സമാനതകളില്ലാത്ത പോരാട്ടമാണിത്, പ്രിയങ്കയെ താരതമ്യം ചെയ്യുന്നത് അനീതി

സമാനതകളില്ലാത്ത പോരാട്ടമാണിത്, പ്രിയങ്കയെ താരതമ്യം ചെയ്യുന്നത് അനീതി
Summary

ഇന്ദിര മുതൽ സോണിയ വരെയുള്ളവർക്ക് ഇന്നേവരെ കടന്നുപോകേണ്ടി വന്നിട്ടില്ലാത്തത്ര ദുർഘടമായ പാതയിൽക്കൂടിയാണ് പ്രിയങ്ക സഞ്ചരിക്കുന്നത്. സമാനതകളില്ലാത്ത ഒന്നാണ് ആ സ്ത്രീ ഇപ്പോൾ നടത്തുന്ന ഓരോ പോരാട്ടങ്ങളും.

ഹരി മോഹന്‍ എഴുതിയത്‌

11 ദളിതരെ സവർണർ കൂട്ടക്കൊല ചെയ്ത ബിഹാറിലെ ബെൽച്ചിയിൽ 1977-ൽ ഇന്ദിരാ ഗാന്ധിയെത്തുമ്പോൾ അവർക്കു മുന്നിൽ വഴികളും സവർണ വോട്ടുബാങ്കും ഒരു വെല്ലുവിളിയായി ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാത്ത വഴികൾ, ശക്തിയായി പെയ്യുന്ന മഴ, കരകവിഞ്ഞൊഴുകിയ പുഴ, ചതുപ്പുനിലങ്ങൾ. പട്ന വരെ ട്രെയിൻ, പിന്നീട് ജീപ്പ്, ട്രക്ക്, ഒടുവിൽ ആന. അറുപതു വയസ്സുള്ള ഒരു സ്ത്രീയെ സംബന്ധിച്ചു ശാരീരിക അവശതകൾ നേരിടാൻ സാധ്യതയുണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്ന് ഇന്ദിരയുടെ നിശ്ചയദാർഢ്യം ലക്ഷ്യം കണ്ടു. അവർ ദളിതരെ ചേർത്തുപിടിച്ചു. ബെൽച്ചിയിലേക്കുള്ള ആ യാത്ര ഇന്ദിരയുടെ പിൽക്കാല രാഷ്ട്രീയജീവിതത്തെ നിർണ്ണയിച്ചു. ചരിത്രത്തിൽ ആ യാത്ര അതുകൊണ്ടാണു വളരെ പ്രധാനപ്പെട്ടതാകുന്നത്.

പക്ഷേ, ഭരണം കൈയിലില്ലാതിരുന്നിട്ടും അവർക്കു ഭരണകൂടത്തിൽ നിന്നു വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നില്ല. സിസ്റ്റം അവർക്കൊരു ഭീഷണിയായിരുന്നില്ല ആ യാത്രയിലൊരിടത്തും. എന്നാൽ പ്രിയങ്കാ ഗാന്ധി വാദ്രയുടെ യാത്ര അങ്ങനെയായിരുന്നില്ല. ഇന്ദിരയുടെ ബെൽച്ചിയും പ്രിയങ്കയുടെ ലഖിംപുർ ഖീരിയും താരതമ്യപ്പെടുത്താൻ കഴിയാത്ത ഒന്നാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഇന്ത്യയിൽ സംഘപരിവാർ ഏറ്റവുമധികം ആസ്വദിക്കുകയും ഉപയോഗിക്കുകയും ചെയ്ത അധികാരസ്ഥാനവും ഏറ്റവും ശക്തമായ ഭരണകൂടവും ഉത്തർപ്രദേശിലേതാണ്. എന്തും ചെയ്യാൻ കഴിയുന്ന ഒരധികാരം ലഭിക്കുന്നത് എന്തും ചെയ്യാൻ മടിയില്ലാത്ത അടിമുടി ജനാധിപത്യ വിരുദ്ധനായ ഒരു ഭരണാധികാരിക്കാവുമ്പോൾ അതേറ്റവും അപകടകരമാകും. ഉത്തർപ്രദേശിനെയും യോഗി ആദിത്യനാഥിനെയും ഇതിനുമപ്പുറം വിശേഷിപ്പിക്കേണ്ടി വരുമെന്നു ഞാൻ കരുതുന്നില്ല. ആ ഭരണകൂടത്തെയും ഭരണാധികാരിയെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ഒരു വർഷത്തിനുള്ളിൽ രണ്ടുതവണ ആ കോട്ടയിലേക്കു പ്രിയങ്ക ഇരച്ചുകയറിയത്.

