ഹോളിവുഡിനെ വെല്ലുന്ന മോഡേണ്‍ റഷ്യന്‍ യുദ്ധസിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ഹോളിവുഡിനെ വെല്ലുന്ന മോഡേണ്‍ റഷ്യന്‍ യുദ്ധസിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
സോവിയറ്റ് കാലഘട്ടത്തിനു ശേഷമുള്ള, പുടിന്‍ ഭരണത്തിന് കീഴിലുള്ള റഷ്യന്‍ സിനിമകള്‍/ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ എന്നിവ യുദ്ധത്തിനെ അതിന്റെ എല്ലാ പകിട്ടോടും കൂടി പേശീകേന്ദ്രീകൃതമായി സൗന്ദര്യവല്‍ക്കരിച്ചു കൊണ്ട് അമിത ദേശീയബോധം ഉണ്ടാക്കിയെടുക്കുന്നതായി പഠനങ്ങള്‍ ഉണ്ട്. സ്റ്റേറ്റ് ജനങ്ങളോട് ഇടപഴകുന്നത് ഇത്തരം ഫിക്ഷണല്‍ മാധ്യമങ്ങള്‍ വഴിയാണെന്നതാണ് പ്രധാനകാര്യം.

ഏകാധിപത്യത്തിനു കീഴിലുള്ള സാംസ്‌കാരിക ചുറ്റുപാടുകള്‍ ചരിത്രത്തെയും യുദ്ധത്തെയും അതിന്റെ സാമൂഹിക ആഘാതങ്ങളെയും ഗൗരവകരമായി വിശകലനം ചെയ്യുന്നതിന് പകരം ദേശീയബോധത്തെ മുന്‍ നിര്‍ത്തി പുതിയവയെ നിര്‍മ്മിക്കുകയോ, അന്യബോധം നിരന്തരം ഊട്ടിയുറപ്പിക്കുകയോ ആണ് പൊതുവില്‍ ചെയ്യാറ്, അപ്രകാരമാണ് സിനിമയുടെ എല്ലാ സാങ്കേതികതയെയും ഉപയോഗിച്ചു കൊണ്ടുള്ള ഗ്ലോറിഫൈഡ് യുദ്ധസിനിമകള്‍ കൂടുതലായി ഉണ്ടാവുന്നത്. അവയുടെ എണ്ണവും, ജനപ്രീതിയും, പൊതുബോധ നിര്‍മിതിയും എല്ലാത്തിനുമുപരി കൈയ്യഴിച്ചുള്ള സര്‍ക്കാറിന്റെ വക പ്രോത്സാഹനവുമെല്ലാം ഇത്തരം ഭരണത്തിന് കീഴിലുള്ള ലക്ഷണങ്ങളാണ്.

യുദ്ധസിനിമകളുടെ പൊതുസ്വഭാവത്തെ കാലഘട്ടങ്ങളോട് ചേര്‍ത്ത് മനസ്സിലാക്കിയ ശേഷം ഡേവിഡ് ഗില്ലെസ്പീ എന്ന ബാത് യൂണിവേഴ്‌സിറ്റി പ്രഫെസറുടെ ചില നിര്‍ണ്ണയങ്ങള്‍ കാണാം;

