എം.എന്‍.വിജയന്‍: വിയോജിക്കുകയും പൊരുതുകയും ചെയ്യുന്ന ജനതയ്ക്ക് അതിജീവനത്തിന്റെ ഊര്‍ജം

എം.എന്‍.വിജയന്‍: വിയോജിക്കുകയും പൊരുതുകയും ചെയ്യുന്ന ജനതയ്ക്ക് അതിജീവനത്തിന്റെ ഊര്‍ജം

എം എന്‍ വിജയന്‍ സാംസ്കാരിക പ്രവര്‍ത്തനത്തില്‍ നിന്ന് അതിന്റെ രാഷ്ട്രീയ ഇഴകള്‍ വേര്‍പിരിച്ച്, ഇതിങ്ങനെ ദുര്‍ബ്ബലമാവാമോ എന്നു ചോദിച്ചു. ആര്‍ത്തിയുടെയും മോഹഭംഗത്തിന്റെയും സ്തുതിയുടെയും അന്ധതയുടെയും ഇഴകളായി അവ എങ്ങനെ മാറിയെന്നു കാണിച്ചു. ലക്ഷ്യവും മുദ്രാവാക്യവും നഷ്ടപ്പെട്ട ഒരു സമൂഹം എത്ര വഷളാവുമെന്ന് ചൂണ്ടിക്കാട്ടി. ഒരു ബ്രേക്കിംഗ് പോയിന്റുണ്ട് എല്ലാവര്‍ക്കും ഉണരുവാന്‍ എന്നോര്‍മ്മിപ്പിച്ചു.

എം എന്‍ വിജയന്‍ അരുചിയുടെ ആഴങ്ങള്‍ തിരക്കി. അവഗണനയുടെ അതിരുകള്‍ തേടി. വിപരീത ശിലയില്‍ ഏകനായി നിന്ന് ഒഴുക്കുകളെ ഖണ്ഡിച്ചു. ഊര്‍ജ്ജം പ്രസരിപ്പിച്ചു. ഉപേക്ഷിച്ച കൊള്ളിയില്‍നിന്ന് ചരിത്രത്തിന്റെ ഇന്ധനവും നാളെയുടെ ദര്‍ശനവും ഊതിയുണര്‍ത്തി. അടയുന്ന വാതിലുകളെ തുറക്കുന്ന വാതിലുകളാക്കി. ഭ്രാന്തെന്നു തള്ളിയ വചനങ്ങളില്‍ ചരിത്രം പൊടിയുന്നതെങ്ങനെ എന്നു വിവരിച്ചു.

എം എന്‍ വിജയന്‍ സ്വന്തം ക്യാമറയിലൂടെ ലോകത്തെ കണ്ടു. ഛായാഗ്രഹണത്തിന്റെ സങ്കീര്‍ണതകളെ ദര്‍ശനങ്ങളായി തെളിച്ചു. വ്യവഹാരങ്ങളിലെ അബോധപ്രേരണകളെ വരെ വായിച്ചു. മേല്‍വസ്ത്രമില്ലാതെ അലയുന്ന സത്യത്തെ, ഗാന്ധിജിയെ കാണിച്ചു. ഓരോ ഫ്രെയ്മിലും ദൃശ്യവും ദര്‍ശനവും കലഹിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു. പ്രഭാഷണത്തെ പല ഫ്രെയ്മുകളില്‍ തെളിയുന്ന ദൃശ്യപരമ്പരകളാക്കി വിസ്മയിപ്പിച്ചു

എം എന്‍ വിജയന്‍ സാഹിത്യ വിചാരത്തെ അതിന്റെ പിന്‍വാതിലില്‍ പിടികൂടി. എവിടെ നിന്നാണ് വെള്ളവും വളവും എന്നു കണ്ടെത്തി. പ്രേരണകളുടെ കിണറുകള്‍ ഏതെന്ന്, എതിര്‍പ്പുകളുടെ ആഴമെത്രയെന്ന്, അഭിരുചികളുടെ സഞ്ചാരമെങ്ങനെയെന്ന് അദ്ദേഹം തുറന്നുതന്നു. വാക്കില്‍ ഒന്നും ഒളിക്കാതെയായി. വായനയില്‍ ഒന്നും വൗടാതെയായി. വിശകലനാത്മക വിചാരങ്ങള്‍ക്ക് അതിന്റെ പ്രത്യയശാസ്ത്രം തെളിഞ്ഞുകിട്ടി.

എം എന്‍ വിജയന്‍ വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഒരു അഭ്യര്‍ത്ഥനയല്ല എന്ന് ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യം കൊടുക്കുന്നതല്ല എടുക്കുന്നതാണ് എന്ന് ഊന്നിപ്പറഞ്ഞു. സംശയം ദൗര്‍ബല്യമല്ല എതിരഭിപ്രായത്തെ അഭിസംബോധന ചെയ്യലാണെന്ന് ജനാധിപത്യത്തിന്റെ തത്വം വിശദീകരിച്ചു. നെഹ്റുവിന് സംശയമായിരുന്നു. പട്ടേലിന് അതുണ്ടായിരുന്നില്ല എന്ന വാക്യം രണ്ടു ഭരണക്രമങ്ങളെ പരിചയപ്പെടുത്തി. രണ്ടു രാഷ്ട്രീയ ധാരകളെ അടയാളപ്പെടുത്തി.

