻ. ചിലർക്കവൾ നാണം കുണുങ്ങിയാണ്, ചിലർക്കവൻ ജാഡയാണ്, മറ്റു ചിലർക്കവർ എക്സിസ്റ്റ് ചെയ്യാറേ ഇല്ല. രണ്ട് തരത്തിലാണ് പ്രധാനമായും ഈ വിഭാഗത്തിലുള്ള കുട്ടികൾ അവരുടെ കൂട്ടുകാരാലും ബന്ധുക്കളാലും ആക്രമിക്കപ്പെടുക. ഒന്ന്, പരിഹാസമാണ്. അന്തർ മുഖത്വത്തിൻ്റെ ഒരു ഗുണം ഈ പരിഹാസത്തെ അതിജീവിക്കാനുള്ള ആഭ്യന്തര ശേഷി അത്തരക്കാർക്കുണ്ടാകുമെന്നതാണ് .

എന്നാൽ രണ്ടാമത്തെ വഴി കുറച്ചു ക്രൂരമാണ്. അത് അന്തർമുഖത്വത്തെ മറികടക്കേണ്ട ഒരു രോഗാവസ്ഥയെ പോലെ പരിഗണിക്കുന്നു. നോർമൽ എന്നത് എക്സ്ട്രോവർട്ടുകൾ മാത്രമാണ് എന്നതാണ് ആ ധാരണയുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രചോദനം. ഈയടുത്ത് പുറത്തിറങ്ങിയ അതി മനോഹരമായ മലയാള സിനിമയായ പ്രേമലുവിലെ മാത്യൂസ് ചെയ്യുന്ന കഥാപാത്രത്തെ നോക്കുക. അവരെ അവരുടെ ജീവിതാവസ്ഥയിൽ നിന്ന് രക്ഷിക്കൽ എല്ലാ കാലത്തും കൂട്ടുകാരും ബന്ധുക്കളും അവരുടെ ദൗത്യമായേറ്റെടുക്കുന്നു. എന്നാൽ യഥാർത്ഥ്യം മറിച്ചാണ്.

പ്രശസ്ത്ര മനശാസ്ത്ര വിദഗ്ധനായ കാൾ യുങ്ങാണ് മനുഷ്യരിലെ അന്തർ മുഖ-ബഹിർ മുഖ വിഭാഗങ്ങളെ വളരെ ഗൗരവകരമായി സമീപിക്കുന്നത്.
പ്രശസ്ത്ര മനശാസ്ത്ര വിദഗ്ധനായ കാൾ യുങ്ങാണ് മനുഷ്യരിലെ അന്തർ മുഖ-ബഹിർ മുഖ വിഭാഗങ്ങളെ വളരെ ഗൗരവകരമായി സമീപിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പ്രശസ്ത്ര മനശാസ്ത്ര വിദഗ്ധനായ കാൾ യുങ്ങാണ് മനുഷ്യരിലെ അന്തർ മുഖ-ബഹിർ മുഖ വിഭാഗങ്ങളെ വളരെ ഗൗരവകരമായി സമീപിക്കുന്നത്. ശാന്ത സ്വഭാവക്കാരും തൻ്റെ തന്നെ കമ്പനി ആസ്വദിക്കുന്ന വിഭാഗക്കാരുമാണ് ഇൻട്രോവർട്ടുകൾ എന്നതാണ് അവരെ കുറിച്ചുള്ള ഏറ്റവും ലളിതമായ നിർവചനം. എന്നാൽ യുങ്ങിൻ്റെതടക്കമുള്ള പഠനങ്ങൾ ചൂണ്ടി കാണിക്കുന്ന ഒരു വസ്തുത തങ്ങളുടെ പേഴ്സണൽ സ്പെയ്സിൽ ഇൻട്രോവർട്ടുകൾ സന്തോഷം കണ്ടെത്തുകയും ജീവിക്കാനുള്ള ഊർജം സമാഹരിക്കുകയും ചെയ്യുന്നു എന്നതാണ്. അതായത് അന്തർ മുഖരുടെ മീ ടൈം അഥവാ പേഴ്സണൽ ടൈം എന്നത് അവരുടെ ബാറ്ററി റീചാർജ് ചെയ്യലാണ്. എന്നാൽ ഈ സമയത്തെ ആണ് സമൂഹം അവരെ രക്ഷിക്കേണ്ട ഏകാന്തതായായി തെറ്റിദ്ധരിക്കുന്നത്. നിങ്ങളുടെ മഹാമനസ്കത അവരുടെ അതിജീവനത്തിനുള്ള സമയമാണ് കവരുന്നെതന്നർത്ഥം. ഇൻട്രോ വർട്ടുകളെ കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണ അവർ ആളുകളോട് ഇടപെടാൻ പോലും ശേഷി ഇല്ലാത്ത സ്വഭാവ വൈകല്യം നേരിടുന്നു എന്നതാണ്. ഇതും വസ്തുതയല്ല.