പ്രിയങ്കയ്ക്കു മുന്നിൽ മാർഗങ്ങളല്ല, സിസ്റ്റമായിരുന്നു ഒരു വന്മതിൽ പോലെ വെല്ലുവിളിയായി നിലകൊണ്ടത്. ഇന്ത്യയിൽ സംഘപരിവാർ ഏറ്റവുമധികം ആസ്വദിക്കുകയും ഉപയോഗിക്കുകയും ചെയ്ത അധികാരസ്ഥാനവും ഏറ്റവും ശക്തമായ ഭരണകൂടവും ഉത്തർപ്രദേശിലേതാണ്. എന്തും ചെയ്യാൻ കഴിയുന്ന ഒരധികാരം ലഭിക്കുന്നത് എന്തും ചെയ്യാൻ മടിയില്ലാത്ത അടിമുടി ജനാധിപത്യ വിരുദ്ധനായ ഒരു ഭരണാധികാരിക്കാവുമ്പോൾ അതേറ്റവും അപകടകരമാകും. ഉത്തർപ്രദേശിനെയും യോഗി ആദിത്യനാഥിനെയും ഇതിനുമപ്പുറം വിശേഷിപ്പിക്കേണ്ടി വരുമെന്നു ഞാൻ കരുതുന്നില്ല. ആ ഭരണകൂടത്തെയും ഭരണാധികാരിയെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ഒരു വർഷത്തിനുള്ളിൽ രണ്ടുതവണ ആ കോട്ടയിലേക്കു പ്രിയങ്ക ഇരച്ചുകയറിയത്.

ആദ്യവട്ടം ഹത്രാസിലേക്കുള്ള പ്രിയങ്ക നടത്തിയ യാത്രയുടെ കാഠിന്യം രാഹുൽ ഗാന്ധിയിലേക്കുള്ള നമ്മുടെ കാഴ്ച കാരണം മറഞ്ഞുപോയിരിക്കണം. പക്ഷേ രണ്ടാംവട്ടം അതങ്ങനെ പെട്ടെന്നു മായ്ച്ചുകളയാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. കർഷകരുടെ ചോര വീണു മണിക്കൂറുകൾ തികയും മുൻപ് അവർക്കങ്ങനെയൊരു തീരുമാനമെടുക്കാൻ എങ്ങനെ സാധിച്ചുവെന്ന് ആലോചിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ പതിവായി സംഭവിക്കുക രാഹുൽഗാന്ധിയുടെ ഇടപെടലാണ്. കാര്യങ്ങൾ പഠിക്കാൻ രാഹുലെടുക്കുന്ന സമയം പലപ്പോഴും വിമർശനത്തിനു വിധേയമാകാറുണ്ട്. പക്ഷേ, അപ്പോഴും ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാർട്ടികൾ/നേതാക്കൾ ഉറങ്ങുന്നുണ്ടാവും. ആദ്യം രാഹുൽ തന്നെയാവും വഴി തെളിക്കുക. അങ്ങനെ യാത്രയ്ക്കു മുൻപ് രാഹുൽ അങ്ങോട്ടേക്കു പോകുന്നുണ്ട് എന്നൊരു വിവരം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിയിട്ടുണ്ടാവും. അയാളെ കാത്ത് ഒന്നൊഴിയാതെ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അവിടെ കാത്തുനിൽക്കുന്നുമുണ്ടാവും. ഒരുപാടു പ്രതിസന്ധികളെയും ഓഡിറ്റിനെയും അതിജീവിച്ചുകൊണ്ടു തന്നെയാണ് രാഹുൽ ആ യാത്ര നടത്താറുള്ളത്.

പക്ഷേ പ്രിയങ്കയുടേത് അങ്ങനെയല്ല. അവർക്ക് അർഹിച്ച സ്വീകാര്യതയും ശ്രദ്ധയും അകലെയായിരുന്നു അടുത്തകാലം വരെ. വാഴ്ത്തപ്പെടാതെ പോയതിനെക്കുറിച്ചു പിൽക്കാലത്തു നമ്മൾ ഖേദം പ്രകടിപ്പിക്കാറുണ്ടല്ലോ.

