ജീവിതത്തിനും മരണത്തിനുമിടയില്‍ തുറന്നുപിടിച്ച കണ്ണായിരുന്നു ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ

ജീവിതത്തിനും മരണത്തിനുമിടയില്‍ തുറന്നുപിടിച്ച കണ്ണായിരുന്നു ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ

പുലിറ്റ്‌സര്‍ നേടിക്കൊടുത്ത ഈ ചിത്രത്തെ കുറിച്ചു ചോദിക്കുമ്പോള്‍ ഡാനിഷ് പറയുന്നുണ്ട്. എത്രയോ ദിവസങ്ങള്‍ മ്യാന്മറിന്റെ കരയില്‍ കാത്തുനിന്നതിനു ശേഷമാണ് ആ സ്ത്രീക്കു ജീവിതത്തിലേക്കുള്ള വള്ളം കിട്ടിയത്. ആദ്യമായിട്ടായിരുന്നു അവര്‍ വള്ളത്തില്‍ കയറുന്നത്. ബംഗ്ലാദേശിന്റെ കരയില്‍ വന്നടിഞ്ഞപ്പോള്‍ അവര്‍ക്ക് ആ മണ്ണിനെ തൊടാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം അവര്‍ക്കു കരയെ വാരിപ്പുണരാതിരിക്കാന്‍ കഴിയില്ലായിരുന്നു.

അവരുടെ സമാധാനത്തിന്റെ നിമിഷത്തെ എന്റെ ക്യാമറയുടെ ശബ്ദം കൊണ്ടുപോലും മുറിപ്പെടുത്താന്‍ എനിക്കു തോന്നിയില്ല, വളരെ കുറിച്ചു നിമിഷങ്ങള്‍ മാത്രമാണ് ഞാന്‍ പകര്‍ത്തിയത്. അതിനുശേഷം ഞാന്‍ അവരെ തിരകളുടെ ശബ്ദത്തിനു വിട്ടുകൊടുത്തു.

വാര്‍ത്തകള്‍ക്കു കള്ളം പറയാം, എന്നാല്‍ വാര്‍ത്താചിത്രങ്ങള്‍ക്കു കള്ളം പറയാനും, വെള്ളം ചേര്‍ക്കാനും കഴിയില്ല.

സത്യവുമായുള്ള ഏറ്റവും കുറഞ്ഞ അകലമാണ് വാര്‍ത്താചിത്രങ്ങള്‍. അങ്ങനെയെങ്കില്‍, ഈ കാലത്തെ ഏറ്റവും വലിയ ചില സത്യങ്ങള്‍ ഡാനിഷ് സിദ്ദിഖിയുടേതാണ്. യുദ്ധമുഖത്തു ക്യാമറയും തൂക്കിപ്പോകുന്ന റിപ്പോര്‍ട്ടര്‍മാര്‍ തിരിച്ചുവന്നു പറഞ്ഞിട്ടുണ്ട്, ഏതോ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയില്‍ തുറന്നുപിടിച്ച കണ്ണായിരുന്നു ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ.

വെടിയേറ്റു വീണത് ഒരു ഫോട്ടോജേര്‍ണലിസ്റ്റു മാത്രമല്ല, മരണമില്ലാത്ത എത്രയോ അധികം നിമിഷങ്ങള്‍ക്കു ദൃക്സാക്ഷിത്വം വഹിച്ച ഒരു ക്യാമറയുടെ കണ്ണുകള്‍ കൂടിയാണ് അടഞ്ഞുപോയത്.

Related Stories

No stories found.
logo
The Cue
www.thecue.in