1. സമകാലിക റഷ്യന്‍ സിനിമ അഹംഭാവത്തിലൂന്നിയുള്ള സ്വത്വബോധം തിരയലില്‍ ഏര്‍പ്പെട്ടിരിക്കുന്നു, അവ പുരുഷന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ അനന്തരഫലമായ അധികാര സങ്കല്‍പ്പങ്ങളും പര്യവേക്ഷണം ചെയ്യുന്നു. യുദ്ധ സിനിമ എല്ലായ്‌പ്പോഴും വ്യക്തിയുടെയും ഭരണകൂടത്തിന്റെയും ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിലൂടെ സൈനികന്‍ തന്റെ ജീവിതം വലിയ കൂട്ടായ്മയ്ക്കായി സമര്‍പ്പിക്കാന്‍ തയ്യാറാകേണ്ടത് എന്തുകൊണ്ടാണെന്ന് നിരന്തരം വിശദീകരിക്കുന്നു. ചെചെന്‍ സംഘട്ടനത്തെക്കുറിച്ചുള്ള സമീപകാല സിനിമകള്‍ കാണിക്കുന്നത് ഈ ബന്ധം തകര്‍ന്നുവെന്നാണ്, എന്നിരുന്നാലും പ്രതിച്ഛായക്കായി റഷ്യയ്ക്ക് എല്ലാറ്റിനുമുപരിയായി ശക്തവും, ഏകീകൃതവുമായ ഒരു രാഷ്ട്രം ഉണ്ടായിരിക്കണം എന്ന് സമര്‍ത്ഥിക്കും.

2. 1980-കളിലെ റീഗന്റെ ആക്രമണോത്സുകമായ അമേരിക്കന്‍ വിദേശനയം 'റാംബോ' പോലുള്ള സിനിമകളില്‍ ഉള്‍ക്കൊണ്ടത് പോലെ, റഷ്യന്‍ ഭരണകൂടത്തിന്റെ 'പുതിയ' പ്രതിച്ഛായ ശക്തവും, ആത്മവിശ്വാസവും, തങ്ങളുടെ ശത്രുക്കളെ തള്ളിപ്പറയാന്‍ തയ്യാറുള്ളതും ആണെന്ന് കാണാം. എന്നാകിലും ഹൃദയത്തില്‍ പീഡിപ്പിക്കപ്പെട്ട ദേശീയസ്വത്വത്തിന്റെ തുടര്‍ച്ചയായ മെറ്റാ-ആഖ്യാനമാണ് അമേരിക്കയില്‍ നിന്നും റഷ്യന്‍ ആഖ്യാനങ്ങളെ വ്യതിരിക്തമാക്കുന്നത്.

3. സോവിയറ്റിനു ശേഷമുള്ള സ്‌ക്രീന്‍ ട്രീറ്റ്മെന്റ് 'മഹത്തായ ദേശസ്‌നേഹയുദ്ധ'ത്തിന്റെ സ്ഥിരത പുലര്‍ത്തുന്നു. ദുഷ്ടനായ ശത്രുവിനെതിരെ അതിജീവനത്തിനായി പോരാടുന്ന ഒരു രാഷ്ട്രത്തിന്റെ ആഖ്യാനം നിര്‍ണ്ണായകമായി തുടരുന്നു. ക്രിസ്ത്യാനികളല്ലാത്ത ഒരു ശത്രുവിനെതിരായ യുദ്ധം സോവിയറ്റിനു ശേഷമുള്ള വര്‍ഷങ്ങളില്‍ റഷ്യയുടെ സ്വന്തം പോസ്റ്റ്-ഇമ്പീരിയല്‍ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചിന്തയെ പ്രകോപിപ്പിച്ചു. 1999 മുതലുള്ള ഈ യുദ്ധം സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി, പ്രാദേശിക അഖണ്ഡതയുടെയും ദേശീയ അഭിമാനത്തിന്റെയും സംരക്ഷണം എന്ന നിലയില്‍ ന്യായീകരിക്കാവുന്നതാണ്, അതിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പൊതുജന അസ്വസ്ഥതയെ ശമിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നിട്ടും... കൊഞ്ചലോവ്‌സ്‌കിയുടേത് (Konchalovsky) പോലെയുള്ള ചില ശബ്ദങ്ങള്‍ മാത്രമാണ് വ്യത്യസ്തമായ കാഴ്ചപ്പാട് നല്‍കുന്നത്.