ഇൻട്രോവർട്ടുകൾ അവരുടെ കംഫർട്ടബിൾ സ്പെയ്സിൽ വളരെ സാധാരണയായി ഇടപെടുന്ന ഏത് ജോലിയും ചെയ്യാൻ ശേഷി ഉള്ളവരാണ്. അവരുടെ ഒഴിവ് സമയം അവർക്ക് മാത്രമുള്ളതാണ് എന്നതാണ് വത്യാസം. അടുത്തിടെ, മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് ഒറ്റക്കിരുന്നാൽ താൻ വളരെ അസ്വസ്ഥനാവും എന്ന്. ഈ പ്രശ്നം വളരെ കുറഞ്ഞ അളവിലേ ഇൻട്രോവർട്ടുകൾക്കുള്ളൂ എന്നതാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വത്യാസം.

മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് ഒറ്റക്കിരുന്നാൽ താൻ വളരെ അസ്വസ്ഥനാവും എന്ന്. ഈ പ്രശ്നം വളരെ കുറഞ്ഞ അളവിലേ ഇൻട്രോവർട്ടുകൾക്കുള്ളൂ എന്നതാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വത്യാസം.
മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് ഒറ്റക്കിരുന്നാൽ താൻ വളരെ അസ്വസ്ഥനാവും എന്ന്. ഈ പ്രശ്നം വളരെ കുറഞ്ഞ അളവിലേ ഇൻട്രോവർട്ടുകൾക്കുള്ളൂ എന്നതാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വത്യാസം.

ഉമ്മയെന്ന ഇൻട്രോവർട്ട്

ഇൻട്രോവർട്ടെന്ന വാക്ക് ഒരിക്കൽ പോലും ഉമ്മ പറഞ്ഞ് കേട്ടിട്ടില്ല. സ്വയം അവർ അങ്ങനെ ഐഡൻ്റിഫൈ ചെയ്തിട്ടുണ്ടാവാനുള്ള സാധ്യതയും വിരളമാണ്. എന്നാൽ അവരുടെ ചില ട്രെയ്റ്റുകളിൽ ഒരു ഇൻട്രോവർട്ടിനെ വ്യക്തമായി കാണാമായിരുന്നു. ഓർമകളുള്ള കാലം മുതൽ ഉമ്മ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായി അടയാളപ്പെടുത്തിയിരുന്നത് ചില കാര്യങ്ങൾ ചെയ്യാനാവുന്ന ദിവസങ്ങളെ ആയിരുന്നു. ആരും തടസ്സപ്പെടുത്താതെയുള്ള ഖുറാൻ വായന നടത്തിയ ദിവസങ്ങൾ, ആരും തടസ്സപ്പെടുത്താതെ പാട്ട് കേൾക്കാനായ ദിവസങ്ങൾ, ആരും ടൈം ലിമിറ്റ് വക്കാതെ കുക്ക് ചെയ്യാനായ ദിവസങ്ങൾ, ആരും ഇടക്ക് കടന്ന് വരാതെ റേഡിയോയിലേക്ക് കത്ത് എഴുതാനായ ദിവസങ്ങൾ എന്നിവയാണ് ഉദാഹരണങ്ങൾ.

