കൊറോണ കേരളത്തോട് കാണിച്ച മാന്യതയുടെ പകുതിയെങ്കിലും നിങ്ങൾ കാണിക്കണം

കൊറോണ കേരളത്തോട് കാണിച്ച മാന്യതയുടെ പകുതിയെങ്കിലും നിങ്ങൾ കാണിക്കണം

കാനഡയിൽ ഉള്ള എൻ്റെ ഒരു സുഹൃത്തിന് കൊറോണ പോസിറ്റീവായി. മലയാളി. 32 വയസ്. ഒറ്റയ്ക്കാണ് താമസം. ആദ്യമൊക്കെ പനി, ജലദോഷം, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വീട്ടിൽ തന്നെ ഐസൊലേഷനിൽ ഇരിക്കാനവർ നിർദ്ദേശിച്ചു. പനിക്കുള്ള ഗുളികയൊക്കെ കൊടുത്തു വീട്ടിൽ വിട്ടു.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നല്ല ശ്വാസംമുട്ടൽ. അവിടുത്തെ എമർജൻസി നമ്പറിൽ വിളിച്ചു. അവർ വന്നു ആശുപത്രിയിൽ കൊണ്ടുപോയി, ഇഞ്ചക്ഷനൊക്കെ കൊടുത്തു, ശ്വാസംമുട്ടൽ കുറഞ്ഞപ്പോൾ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. ഇതു തന്നെ രണ്ടുമൂന്നു ദിവസം ആവർത്തിച്ചു.

പിന്നെയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ തീരെ വയ്യാതാവുന്നു, പാൽപ്പിറ്റേഷൻ (നെഞ്ചിടിപ്പ് സ്വയം അറിയുന്ന അവസ്ഥ) ഉണ്ടെന്നും ഒക്കെ പറഞ്ഞു. രാത്രിയാണെന്ന് നോക്കണ്ടാ, വേഗം അവരെ വിളിച്ചു കാര്യം പറയാൻ പറഞ്ഞു. വിളിച്ചപ്പോ ഒരു നഴ്സിനെയാണ് കണക്റ്റ് ചെയ്തത്. അവർ, അത് പ്രശ്നമില്ലാ റസ്റ്റെടുക്കാൻ പറഞ്ഞു. ഡോക്ടറെ കണക്റ്റ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ പറ്റില്ലാന്നും പറഞ്ഞു.

പാൽപ്പിറ്റേഷൻ, വൈറസ് ഹൃദയ പേശികളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാകാം. യുവാക്കൾ കൂടുതലും കൊറോണ ബാധിച്ച് അപകടാവസ്ഥയിൽ ആവുന്നത് ഇതുമൂലമാണ്. അതുകൊണ്ടു തന്നെ നിസാരമായി കാണാൻ പറ്റില്ലല്ലോ. അതും ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക്. ഒരു മണിക്കൂർ കഴിഞ്ഞ് ഒന്നൂടെ വിളിച്ചിട്ട്, തീരെ വയ്യ, എന്തെങ്കിലും വേഗം ചെയ്യണമെന്ന് ആവശ്യപ്പെടാൻ പറഞ്ഞു. അപ്പോഴും അതേ മറുപടി തന്നെ. രാവിലെ വരെ കാത്തിരുന്നേ പറ്റൂ എന്നാണവർ പറഞ്ഞത്.

മറ്റു വഴിയില്ല. വലിയ ടെൻഷനോടെ കാത്തിരുന്നു. രാവിലെ അവർ വന്നു രോഗിയെ കൊണ്ടുപോയി. എങ്ങനെയെങ്കിലും ആശുപത്രിയിൽ ഒന്ന് അഡ്മിറ്റ് ചെയ്തു തരണമെന്ന് അവർ കേണാവശ്യപ്പെട്ടു. പക്ഷെ ആ ആവശ്യവും നിരസിക്കപ്പെട്ടു, കാരണം അതിലും ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് കൊടുക്കാനവിടെ ബെഡില്ലായിരുന്നു.

തൽക്കാലം രോഗശമനത്തിനുള്ള മരുന്നും കൊടുത്തു, മയോകാർഡൈറ്റിസ് ഉണ്ടോ എന്നറിയാനായി എക്കോ ടെസ്റ്റ് ചെയ്യാനുള്ള സമയവും കൊടുത്തു വീണ്ടും വീട്ടിൽ കൊണ്ടാക്കി. വൈകുന്നേരം അവർ വന്ന് വീണ്ടും കൊണ്ടുപോയി, എക്കോ ചെയ്തു, അതിൽ മൈൽഡ് മയോകാർഡൈറ്റിസ് ഉണ്ടെന്നു കണ്ടു, അഡ്മിറ്റ് ചെയ്യാമോയെന്ന റിക്വസ്റ്റ് വീണ്ടും നിരസിച്ചു, വീണ്ടും വീട്ടിൽ കൊണ്ടാക്കി.

ഭാഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളിലേക്കൊന്നും പോകാതെ അഞ്ചാറു ദിവസത്തെ കഷ്ടപ്പാടിന് ശേഷം രോഗലക്ഷണങ്ങൾ ഒക്കെ ഇപ്പൊ കുറഞ്ഞു വന്നിട്ടുണ്ട്.

കേരളത്തിൽ ക്വാറൻ്റയിനിൽ കഴിയുന്ന രോഗലക്ഷണങ്ങളില്ലാത്ത ആളെ ആശുപത്രിയിലെത്തിക്കാൻ വൈകുന്നുവെന്ന വാർത്ത വലിയ പ്രാധാന്യത്തോടെ വരുന്നത് കണ്ടപ്പോൾ, ലോകത്ത് നടക്കുന്ന സംഭവങ്ങൾ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാണ്. നമുക്കിവിടെ അധികം രോഗികളില്ലാത്തതു കൊണ്ടുമാത്രമാണ് രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത, 28 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞവരെ പോലും, PCR ടെസ്റ്റ് പോസിറ്റീവ് ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യാൻ സാധിക്കുന്നത്.

സാമൂഹ്യ വ്യാപനം പോലുള്ള അവസ്ഥയൊക്കെ ഉണ്ടായിക്കഴിഞ്ഞാൽ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടി വരുന്ന സ്ഥിതി വരാം. ടെസ്റ്റ് +ve ആവുന്നു എന്നത് ഒരെമർജൻസി സാഹചര്യമേ അല്ലാ. ഇവിടെ എന്തുകൊണ്ടാണ് ഇത്രയധികം രോഗികൾ കുറവെന്നും, അതിനു പിന്നിലെ പ്രയത്നവുമൊന്നും അറിയാത്തവരല്ല, ഇത്തരം വാർത്തകൾ രോഗിക്ക് പരാതിയില്ലായെന്ന് പറയുമ്പോൾ പോലും, വലിയ സെൻസേഷണലാക്കി കൊടുക്കുന്നത്. യഥാർത്ഥത്തിൽ കേരളത്തിൽ ഇത്തരം കാര്യങ്ങളിൽ അമിത ജാഗ്രതയുണ്ടെന്ന് വേണം പറയാൻ.

മാധ്യമങ്ങൾ ആണെങ്കിലും, ഈ വക കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്ന മറ്റാരാണെങ്കിലും ഒന്നേ പറയാനുള്ളൂ, കൊറോണ കേരളത്തോട് കാണിച്ച മാന്യതയുടെ പകുതിയെങ്കിലും നിങ്ങൾ കാണിക്കണം..

Related Stories

No stories found.
logo
The Cue
www.thecue.in