4. ഒരു സമീപകാല പ്രബന്ധത്തില്‍ ഇവാ തോംസണ്‍ റഷ്യയുടെ കൊളോണിയല്‍ അധിനിവേശത്തോടുള്ള പ്രതികരണങ്ങളുടെ അഭാവത്തെക്കുറിച്ച് വിലപിച്ചു, 'റഷ്യന്‍ ഓര്‍മ്മകള്‍ ഇപ്പോഴും നിഷേധത്തിന്റെയും ആഘാതത്തിന്റെയും ഘട്ടത്തിലാണ്: ഇത് റഷ്യന്‍ കാഷ്ടപ്പാടുകളെ മാത്രമായി അനുസ്മരിച്ചു, പക്ഷേ റഷ്യ ഉപദ്രവിച്ച രാജ്യങ്ങളെ മറന്നു'. ശത്രുവിന് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നില്ല. 2000 മുതലുള്ള സ്‌ക്രീന്‍ ഓഫറുകള്‍ ശക്തനായ മനുഷ്യന്റെ തിരിച്ചുവരവിനും സാമ്രാജ്യത്വ പേശികളുടെ പുനരുജ്ജീവനത്തിനും സായുധ പോരാട്ടത്തിലൂടെ ബഹുമാനവും രാജ്യസ്നേഹവും പുനഃസ്ഥാപിക്കുന്നതിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്.

5. സോവിയറ്റിനു ശേഷമുള്ള റഷ്യയില്‍ ടിവിയിലൂടെയുള്ള സാമൂഹികവല്‍ക്കരണം രാഷ്ട്രീയ നിയമസാധുതയുമായി കൈകോര്‍ക്കുന്നു. തല്‍ഫലമായി, വ്ളാഡിമിര്‍ പുടിന്റെ പ്രസിഡന്‍സിക്ക് കീഴില്‍ അക്രമത്തിന്റെ സൗന്ദര്യവല്‍ക്കരണം റഷ്യന്‍ ദൃശ്യ സംസ്‌കാരത്തിന്റെ അംഗീകൃത ഭാഗമായി മാറി.

ഹോളിവുഡിനെ വെല്ലുന്ന മോഡേണ്‍ റഷ്യന്‍ യുദ്ധസിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
പ്രാപ്പെട ഒരു ഫാന്റസി സിനിമ | Krishnendu Kalesh | Interview
അമിത ദേശീയബോധം ഉണ്ടാക്കിയെടുക്കുന്ന, അപ്പുറത്തുള്ളൊരാളെ കൊല്ലുമ്പോള്‍ കൈ അടിക്കാനൊരു അഡ്രിനാലിന്‍ റഷ് തരുന്ന പുതിയകാല യുദ്ധ ചിത്രങ്ങള്‍ മാത്രമല്ല റഷ്യയില്‍ നിന്നുണ്ടായിട്ടുള്ളത് . 1985ല്‍ പുറത്തിറങ്ങിയ എലിം ക്ലിമോവ് സംവിധാനം ചെയ്ത എല്ലാ അര്‍ത്ഥത്തിലും യുദ്ധവിരുദ്ധചിത്രമെന്ന് പറയാന്‍ കഴിയുന്ന 'കം ആന്‍ഡ് സീ' തന്നെ ഒരു ഉദാഹരണം.

രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനുള്ള താത്പര്യം കൊണ്ട് നാസി ജര്‍മനിയ്‌ക്കെതിരെ പോരാടാന്‍ യുദ്ധമുഖത്തേക്ക് പോകുന്ന ഒരു ചെറുപ്പക്കാരന്‍ പയ്യനില്‍ നിന്ന് യുദ്ധത്തിന്റെ ഭീതിയും വിനാശകരമായ സ്വഭാവവും പുറത്ത് കൊണ്ടുവന്ന് യുദ്ധത്തിന്റെ ക്രൂരത നോക്കിക്കാണേണ്ടി വരുന്ന നിസഹായനായ പയ്യനിലേക്കാണ് 'കം ആന്‍ഡ് സീ' പറഞ്ഞു വെച്ചത്. യുദ്ധസിനിമ എന്ന് വിളിക്കുന്നതിനേക്കാള്‍ യുദ്ധക്കെടുതി കാണിക്കുന്ന സിനിമ എന്നാണ് ആ ചിത്രത്തെ വിളിക്കേണ്ടതും.


