'അവർ ഞങ്ങളാണ് (They are us), ഞങ്ങളുടെ പേരിൽ വേണ്ട',സയണിസത്തിനെതിരെ, പലസ്തീനികളോട് ഐക്യപ്പെട്ട ജൂതർ

'അവർ ഞങ്ങളാണ് (They are us), ഞങ്ങളുടെ പേരിൽ വേണ്ട',സയണിസത്തിനെതിരെ, പലസ്തീനികളോട് ഐക്യപ്പെട്ട ജൂതർ
Summary

ആഷ്‌ലി.എന്‍.പി എഴുതിയത്

ഇന്നലെ ലണ്ടനിലെ വൈറ്റ് ഹാളിൽ ഒരു പ്രകടനം നടന്നു. ജൂതമതം സയണിസത്തിനെതിരാണെന്നും ഗാസയിൽ നടക്കുന്നത് ഇസ്രായേൽ ഭരണകൂടം സംഘടിപ്പിച്ച ഭീകരവാദം ആണെന്നും എഴുതിയ പ്ലക്കാർഡുകളും പിടിച്ചു ജൂതർ നിരന്നു നിൽക്കുന്ന ചിത്രം കണ്ടു. അത് കണ്ടപ്പോൾ ചരിത്രത്തിൽ ആ സ്ഥലത്തിനുള്ള ഒരു പ്രത്യേകത ഓർത്തു പോയി.

ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നവർ വില്ലത്തരം കല്പിച്ചു നൽകിയ ഒരു കൂട്ടരാണ് പ്യൂരിറ്റൻസ് (നാടകശാലകൾ അടച്ചുപൂട്ടി എന്നതാണ് ഒരു കാരണം എന്നാണ് എനിക്ക് തോന്നാറ്!). ആ ഭരണകാലത്തും കുറെ നല്ല കാര്യങ്ങളും കുറെ മോശം കാര്യങ്ങളും നടന്നിട്ടുണ്ട്.

അതിലൊന്നാണ് ജൂതന്മാർക്കു ഇംഗ്ലണ്ടിൽ തിരിച്ചു പ്രവേശനം നൽകിയ നടപടി.

1290 ൽ ഇംഗ്ലണ്ടിലെ എല്ലാ ജൂതന്മാരെയും രാജ്യത്തു നിന്ന് പുറത്താക്കിക്കൊണ്ടു എഡ്‌വേഡ്‌ ഒന്നാമൻ രാജാവ് ഒരു രാജശാസനം പുറപ്പെടുവിച്ചു. അതനുസരിച്ചു ഇംഗ്ലണ്ടിൽ ഉള്ള ജൂതന്മാർ നാടുവിട്ടു പോവണം അല്ലാത്തവർ ക്രിസ്തുമതത്തിലേക്ക് മതം മാറണം എന്നായി. അല്ലാത്തവർ കൊല്ലപ്പെടും.

ഇങ്ങനെ ഒരു രാജശാസനം അധികാരത്തിലിരിക്കുന്നവർക്കു തോന്നിയ പോലെ ഉപയോഗിക്കാവുന്നതാണ്. ക്രിസ്തുമതത്തിലേക്ക് മാറി എന്ന് പറയുന്ന ആൾ പുറത്തു കളവു പറയുകയാണെന്നും ഉള്ളിൽ അപ്പോഴും ജൂതനാണെന്നും പറഞ്ഞു പീഡിപ്പിക്കാം. ജൂത ഒന്നുമല്ലാത്ത വല്ല സ്ത്രീയോടും ദേഷ്യമുണ്ടെങ്കിൽ അവൾ ജൂതമന്ത്രവാദിനി ആണെന്ന് പറഞ്ഞു ചുട്ടു കൊല്ലുക വരെ ചെയ്യാം (ഇതിന്റെ ഒരു ഉസ്താദ് സാക്ഷാൽ വില്യം ഷേക്‌സ്‌പിയർ ആണ് എന്ന് കൂടി ഓർക്കാവുന്നതാണ്!). ഏതായാലും നാടുവിടേണ്ടി വന്ന ജൂതന്മാർക്ക് നാട് നഷ്ടപ്പെട്ടെങ്കിൽ മതം മാറി അവിടെ നിന്നവർക്ക് സമാധാനം പോയി. ഹിറ്റ്ലർ ആദ്യം ജൂതർക്ക് നൽകിയ ഓപ്‌ഷൻ നാടുവിടാനാണ്, അതിനു ശേഷം ബാക്കിയായ ദരിദ്രർക്കും അശരണര്ക്കും വേണ്ടിയാണ് തന്റെ ഒടുക്കത്തെ പരിഹാരത്തിൽ (the final solution) ഹിറ്റ്ലർ എത്തുന്നത് എന്നും ഓർത്താൽ മനസ്സിലാവും ശാസ്ത്ര-സാങ്കേതിക വിദ്യകളില്ലാതെ അന്നത്തെ ഇംഗ്ലണ്ടുകാരും എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന്.

