'ശവ സേന' യെന്ന് അമൃത ഫഡ്‌നാവിസ്, സ്വന്തം പേരില്‍ 'എ' ഇല്ലാതായാലോയെന്ന് മറുപടി

'ശവ സേന' യെന്ന് അമൃത ഫഡ്‌നാവിസ്, സ്വന്തം പേരില്‍ 'എ' ഇല്ലാതായാലോയെന്ന്  മറുപടി

എല്ലാ അക്ഷരങ്ങളും പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കണമെന്ന് അമൃത ഫഡ്‌നാവിസിനോട് ശിവസേന. പാര്‍ട്ടിയെ 'ശവ് സേന' എന്ന് വിളിച്ചതിന് അതേ നാണയത്തിലായിരുന്നു മറുപടി. അമൃതയെന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ പേരിലെ 'എ' എന്ന അക്ഷരം മൃതമാകാന്‍ അനുവദിക്കല്ലേയെന്ന് ശിവസേന വക്താവ് നീലം ഗോര്‍ഹേ തിരിച്ചടിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മോശം പ്രകടനത്തെ പരിഹസിച്ചാണ്, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത 'ശവസേന'യെന്ന് പാര്‍ട്ടിയെ കുറ്റപ്പെടുത്തിയത്.

അങ്ങനെയെങ്കില്‍ സ്വന്തം പേരിലെ ഓരോ അക്ഷരങ്ങളുടെയും പ്രാധാന്യം ആദ്യം മനസ്സിലാക്കൂവെന്നായിരുന്നു ശിവസേനയുടെ മറുപടി. അമൃത എന്ന പേരില്‍ എ എന്ന അക്ഷരത്തിനുള്ള പ്രാധാന്യം തിരിച്ചറിയണം. ദിവാലിയുടെ ഐശ്വര്യപൂര്‍ണമായ വേളയില്‍ മോശം ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവരാതിരിക്കൂ എന്നും ശിവസേനാ വക്താവ് നീലം ഗോര്‍ഹേ പറഞ്ഞു.

ശിവസേനയെ പേരുതിരുത്തി വിളിച്ചതുകൊണ്ട് ഒരു പ്രയോജനവും കിട്ടില്ലെന്നും അവര്‍ പറഞ്ഞു. 'എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്, സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസിനെ ബിഹാറില്‍ ശവ് സേന കൊന്നു. എന്തായാലും ബിഹാറിനെ ശരിയായ സ്ഥലത്ത് നിര്‍ത്തിയതിന് നന്ദി' - ഇങ്ങനെയായിരുന്നു അമൃതയുടെ ട്വീറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in