പ്രചോദനം മണിഹെയ്സ്റ്റ്; പ്രൊഫസറും ടോക്യോയുമടങ്ങുന്ന ഇന്ത്യൻ തട്ടിക്കൊണ്ടുപോകല്‍ സംഘം പിടിയില്‍

പ്രചോദനം മണിഹെയ്സ്റ്റ്; പ്രൊഫസറും ടോക്യോയുമടങ്ങുന്ന ഇന്ത്യൻ തട്ടിക്കൊണ്ടുപോകല്‍ സംഘം പിടിയില്‍

നെറ്ഫ്ലിക്സ് പുറത്തിറക്കിയ സ്പാനിഷ് ടിവി സീരീസ് മണി ഹെയ്‌സ്‌റ്റിലെ പ്രൊഫസറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യുവാക്കളെ തട്ടികൊണ്ട് പോയ സംഘം പോലീസ് പിടിയിൽ. ഹൈദരാബാദ് ആത്തപ്പുർ സ്വദേശിയായ ഗുഞ്ചപൊകു സുരേഷ്(27) മെഹ്ദിപട്ടണം സ്വദേശികളായ രോഹിത്(18) ജഗദീഷ്(25) കുനാൽ(19) എന്നിവരാണ് ഹൈദരാബാദ് പോലിസിന്റെ പിടിയിലായത്. സംഘത്തിലെ മറ്റൊരംഗമായ ശ്വേതാ ചാരി എന്ന യുവതി ഒളിവിലാണ്.

സീരീസ് കണ്ട ശേഷം പ്രൊഫസറായി സ്വയം പ്രഖ്യാപിച്ച സുരേഷ് മണി ഹെയ്‌സ്‌റ്റിലെ പോലെ ഗ്യാങ്ങിൽ ടോക്കിയോ, ബെർലിൻ, റിയോ, നെയ്‌റോബി എന്ന പേരുകളിൽ ആളുകളെ ചേർക്കുകയായിരുന്നു. പരിചയത്തിലുള്ള പണക്കാരുടെ മക്കളെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് സംഘത്തിന്റെ രീതി. തട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന യുവാക്കളെ ശ്വേതാ ചാരി എന്ന ഗ്യാങിലെ അംഗം വശീകരിക്കുകയും തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ്.

ഗുഡിമാൽക്കപുർ സ്വദേശിയായ 19-കാരനെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യമായി 50000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഈ സംഭവത്തിൽ നടന്ന അന്വേഷണത്തിലാണ് നാലംഗ സംഘം പോലീസിന്റെ വലയിലാകുന്നത്. ഇതിനുമുമ്പും പല തവണയായി പലരിൽ നിന്നും ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. അടുത്തിടെ നടന്ന തട്ടികൊണ്ട് പോക്കിൽ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് എട്ട് ലക്ഷം രൂപയായിരുന്നു. ആദ്യം നടത്തിയ കുറ്റകൃത്യത്തിൽ ലഭിച്ച പണമുപയോഗിച്ചു സുരേഷ് പജേരോ കാര് വാങ്ങിയിരുന്നു. ഇതാണ് പിന്നീടുള്ള കൃത്യങ്ങൾക്ക് സംഘം ഉപയോഗിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in