പറയൂ... ഇതാരുടെ മസാക്കലി?

പറയൂ... ഇതാരുടെ മസാക്കലി?

``സ്വർഗം'' (1970) എന്ന പഴയ ചിത്രത്തിന് വേണ്ടി എം എസ് വിശ്വനാഥൻ ചിട്ടപ്പെടുത്തിയ ``പൊന്മകൾ വന്താൽ'' എന്ന പ്രശസ്ത ഗാനത്തിന്റെ റീമിക്സ് വെർഷൻ ``അഴകിയ തമിഴ് മകൻ'' (2007) എന്ന ചിത്രത്തിലൂടെ ഹിറ്റായി നിൽക്കുന്ന സമയം. ആലങ്കുടി സോമുവിന്റെ വരികളെയും ടി എം സൗന്ദരരാജന്റെ അനുപമശബ്ദത്തെയും റാപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് സംഗീത സംവിധായകൻ. എം എസ് വിയുടെ ആരാധകർക്കിടയിൽ പരക്കെ പ്രതിഷേധമുയർത്തിയ പരീക്ഷണം.

പ്രതികരണമറിയാൻ ഒരു ദിവസം നേരിട്ട് എം എസ് വിയെ വിളിച്ചപ്പോൾ മെല്ലിശൈ മന്നന്റെ മറുപടി: ``ഞാനെന്തു പറയാൻ? സോമു അതെഴുതി. ഞാൻ ചിട്ടപ്പെടുത്തി. സൗന്ദരരാജൻ പാടി. ഞങ്ങളുടെ ചുമതല അതോടെ തീർന്നു. പുറത്തിറങ്ങിയ നിമിഷം മുതൽ അത് ജനങ്ങളുടെ സ്വത്താണ്. അവർ സ്വീകരിച്ചില്ലെങ്കിൽ അതാരും ഓർക്കുകപോലും ഇല്ലായിരുന്നല്ലോ. ജനങ്ങൾ എന്ത് നിശ്ചയിക്കുന്നോ അതാണതിന്റെ ശരി..ജനങ്ങൾക്ക് പരാതിയില്ലെങ്കിൽ എനിക്കുമില്ല.'' തെല്ലൊരു അത്ഭുതം തോന്നി എന്നത് സത്യം. വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമായതുകൊണ്ടാവാം അങ്ങനെയൊരു മറുപടി. പക്ഷേ ഒരു കാര്യം വിനയത്തോടെ കൂട്ടിച്ചേർക്കാൻ മറന്നില്ല അദ്ദേഹം: ``കഴിയുന്നതും പുതിയ ഈണങ്ങൾ ഉണ്ടാക്കാനാണ് ചെറുപ്പക്കാർ ശ്രമിക്കേണ്ടത്.''

പക്ഷേ എം എസ് വിശ്വനാഥനല്ലല്ലോ എല്ലാ സിനിമാക്കാരും. ഹിന്ദിയിലെ ഏറ്റവും പുതിയ റീമിക്സ് വിവാദം തെളിയിക്കുന്നത് അതാണ്.

ഡൽഹി - 6 (2009) എന്ന ചിത്രത്തിൽ പ്രസൂൺ ജോഷി എഴുതി എ ആർ റഹ്മാന്റെ ഈണത്തിൽ മോഹിത് ചൗഹാൻ പാടിയ ``ഏ മസാക്കലി മസാക്കലി'' ആണ് വിവാദഗാനം. മസാക്കലി 2.0 എന്ന പേരിൽ പാട്ട് റീക്രിയേറ്റ് ചെയ്തിരിക്കയാണ് തനിഷ് ബാഗ്‌ച്ചി. പുതിയ പതിപ്പിന് ശബ്ദം പകർന്നത് തുൾസി കുമാറും സചേത് ഠണ്ഡനും. സിദ്ധാർഥ് മൽഹോത്രയും താര സുതരിയയും അഭിനയിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഇതിനകം യൂട്യൂബിൽ കോടിക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

