മുഖ്യമന്ത്രിയുടെ ഓഫീസിലെ അട്ടിമറി ശ്രമം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം

മുഖ്യമന്ത്രിയുടെ ഓഫീസിലെ അട്ടിമറി ശ്രമം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം
Summary

ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുകള്‍ത്തട്ടിലാണ് വിള്ളലുകള്‍ വീണിരിക്കുന്നത്. ഗ്വാ ഗ്വാ വിളിക്കാരുടെ ബഹളത്തില്‍ ആ വാസ്തവം ഇല്ലാതാവില്ല. അന്വേഷിക്കാന്‍ വൈകുന്ന ഓരോ നിമിഷവും മുഖ്യമന്ത്രിയും സര്‍ക്കാറും ജനങ്ങള്‍ക്കു ഭാരമാണ്. ഇടതുമുന്നണിക്കും സി പി എമ്മിനും ബാധ്യതയുമാണ്.

കള്ളക്കടത്ത് അന്വേഷണം നടക്കുകയാണ്. അതില്‍ പിടിക്കപ്പെട്ട പലര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലും സര്‍ക്കാറിലും വലിയ സ്വാധീനമുള്ളതായി വെളിപ്പെട്ടു. ഈ സാഹചര്യത്തില്‍ കള്ളക്കടത്തു കേസിനു പുറത്ത് സര്‍ക്കാര്‍ സംവിധാനത്തിലെ വ്യവസ്ഥാപാളിച്ചകള്‍ സംബന്ധിച്ച അന്വേഷണവും നടക്കേണ്ടതുണ്ട്. ആദ്യത്തേത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കുമ്പോള്‍ രണ്ടാമത്തേത് സംസ്ഥാന ഏജന്‍സികള്‍ക്ക് അന്വേഷിക്കാവുന്നതേയുള്ളു.

സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടോ എന്ന് എന്‍ ഐ എയോ മറ്റ് ദേശീയ ഏജന്‍സികളോ കണ്ടെത്തട്ടെ. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുണ്ടായ പാകപ്പിഴകളും അഴിമതിയും പക്ഷെ, അവരുടെ അന്വേഷണ പരിധിയില്‍ വരില്ല. അത് അന്വേഷിക്കാന്‍ ഏറ്റവും ഉചിതമായ ഏജന്‍സിയെ ചുമതലപ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ ആഭ്യന്തര അന്വേഷണം മതിയാവുന്ന വിഷയമല്ല അത്. ഇങ്ങനെയൊരു അന്വേഷണം നടക്കാതെ സി പി ഐ എമ്മിനും ഇടതു മുന്നണിക്കും നിഷ്കളങ്കത നടിക്കാനാവില്ല.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതു ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലേക്കു വരുന്നത് അങ്ങനെയാണ്.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതു ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലേക്കു വരുന്നത് അങ്ങനെയാണ്. കള്ളക്കടത്തു പിടിക്കപ്പെട്ട ഉടന്‍ വന്ന ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിന് ഫോണ്‍വിളി എത്തി എന്നായിരുന്നു. 'അത് അന്വേഷിക്കട്ടെ, അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും' എന്നല്ല മുഖ്യമന്ത്രി പറഞ്ഞത്. ഓഫീസില്‍ എല്ലാവരെയും അമിത വിശ്വാസത്തിലെടുത്ത് ആരും വിളിച്ചില്ല എന്ന് ആരോപണം കണ്ണടച്ചു നിഷേധിക്കുകയായിരുന്നു. ആരും വിളിച്ചില്ലെങ്കില്‍ പോലും അതിലേറെ വലിയ കുറ്റം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്തു സംഭവിച്ചതായി പിന്നീടു കണ്ടെത്തുന്നു. അതോടെ മുഖ്യമന്ത്രിയുടെ അമിത വിശ്വാസം സംശയാസ്പദമായി മനസ്സിലാക്കേണ്ടി വരുന്നു.

