നാം ഇല്ലാതെ തന്നെ ഭൂമിയ്ക്ക് തുടരാം എന്ന കണ്ടെത്തല്‍  വിനയം പഠിപ്പിക്കേണ്ടതാണ്

നാം ഇല്ലാതെ തന്നെ ഭൂമിയ്ക്ക് തുടരാം എന്ന കണ്ടെത്തല്‍ വിനയം പഠിപ്പിക്കേണ്ടതാണ്

ഹിന്ദി കവി അമര്‍ജിത്തിന്റെ കവിതയെക്കുറിച്ചാണ് ഇപ്പോള്‍ എനിക്ക് പറയുവാന്‍ തോന്നുന്നത്.നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിന് പ്രസക്തമാണത് എന്ന് തോന്നുന്നു. ആ കവിതയിങ്ങനെയാണ്.

നാം ഒരു ലോകത്തില്‍ ഉറങ്ങി, മറ്റൊരു ലോകത്തില്‍ ഉണര്‍ന്നു.

പെട്ടെന്ന് ഡിസ്നി നഗരത്തിന് ഇന്ദ്രജാലം നഷ്ടപ്പെട്ടു.

പാരിസ് കാല്‍പ്പനികമല്ലാതായി,

ന്യൂയോര്‍ക്കിന് പിടിച്ചുനില്‍ക്കാന്‍ വയ്യാതായി

ചൈനയിലെ വന്‍മതില്‍ കോട്ടയല്ല എന്നായി.

മെക്ക ശൂന്യമായി.

ആശ്ലേഷങ്ങളും ചുംബനങ്ങളും പെട്ടെന്ന് ആയുധങ്ങളാകുന്നു.

അച്ഛനമ്മമാരുടേയും സുഹൃത്തുക്കളുടേയും വിരുന്ന് വരവ് സ്നേഹപ്രകടനങ്ങളല്ലാതാകുന്നു. അധികാരത്തിനും സമ്പത്തിനും സൗന്ദര്യത്തിനും വിലയില്ലാകുന്നു.

അവയ്ക്കൊന്നിനും, നമുക്കാവശ്യമായ പ്രാണവായു തരാനാവില്ല എന്ന് മനസ്സിലാകുന്നു.

ലോകം അപ്പോഴും ജീവിക്കുന്നു, സുന്ദരമായി തുടരുന്നു,

മനുഷ്യരെ അത് കൂടുകളില്‍ ആക്കുന്നുവെന്നുമാത്രം.

അതൊരു സന്ദേശം തരികയാണ്.

നിങ്ങള്‍ അനിവാര്യരല്ല എന്ന്.

നിങ്ങള്‍ ഇല്ലാതെയും വായുവും ഭൂമിയും ജലവും ആകാശവും നിലനില്‍ക്കും, തിരിച്ചുവരുമ്പോള്‍ ഓര്‍ക്കുക,

നിങ്ങള്‍ എന്റെ അതിഥികളാണ്, യജമാനന്‍മാരല്ല.

ഒരു പക്ഷേ എനിക്കുപറയേണ്ട കാര്യങ്ങള്‍് ഈ കവിതയില്‍ സംക്ഷിപ്തമായി അടങ്ങിയിട്ടുണ്ടെന്ന് പറയാം. പല രീതികളില്‍ ഇന്നത്തെ അവസ്ഥയെ നമുക്ക് നോക്കിക്കാണാം.വ്യക്തിപരമായി ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്തരത്തിലുള്ള സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ദിവസങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം പുതിയതല്ല. ഒരുതരം ഇരട്ട ഏകാന്തതയുടെ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ ഞാന്‍ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വളരെ സഫലവുമായിരുന്നു ഇതുവരെയുള്ള ഈ ദിവസങ്ങള്‍. ചില കഥകളുണ്ടായി, കവിതയുണ്ടായി, പരിഭാഷകള്‍ ചെയ്തു, ലേഖനങ്ങള്‍ എഴുതി. ഒപ്പം തന്നെ നീട്ടിവച്ചിരുന്ന എന്റെ ഒരു പദ്ധതിയായ ഭക്തി-സൂഫി കവിതകളുടെ ഒരു മലയാള സമാഹാരം ആരംഭിക്കാനും കഴിഞ്ഞു. അയ്യപ്പപ്പണിക്കരെക്കുറിച്ച് വളരെ നേരത്തെ എഴുതാമെന്നേറ്റിരുന്ന മോണോഗ്രാഫ് എന്നിവയൊക്കെ ചെയ്യാന്‍ ആരംഭിച്ചു.

