'മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം'; ആസാദ്

'മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം'; ആസാദ്

ആരോഗ്യ മന്ത്രാലയത്തിനുമേല്‍ പൊലീസ് പിടിമുറുക്കിയിരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പൊലീസിന്റെ ചുമതലയാക്കി സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്തുപോന്ന സേവനം ഇനി പൊലീസ് സേനയാവും നിര്‍വ്വഹിക്കുക.

കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍, രോഗത്തിന്റെ ഉറവിടം കണ്ടെത്തല്‍, ക്വാറന്റൈന്‍ ചുമതല നിര്‍വ്വഹിക്കല്‍ തുടങ്ങിയവയെല്ലാം പൊലീസ് ചുമതലയാവും. ആരോഗ്യ പ്രവര്‍ത്തകരുടെ അറിവും അനുഭവവും പ്രവര്‍ത്തന ശേഷിയും മാറ്റി നിര്‍ത്തപ്പെടുന്നു. ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കുന്നുണ്ട്.

കണ്ടെയ്ന്റ്മെന്റ് സോണിലും പുറത്തും കോവിഡ് കാല അച്ചടക്കം നിലനിര്‍ത്താന്‍ പൊലീസ് നല്ല ഇടപെടലാണ് നിര്‍വ്വഹിച്ചു പോന്നത്. എന്നാല്‍ ഏതെല്ലാംവിധ സമ്പര്‍ക്കം അപായകരമാവാമെന്ന് തീരുമാനിക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണെന്ന് വാദമുണ്ട്. ഐ എം എയും ഇക്കാര്യംഓര്‍മ്മിപ്പിക്കുന്നു. പൊലീസ് ഇടപെടല്‍ രംഗം വഷളാവാനാണ് ഇടയാക്കുക എന്ന ഭയം ജനങ്ങള്‍ക്കുമുണ്ട്.

ഇതോടെ കോവിഡ് ഒരു ആരോഗ്യ വിഷയം എന്നതിനപ്പുറമുള്ള ക്രമസമാധാന പ്രശ്നമായി സര്‍ക്കാര്‍ കാണുന്നു എന്നുവേണം അനുമാനിക്കാന്‍. ക്വാറന്റൈന്‍ ജീവിതമെന്ന പരിചരണം തടവുശിക്ഷയായി മാറും. രോഗം കുറ്റമാകും. ഡോക്റെയല്ല പൊലീസിനെയാണ് രോഗഭീതി അറിയിക്കേണ്ടത് എന്ന സന്ദേശം വന്നുകഴിഞ്ഞു. കോവിഡ്അടിയന്തരാവസ്ഥ പൊലീസ് രാജിലേക്ക് തുറക്കുകയാണോ?

പൊലീസ് പൊലീസിന്റെ ജോലി ചെയ്യട്ടെ. അക്കാര്യത്തിലുള്ള പരാതികളും ദൗര്‍ബല്യങ്ങളും പരിഹരിച്ചിട്ടുപോരേ ആരോഗ്യ പ്രശ്നങ്ങളില്‍ കൂടിയുള്ള അധികച്ചുമതല?

പല രാജ്യങ്ങളും കോവിഡ് മറവില്‍ സ്വേച്ഛാ വാഴ്ച്ചയിലേക്കു നീങ്ങുന്നത് കണ്ടിട്ടുണ്ട്. പുതു ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ പൊതുവില്‍ സ്വീകരിക്കുന്ന വഴിയാണിത്. ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കുകയും പൊലീസ് വാഴ്ച്ച ഉറപ്പിക്കുകയും ചെയ്യുന്നതിലൂടെ ഭരണപ്രതിസന്ധി മറികടക്കാമെന്ന വ്യാമോഹം വളരുന്നു. അതൊന്നുമാവില്ല കേരളത്തിലെ തീരുമാനത്തിനു പിറകില്‍ എന്നു കരുതാനാണ് എനിക്കിഷ്ടം. എങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്തുപോന്ന ചുമതലകള്‍ അവര്‍തന്നെ നിര്‍വ്വഹിക്കുന്നതാവും നല്ലത്.

പൊലീസ് പൊലീസിന്റെ ജോലി ചെയ്യട്ടെ. അക്കാര്യത്തിലുള്ള പരാതികളും ദൗര്‍ബല്യങ്ങളും പരിഹരിച്ചിട്ടുപോരേ ആരോഗ്യ പ്രശ്നങ്ങളില്‍ കൂടിയുള്ള അധികച്ചുമതല? കോവിഡ് പ്രതിരോധത്തില്‍ പിശകു പറ്റിയെന്ന കുറ്റസമ്മതം പൊടുന്നനെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതുതന്നെ സംശയാസ്പദമാണ്. ദിവസേന കൂടിയിരിപ്പും വിശകലനവും പത്ര സമ്മേളനവും നടത്തിയിട്ടും തോന്നാത്ത ഒന്ന് ഒരുള്‍വിളിയായി മുഖ്യമന്ത്രിക്കുള്ളില്‍ ഉദിക്കുകയും അതിന്റെ പേരില്‍ പൊലീസിന് പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും ചെയ്തത് സ്വാഭാവിക കാര്യമല്ല. പ്രത്യേകിച്ചും ഇന്നത്തെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍. ആലോചിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം കാണണം.

Related Stories

No stories found.
logo
The Cue
www.thecue.in