അമിത് ഷായുടെ പുതിയ വകുപ്പ് ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഏറ്റവും ശക്തമായ പൊളിറ്റിക്കൽ ഇൻവെസ്റ്റ്മെന്റ്

അമിത് ഷായുടെ പുതിയ വകുപ്പ് ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഏറ്റവും ശക്തമായ പൊളിറ്റിക്കൽ ഇൻവെസ്റ്റ്മെന്റ്
Summary

കോണ്‍ഗ്രസ്‌ മുക്തഗുജറാത്തിലേക്കുള്ള’ ആദ്യ ചവിട്ടുപടി ആയി അമിത്ഷാ അതിസമര്‍ത്ഥമായി ഉപയോഗിച്ചത് സഹകരണബാങ്കുകളെയും പാലുല്‍പാദന സഹകരണസംഘങ്ങളെയുമാണ്. സുധാ മേനോന്‍ എഴുതുന്നു

2012 സെപ്തംബര്‍ മാസം ഒന്‍പതിന്, ധവളവിപ്ലവത്തിന്റെ പിതാവും ഗുജറാത്ത് മാതൃകയുടെ ‘യഥാര്‍ത്ഥ’ അവകാശികളിൽ ഒരാളുമായ വര്‍ഗീസ്‌ കുര്യന്റെ മൃതദേഹം, ആനന്ദിലെ അമുല്‍ ഡയറിയുടെ സര്‍ദാര്‍ പട്ടേല്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുന്ന സമയം. അപ്പോള്‍, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ആ ഹാളില്‍ നിന്നും വെറും ഇരുപതു കിലോമീറ്ററിന് അപ്പുറത്ത് നദിയാദില്‍ പുതിയ കലക്ട്രേറ്റ്‌ മന്ദിരം ഉത്ഘാടനം ചെയ്യുന്നുണ്ടായിരുന്നു. ഗുജറാത്തിലെ ഗ്രാമീണമേഖലയില്‍ എമ്പാടും സമൃദ്ധിയുടെ ‘നറുംപാല്‍കറന്ന’ ഇന്ത്യ കണ്ട ഏറ്റവും മികച്ച ‘Institution Builder’അവസാനമായി താന്‍ ജീവനെപ്പോലെ സ്നേഹിച്ച ഗുജറാത്തികളോട്, യാത്ര പറയവേ, അതേ ഗുജറാത്തിന്റെ മുഖ്യമന്ത്രി കുര്യന്റെ മൃതശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാതെ ഔദ്യോഗികബഹുമതികള്‍ പോലും ജീവനറ്റ ആ ശരീരത്തിന് നിഷേധിച്ചുകൊണ്ട് തൊട്ടടുത്തുകൂടി മടങ്ങിപ്പോയി...

വാസ്തവത്തില്‍, ഗുജറാത്തില്‍ ബിജെപിയുടെ അപ്രമാദിത്വത്തിനുള്ള ഒരു പ്രധാനകാരണം തന്നെ അമിത്ഷാ ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തന്നെ സഹകരണമേഖലയില്‍ നടത്താന്‍ തുടങ്ങിയ അദൃശ്യമായ സംഘപരിവാര്‍വല്‍ക്കരണം ആയിരുന്നു

അതിനും കുറേക്കാലം മുമ്പ് തന്നെ കുര്യനെ അമൂലില്‍ നിന്നും അപമാനിച്ച്‌ പടിയിറക്കിയിരുന്നു. പിന്നീട്, കുര്യന്‍ അമുലില്‍ നിന്നുള്ള ലാഭം മതപരിവര്‍ത്തനത്തിനു ഉപയോഗിച്ചിരുന്നു എന്ന് സംഘപരിവാറിന്റെ പാണന്മാര്‍ ഗ്രാമങ്ങളില്‍ പാടി നടക്കാന്‍ തുടങ്ങി. കുര്യന്‍ ജീവിതം മുഴുവന്‍ അവിശ്വാസി ആയിരുന്നുവെന്നും, മതമുക്തമായ ജീവിതമാണ് നയിച്ചതെന്നും ആരും ഓര്‍മ്മിച്ചില്ല.

