'ഇവള്‍ക്കിനി അച്ഛനില്ല, അവളുടെ വളര്‍ച്ച കാണാന്‍ ജോര്‍ജ്ജില്ല'; നീതി വേണമെന്ന് നിറകണ്ണുകളോടെ റോക്‌സി വാഷിംഗ്ടണ്‍

'ഇവള്‍ക്കിനി അച്ഛനില്ല, അവളുടെ വളര്‍ച്ച കാണാന്‍ ജോര്‍ജ്ജില്ല'; നീതി വേണമെന്ന് നിറകണ്ണുകളോടെ റോക്‌സി വാഷിംഗ്ടണ്‍

അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്‌സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍. ആറ് വയസുകാരിയായ മകള്‍ ജിയാനക്കൊപ്പം മിനപോളിസ് സിറ്റി ഹാളില്‍ സംസാരിച്ച റോക്‌സി വാഷിംഗ്ടണ്‍ കരച്ചിലടക്കാനാകാതെയാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്.

എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. ജിയാനയക്ക് ഇനി അവളുടെ അച്ഛനില്ല. ജോര്‍ജ്ജിന് ഒരിക്കലും മകള്‍ വളരുന്നത് പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല. അവള്‍ക്ക് അച്ഛനെ ആവശ്യമുള്ളപ്പോള്‍ അവളുടെ പ്രശ്‌നങ്ങളെയറിക്കാന്‍ ജോര്‍ജ്ജിന്റെ സാമീപ്യം ഇനിയൊരിക്കലുമില്ല. ജോര്‍ജ്ജിന് വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ കുഞ്ഞിന് വേണ്ടിയുമാണ്. ഞങ്ങള്‍ക്ക് നീതി കിട്ടണം.

46കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് ഹൂസ്റ്റണില്‍ നിന്ന് മിനസോട്ടയിലെത്തിയത് മെച്ചപ്പെട്ട ജോലി തേടിയാണ്.ട്രക്ക് ഡ്രൈവറായും സെക്യുരിറ്റി ഗാര്‍ഡായും ജോലി ചെയ്തു. ചെറിയ വരുമാനത്തില്‍ നിന്ന് മകള്‍ക്ക് വേണ്ടി മിച്ചം പിടിച്ച് ജീവിക്കുകയായിരുന്നു. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലയില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രക്ഷോഭം പടരുകയാണ്.

ഡെറിക് ഷോവിന്‍ എന്ന ഉദ്യോഗസ്ഥനാണ് ജോര്‍ജ് ഫ്‌ളോയ്ഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന 3 പൊലീസുകാരെ പുറത്താക്കുകയും ചെയ്തു. ഒരു കേസ് അന്വേഷണത്തിനിടെ പൊലീസ് സംഘം നിരായുധനായ ജോര്‍ജ് ഫ്‌ളായ്ഡിനെ ക്രൂരമായി വേട്ടയാടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശ്വാസം മുട്ടുന്നുവെന്ന് ഫ്‌ളോയ്ഡ് പറയുമ്പോഴും മുട്ടുയര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടാക്കിയിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in