എം എന്‍ വിജയന്‍ പൊതുവായതെല്ലാം ചോര്‍ത്തപ്പെടുകയും നാം തുടരെത്തുടരെ കീഴ്പ്പെടുത്തപ്പെടുകയുമാണെന്ന് ഉത്ക്കണ്ഠപ്പെട്ടു. പണമായും ആശയമായും കടന്നുവന്ന പദ്ധതികള്‍ നമ്മെ ഇല്ലാതാക്കുന്നു എന്നു ഭയപ്പെട്ടു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും കരാറുകളും നമ്മെ സാമ്പത്തികമായും സാംസ്കാരികമായും പൊള്ളയാക്കി മാറ്റുന്നതെങ്ങനെ എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കേള്‍ക്കേണ്ട ഭാഷയില്‍ അതു പറയാന്‍ വൈകരുതെന്ന് അവസാന ശ്വാസത്തിലും പറഞ്ഞു.

എം എന്‍ വിജയന്‍ ഒരു കലാലയാദ്ധ്യാപകന്‍ മാത്രമെന്ന് അതിരിടാന്‍ ശ്രമിച്ചവരുണ്ടായി. ഹിന്ദുത്വ ഫാഷിസത്തിന്റെ സൈദ്ധാന്തികരെ ഋഷിതുല്യരെന്നു വാഴ്ത്തിയ ഉദാരത വിജയനോടു കരുണ കാണിക്കില്ല. ആ ഉദാരത വിജയനെ പൊള്ളിക്കുകയും ചെയ്യും. ഫണ്ടു തരുന്നവര്‍ പണം മാത്രമല്ല, പ്രത്യയശാസ്ത്രത്തെ വിഘടിപ്പിക്കുന്ന രസതന്ത്രവും നല്‍കുന്നു എന്ന് മാഷ് വളരെ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഫണ്ടുതേടി എവിടെയുമെത്തുന്ന ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് രാഷ്ട്രീയം പണരാഷ്ട്രീയമാണ്.

എം എന്‍ വിജയന്‍ മതങ്ങള്‍ക്ക് ദേശീയതയില്ല എന്ന് ഹിന്ദുത്വ ഫാഷിസത്തെ എന്നേ കല്ലെറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. ദേശീയ മനുഷ്യരെയാണ് ദൈവം സൃഷ്ടിച്ചതെന്ന് ഏതു മതത്തിനു പറയാനാവും? അതിനാല്‍ മതവും ദേശീയതയും എങ്ങനെ ഒത്തുപോവാനാണ്? ഹിന്ദുത്വ ദേശീയത ഒരു ഫലിതംപോലുമല്ല. ഭൂതകാല ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള അധികാര ഉന്മാദമാണത്. ഒരു ഹിന്ദുത്വ വാദിയാകാനും ഒരു മുതലാളിത്ത വാദിയാകാനും ഒപ്പം കഴിയുന്നതെങ്ങനെ എന്ന് കുങ്കുമപ്പൂവിന്റെ തത്വശാസ്ത്രം മാഷ് വിശകലനം ചെയ്തിട്ടുണ്ട്.

എം എന്‍ വിജയന്‍ ഋഷിയോ ഋഷിതുല്യനോ ആയിരുന്നില്ല. സാധാരണക്കാരുടെ അദ്ധ്യാപകന്‍ മാത്രമായിരുന്നു. ആശാന്റെയും വൈലോപ്പിള്ളിയുടെയും കവിതകള്‍ പഠിപ്പിച്ചു. കേസരിയുടെ ലോകങ്ങള്‍ പറഞ്ഞു തന്നു. ഫാഷിസത്തിന്റെ മനശ്ശാസ്ത്രവും ഫണ്ടിംഗിന്റെ രാഷ്ട്രീയവും പഠിപ്പിച്ചു. വിദേശ പണവും പദ്ധതികളും വഴിയുള്ള സര്‍വ്വേകളും ഗവേഷണങ്ങളും വംശീയ വേരുകള്‍ ചികഞ്ഞു ജീവന്‍ വെപ്പിക്കുന്നത് എങ്ങനെയെന്ന് സൂക്ഷ്മമായി വിശദീകരിച്ചു. ഇന്ന് വംശീയ ദേശീയവാദം നിറഞ്ഞാടുമ്പോള്‍ നാമത് ഓര്‍മ്മിക്കുന്നുണ്ടാവും. കണ്‍സള്‍ട്ടന്‍സികളും കോര്‍പറേറ്റുകളും ഭരണമുറികളില്‍ കസേരയിട്ട് ഇരിക്കുമ്പോള്‍ കുറ്റബോധത്തോടെ ഓര്‍ക്കണം.

എം എന്‍ വിജയന്‍ കടന്നു പോയിട്ട് പതിമൂന്നു വര്‍ഷമായി. ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ജ്ഞാന മണ്ഡലത്തെയും നവീകരിച്ച ചിന്താ പ്രക്ഷുബ്ധതയുടെ സൗമ്യ സാന്നിദ്ധ്യമാണ് മാഞ്ഞത്. പക്ഷെ, അതുണ്ടാക്കിയ ഓളങ്ങള്‍ മായുന്നില്ല. അസൗകര്യമാവുന്ന ഓര്‍മ്മകളെ മെരുക്കാന്‍ പാടുപെടുകയാണ് ഭരണവര്‍ഗം. ഒരു സ്മാരകവും അവര്‍ ഉണ്ടാക്കില്ല. എം എന്‍ വിജയന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ അവര്‍ക്കു സംഘടനാബലം മതിയാവില്ല. വിയോജിക്കുകയും പൊരുതുകയും ചെയ്യുന്ന ജനതയ്ക്ക് എം എന്‍ വിജയന്‍ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഊര്‍ജ്ജമാകുന്നു

എം എന്‍ വിജയനെ ഓര്‍ക്കുമ്പോള്‍, ഡോ.ആസാദ് ബ്ലോഗില്‍ എഴുതിയത്

Related Stories

No stories found.
logo
The Cue
www.thecue.in