ജീവിതത്തിന്റെ ശീലങ്ങള്‍ മാറിയിട്ടുണ്ടെന്നത് ശരിയാണ്. പതിവായി പാര്‍ക്കില്‍ നടക്കാന്‍ പോകുമായിരുന്നു. ഇപ്പോഴത് സാധിക്കുന്നില്ല, പകരം വീടിനുള്ളില്‍ തന്നെ വച്ച് ചെയ്യാന്‍ സാധിക്കുന്ന ശാരിരികമായ അഭ്യാസങ്ങള്‍ ചെയ്യേണ്ടിവരുന്നു, വളരെക്കാലം യോഗ പരിശീലിച്ചുള്ളതിനാല്‍ എനിക്ക് അതിന് വലിയ ബുദ്ധിമുട്ടില്ല. 28 വര്‍ഷമായി ചെയ്തു പോരുന്നതാണ്. അതോടൊപ്പം തന്നെ ചിന്തിക്കാനും നിരീക്ഷിക്കാനുമുള്ള സമയം ഈ ദിവസങ്ങള്‍ എനിക്ക് തരുന്നുണ്ട്. കാരണം സന്ദര്‍ശകരുടെയൊ ഫോണ്‍കോളുകളുടേയൊ തിരക്കുകളില്ല. വായിക്കാനായി മാറ്റിവെച്ച, ഞാന്‍ വാങ്ങിയതും,പലരും അയച്ചുതന്നതുമായ പുസ്തകങ്ങളുടെ 40 ശതമാനമെങ്കിലും ഞാന്‍ വായിച്ചിരുന്നില്ല. അവയൊക്കെ വായിക്കാനും ഈ സമയം ഞാന്‍ തെരഞ്ഞെടുക്കുകയാണ്. അങ്ങനെ വായിച്ചുനോക്കുമ്പോള്‍ നമ്മള്‍ പലതും കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ എഴുത്തുകാര്‍, അല്ലെങ്കില്‍ അവയെ പ്രതീകാത്മകമായി അവതരിപ്പിച്ച ആല്‍ബര്‍ട്ട് കമ്യൂവിന്റെ പ്ലേഗ് പോലെയുള്ള നോവലുകള്‍, എം എന്‍ വിജയന്‍ വസൂരിക്കാലത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഓര്‍മ്മക്കുറിപ്പുകള്‍, ഷേക്സ്പിയര്‍ പ്ലേഗ് കാലത്താണ് കിംഗ് ലയര്‍ എന്ന നാടകം എഴുതിയത് എന്ന കാര്യം. അങ്ങനെ പലതും വായനയ്ക്കിടെ കണ്ടുമുട്ടാനാകുന്നു.

എന്നെ ഏറ്റവുമധികം ഉല്‍കണ്ഠാകുലനാക്കുന്നത്, അല്ലെങ്കില്‍ ആധികള്‍ ഇവയാണ്. വ്യവസ്ഥിതിയുടെ ദൗര്‍ബല്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കവചത്തിലെ വിള്ളലുകള്‍ നാം കാണാന്‍ ആരംഭിക്കുന്നു. പ്രത്യേകിച്ച്, കുടിയേറ്റക്കാര്‍, ചേരിനിവാസികള്‍,തുടങ്ങി സാമൂഹിക അകലംപോലും പാലിക്കാനാവാത്ത, സോപ്പോ, സാനിറ്റൈസറോ പോലും വാങ്ങാനാകാത്ത, ഒരു മുഖരക്ഷ പോലുമില്ലാത്ത ദരിദ്രകോടികള്‍,ചികിത്സാസൗകര്യങ്ങളുടേയും വെന്റിലേറ്ററുകളുടേയും ദൗര്‍ലഭ്യം,അടുത്തഘട്ടത്തിനായുള്ള ഒരുക്കങ്ങള്‍ ഒന്നും കാണുന്നില്ല എന്ന വേദന, കേന്ദ്രഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ സഹായിക്കുന്നില്ല എന്ന ഉത്കണ്ഠ. ഇതെല്ലാം എനിക്കുണ്ട്. പലതരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടത്ര പരിഗണന ഇന്ത്യയില്‍ ലഭിക്കുന്നുണ്ടോ എന്ന ആകാംക്ഷയും, വ്യഥയും എനിക്കുണ്ട്. അതേസമയം വലതുപക്ഷം, ഈ രോഗാവസ്ഥയെ വര്‍ഗ്ഗീയവത്കരിക്കുന്നതും, പ്രചാരണത്തിനായി ഉപയോഗിക്കുന്നതും കാണുന്നുണ്ട്. ജോത്സ്യം മുതല്‍ ഗോമൂത്ര ചികിത്സ വരെയുള്ള ഒട്ടേറെ അന്ധവിശ്വാസങ്ങളും അന്ധാചാരങ്ങളും പ്രചരിക്കുന്നത് ഈ സമയത്ത് കാണുന്നുണ്ട്.