അങ്ങനെയൊന്ന് ഉത്തർപ്രദേശിൽ നിന്ന് കുറച്ചകലെ രാജ്യതലസ്ഥാനത്തു മാസങ്ങൾ മുൻപു നടന്നിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം കർഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയെ കാണാനായി രാഷ്‌ട്രപതി ഭവനിൽ പോയൊരു പകൽ. രാഹുൽ അകത്തുകയറി നിവേദനം കൊടുക്കുമ്പോൾ പ്രിയങ്കയുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം രാഷ്‌ട്രപതി ഭവന്റെ മുന്നിലെ റോഡിൽ കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടു കുത്തിയിരിക്കുന്നുണ്ടായിരുന്നു. അവിടെയിരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച് അവർ എത്രയോ നേരമിരുന്നു. ഒടുവിൽ സംഘപരിവാറിന്റെ ഡൽഹി പോലീസ് പ്രിയങ്കയെ പോലീസ് വാനിൽ കയറ്റിക്കൊണ്ടുപോയത് ഓർമയിലുണ്ട്. രാഷ്ട്രപതിയെക്കണ്ടു തിരികെവന്ന രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ നമ്മൾ മുഴുകി. പ്രിയങ്കയുടെ ആ പോരാട്ടം പതിവു പ്രതിഷേധങ്ങൾ പോലെ കടന്നുപോയി. പക്ഷേ, നിവേദനങ്ങൾ സമർപ്പിക്കാൻ പ്രതിപക്ഷ പാർട്ടിയുടെ എത്രയോ നേതാക്കൾ രാഷ്‌ട്രപതിയെക്കാണാൻ പോകുന്ന സ്വഭാവികമായൊരു കാഴ്ചയിൽ നിന്ന് അന്നുച്ചവരെ ഇന്ത്യ മുഴുവൻ വാർത്തകളിൽക്കണ്ടത് ഈ കാഴ്ചയായിരുന്നു. രാഹുൽ രാഷ്‌ട്രപതിയെക്കാണുമ്പോൾ പ്രിയങ്ക റോഡിലിരുന്നു സമരം ചെയ്യുന്നു. ചർച്ചക്കളുടെ കേന്ദ്രബിന്ദു കർഷകസമരവും.

വാഴ്ത്തുപാട്ടുകൾക്കു പ്രിയങ്ക ഒരുകാലത്തും പിടികൊടുത്തിട്ടുള്ളതായി കണ്ടിട്ടില്ല. അവർക്ക് അതിലെന്തെങ്കിലും താല്പര്യമുള്ളതായും തോന്നിയിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ പ്രിയങ്കയുടെ ലഖിംപുരിലേക്കുള്ള സന്ദർശനം അവർക്കു തന്നെ ആഘോഷമാക്കി മാധ്യമശ്രദ്ധയ്ക്കു വേണ്ടി കാത്തിരിക്കാമായിരുന്നു. പക്ഷേ ഇവിടെ അതുണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ പ്രിയങ്കയുടെ ലഖിംപുരിലേക്കുള്ള യാത്രയിലുടനീളം ഒന്നോ രണ്ടോ ചാനലുകളുടെ മൈക്കുകൾ മാത്രം നമ്മൾ കണ്ടത്, കോൺഗ്രസുകാർ പുറത്തുവിട്ട വിഡിയോകളും ഫോട്ടോകളും മാത്രം വെച്ചു ചാനലുകൾക്കും സോഷ്യൽ മീഡിയക്കും ആഘോഷിക്കേണ്ടി വന്നത്.