ഇനി ഉമ്മ അസ്വസ്ഥമായിരുന്ന ദിവസങ്ങൾ പറയാം. സംസാരം തുടങ്ങിയാൽ അവസാനിപ്പിക്കാത്ത ചിലരുടെ സന്ദർശനങ്ങൾ ( ഈ ചിലരിൽ അയൽപക്കക്കാർ മുതൽ മക്കൾ വരെ ഉൾപ്പെടും) ഉള്ള ദിവസങ്ങൾ, വാപ്പ ഏൽപ്പിച്ച് പോകുന്ന പണിക്കാർക്ക് നിർദേശങ്ങൾ കൊടുക്കേണ്ടി വരുന്ന ദിവസങ്ങൾ, പെട്ടെന്ന് ഭക്ഷണം കുക്ക് ചെയ്യേണ്ടി വരുന്ന ദിവസങ്ങൾ, ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങൾ, ഖുറാൻ പാരായണവും റേഡിയോ പരിപാടികളും നഷ്ടപ്പെടുന്ന ദിവസങ്ങൾ എന്നിവയാണത്. ഉമ്മ അസ്വസ്ഥത പ്രകടമാക്കുക തനിക്ക് ഖുറാൻ പാരായണം നടത്താനായില്ലന്നോ ഭക്ഷണം ശരിയായി പാകം ചെയ്യാനായില്ലല്ലോ എന്നൊ പറഞ്ഞാണ്. പക്ഷെ, സൂക്ഷിച്ച് നോക്കിയാൽ തൻ്റെ മീ ടൈം നഷ്ടപ്പെടുന്നതിൽ വേദനിക്കുന്ന ഇൻട്രോവർട്ടിനെ ഉമമയിൽ കാണാം.

ലേഖകന്റെ ഉമ്മ സുൽഫിയ ബീഗം
ലേഖകന്റെ ഉമ്മ സുൽഫിയ ബീഗം

എന്ത് കൊണ്ടാണ് സന്ദർശകരുള്ളപ്പോൾ, തൊഴിലാളികൾ ഉള്ളപ്പോൾ ഉമ്മക്ക് പാട്ട് കേൾക്കലും ഖുറാൻ പാരായണവും നടത്താനാവാത്തത് ? ടൈം ലിമിറ്റ് വക്കുമ്പോൾ ഉമ്മയുടെ കുക്കിങ്ങ് സ്കില്ലിന് എന്താണ് സംഭവിക്കുന്നത് ? ഇൻട്രോവർട്ടുകളുടെ തോട്ട് പ്രോസ്സസ്സിൻ്റെ ഒരു ബലഹീനതയും സാധ്യതയുമവിടെയാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു സമയം ഒരു കാര്യം മാത്രം ചെയ്യാനാവുന്ന അതിൽ പരമാവധി മുഴുകുന്ന ഒരു ചിന്താ പ്രക്രിയയാണ് ഇൻട്രോവർട്ടുകൾക്കുള്ള തെന്നാണ്. അതിൻ്റെ സാധ്യത, ചെയ്യുന്ന ആ ഒറ്റ പ്രവർത്തിയുടെ ഗുണമേന്മയാണ്. എന്നാൽ അതിൻ്റെ ബലഹീനത ഒന്നിൽ കൂടുതൽ കാര്യങ്ങൾ ഒരെ സമയം ഏറെ കുറെ ചെയ്യാനാവില്ല എന്നതാണ്. അതു കൊണ്ടാണ് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ഉമ്മക്ക് പാട്ട് കേൾക്കലും പാരായണവും സാധ്യമാവാഞ്ഞത്.

മറ്റ് സമ്മർദ്ദങ്ങൾക്കിടെ പാചകം പാളി പോയിരുന്നത്. ഈ പ്രതിസന്ധിയിൽ നിന്നാണ് ഉമ്മയുടെ മോശം ദിവസങ്ങളുണ്ടായത്. എന്നാൽ ഉമ്മ അതിഥികളോടൊ തൊഴിലാളികളോടൊ മോശമായി പെരുമാറി എന്ന് ഇതിനർത്ഥമല്ല. വീടിന് പരിസരത്ത് തൊഴിലുറപ്പു പണിക്ക് വരുന്ന തൊഴിലാളികൾക്ക് രാവിലെയും വൈകീട്ടും ചായ ഉമ്മയുടെ ഗ്യാറൻ്റി ആയിരുന്നു എന്നവർ പറയാറുണ്ട്. ഉമ്മയുടെ പ്രശ്നം അവരുടെ പ്രവർത്തികളിലെ ഏകാഗ്രത നഷ്ടപ്പെടലായിരുന്നു. ഇനി മതവിശ്വാസം അവരെ എങ്ങനെ സഹായിച്ചു എന്ന് നോക്കാം.