കുര്യന്‍മാജിക് അപ്രത്യക്ഷമായതോടെ ഗുജറാത്ത് സഹകരണമേഖലയിലെ അവശേഷിച്ച ധാർമിക സ്വാധീനവും കൂടി ഇല്ലാതാവുകയും സഹകരണ മേഖല പൂര്‍ണ്ണമായി അമിത് ഷായുടെ നിയന്ത്രണത്തില്‍ ആവുകയും ചെയ്തു എന്നത് ചരിത്രം.

ഇപ്പോള്‍ ഇത് ഓര്‍മ്മിക്കാന്‍ കാരണം മറ്റൊന്നുമല്ല. കേന്ദ്രം പുതിയതായി തുടങ്ങിയ സഹകരണ വകുപ്പിന്റെ മന്ത്രി സാക്ഷാൽ അമിത് ഷാ തന്നെ ആണ് എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇതൊരു സാധാരണ തീരുമാനം ആകാൻ സാധ്യത ഇല്ല. കാരണം, അമിത് ഷായും സഹകരണസംഘങ്ങളും തമ്മിലുള്ള ബന്ധത്തിന് സുദീര്‍ഘമായ ഒരു ചരിത്രമുണ്ട്. ‘കോണ്‍ഗ്രസ്‌ മുക്തഗുജറാത്തിലേക്കുള്ള’ ആദ്യ ചവിട്ടുപടി ആയി അമിത്ഷാ അതിസമര്‍ത്ഥമായി ഉപയോഗിച്ചത് സഹകരണബാങ്കുകളെയും പാലുല്‍പാദന സഹകരണസംഘങ്ങളെയുമാണ്. വാസ്തവത്തില്‍, ഗുജറാത്തില്‍ ബിജെപിയുടെ അപ്രമാദിത്വത്തിനുള്ള ഒരു പ്രധാനകാരണം തന്നെ അമിത്ഷാ ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തന്നെ സഹകരണമേഖലയില്‍ നടത്താന്‍ തുടങ്ങിയ അദൃശ്യമായ സംഘപരിവാര്‍വല്‍ക്കരണം ആയിരുന്നു എന്നത് അധികമാരും ശ്രദ്ധിച്ചിട്ടില്ല. മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയ ശേഷം സബർഖാണ്ഡ, പാഠന്‍, ബനാസ്ഖാണ്ഡ തുടങ്ങിയ ജില്ലകളിലെ നിരവധി സഹകാരികള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു. മറ്റ് മാർഗം ഇല്ലാഞ്ഞിട്ടായിരുന്നു. ഇന്ന് എണ്‍പത് ശതമാനം സഹകരണ ബാങ്കുകളും ബിജെപിയുടെ കൈയ്യിലായി.

65 ശതമാനത്തോളം കോണ്ഗ്രസ് വോട്ടര്‍മാര്‍ ഉണ്ടായിരുന്ന ബൂത്തുകളില്‍ പോലും സഹകരണബാങ്ക് വഴിയുള്ള ലോണുകളുടെ പ്രലോഭനത്തിലും ഭീഷണിയിലും അവരൊക്കെ ബിജെപി ആയെന്നു എന്നോട് വേദനയോടെ പറഞ്ഞത് സൌരാഷ്ട്രയിലെ ഒരു പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജീവിതമല്ലേ എല്ലാവര്ക്കും വലുത്.