ഞെട്ടലുണ്ടായത് ഇതത്രയും കോവിഡ് മറവില്‍ ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തിയ അതിസാമര്‍ത്ഥ്യം കണ്ടാണ്.

കോവിഡ് മഹാമാരിക്കിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാറും ഇത്രയേറെ ജീര്‍ണിച്ചത് ജനാധിപത്യ വിശ്വാസികളില്‍ വലിയ ഞെട്ടലുണ്ടാക്കി. അതിലേറെ ഞെട്ടലുണ്ടായത് ഇതത്രയും കോവിഡ് മറവില്‍ ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തിയ അതിസാമര്‍ത്ഥ്യം കണ്ടാണ്. തന്റെ ഓഫീസിനുമേല്‍ ആരുടെയെങ്കിലും ആരോപണത്തിന്റെ നിഴലല്ല, കള്ളക്കടത്തു സംഘവും കണ്‍സള്‍ട്ടന്‍സികളും ഉന്നതോദ്യോഗസ്ഥരും ചേര്‍ന്നുള്ള അട്ടിമറിയുടെ പരിക്കുകളാണ് വീണതെന്ന് മുഖ്യമന്ത്രി കാണാന്‍ തയ്യാറായില്ല. ജനങ്ങളും മാധ്യമങ്ങളുംഅതു കണ്ടു. അതില്‍ നീതിപൂര്‍വ്വമായ അന്വേഷണം പ്രഖ്യാപിക്കാതെ മുഖ്യമന്ത്രിക്കും ഭരണ കക്ഷിക്കും ജനങ്ങളെ അഭിമുഖീകരിക്കാനാവില്ല.

ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുകള്‍ത്തട്ടിലാണ് വിള്ളലുകള്‍ വീണിരിക്കുന്നത്. ഗ്വാ ഗ്വാ വിളിക്കാരുടെ ബഹളത്തില്‍ ആ വാസ്തവം ഇല്ലാതാവില്ല. അന്വേഷിക്കാന്‍ വൈകുന്ന ഓരോ നിമിഷവും മുഖ്യമന്ത്രിയും സര്‍ക്കാറും ജനങ്ങള്‍ക്കു ഭാരമാണ്. ഇടതുമുന്നണിക്കും സി പി എമ്മിനും ബാധ്യതയുമാണ്. 'ഇതൊക്കെ ആളുകള്‍ മറക്കും', 'എല്ലാം ശരിയാവും', 'മാധ്യമങ്ങള്‍ മറ്റു വിഷയങ്ങളിലേക്കു കടക്കും' തുടങ്ങിയ ധാരണകള്‍ നിങ്ങളെ രക്ഷിച്ചെന്നു വരില്ല.

സ്വര്‍ണ കള്ളക്കടത്ത് അന്വേഷണത്തിന്റെ കുറ്റപത്രം വരട്ടെ എന്നിട്ടു തീരുമാനിക്കാം എന്ന സര്‍ക്കാര്‍ വാദത്തിന് ഒരര്‍ത്ഥവുമില്ല. ആ അന്വേഷണം ആരംഭിച്ചതു കേന്ദ്രമാണ്. അതിന്റെ പാകപ്പിഴകള്‍ ചര്‍ച്ച ചെയ്യുകയുമാവാം. എന്നാല്‍ അതിന്റെ ഫലവും കാത്ത് മുഖ്യമന്ത്രി ഉറക്കമൊഴിയേണ്ടതില്ല. തന്റെ ഓഫീസിലും ഭരണത്തിലുമുണ്ടായ ബാഹ്യ ഇടപെടലുകളും അട്ടിമറികളും അര്‍ഹമായ ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള ബാധ്യതയാണ് അദ്ദേഹം നിര്‍വ്വഹിക്കേണ്ടത്. അല്ലെങ്കില്‍ ലോകം അദ്ദേഹത്തെ മുഖ്യ കുറ്റക്കാരന്‍ എന്നു വിധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in