മറ്റു മനുഷ്യരുടെ സാന്നിദ്ധ്യം പോലും ഉപദ്രവമായി കാണുന്ന മാനസികാവസ്ഥ ചിലര്‍ വളര്‍ത്തിയെടുക്കുന്നതും കാണാം. ഒത്തുചേരലുകളുടെ ആനന്ദം ഇല്ലാതാക്കുന്ന ഒരു സമയം ആണിത്. അന്യോന്യമായ സംശയം വര്‍ധിപ്പിക്കുന്ന സമയം. നാം ശ്രദ്ധിക്കേണ്ട കാര്യം സാമൂഹികമായ അകലം പാലിക്കുക എന്നാല്‍ സമൂഹവുമായുള്ള അകലമാകാതെ നോക്കുക എന്നതാണ്. നമ്മുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇന്ന് ലഭ്യമായിരിക്കുന്ന മാധ്യമങ്ങളിലൂടെ കൂടുതല്‍ അടുക്കുവാനും ആശയകൈമാറ്റങ്ങള്‍ നടത്തുവാനും ശ്രമിക്കേണ്ടതുണ്ട്. ഇന്ന് കാണുന്ന മറ്റൊരു കാര്യമാണ് അദൃശ്യരായിരുന്ന മനുഷ്യര്‍ ദൃശ്യരാകുന്നത്. നമ്മുടെ കേന്ദ്രഭരണകൂടവും മറ്റു പുറത്തുള്ള ഭരണകൂടങ്ങളും പരിഭ്രാന്തരാകുന്നത് നാം കാണുന്നുണ്ട്. പൊതുജനാരോഗ്യം ഒരിക്കല്‍ക്കൂടി വലിയ ചര്‍ച്ചാവിഷയമാകുന്നു, സാമ്പത്തികമായ അസമത്വത്തെക്കുറിച്ചുള്ള പ്രത്യക്ഷമായ ഉദാഹരണങ്ങള്‍ കാണാനാകുന്നു. ചികിത്സ വേണ്ടത്ര കിട്ടാത്തയിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ജിവിതനിലവാരത്തിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള വ്യഥകള്‍ എല്ലാം തന്നെ വര്‍ധിച്ചുവരികയാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നാം ഇന്ന് ജീവിക്കുന്ന രീതി തന്നെയാണോ അല്ലെങ്കില്‍ നാം ഇന്ന് പുലര്‍ത്തുന്ന ജിവിത വ്യവസ്ഥ തന്നെയാണോ പുലര്‍ത്തേണ്ടത് എന്നതിനക്കുറിച്ചുള്ള ന്യായമായ സംശയം ചിന്തിക്കുന്ന എല്ലാ മനുഷ്യരിലും ഉടലെടുക്കുന്ന ഒരു സമയം കൂടിയാണിത്.

ലോകം അതിര്‍ത്തികളെയൊക്കെ അപ്രധാനമാക്കിക്കളഞ്ഞിരിക്കുന്നു. വലിയ മൂലധനത്തിന്റെ രാജ്യമായി കണക്കാക്കിയിരുന്ന അമേരിക്ക പോലയുള്ള വമ്പന്‍ രാജ്യങ്ങള്‍ നിസഹായരായി നോക്കിനില്‍ക്കുന്നതാണ് നാം കാണുന്നത്. യുദ്ധവ്യവസായികള്‍ക്ക് കച്ചവടം നടത്താന്‍ കഴിയാതെ വന്നിരിക്കുന്നു. ഇറ്റലി പോലെയുള്ള വലിയ പരിഷ്‌കൃതമായ രാജ്യങ്ങളില്‍പ്പോലും വൃദ്ധരെ മരിക്കാന്‍ വിടാം എന്ന തരത്തിലുള്ള മാനസികാവസ്ഥ വളര്‍ന്നുവന്നിരിക്കുന്നു. മൂന്നാം ലോകം എന്നറിയപ്പെടുന്ന ഇടങ്ങളില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ടതും മനുഷ്യത്വം നിലനിര്‍ത്തുന്ന നടപടികള്‍ കാണാനാവുന്നത്. അതില്‍ ഒരു മലയാളിയെന്ന നിലയില്‍ എനിക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാം കേരളം പോലെയുളള ചെറിയൊരു നാട് എങ്ങനെയാണ് ലോകത്തിന് മാതൃകയാകുന്നതെന്ന്. നമ്മുടെ സര്‍ക്കാരും ആരോഗ്യമേഖലയും സന്നദ്ധസംഘടനകളും യുവതീയുവാക്കളും എല്ലാം വളരെ സൂഷ്മതയോടുകൂടി ദൈനംദിനകാര്യങ്ങളില്‍പ്പോലും ശ്രദ്ധ ചെലുത്തുന്ന തരത്തില്‍ വലിയൊരു മാതൃക സൃഷ്ടിക്കാന്‍