ഒരു ഇൻട്രോവർട്ടിന് മതവിശ്വാസം നൽകിയ ആശ്വാസങ്ങൾ

താനും വിവാഹം കഴിക്കാതെയുള്ള ഒരു ജീവിതം ആഗ്രഹിച്ചിരിന്നുവെന്ന് ഉമ്മ ഒരിക്കൽ എന്നോട് പറയുന്നുണ്ട്. എൺപതുകളിലെ കേരളത്തിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ അത് നടപ്പുള്ള കാര്യമല്ല എന്നത് മറ്റൊരു കാര്യം. ഉമ്മയുടെ കാര്യത്തിൽ രണ്ട് തരം പറിച്ചു നടൽ വിവാഹത്തോടെ സംഭവിക്കുന്നുണ്ട്. ഒന്ന്, എറണാകുളമെന്ന നഗര പ്രദേശത്തിൽ നിന്ന് കോട്ടയത്തെ ഒരു ഗ്രാമാന്തരീക്ഷത്തിലേക്കുള്ള മാറ്റം. മീൻ പോലും ലക്ഷ്വറി ആകുന്ന ഒരു കൾച്ചറൽ ഷോക്ക് ആയിരുന്നു ആ ഗ്രാമം ഉമ്മക്ക് സമ്മാനിച്ചത്. മറ്റൊരു കാര്യം, ഉമ്മ എന്ന ഇൻട്രോവർട്ടിൻ്റെ കമ്പനി വാപ്പ എന്ന എക്സ്ട്രോവർട്ടുമായി ആകുന്നു എന്നതാണ്. തൻ്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിച്ചത് പറഞ്ഞ് തീർത്തില്ലെങ്കിൽ വാപ്പക്ക് ആ ദിവസം പൂർണമാകില്ല.

ഉമ്മയുടെ മരണ ശേഷം രാത്രി നമസ്കാരത്തിന് ശേഷം പാതി ദൈവത്തിനോടും പാതി ഉമ്മയോടുമായി നടത്തുന്ന പ്രാർത്ഥനാ സ്വഭാവത്തിലുള്ള തേങ്ങലുകളാണ് മൂപ്പരുടെ ഇപ്പോഴത്തെ ഏക ആശ്വാസം. ഉമ്മയിലേക്ക് തിരിച്ച് വന്നാൽ, അവരുടെ പ്രധാന സന്തോഷം ഒരു ദിവസം ഒറ്റക്ക് എത്ര നേരം ചിലവഴിക്കാൻ പറ്റി എന്നതായിരുന്നു. വാപ്പയുമായുള്ള ഈ വൈരുധ്യത്തെ ഉമ്മ മതവിശ്വാസം കൊണ്ട് സമർത്ഥമായി മറി കടക്കുകയായിരുന്നു.

'സാണ്ട് കി ആങ്ക് ' എന്നൊരു ഹിന്ദി സിനിമയുണ്ട്. വയോധികരായ രണ്ട് സ്ത്രീകൾ ഷൂട്ടിങ്ങ് മത്സരത്തിന് തയ്യാറെടുക്കുകയും മെഡൽ കരസ്ഥമാക്കുകയും ചെയ്ത യഥാർത്ഥ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും നിയന്ത്രണമുള്ള വീട്ടിൽ നിന്ന് ആ സ്ത്രീകൾ വിവിധ കേന്ദ്രങ്ങളിൽ പോയി പരിശീലനം നേടുന്നത് ആരാധാനാലയങ്ങൾ സന്ദർശിക്കാനാണ് എന്ന വ്യാജേനെയാണ്. സ്ത്രീകൾക്ക് പോകാൻ അനുമതി വേണ്ടാത്ത ഒരെ ഒരു പൊതുയിടമായി ആരാധാനാലയങ്ങൾ കേരളത്തിലടക്കം ഇന്നും പ്രവർത്തിക്കുന്നുണ്ടെന്ന് കാണാം. പൊതുവെ ദുർബലയായ ഉമ്മയെ സംബന്ധിച്ചിടത്തോളം ഇത്തരം യാത്രകൾ ഒന്നും ആവശ്യമില്ലായിരുന്നു. അവരുടെ ഏക ആവശ്യം അവരിലേക്ക് തന്നെ യാത്ര ചെയ്യാനുള്ള സമയമായിരുന്നു. പ്രാർത്ഥനയിൽ മാത്രമാണ് അവർക്കത് സാധിച്ചത്. പ്രാർത്ഥനക്കുള്ള അവകാശം മൗലികമായിരിക്കുന്നത് കൊണ്ട് എക്സ്ട്രോവർട്ടായ വാപ്പ പോലും ഉമ്മയുടെ പ്രാർത്ഥനാ സമയത്ത് മൗനം ഭുജിച്ചു. മാത്രമല്ല, പ്രാർത്ഥനാ സമയത്ത് ഉമ്മ കുറേ കൂടി ശക്തയായി കാണപ്പെട്ടു. അതു കൊണ്ട് ഉമ്മ എല്ലാ കാലത്തും അവരുടെ ഇൻട്രോവർട്ട് സന്തോഷങ്ങളും സങ്കടങ്ങളും പ്രാർത്ഥനയുമായി ചേർത്താണ് പറഞ്ഞത്. ഇത് ഉമ്മ പ്രാർത്ഥനയെ ഒരു ടൂൾ ആയി മാത്രം കണ്ടു എന്ന അർത്ഥത്തിൽ പറയുന്നതല്ല. അവരുടെ ട്രെയിറ്റുകൾക്ക് മറ്റാരും ശല്യപ്പെടാത്ത ഒറ്റക്കുള്ള സമയം ആവശ്യമായിരുന്നു. പ്രാർത്ഥന അത് നൽകി. ദൈവം മാത്രം തനിക്ക് പരിധിയില്ലാത്ത സമാധാനം നൽകുന്നതായി അവർ ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്തു.