ഗുജറാത്തില്‍ ഏകദേശം മൂന്നിലൊന്നു ജനങ്ങള്‍ സഹകരണമേഖലയുമായി അഭേദ്യമായ ബന്ധം ഉള്ളവരാണ്. രണ്ടായിരത്തി പതിനേഴിലെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, തോല്‍വി മണത്തറിഞ്ഞ അമിത് ഷാ 2,700 ല്‍ അധികം വരുന്ന സഹകരണസംഘം നേതാക്കളെ നേരിട്ട് കണ്ടിരുന്നു.എല്ലാ സഹകരണസംഘം അംഗങ്ങളെയും നേരിട്ട് കണ്ടു, ഒരു മണ്ഡലത്തില്‍ കുറഞ്ഞത്‌ പതിനായിരം വോട്ട് എങ്കിലും ഉറപ്പിക്കാന്‍ അന്ന് ഷാ ഓരോ പ്രതിനിധികളോടും പറഞ്ഞതായി പ്രാദേശിക പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാസ്തവത്തില്‍ ബിജെപി അന്ന് പട്ടേല്‍ സമരത്തെയും അസംതൃപ്തരായ കർഷകരെയും ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് സഹകരണ മേഖലയിലെ നേരിട്ടുള്ള ഇടപെടലുകളിലൂടെ ആയിരുന്നു. ‘ഗുജറാത്ത്മോഡല്‍’ വീരഗാഥകൾ ഗ്രാമങ്ങളില്‍ നേരിട്ട് എത്തിക്കാന്‍ അവര്‍ ഈ ബന്ധം സമര്‍ത്ഥമായി ഉപയോഗിച്ചു. ഒരു വന്‍ തോല്‍‌വിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടാന്‍ ഈ ഗ്രാമീണസഹകരണസംഘങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള രക്ഷാകർതൃത്വരാഷ്ട്രീയം ബിജെപിയെ നന്നായി സഹായിച്ചു. മുസ്ലിം വോട്ടര്‍മാര്‍ പോലും ബിജെപിക്ക് വോട്ടു ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന്, സഹകരണ ബാങ്കുകളിൽ നിന്നും കിട്ടാനിടയുള്ള ലോണുകളുടെ പ്രലോഭനങ്ങള്‍ ആയിരുന്നു.

ഗ്രാമങ്ങളിലെ ജനങ്ങള്‍ പരിചിതമുഖങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്നു മനസിലാക്കിയത് കൊണ്ടാണ് ഈ രംഗത്ത് അമിത് ഷാ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നിട്ടും അഴിമതി വീരന്മാരായ പല ബിജെപി സഹകാരികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പക്ഷെ 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി, വീണ്ടും സഹകരണസംഘങ്ങളും ബാങ്കുകളും ഉപയോഗിച്ച് ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കി. ഗുജറാത്തിലെ 18000 ഗ്രാമങ്ങളിലും 'മണ്ഡലി' എന്നറിയപ്പെടുന്ന ചെറുകിട സംഘങ്ങള്‍ ഇന്ന് ജനജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. 65 ശതമാനത്തോളം കോണ്ഗ്രസ് വോട്ടര്‍മാര്‍ ഉണ്ടായിരുന്ന ബൂത്തുകളില്‍ പോലും സഹകരണബാങ്ക് വഴിയുള്ള ലോണുകളുടെ പ്രലോഭനത്തിലും ഭീഷണിയിലും അവരൊക്കെ ബിജെപി ആയെന്നു എന്നോട് വേദനയോടെ പറഞ്ഞത് സൌരാഷ്ട്രയിലെ ഒരു പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജീവിതമല്ലേ എല്ലാവര്ക്കും വലുത്.

മതം കൊണ്ട് മാത്രം ഇനി വോട്ടു നേടാൻ ആവില്ലെന്നും, ജനപ്രിയരാഷ്ട്രീയത്തിന്റെ നാൾവഴികളിലേക്ക് അധികം വൈകാതെ ഗ്രാമീണർ തിരിയുമെന്നും അവർക്കറിയാം.

