'പള്ളി പൊളിച്ച് പള്ളിയും ക്ഷേത്രവും പണിയാന്‍ വാദിച്ചവരാണ്', സിപിഎമ്മിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസിനെ പേരിന് വിമര്‍ശിച്ചും ചന്ദ്രിക

'പള്ളി പൊളിച്ച് പള്ളിയും ക്ഷേത്രവും പണിയാന്‍ വാദിച്ചവരാണ്', സിപിഎമ്മിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസിനെ പേരിന് വിമര്‍ശിച്ചും ചന്ദ്രിക

ബാബ്‌റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാടിനെ പേരിന് മാത്രം വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക ദിനപത്രം. അതേ സമയം രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പാണെന്നും മുഖപ്രസംഗം.

'ബാബരി വ്രണത്തില്‍ മുളക് പുരട്ടരുത്' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ കൊവിഡ് കാലത്ത് ഭൂമിപൂജയിലേക്ക് പൂര്‍ണശ്രദ്ധ തിരിച്ച നരേന്ദ്രമോഡിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്നുണ്ട്. കൊവിഡ് മഹാവ്യാധിയില്‍ രാജ്യം ഉഴലുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി വിലപ്പെട്ട മണിക്കൂറുകള്‍ ചെലവിടുന്നത് അയോധ്യയിലെ ഭൂമി പൂജയിലാണ്. 130 കോടിയിലധം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടവര്‍ മതാന്ധതയാല്‍ രാജ്യത്തിന്റെ ചുക്കാനേന്തുന്നവര്‍ ഒറ്റക്കെട്ടായി ജനങ്ങളുടെ ചെലവില്‍ അയോധ്യയിലേക്ക് യാത്ര തിരിക്കുകയാണെന്നും ചന്ദ്രിക മുഖപ്രസംഗം.

ബാബ്‌റി മസിജ് തകര്‍ക്കുന്നതില്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ മുഖപ്രസംഗം പരാമര്‍ശിക്കുന്നത് ഇങ്ങനെ ' 1528ല്‍ ബാബര്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മസ്ജിദിന്റെ അതേ സ്ഥാനത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന വാദമാണ് ഒരു വിഭാഗമാളുകള്‍ ഉയര്‍ത്തിയത്. അതിന് അധികാര സിംഹാസനങ്ങളിലെ ചിലരുടെ അനുഗ്രഹാശിസുകള്‍ ലഭിച്ചതോടെ 1992 ഡിസംബര്‍ ആറിന് പുരാതന മസ്ജിദ് അതിനിഷ്ഠൂരമാംവിധം തകര്‍ക്കപ്പെടുകയായിരുന്നു.

മതേതര സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നതിനെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടികളുടെ സ്വാഭാവിക ചുമതലയാണെന്ന് പറയുന്ന ചന്ദ്രിക സിപിഎം പോലുള്ള കക്ഷികള്‍ രാമക്ഷേത്രത്തില്‍ ഇരട്ടത്താപ്പ് പുലര്‍ത്തിയെന്ന് വിമര്‍ശിക്കുന്നു. ബാബറി മസ്ജിദ് സംഘര്‍ഷം മൂര്‍ച്ഛിച്ച കാലത്ത് പള്ളി പൊളിച്ച് ക്ഷേത്രവും പള്ളിയും പണിയണമെന്ന് വാദിച്ച നേതാക്കളാണ് ആ പാര്‍ട്ടിയുടേത്. രാജാവിന് മുന്നില്‍ ഹാജരാക്കപ്പെട്ട അനാഥബാലന്റെ പിതൃത്വം അവകാശപ്പെട്ടുവന്ന യുവതികളിലൊരാള്‍ കുഞ്ഞിന് മുറിച്ച് ഭാഗിക്കാന്‍ സമ്മതിച്ചത് പോലെയാണ് സിപിഎമ്മിന്റെ വിശ്വാസ കാര്യങ്ങളിലെ നിലപാടെന്നും ചന്ദ്രിക. തുര്‍ക്കി വഖഫ് സ്വത്തായ അയാ സോഫിയ മസ്ജിദിനെ ചൊല്ലി വിലപിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി യൂറോപ്പിലെ പള്ളികള്‍ ചര്‍ച്ചാക്കിയതും കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ആരാധനാലയങ്ങള്‍ക്കെതിരെ നിലപാടെടുത്തതും കണ്ടതായി ഭാവിക്കുന്നില്ലെന്നും ചന്ദ്രിക.

മതനിരപേക്ഷതയെ ബലികൊടുക്കുമ്പോള്‍ യഥാര്‍ത്ഥ രാമന്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in