'കൊവിഡ് നിയന്ത്രണത്തില്‍ കേരളത്തിന്റെ നേട്ടത്തിന് കാരണം സുശക്തമായ ആരോഗ്യസംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും'; ഡോ.ബി.ഇക്ബാല്‍

'കൊവിഡ് നിയന്ത്രണത്തില്‍ കേരളത്തിന്റെ നേട്ടത്തിന് കാരണം സുശക്തമായ ആരോഗ്യസംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും'; ഡോ.ബി.ഇക്ബാല്‍
Summary

തെരഞ്ഞെടുപ്പും ശബരിമല തീര്‍ത്ഥാടനവും പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് കൊവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് ഉറപ്പായി പറയാന്‍ കഴിയും

കേരളത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമായി വരികയാണ്. രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. ടെസ്റ്റിനു വിധേയരാവുന്നതില്‍ രോഗമുള്ളവരുടെ ശതമാനം (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 15 ശതമാനത്തിലേറെയായിരുന്നത് 8 ശതമാനമായി കുറഞ്ഞിരിക്കയാണ്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. മരണനിരക്ക് വളരെ കുറവായിത്തന്നെ തുടരുന്നുണ്ട്. ഈ പ്രവണത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ജനുവരി മാസത്തോടെ നമുക്ക് സ്‌കൂള്‍-കോളേജ് പുന:രാംഭിക്കല്‍ തുടങ്ങിയ നടപടികള്‍ നിയന്ത്രിതമായിട്ടെങ്കിലും സ്വീകരിക്കാന്‍ കഴിയും.

കൊവിഡ് നിയന്ത്രണത്തില്‍ കേരളം കൈവരിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ക്ക് കാരണം നമ്മുടെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനവും ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമാണ്. 2015 ല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നവംബര്‍ 11 മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാണ്. കൊവിഡ് നിയന്ത്രണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ജനകീയ നേതൃത്വം അവശ്യമാണെന്നത് കൊണ്ടാണ് കൊവിഡ് കാലമാണെങ്കിലും പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പ് വൈകാതെ നടത്താന്‍ തീരുമാനിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമായ പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയില്‍ നിണും ഒട്ടും വ്യതിചലിക്കാതെ പ്രധാനമായും ആള്‍ക്കൂട്ട പ്രചാരണ രീതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്. അസംബ്ലി-പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം പഞ്ചായത്തുകളില്‍/വാര്‍ഡുകളില്‍ താമസിക്കുന്നവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അത്‌കൊണ്ട് വോട്ടര്‍മാര്‍ക്ക് മിക്ക സ്ഥാനാര്‍ത്ഥികളെയും നേരിട്ടറിയാം. വിവിധ രാഷ്ടീയ മുന്നണികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രകടന പത്രികയും തീര്‍ച്ചയായും വീടുകളില്‍ രാഷ്ടീയ പ്രവര്‍ത്തകര്‍ എത്തിക്കുന്നുമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതേ രീതിയിലാണ് പ്രചാരണം നടത്തുന്നത്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ ഇതെല്ലാം തന്നെ ധാരാളം മതിയാവും. അത് കൊണ്ട് അസംബ്ലി-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി തട്ടിച്ച് നോക്കുമ്പോള്‍ വലിയ തോതിലുള്ള ആള്‍കൂട്ട പ്രചരണ പരിപാടികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അവശ്യമില്ലെന്ന് കാണാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതെല്ലാം പരിഗണിച്ച് കൊവിഡ് മാനദണ്ഡങ്ങളും പെരുമാറ്റ ചട്ടങ്ങളും കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിച്ചാല്‍ മറ്റ് പല പ്രദേശങ്ങളിലും സംഭവിച്ചത് പോലെ തെരഞ്ഞെടുപ്പുകള്‍ പോലുള്ള നടപടികള്‍ക്ക് ശേഷമുള്ള രോഗ്യവ്യാപന വര്‍ധന ഒഴിവാക്കാന്‍ കഴിയും.

ഇതേ സമയത്ത് നടക്കുന്ന ശബരിമല തീരുത്ഥാടനം വ്യാപന സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കി ചിട്ടയായി നടത്താന്‍ ദേവസ്വം ബോര്‍ഡും ആരോഗ്യവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിച്ച് വരികയാണ്. തെരഞ്ഞെടുപ്പും ശബരിമല തീര്‍ത്ഥാടനവും പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് കൊവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് ഉറപ്പായി പറയാന്‍ കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in