കഴിഞ്ഞിരിക്കുന്നു. അത് ശാസ്ത്രീയ സമീപനത്തിന്റേയും സാമൂഹിക സുരക്ഷയുടേയും അനിവാര്യത വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ്. നവോത്ഥാനകാലം മുതല്‍ നാം ഉണ്ടാക്കിയെടുത്ത വലിയ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ഇത്. പ്രളയമായാലും കൊവിഡായാലും നാം കാണുന്നത് അതുതന്നെ. മനുഷ്യരുടെ സല്‍ഗുണങ്ങളെ ഈ രോഗം പുറത്തുകൊണ്ടുവരുന്നുണ്ട്. ഒഴിവുദിവസം സര്‍ഗാത്മമാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി എങ്ങനയാണ് ബദല്‍മാതൃകകളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നത് അനേകം ഉദാഹരണങ്ങളായി സമീപകാലത്ത് പ്രഭാഷണങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിസെക്കിന്റെയും അഗമ്പന്റെയും അനേകം പ്രബന്ധങ്ങള്‍ ഞാന്‍ വായിച്ചു. അവിടെയെല്ലാം എങ്ങനെയാണ് ഒരുപക്ഷേ മറ്റൊരു വ്യവസ്ഥയെ അനിവാര്യമാക്കാന്‍ അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുവാന്‍ ഈ അവസ്ഥ ജനങ്ങളെ പ്രേരിപ്പിക്കുക എന്നാണ് പറയുന്നത്.

നാം പുതിയൊരു ബദല്‍ സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമോ, അതോ നമ്മുടെ പഴയ ശീലങ്ങളിലേയ്ക്ക് തന്നെ തിരിച്ചുപോകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയ മുന്‍വിധികളുടേയും വിദ്വേഷങ്ങളുടേയും ശവങ്ങളും പേറിക്കൊണ്ടാണോ നാം അടുത്ത സമുദായ ഘട്ടത്തിലേയ്ക്ക് കടക്കാന്‍ പോകുന്നത്.? യാഥാസ്ഥിതികവും വിപത്കരവുമായ ആശയങ്ങളും പേറിയാണോ നാം ഈ രോഗാനന്തരലോകത്തും പ്രവര്‍ത്തിക്കാന്‍ പോകുന്നത്.അതോ ഇപ്പോള്‍ പ്രകൃതിയില്‍ കാണുന്ന നല്ല മാറ്റങ്ങള്‍ ദൂഷിതമല്ലാത്ത ജലം, ശുദ്ധമായ വായു, തിരിച്ചുവരുന്ന പക്ഷികളും മൃഗങ്ങളും, അല്ലെങ്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ ഭൂമിയുടെ അവകാശികള്‍, ഭൂമിയുടെ അവകാശികളായി തന്നെ മാറുന്ന രംഗം ഇവയെല്ലാം നാം തുടര്‍ന്നും ശ്രദ്ധിക്കുമോ?. പരിസ്ഥിതി ലംഘനങ്ങള്‍ കൂടാതെ പ്രകൃതിയുമൊത്ത് ഒരു പുതിയ വികാസ രീതിയിയെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ എന്നൊക്കെയാണ്.നാം ഇല്ലാതെ തന്നെ ഭൂമിയ്ക്ക് തുടരാം എന്ന കണ്ടെത്തല്‍ നമ്മെ വിനയം പഠിപ്പിക്കേണ്ടതാണ്. അതിനുള്ള ഒരു കാരണം കൂടിയായിട്ടാണ് ഈ കൊറോണക്കാലത്തെ ഞാന്‍ കാണുന്നത്.

സാഹിത്യ അക്കാദമിയുടെ അതിജീവനത്തിന്റെ മൊഴികള്‍ എന്ന പരമ്പരയില്‍ സംസാരിച്ചത്. കെ സച്ചിദാനന്ദന്‍ സംസാരിച്ചതിന്റെ ഓഡിയോ സാഹിത്യ അക്കാദമി യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും കേള്‍ക്കാം

Related Stories

No stories found.
logo
The Cue
www.thecue.in