ഉമ്മയെ കുറിച്ചുള്ള രണ്ടാമത്തെ വലിയ കുറിപ്പാണിത്. ഇതൊക്കെ വായിച്ചാൽ ഉമ്മ എന്ത് പറയും എന്ന ഒട്ടും പ്രായോഗികമല്ലാത്ത ഒരു ആലോചന മുന്നോട്ട് വച്ച് കൊണ്ടവസാനിപ്പിക്കാം. ഒരിക്കൽ ഷാരൂഖ് ഖാനോട് മൂപ്പരുടെ മാതാവ് തിരിച്ച് വന്നാൽ ആദ്യം എന്ത് പറയും എന്ന് ചോദിക്കുന്നുണ്ട്. ഷാരൂഖ് പറഞ്ഞത്, 'നീ മെലിഞ്ഞ് പോയല്ലോ ' എന്ന് പറയും എന്നതാണ്. അതത്രയും ജനുയിനായ മറുപടി ആണ്. ഉമ്മ ഈ കുറിപ്പുകൾ വായിച്ചാൽ തീർച്ചയായും എന്നെ ചീത്ത വിളിക്കും. 'നീ എന്നെ നാണം കെടുത്തുവാണല്ലോ ' എന്ന് വരെ പറയും. പക്ഷെ, മരണം എന്നത് നമ്മൾ ഒരു കലാ വസ്തു പൊതു സമൂഹത്തിന് മുമ്പിൽ സമർപ്പിക്കുന്നത് പോലെ നമ്മുടെ ജീവിതം സമർപ്പിക്കലാണ്. പിന്നെ നമ്മൾ എങ്ങനെ അനുസ്മരിക്കപ്പെടണമെന്നത് ജീവിച്ചിരിക്കുന്നവരുടെ മാത്രം തീരുമാനമാണ്. ഉമ്മ തന്നെ തൻ്റെ കടുത്ത മതവിശ്വാസി ആയിരുന്ന ജേഷ്ഠനെ കുറിച്ച് പറഞ്ഞൊരു സംഭവമുണ്ട്. മൂപ്പര് ചെറുപ്പ കാലത്ത് ഒരു കടുത്ത മുഹമ്മദ് റാഫി ഫാൻ ആയിരുന്നു. പിന്നീട് പാട്ട് കേൾക്കൽ അടക്കം നിർത്തുന്ന വിശ്വാസി ആയി മാറി. പക്ഷെ, റാഫിയുടെ മരണ വാർത്ത അറിഞ്ഞയുടനേ മൂപ്പര് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പള്ളിയിലേക്കോടി. ആ പ്രാർത്ഥനയെന്നത് തൻ്റെ ആരാധ്യ ഗായകനോടുള്ള സ്നേഹ പ്രകടനമാണ്. അനുസ്മരണമാണ്. ഈ കുറിപ്പും അത്ര മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.

ഉമ്മ ക്ഷമിക്കുമായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in