ആ കുട്ടികളെ വെറുതെ വിടുക, അവര്‍ വളര്‍ന്നിട്ടു വേണം പുഴകളില്‍ വീണ്ടും കട്ടൗട്ടുകള്‍ വയ്ക്കാനും, നമ്മുടെ കൊടിയുമായി ലോകകപ്പ് കളിക്കാനും

ആ കുട്ടികളെ വെറുതെ വിടുക, അവര്‍ വളര്‍ന്നിട്ടു വേണം പുഴകളില്‍ വീണ്ടും കട്ടൗട്ടുകള്‍ വയ്ക്കാനും, നമ്മുടെ കൊടിയുമായി ലോകകപ്പ് കളിക്കാനും

ഏറ്റവും നിർമലമായ ആനന്ദം ലഭ്യമാകാൻ മനുഷ്യൻ കണ്ടുപിടിച്ച വഴിയാണ് കായികമത്സരങ്ങൾ. അവിടെ ആരും ജയിക്കുന്നുമില്ല തോൽക്കുന്നുമില്ല. മത്സരം സമയത്തോടും ദൂരത്തോടുമാണ്, മനുഷ്യ ശരീരത്തിന്റെ ദൗര്ബല്യങ്ങളോടും പരിമിതികളോടുമാണ്.

അതുകൊണ്ടാണ് മത്സരിച്ച കാലത്തൊന്നും സ്വന്തം റിക്കോർഡുകൾ ഭേദിക്കപ്പെടാതിരുന്ന പറക്കും ഫിൻ പാവോ നൂർമിയും ആയിരം ഗോളടിച്ച പെലെയും പോൾ വോൾട്ടിന്റെ തുമ്പത്ത് അത്രയുമുയരത്തിൽ ഏകനായി പതിറ്റാണ്ടുകളോളം കഴിഞ്ഞ സെർജി ബൂബ്കയുമൊക്കെ തങ്ങളുടെ പിൻഗാമികൾക്കുവേണ്ടി കാത്തിരുന്നത്. വലിയ സഹനത്തിലൂടെ അവർ മറികടന്ന ദൂരങ്ങളും ഉയരങ്ങളും വേഗങ്ങളും ചരിത്രമാക്കാൻ കഴിവുള്ള പുതിയ മനുഷ്യർക്കുവേണ്ടി അവരും നമ്മളും നിരന്തരം അന്വേഷിക്കുന്നത്.

ഓരോ റെക്കോർഡും അത് കുറിക്കുന്നവരുടേതു മാത്രമല്ല, എല്ലാ മനുഷ്യരുടെയും കൂടെയാണ്. കലർപ്പില്ലാത്ത മനുഷ്യാധ്വാനത്തിന്റെയും ശരീരത്തിന്റെ പരിമിതികൾ മറികടക്കാനായുള്ള മനുഷ്യന്റെ പോരാട്ടത്തിന്റെയൊക്കെ നേർക്കാഴ്ചയാണ് ഓരോ മത്സരവും. അതുകൊണ്ടാണ് ജയവും തോൽവിയുമൊക്കെ കേവലമാകുന്നതും മത്സരത്തിന്റെ നേരുമാത്രം ബാക്കിയാവുന്നതും അത് എല്ലാവരുടേതുമാകുന്നതും.

ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങളും കായിക മത്സരങ്ങളാണ്. കണ്ടതോ കാണാൻ സാധ്യതയുള്ളതോ അല്ലാത്ത നാടുകളുടെ പോലും കൊടികളും നിറങ്ങളും നമ്മുടെ നാട്ടിൽ നിറയുമ്പോൾ നമ്മൾ പ്രാദേശികതയുടെ സങ്കുചിതത്വത്തിന്റെ ഒക്കെ പരിമിതികൾ മറികടന്നു മനുഷ്യൻ എന്ന ഏകകത്തിലേക്കെത്തുന്നു; കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാകുന്നു. നമ്മൾ നമ്മുടേതുമാത്രമായ യുക്തിയും സൗന്ദര്യബോധവും വെച്ച് ഏതൊക്കെയോ ടീമുകളുടെ ആരാധകരാകുന്നു. അവരുടെ വിജയത്തിൽ ആഹ്ലാദിക്കുന്നു; പരാജയത്തിൽ സങ്കടപ്പെടുന്നു. പരിഹസിക്കുന്നു; പരിഹസിക്കപ്പെടാൻ നിന്നുകൊടുക്കുന്നു. അതിൽ വ്യക്തിപരമായ എന്തെങ്കിലുമുണ്ടെന്നു ഞാൻ കരുതുന്നേയില്ല.