പണ്ടത്തെ അമേരിക്കന്‍ ആക്ഷന്‍ സിനിമകള്‍ ഭൂരിഭാഗവും ആ സമയത്ത് ശത്രുപക്ഷത്താരാണോ അവരെ വില്ലന്മാരാക്കിക്കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്. റാംബോയില്‍ വിയറ്റ്‌നാംകാര്‍, ശീതയുദ്ധ സമയത്ത് റഷ്യക്കാര്‍ വില്ലനായി, പിന്നെ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിങ്ങനെ അറബ് രാജ്യങ്ങളിലേക്ക് സ്ഥിരമായി വില്ലന്മാര്‍ മാറി. പോപ്പുലര്‍ സിനിമകളില്‍ അത്തരം വില്ലന്മാരുടെ പ്ലേസ്‌മെന്റുകളിലൂടെ, ആ രാജ്യങ്ങളെ കൃത്യമായി പരുവപ്പെടുത്തുന്നുണ്ട്. പോപ്പുലര്‍ സിനിമകളാകുമ്പോള്‍ അതില്‍ വലിയൊരു അപകടവമുണ്ട്. ഈ രീതികള്‍ കം ആന്‍ഡ് സീയിലില്ലായിരുന്നു. ശത്രുപക്ഷത്താരായാലും ഒരുപോലെ, ശത്രു എന്ന കണ്‍സെപ്റ്റിനെ പോലും മാനുഷികമായിട്ടായിരുന്നു ചിത്രം സമീപിച്ചിരുന്നത്.


എന്നാല്‍ എന്തിനാണ് യുദ്ധമെന്നും മനുഷ്യര്‍ക്ക് മാത്രമാണ് നഷ്ടമെന്നുമെല്ലാം പറഞ്ഞുവെച്ച ചിത്രങ്ങളില്‍ നിന്ന് യുദ്ധത്തിന്റെ ഗ്ലോറിഫിക്കേഷനിലേക്ക് മാത്രം റഷ്യന്‍ സിനിമ ഈ കാലഘട്ടത്തില്‍ മാറി. അടുത്ത കാലത്തിറങ്ങിയ ഒരു ചിത്രം മുഴുവനായി ടാങ്കുകളുപയോഗിച്ചിട്ടുള്ള ആക്രമണത്തെക്കുറിച്ച് മാത്രമാണ്, സ്ലോ മോഷനും ഗ്രാഫിക്‌സുമെല്ലാം ഉപയോഗിച്ച് യുദ്ധമുഖത്തെ ഒരു ഗെയിമെന്ന പോലെ കണ്ട് അതില്‍ എന്‍ഗേജ്ഡ് ആവാന്‍ പുതിയ തലമുറയെ ഇത്തരം ചിത്രങ്ങള്‍ പ്രേരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം സിനിമകളുടെ ക്ലിപ്പിങ്ങുകള്‍ ഒരുപാട് പ്രചരിക്കുന്നതായും കാണാം

ഒറ്റവാക്കില്‍ പറഞ്ഞാല്‍ യുവാക്കള്‍ക്ക് അഡ്രിനാലിന്‍ റഷ് തരുന്ന സിനിമകളാണ് പുതിയ റഷ്യന്‍ യുദ്ധ ചിത്രങ്ങള്‍. ദേശീയത ഉത്പാദിപ്പിക്കുന്നതിന് പുറമെ ചെറുപ്പക്കാരെ മിലിട്ടറിയിലേക്ക് ആകര്‍ഷിക്കുക എന്നതും ഇതിന് മറ്റൊരു കാരണമാകുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in