കൊവിഡ് കാലം; സമ്മിശ്ര കൃഷിയാണ് നമുക്കാവശ്യം

കൊവിഡ് കാലം; സമ്മിശ്ര കൃഷിയാണ് നമുക്കാവശ്യം

സംയോജിത കൃഷിയല്ല, സമ്മിശ്ര കൃഷിയാണ് നമുക്കാവശ്യം
Summary

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വമേഖലകളും സ്തംഭനാവസ്ഥ നേരിടുമ്പോള്‍ കേരളം കടുത്ത ഭക്ഷ്യക്ഷാമം നേരിടാനുള്ള സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ സൂചിപ്പിച്ചിരുന്നു. തരിശ് ഭൂമിയില്‍ കൃഷിയിറക്കിയും, വീട്ടാവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്തുമുള്ള അതിജീവനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന് അനുയോജ്യമായ കൃഷിരീതിയെക്കുറിച്ച് ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.പി. ഇല്യാസ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യകൃഷിയെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന കാര്യം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ പലതവണ അത് സൂചിപ്പിക്കുകയും ചെയ്തു. കൃത്യമായ പദ്ധതിയും അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളുമുണ്ടെങ്കില്‍ നമുക്ക് ഭക്ഷ്യ സ്വാശ്രയത്വം എളുപ്പം നേടിയെടുക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കുമനുസരിച്ചുള്ള വിളകളും കന്നുകാലി വളര്‍ത്തലുമാണ് നമുക്ക് യോജിച്ചത്. അതുപോലെ സൂക്ഷ്മ ജലസേചനം പോലെയുള്ള മണ്ണിനോ പരിസ്ഥിതിക്കോ ദോഷകരമല്ലാത്ത ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗപെടുത്തുകയുമാവാം.

വേണ്ടത് സമ്മിശ്ര കൃഷി

ഒരു ചെറിയ കൃഷിയിടത്തില്‍ വൈവിധ്യമുള്ള വിളകളോടൊപ്പം വളത്തിനും പാലിനും മുട്ടയ്ക്കും ഇറച്ചിക്കും ആവശ്യമായ കന്നുകാലികളെയും മത്സ്യങ്ങളെയുമൊക്കെ ഒരുമിച്ച് വളര്‍ത്തുന്ന രീതി. വളരെ കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് അക്വാപോണിക്‌സ് പോലെയുള്ള മാര്‍ഗങ്ങളും ഉപയോഗിച്ച് മത്സ്യങ്ങളും പച്ചക്കറികളും ഒരുമിച്ച് വളര്‍ത്താന്‍ പറ്റും.! ഒപ്പം തേന്‍കൃഷിയും കൂണ്‍കൃഷിയുമൊക്കെയാകാം. വീട്ടിലേക്കാവശ്യമായ ഭക്ഷണത്തിനായിരിക്കണം മുന്‍തൂക്കം എന്നു മാത്രം!

പത്ത് സെന്റ് സ്ഥലമുള്ളവരുടെ പറമ്പില്‍ പോലും പണ്ട് ഇത്തരം ഒരു രീതിയുണ്ടായിരുന്നു. പറമ്പില്‍ കുറച്ചു തെങ്ങുണ്ടാകും, അതിനിടയില്‍ കവുങ്ങുണ്ടാകും, കവുങ്ങിനു മുകളില്‍ കുരുമുളകുണ്ടാകും. ഇതിന്റെയിടയില്‍ ചിലയിടയിടങ്ങളില്‍ വാഴക്കൂട്ടങ്ങളുണ്ടാകും ഇതിന്റെയൊക്കെ അടിയില്‍ അധികം വെയിലു വേണ്ടാത്ത ചേനയും ചേമ്പും കിഴങ്ങുകളുമുണ്ടാകും. അതിരില്‍ വേലിചീരയും ചെമ്പരത്തിയും ശീമക്കൊന്നയുമുണ്ടാകും. കൂടാതെ പ്ലാവും മാവും മറ്റു മരങ്ങളും!

വിളവൈവിധ്യം ഉറപ്പു വരുത്താം

വെളിച്ചമുള്ളിടത്ത് പച്ചക്കറിതട്ടുകളുണ്ടാക്കാം. ഏതെങ്കിലും ഒരു മൂലയില്‍ തൊഴുത്തോ ആട്ടിന്‍ കൂടോ നിര്‍മിക്കാം. പട്ടികള്‍ക്ക് ആക്രമിക്കാന്‍ പറ്റാത്തരീതിയില്‍ വെട്ടുകല്ല് കൊണ്ടോ മറ്റോ കോഴിക്കൂടുണ്ടാക്കുന്നതാണ് നല്ലത്. തൊട്ടടുത്ത് തരിശ്കിടക്കുന്ന പാടങ്ങളുണ്ടെങ്കില്‍ അതേറ്റെടുത്ത് അല്‍പം നെല്‍കൃഷിയും ചെയ്യാം.!

നാടന്‍ കന്നുകാലികളെ വളര്‍ത്തുകയാണെങ്കില്‍ അവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകില്ലായെന്നു മാത്രമല്ല, കാലിത്തീറ്റയും കോഴിതീറ്റയുമൊന്നും അധികം വാങ്ങി കാശ് കളയേണ്ട കാര്യവുമില്ല. പാലും മുട്ടയും മറ്റും ലഭിക്കുന്നതോടൊപ്പം ആവശ്യമായ ആരോഗ്യകരമായ വളവും ലഭിക്കും. നാടന്‍ കോഴികളെ വളര്‍ത്താം. അങ്ങനെയാകുമ്പോള്‍ വെള്ളപൊക്കം വന്നാലും പട്ടി ഓടിച്ചാലും മരത്തിന്റെ മേലെ കേറി രക്ഷപെട്ടു കൊള്ളും.!