സംഭവമറിഞ്ഞയുടൻ ഇറങ്ങിപ്പുറപ്പെട്ടതു പോലെയായിരുന്നു പ്രിയങ്കയുടെ ആ യാത്ര. വഴിയിൽ ഉറപ്പായും കാത്തുനിൽക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ പോലീസ് സേനയെ പ്രിയങ്ക ഉറപ്പായും പ്രതീക്ഷിച്ചിട്ടുണ്ടാവണം. ഹത്രാസിൽ അവരുടെ വസ്ത്രത്തിൽ പിടിച്ചുവലിക്കാൻ മടിയില്ലാതിരുന്ന പോലീസ് തന്നെ ഇക്കുറി അതിലും മോശമായി ട്രീറ്റ്‌ ചെയ്യുമെന്ന് അവർക്കു നല്ല ധാരണയുണ്ടായിരുന്നിട്ടും പബ്ലിക് അറ്റൻഷൻ ഏറ്റവും കുറവു ലഭിക്കാൻ സാധ്യതയുള്ള രാത്രികാലത്ത്, എത്ര ക്യാമറകൾ തന്റെ മുന്നിലുണ്ടെന്ന് എണ്ണാതെ അവർ മുന്നോട്ടു നീങ്ങുകയായിരുന്നു. വാറന്റ് ഇല്ലാതെ തന്നെ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസിനോട് നേർക്കുനേർ നിന്നു വിരൽ ചൂണ്ടി സംസാരിക്കാൻ ഒരു പ്രിവിലേജും ആ സ്ത്രീയെ സഹായിച്ചിട്ടുണ്ടാവില്ല. അതിനുശേഷം ഗസ്റ്റ് ഹൗസിൽ അനധികൃതമായി തന്നെ തടവിൽ പാർപ്പിച്ചപ്പോഴും അവർ കൂളായിരുന്നു. അവിടെയിരുന്നു മാധ്യമങ്ങളോടും ജനങ്ങളോടും സംസാരിച്ചതൊക്കെയും സംഘപരിവാർ വാഹനം കയറ്റിയിറക്കി കൊന്നുകളഞ്ഞ കർഷകരെക്കുറിച്ചാണ്.

അടുത്ത ദിവസം രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ലഖിംപുരിലേക്കുള്ള യാത്ര പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ അങ്ങനെ തീരുമാനിച്ചു. പക്ഷേ, പ്രിയങ്ക രാത്രിക്കു രാത്രി ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നുവെങ്കിൽ അങ്ങനെയൊന്നു സാധ്യമാവില്ല എന്നു തന്നെയാണ് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്. സംഘപരിവാർ ക്രൂരതകളുടെ പട്ടികയിൽ, സ്വഭാവികതയുടെ കൂട്ടത്തിൽ ഇതും ഉണ്ടാകുമായിരുന്നു. കുറച്ചുദിവസം വിവിധ സ്ഥലങ്ങളിൽ മെഴുകുതിരി കത്തിച്ചും രാജ്ഭവൻ മാർച്ചുകൾ കൊണ്ടും അതവസാനിച്ചേനെ. ആ രാത്രി സംഘർഷഭരിതമായില്ലായിരുന്നുവെങ്കിൽ സുപ്രീംകോടതിയും കണ്ടില്ലെന്നു നടിച്ചേനെ, പത്രങ്ങളുടെ ഒന്നാം പേജും ചാനലുകളുടെ പ്രൈം ടൈം ഡിബേറ്റുകളും മറ്റെന്തെങ്കിലും ആയിരുന്നേനെ. ഒരൊറ്റ രാത്രി കൊണ്ട് ആ സ്ത്രീ ഇന്ത്യയുടെ വിധിയെത്തന്നെ മാറ്റിയിരിക്കുന്നു, പ്രതിപക്ഷ നേതൃത്വങ്ങളെ ഉണർത്തിയിരിക്കുന്നു.

ഇന്ത്യ അതിന്റെ ഏറ്റവും അപകടകരമായ സാഹചര്യത്തിൽക്കൂടി കടന്നുപോകുമ്പോൾ പ്രതിപക്ഷത്തെയും ജനങ്ങളെയും ജാഗരൂകരാക്കിയും ചടുലമാക്കിയും നിർത്തുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയാണ്. ഇന്ദിര മുതൽ സോണിയ വരെയുള്ളവർക്ക് ഇന്നേവരെ കടന്നുപോകേണ്ടി വന്നിട്ടില്ലാത്തത്ര ദുർഘടമായ പാതയിൽക്കൂടിയാണ് പ്രിയങ്ക സഞ്ചരിക്കുന്നത്.

സമാനതകളില്ലാത്ത ഒന്നാണ് ആ സ്ത്രീ ഇപ്പോൾ നടത്തുന്ന ഓരോ പോരാട്ടങ്ങളും. അവരെ താരതമ്യം ചെയ്യുന്നത് അവരോടു ചെയ്യുന്ന അനീതിയാവും. പ്രിയങ്കയുടെ യാത്രകളാണ്, പ്രിയങ്കയുടെ സമരങ്ങളാണ്, പ്രിയങ്കയുടെ പോരാട്ടങ്ങളാണ്. അതിൽക്കുറഞ്ഞൊന്നുമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in