റീമിക്സ് പതിപ്പിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ആദ്യം ട്വീറ്റ് ചെയ്തത് സ്രഷ്ടാവായ എ ആർ റഹ്‌മാൻ തന്നെ. സംവിധായകനും സംഗീത സംവിധായകനും ഗാനരചയിതാവും അഭിനേതാക്കളും നൃത്ത സംവിധായകരും സാങ്കേതിക പ്രവർത്തകരും ഒക്കെ ചേർന്ന് വർഷം മുഴുവൻ നീണ്ട നിരന്തര സർഗ്ഗപ്രക്രിയയിലൂടെ സൃഷ്ടിച്ച കാലാതിവർത്തിയായ ഒരു ഗാനത്തെ വികലമായി പുനഃസൃഷ്ടിക്കുന്നതിലുള്ള ദുഃഖവും ആത്മരോഷവും പ്രതിഫലിക്കുന്നു റഹ്‌മാന്റെ വിനയാന്വിതമായ സന്ദേശത്തിൽ. ഒപ്പം ``മസാക്കലി''യുടെ ഒറിജിനൽ വേർഷൻ ശ്രോതാക്കൾക്ക് കേൾക്കാൻ വേണ്ടി പങ്കുവെച്ചിട്ടുമുണ്ട് അദ്ദേഹം. റീമിക്സ് പരീക്ഷണങ്ങൾക്കെതിരെ ആദ്യമായിട്ടാവണം വ്യംഗ്യമായിട്ടാണെങ്കിലും റഹ്‌മാൻ ഇത്ര വേദനയോടെ പ്രതികരിക്കുന്നത്.

മസാക്കലിയോടുള്ള ക്രൂരതക്കെതിരെ ഗാനമെഴുതിയ പ്രസൂൺ ജോഷിയുടെ രൂക്ഷമായ പ്രതികരണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ: (കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ): ``പല കാരണങ്ങളാലും എനിക്ക് അവിസ്മരണീയമാണ് മസാക്കലി. രചനാജീവിതത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന പാട്ട്. ഞാൻ സ്വയം രൂപം കൊടുത്ത വാക്കാണ് മസാക്കലി. പ്രത്യേകിച്ച് ഒരർത്ഥവും ഇല്ല അതിന്. ഏതെങ്കിലും ഭാഷയോട് കടപ്പാടുമില്ല. സംഗീതത്തിലൂടെ റഹ്‌മാൻ കനിഞ്ഞുനൽകിയ ഇമേജറികളാണ് ആ വാക്കിനെ അർത്ഥപൂർണ്ണമാക്കിയത്. മോഹിതിന്റെ ആലാപനം അതിനെ മറ്റൊരു തലത്തിലെത്തിച്ചു. രാക്യേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനം, ബിനോദ് പ്രധാന്റെ ക്യാമറ...ഇതെല്ലാം കൂടിചേർന്നാണ് മനോഹരമായ ആ പാട്ടുണ്ടായത്. മൗലികമായ രചനയുടെയും സംഗീതത്തിന്റെയും പരിപാവനത്വം ആരാണ് സംരക്ഷിക്കേണ്ടത്? ഒരു പാട്ടിന്റെ ആത്മാവിനെ നശിപ്പിക്കുമ്പോൾ ശ്രോതാക്കൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ?'' -- ജോഷിയുടെ ചോദ്യം.

ഗായകനായ മോഹിത് ചൗഹാന്റെ വാക്കുകൾ കേൾക്കുക: ``റഹ്‌മാൻ സാബും പ്രസൂൺ ഭായിയും അവരുടെ വേദന പങ്കുവെച്ചു കഴിഞ്ഞു. ഒറിജിനൽ കേൾക്കൂ എന്ന് എ ആർ റഹ്‌മാനെ പോലെ വിശ്വപ്രസിദ്ധനായ സംഗീതജ്ഞൻ അഭ്യർത്ഥിക്കുമ്പോൾ, തന്റെ പാട്ട് കൊല ചെയ്യപ്പെട്ടതിലുള്ള ദുഃഖം വിനയപൂർവം ജനങ്ങളെ അറിയിക്കുകയാണ് അദ്ദേഹം എന്ന് മനസിലാക്കുക.'' ഡൽഹി - 6 ന്റെ സംവിധായകൻ മെഹ്‌റക്കും ഇല്ല മറിച്ചൊരു അഭിപ്രായം. ``മൗലികതയിൽ പൂർണ്ണമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. പാട്ട് ഇത്തരത്തിൽ പുനഃസൃഷ്ടിക്കുന്നതിനോട് യോജിപ്പേ ഇല്ല എനിക്ക്..''

കൊറോണക്കാലത്തും വൈറസ് പോലെ പടർന്നുപിടിക്കാനിടയുള്ള വിവാദമായിക്കഴിഞ്ഞു മസാക്കലി. ആരുടെ ഭാഗത്താണ് ശരി?

Related Stories

No stories found.
logo
The Cue
www.thecue.in