ബ്രസീലും അർജന്റീനയും മലയാളികളുടെ ആരാധനാപാത്രങ്ങളാവുന്നത് എന്റെ കണക്കിൽ ആ ടീമുകൾ നല്ല കാല്പന്തുകളി കളിക്കുന്നു എന്നതുകൊണ്ട്മാത്രമല്ല, അവരുടെ കളി അവരുടെ നാട്ടിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ വികാരമാണ് എന്നതുകൊണ്ടുകൂടിയാണ്. റൊസാരിയോ തെരുവിലെ മുത്തശ്ശി മലയാളിക്കറിയാത്ത ആളല്ല തന്നെ. ദശലക്ഷക്കണക്കിനു ഡോളർ കൊണ്ട് അമ്മാനമാടുന്ന ഫിഫ നമ്മുടെ നാട്ടിലെ സാധാരണക്കാരും ദിവസവേതനക്കാരുമായ മനുഷ്യർ കെട്ടിപ്പൊക്കുന്ന കട്ടൗട്ടുകൾ ഏറ്റെടുക്കുന്നത് കളിയുടെ ഇതേ സാർവ്വദേശീയത്വം കൊണ്ടാണ്.

ഞാൻ ജർമൻ ടീമിന്റെ ആരാധകനാണ്. ഏതോ കാലത്തു മനസ്സിൽ കയറിക്കൂടിയതാണ് ആ ടീം; അവരുടെ വെളുത്ത ജേഴ്‌സിയും ചുവപ്പും കറുപ്പും സ്വർണ്ണനിറവും ചേർന്ന കൊടിയും. ലോകകപ്പ് മത്സരങ്ങൾ മാത്രം കാര്യമായി കാണുന്ന എനിക്ക് ഇപ്പോൾ സത്യത്തിൽ ജർമ്മൻ ടീമംഗങ്ങൾ ആരെല്ലാമാണെന്ന് പോലും നിശ്ചയം പോരാ. പക്ഷെ അവർ നാളെ കളിക്കുന്നതിനുമുന്പ് കൈയിലുള്ള എല്ലാ നാമവിശേഷണങ്ങളും ചേർത്തു ഞാനും ഒരു പോസ്റ്റിടും. അവർ ജയിക്കണമെന്നു ആഗ്രഹിക്കും. തോറ്റാൽ എന്റെ പേര് നോക്കിവച്ചിരിക്കുന്നവരുടെ മുൻപിൽ ഇന്ന് അർജന്റീന ഫാനുകൾ നിന്നുകൊടുത്തതുപോലെ ഞാനും നിന്നുകൊടുക്കും. നിഷ്ക്കളങ്കമായ പരിഹാസങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ. നിർമ്മലമായ ആനന്ദത്തിന്റെ ആഘോഷങ്ങൾ. മനുഷ്യർക്കുമാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ.

***

ഈ സാഹിത്യമൊക്കെ എഴുതിയത് പക്ഷെ അത് പറയാനല്ല. ഇന്ന് അർജന്റീനയുടെ നിറങ്ങൾ ചേർത്തുതുന്നിയ ഉടുപ്പിട്ടുനിൽക്കുന്ന ഒരു കൊച്ചുകുട്ടിയെ തോൽവിയെപ്പറ്റി പറഞ്ഞു കരയിപ്പിക്കുന്ന ഒരു വിഡിയോ കണ്ടു. ഇന്ന് ആയിരക്കണക്കിനു കുഞ്ഞുങ്ങൾ അവരുടെ സങ്കടം സഹിക്കവയ്യാതെ പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ടാകും; കലങ്ങിയ കണ്ണുകളുമായി അത്താഴം കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ടാകും; അടുത്ത കളി ജയിക്കുമെന്ന പ്രതീക്ഷയിൽ നാളെ എണീക്കുന്നുണ്ടാകും. ഒപ്പം തോൽവിയും പ്രതീക്ഷയുടെ മറുവശമാണ് എന്ന പാഠം അവർ സ്വയം പഠിച്ചിട്ടുണ്ടാകും.

പക്ഷെ ആ പാഠം പുറത്തുനിന്നെടുക്കാൻ അവർക്കു മനസുണ്ടാവില്ല. അത് ശരിയുമല്ല. നമ്മളായിട്ട് അത് പഠിപ്പിക്കരുത്. അങ്ങിനെ പഠിക്കുന്ന പാഠങ്ങൾ അവരിൽനിന്നു ലോകം മുഴുവൻ ആഘോഷിക്കുന്ന കളിയുടെ നേരും നന്മയും ചോർത്തിക്കളയും; കാലുഷ്യം മാത്രം ബാക്കിവയ്ക്കും. അത് നമ്മൾ അവരോടും നമ്മളോടും മുഴുവൻ മനുഷ്യരോടും ചെയ്യുന്ന മര്യാദകേടാകും.

ഇനിയും ലോകകപ്പുകൾ വരും. അപ്പോഴൊക്കെ അതിന്റെ സൗന്ദര്യം കാണാനും അതിന്റെ നിഷ്ക്കളങ്കമായ ആനന്ദം അനുഭവിക്കാനും അവരെ അനുവദിക്കേണ്ടതുണ്ട്. അവർ വളർന്നുവന്നിട്ടു വേണം പുഴകളിൽ വീണ്ടും കട്ടൗട്ടുകൾ വയ്ക്കാനും ഒരു വേള നമ്മുടെ കൊടിയുമായി ലോകകപ്പ് കളിക്കാനും.

അവരെ വെറുതെ വിടുക. അവരുടെ ആനന്ദങ്ങളെയും.

Related Stories

No stories found.
logo
The Cue
www.thecue.in