'സംയോജിത കൃഷി'യെന്നു പറയുന്നത് രാസവളവും ജൈവവളവും ഒരുമിച്ച് ഉപയോഗിച്ചു കൊണ്ടുള്ള കൃഷിയാണ്. ഗുഡ് അഗ്രികള്‍ച്ചര്‍ പ്രാക്ടീസ് (ഏഅജ) എന്ന് പറഞ്ഞു സര്‍ക്കാര്‍ ഇപ്പോള്‍ ഇത് ചിലയിടങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. അല്‍പം രാസവളമിട്ടിട്ടില്ലെങ്കില്‍ ഉറക്കം കിട്ടാത്ത ഏതോ ചില ഉദ്യോഗസ്ഥന്‍മാര്‍ സര്‍ക്കാരിനെ, ഇത് എന്തോ വലിയ ശാസ്ത്രീയ മാര്‍ഗമാണെന്നു പറഞ്ഞ് തെറ്റിദ്ധരിച്ചിരിപ്പിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ വളരെ അശാസ്ത്രീയമായ ഒരു രീതിയാണിത്. ചാണകമിട്ട് അതിന്റെ മുകളില്‍ കുറച്ചു യൂറിയയിട്ടു കഴിഞ്ഞാല്‍ ആ ചാണകത്തിലെ സൂക്ഷ്മജീവികള്‍ മിക്കവാറും ചത്തുപോകും. അതുപോലെ സ്യൂഡോമോണാസോ ട്രൈക്കോഡര്‍മയോ വിതറി ഫാക്ടംഫോസ് ഇട്ടാലും ഇതു തന്നെയാണ് സംഭവിക്കുക. മണ്ണിന്റെ അസിഡിറ്റി കൂട്ടുന്ന ഇത്തരം രാസവിഷങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി ഒട്ടും ശാസ്ത്രീയമല്ല. അതല്‍പമാണെങ്കില്‍ പോലും!

ഇതുപോലെ മാധ്യമങ്ങള്‍ ചിലപ്പോള്‍ വിളവും ലാഭകണക്കുമൊക്കെ പെരുപിച്ച് കാണിച്ച് പുതിയ വിളകളും രീതികളുമൊക്കെയായി വരും! വാനിലയുടെയും തേക്ക് ആട് മാഞ്ചിയത്തിന്റെയും ഗ്രീന്‍ഹൗസ് ഫാമിംഗിന്റയുമൊക്കെ കഥ നമുക്കറിയാവുന്നതാണല്ലോ! വീണ്ടും ഇത്തരം ചതിക്കുഴികളില്‍ വീഴരുത്. കുള്ളന്‍ ഇനങ്ങളുടെയും എല്ലാ കാലത്തും വിളവ് കിട്ടുമെന്ന് അവകാശപ്പെടുന്ന പ്ലാവിന്റെയും മാവിന്റെയും പിറകെയും പോകാതിരിക്കുകയാണ് നല്ലത്! കീട രോഗാക്രമണവും സാമ്പത്തിക നഷ്ടവുമായിരിക്കും ഫലം! നമ്മള്‍ നട്ട മാവില്‍ നിന്നോ പ്ലാവില്‍ നിന്നോ തെങ്ങില്‍ നിന്നോ മാത്രമുള്ള ഫലമല്ലല്ലോ നമുക്കിപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്നത്.! നമുക്ക് കുറച്ചു കാത്തിരിക്കാം. ദീര്‍ഘകാലമെടുത്താലും ആരോഗ്യമുള്ള വൃക്ഷങ്ങള്‍ ഉണ്ടാകട്ടെ. അടുത്ത തലമുറയും കുറച്ചൊക്കെ അതില്‍ നിന്നും ആസ്വദിക്കട്ടെ!

വിപണനത്തിന് സംവിധാനം സര്‍ക്കാര്‍ തലത്തില്‍

സൊസൈറ്റികള്‍ വഴി പാല് ശേഖരിക്കുന്നതു പോലെ ഓരോ പഞ്ചായത്തിലും പച്ചക്കറികള്‍ ശേഖരിക്കാനും അത് സൂക്ഷിച്ചു വെയ്ക്കാനും വിപണനം നടത്താനുള്ള സംവിധാനം വേണം. കര്‍ഷകന്റെ ചെലവിനനസരിച്ചുള്ള ഒരു താങ്ങുവില എല്ലാ വിളകള്‍ക്കും നിശ്ചയിക്കണം. അതില്‍ കുറച്ചു വിപണനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം.

അവസാനമായി സര്‍ക്കാരിനോട് ഒരപേക്ഷ കൂടിയുള്ളത് പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥരോടൊപ്പം ജൈവകൃഷി ചെയ്യുന്നവരെയും ഈ മേഖലയില്‍ വളരെ കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പെടുത്താന്‍ ശ്രമിക്കണം. അവരുടെ അനുഭവങ്ങള്‍ ഏറെ പ്രയോജനപ്പെടും. മാത്രമല്ല ഫീല്‍ഡില്‍ അവരുടെ സഹായം ഉറപ്പ് വരുത്താനും നമുക്ക് സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in