ചുരുക്കത്തിൽ, അമിത് ഷായുടെ ‘വിപണിരാഷ്ട്രീയ’ത്തിന്റെ ആദ്യ ചുവടുവെയ്പ്പുകള്‍ സഹകരണ മേഖലയില്‍ ആയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ 745.59 കോടി പഴയ നോട്ടുകള്‍ ആണ് ഷാ ഡയരക്ടര്‍ അയ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ മാത്രം നിക്ഷേപിക്കപ്പെട്ടത്‌. മറ്റൊരു ബിജെപി നിയന്ത്രിത ബാങ്ക് ആയ രാജ്കോട്ട് സഹകരണ ബാങ്കില്‍ 693.19 കോടിയും. ആകെ3,118.51 കോടി രൂപയോളം ആ ദിവസങ്ങളിൽ ബിജെപി യുടെ കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നു. ഒരന്വേഷണവും നടന്നില്ല. അതേ സമയം മഹാരാഷ്ട്രയിൽ, NCP യുടെ കീഴിലുള്ള ബാങ്കുകളെ തകർക്കാനുള്ള ശ്രമങ്ങൾ പവാറിന്റെ ശക്തമായ വിമര്ശനത്തിനിടയിലും ബിജെപി തുടങ്ങികഴിഞ്ഞു.

അധികാരം ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളുടെ സ്വാധീനത്തിലുള്ള സഹകരണബാങ്കുകളെ പ്രതിസന്ധിയിലാക്കാനും, അങ്ങനെ അവരുടെ ബാക്കിയുള്ള ധനസ്രോതസ്സുകൾ കൂടി വറ്റിക്കാനും അമിത് ഷാ ശ്രമിക്കും എന്ന് ഉറപ്പാണ്.ഒപ്പം ഫെഡറൽ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും.
സഹകരണമേഖല സ്വന്തം പ്രവിശ്യകളായി നിലനിർത്തുന്ന ഈ മോഡൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഷാ നടത്തുമെന്നത് ഉറപ്പാണ്.

സഹകരണമേഖല സ്വന്തം പ്രവിശ്യകളായി നിലനിർത്തുന്ന ഈ മോഡൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഷാ നടത്തുമെന്നത് ഉറപ്പാണ്. കാരണം ഗ്രാമീണ വോട്ടു ബാങ്കിനെ നേരിട്ട് സ്വാധീനിക്കാൻ കഴിയുന്ന, ജനജീവിതത്തിന്റെ സ്പന്ദനം അറിയുന്ന ഒന്നാണ് സഹകരണപ്രസ്ഥാനം. ജനങ്ങളുടെ ലൈഫ് ലൈൻ. മതം കൊണ്ട് മാത്രം ഇനി വോട്ടു നേടാൻ ആവില്ലെന്നും, ജനപ്രിയരാഷ്ട്രീയത്തിന്റെ നാൾവഴികളിലേക്ക് അധികം വൈകാതെ ഗ്രാമീണർ തിരിയുമെന്നും അവർക്കറിയാം. അതുകൊണ്ടു തന്നെ, ഒരു വശത്തു, കർഷകസമരത്തിനും കോവിഡിനും ശേഷം അശാന്തവും, രോഷാകുലവുമായി മാറികൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ സഹകരണസംഘങ്ങളിലൂടെ ബിജെപിക്കു വേരോട്ടമുണ്ടാക്കാനും, മറുവശത്തു അധികാരം ഉപയോഗിച്ച് പ്രതിപക്ഷപാർട്ടികളുടെ സ്വാധീനത്തിലുള്ള സഹകരണബാങ്കുകളെ പ്രതിസന്ധിയിലാക്കാനും, അങ്ങനെ അവരുടെ ബാക്കിയുള്ള ധനസ്രോതസ്സുകൾ കൂടി വറ്റിക്കാനും അമിത് ഷാ ശ്രമിക്കും എന്ന് ഉറപ്പാണ്.ഒപ്പം ഫെഡറൽ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും. നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരും സംസ്ഥാനങ്ങൾക്ക്..‌ ഓർമ്മിക്കുക, അമിത് ഷായുടെ പുതിയ വകുപ്പ് ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഏറ്റവും ശക്തമായ ഒരു പൊളിറ്റിക്കൽ ഇൻവെസ്റ്റ്മെന്റ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in