ഇതൊന്നും വിധിവൈപരീത്യമല്ല സര്‍ 

ഇതൊന്നും വിധിവൈപരീത്യമല്ല സര്‍ 

ഇത് അടിയന്തിരാവസ്ഥയുടെ ഓര്‍മ്മദിനത്തില്‍ സംഭവിച്ച ഒരാകസ്മികതയല്ല.

അടിയന്തിരാവസ്ഥപ്രഖ്യാപനത്തിന്റെ വാര്‍ഷികത്തില്‍ കസ്റ്റഡിമരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയേണ്ടിവന്നത് വിധിവൈപരീത്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അസംബ്ലിയില്‍ പറയുന്നുണ്ടായിരുന്നു.

ഒരു മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി വിധിവൈപരീത്യത്തെക്കുറിച്ച് പറയുന്നതിന്റെ അശ്ലീലത മാറ്റിവച്ചാല്‍ തെളിഞ്ഞുകാണുന്നത് ഭരണകൂടത്തിന്റെ ഉപകരണമെന്നു മാര്‍ക്‌സിസ്റ്റുകള്‍ എപ്പോഴും ഭര്‍ത്സിക്കുന്ന പോലീസിനെ നിയന്ത്രിക്കാനുള്ള അധികാരം കിട്ടിയിട്ടും അത് ചെയ്യുന്നതിലുള്ള ഉദാസീനതയോ കഴിവുകേടോ ആണ്.

ഇത് അടിയന്തിരാവസ്ഥയുടെ ഓര്‍മ്മദിനത്തില്‍ സംഭവിച്ച ഒരാകസ്മികതയല്ല.

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തു ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് രണ്ടു നക്സലൈറ്റുകളെ നിലമ്പൂരില്‍ വെടിവച്ചുകൊല്ലുന്നത്. നിയമത്തിനും ഇടതുസര്‍ക്കാരിന്റെ നയത്തിനും വിരുദ്ധമായ ഏറ്റുമുട്ടല്‍കൊലയെ അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പിന്നീടിങ്ങോട്ട് പോലീസ് നേരിട്ടും അല്ലാതെയും പല മനുഷ്യരെയും ഇല്ലാതാക്കി. ഭരണകൂടം കണ്ണടച്ചു.

ഈ കേസുകളില്‍ മിക്കതിലും പോലീസുകാര്‍ രക്ഷപ്പെട്ടു. ഹീനമായ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഒരുത്തനും നടപടി നേരിട്ടില്ല . പകുതി ശമ്പളത്തോടെയുള്ള അവധിയ്ക്കുശേഷം മിക്കവാറും പേര് സര്‍വീസില്‍ തിരിച്ചുകയറി. ക്രിമിനലുകള്‍ വേട്ടയാടിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ മരണത്തിനു വിട്ടുകൊടുത്ത ഒരു പോലീസുകാരനെ സര്‍വീസില്‍ തിരിച്ചത്തിക്കാനുള്ള ഹുങ്ക് ഈ സേനയ്ക്കുണ്ടായിരുന്നു; മുഖ്യമന്ത്രി ഇടപെടേണ്ടിവന്നു അത് നിര്‍ത്തിക്കാന്‍ എന്നോര്‍ത്താല്‍ മതി ഈ സേന ഇതിനകം കൈവരിച്ച പ്രതിരോധശേഷി മനസിലാക്കാന്‍.

നിയമവിരുദ്ധമായി പോലീസില്‍ ഒരു ഗുണ്ടാപ്പടയുണ്ടാക്കി ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുവന്ന് മരണത്തിനു എറിഞ്ഞുകൊടുത്ത പോലീസുകാരന്‍ ഇന്ന് സേനയുടെ സുപ്രധാന കസേരകളിലൊന്നില്‍ ഇരിക്കുന്നു. മറ്റൊരു കസ്റ്റഡിമരണത്തില്‍ പങ്കുണ്ടെന്നു ആരോപിക്കപ്പെട്ട ഉന്നതന്‍ മുഖ്യമന്ത്രി കൊടുക്കാന്‍ പോകുന്ന മജിസ്റ്റീരിയല്‍ അധികാരം ഏറ്റുവാങ്ങാന്‍ തയ്യാറായിരിക്കുന്നു .

നിയമവിരുദ്ധമായി പോലീസില്‍ ഒരു ഗുണ്ടാപ്പടയുണ്ടാക്കി ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുവന്ന് മരണത്തിനു എറിഞ്ഞുകൊടുത്ത പോലീസുകാരന്‍ ഇന്ന് സേനയുടെ സുപ്രധാന കസേരകളിലൊന്നില്‍ ഇരിക്കുന്നു

ഇതൊന്നും വിധിവൈപരീത്യമല്ല സര്‍, . കണ്ണടച്ചാല്‍ ഇരുട്ടാകില്ല. ചെറുപ്പത്തിന്റെ ആനുകൂല്യംകൊണ്ട് മാത്രം പോലീസ് മര്‍ദ്ദനത്തിനൊടുവില്‍ ജീവന്‍ ബാക്കി കിട്ടിയ ആളാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഒരു സി പി എം നേതാവിനോട് സംസാരിക്കുകയായിരുന്നു. ദീര്‍ഘനേരത്തെ തെരഞ്ഞെടുപ്പുപ്രചാരണം അവസാനമായപ്പോഴേക്കും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പണ്ട് പോലീസുകാര്‍ തല്ലി കാല്‍വണ്ണയും പാദവും കാലിന്റെ അടിയിലുമുള്ള ഭാഗവുമെല്ലാം നശിപ്പിച്ചു. യൗവനം കഴിയാറാകുമ്പോഴേക്ക് ഇപ്പോള്‍ അതിന്റെ പ്രത്യാഘാതം കണ്ടുതുടങ്ങി. പഴയ മര്‍ദ്ദനത്തിന്റെ തിരുശേഷിപ്പുകള്‍ സജീവ രാഷ്ട്രീയജീവിതം ദുഷ്‌കരമാക്കിയ പലരും ഇപ്പോഴും സി പി എമ്മിലുണ്ട്. വളരെ മൂല്യമുള്ള ആസ്തികള്‍ ആര്‍ക്കും ഗുണപ്പെടാതെ പോകുന്നത് ഈ പോലീസിന്റെ ക്രൂരതകള്‍കൊണ്ടാണ്.

ആ നിങ്ങളൊക്കെ ഭരിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ കൂടി കൊല്ലപ്പെടുന്നതും ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി വിധിയെ ഓര്‍മ്മിക്കുന്നതും.

ഈ നിസ്സഹായന്റെ നിലവിളി ബോറാണ്. മനുഷ്യരുടെ സാമാന്യബോധത്തിനും, അടിസ്ഥാനമനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണ്.

അതിനു വിധിയുടെ മറവെച്ചാല്‍ അംഗീകരിക്കില്ല സര്‍...

Related Stories

No stories found.
logo
The Cue
www.thecue.in