ഇംഗ്ലണ്ടിലെ രാജാധികാരത്തോട് പടവെട്ടി രാഷ്ട്രാധികാരം ഒലിവർ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള പ്യൂരിറ്റൻമാർ നേടിയെടുത്തു പതിനഞ്ചു വര്ഷം കഴിഞ്ഞു 1655 ൽ വൈറ്റ് ഹാളിൽ ക്രോംവെൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഒരു കോൺഫെറൻസ് നടത്തി. പല വാദമുഖങ്ങളും ജൂതന്മാർക്കു ഇംഗ്ലണ്ടിലേക്കു പ്രവേശനം നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കച്ചവടക്കാരും പുരോഹിതന്മാരും വിവിധ സംഘടനക്കാരും ഉന്നയിച്ചു. ജൂതന്മാരെ രാജ്യത്തു തിരിച്ചു പ്രവേശിക്കാൻ അനുവദിച്ചാലുള്ള കച്ചവടപരവും വിശ്വാസപരവുമായ ഒരു പാട് കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അതിനു മുമ്പ് പ്രൊട്ടസ്റ്റന്റുകാരുടെയും കാതോലിക്കരുടെയും കുറെ പീഡനം സഹിച്ചതിന്റെ വ്യക്തിപരവും സംഘടനാപരവുമായ ഓര്മ കൊണ്ടാവാം, ക്രോംവെല്ലിനു വ്യക്തിപരമായി ജൂതർക്ക് പ്രവേശനം കൊടുക്കുന്നതിനു താല്പര്യമായിരുന്നു.

എന്നാൽ തീരുമാനത്തെ നിയന്ത്രിച്ചത് ഒരു സാങ്കേതികത ആയിരുന്നു. ജൂതർ ഇംഗ്ലണ്ടിൽ പ്രവേശിക്കുന്നതിന് എതിരെ പാർലമെന്റിന്റെ നിയമങ്ങൾ ഒന്നുമില്ല. ഉള്ളത് ഒരു രാജശാസനം ആണ്. രാജാവിനേ എതിരാണ് പ്യൂരിറ്റൻ ഗ്രൂപ്പ്. അത് കൊണ്ട് അവർ രാജശാസനം റദ്ദാക്കി.. അങ്ങിനെ നീണ്ട മുന്നൂറ്റി എഴുപതു വര്ഷങ്ങള്ക്കു ശേഷം 1660 ൽജൂതർക്ക് ഇംഗ്ലണ്ടിൽ പ്രവേശിക്കുക സാധ്യമായി. ഇത് വൈറ്റ് ഹാൾ കോൺഫറൻസ് എന്നറിയപ്പെടുന്നു.

ഈ വൈറ്റ്‌ ഹാളിൽ സയണിസത്തിനെതിരെ, പലസ്തീനികളോട് ഐക്യപ്പെട്ടു ജൂതർ "അവർ ഞങ്ങളാണ്" (They are us), ഞങ്ങളുടെ പേരിൽ വേണ്ട (not in our name) എന്ന മനസ്സുമായി അണിനിരക്കുമ്പോൾ എത്ര അഗാധമായ ചരിത്രബോധവും നീതിബോധവുമാണവർ കാണിക്കുന്നത്?

Related Stories

No stories found.
logo
The Cue
www.thecue.in