'ജനഗണമന'ക്കുംകോപ്പിറൈറ്റോ?, ഡോക്യുമെന്ററിയിലെ ദേശീയ ഗാനത്തിന് സോണി പകര്‍പ്പാവകാശം ഉന്നയിച്ചതായി സംവിധായകന്‍

'ജനഗണമന'ക്കുംകോപ്പിറൈറ്റോ?, ഡോക്യുമെന്ററിയിലെ ദേശീയ ഗാനത്തിന് സോണി പകര്‍പ്പാവകാശം ഉന്നയിച്ചതായി സംവിധായകന്‍

ഡോക്യുമെന്ററിയില്‍ ദേശീയ ഗാനമായ 'ജനഗണമന' പാടി റെക്കോര്‍ഡ് ചെയ്ത് ഉപയോഗിച്ചതില്‍ സോണി മ്യൂസിക് ഇന്ത്യ പകര്‍പ്പാവകാശലംഘനം ഉന്നയിച്ചെന്ന പരാതിയുമായി സംവിധായകന്‍. രാജ്യാന്തര ശ്രദ്ധ നേടിയ 'സാറാ താഹ തൗഫീക്ക്' എന്ന ഡോക്യുമെന്ററി പ്രൈവറ്റ് ഫയല്‍ ആയി ക്രൂ അംഗങ്ങള്‍ക്ക് കാണാനായി യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോള്‍ സോണി മ്യൂസിക് ഇന്ത്യ കോപ്പിറൈറ്റ് അവകാശവാദം ഉന്നയിച്ചെന്ന് ശരത് കോട്ടിക്കല്‍. സോണി മ്യൂസിക് പോലൊരു സ്വകാര്യ കമ്പനി എങ്ങനെയാണ് ദേശീയ ഗാനം ഉപയോഗിക്കുന്നതില്‍ പകര്‍പ്പാവകാശലംഘനം ഉയര്‍ത്തുന്നതെന്നും ശരത്.

മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജീവിച്ചിരുന്ന പ്രായം കൂടിയ ജൂതവനിതയായിരുന്ന സാറാ കോഹന്റെ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന താഹയുടെയും തൗഫീഖിന്റെയും കഥയാണ് ശരത് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഇതിവൃത്തം. 'സാറാ താഹ തൗഫീക്ക്' വേള്‍ഡ് പ്രിമിയര്‍ ഇസ്രയേലില്‍ നടത്തിയിരുന്നു. ഡോക്യുമെന്ററിയില്‍ സാറ ഉള്‍പ്പെടെ ദേശീയ ഗാനം ആലപിക്കുന്ന രംഗമാണ് യൂട്യൂബില്‍ കോപ്പിറൈറ്റ് ഉന്നയിച്ചിരിക്കുന്നത്.

കൊച്ചിയുടെ ജൂതമുത്തശി എന്നറിയപ്പെട്ടിരുന്ന സാറാ കോഹന്‍ 2019 ഓഗസ്റ്റ് 30നാണ് മരണപ്പെട്ടത്. കേരളത്തില്‍ അവശേഷിച്ചിരുന്ന ജൂതരില്‍ പ്രായം കൂടിയ ആളായിരുന്നു സാറാ കോഹന്‍. കേരളത്തിന്റെ ജൂത ചരിത്രത്തില്‍ അവഗണിക്കാനാകാത്ത വ്യക്തിത്വമാണ് 96ാം വയസില്‍ അന്തരിച്ച സാറാ കോഹന്‍. മട്ടാഞ്ചേരി ജൂതതെരുവില്‍ സാറാസ് ഹാന്‍ഡ് എംബ്രോയിഡറി നടത്തുകയായിരുന്നു സാറാ കോഹന്‍. ജൂതന്‍മാര്‍ ധരിക്കുന്ന തലപ്പാവ് (കിപ്പ)യും ഹലാ കവറുകളുമാണ് കൈത്തുന്നലില്‍ സാറാ കോഹന്‍ ഒരുക്കാറുള്ളത്. വീടിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഈ വസ്ത്രസ്ഥാപനം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറാഖില്‍ നിന്ന് കേരളത്തിലെത്തിയതെന്ന് കരുതുന്ന യഹൂദ സംഘത്തിന്റെ പിന്‍മുറക്കാരിയാണ് സാറാ കോഹന്‍. ചെറുപ്പത്തിലേ അമ്മ മരിച്ച സാറയെ വളര്‍ത്തിയത് മുത്തശിയാണ്. മുത്തശിയുടെ കൂട്ടുകാരി റമാച്ചി മുത്തശിയാണ് തുന്നല്‍ പഠിപ്പിച്ചത്. വിവാഹ ശേഷമാണ് സാറാ കോഹന്‍ മട്ടാഞ്ചരിയിലെത്തിയത്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് കോഹനാണ് ഭര്‍ത്താവ്. ജൂതവിവാഹങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ കൈകൊണ്ട് തുന്നിയിരുന്ന സാറാ സാറാസ് ഹാന്‍ഡ് എംബ്രോയിഡറി സ്ഥാപിച്ചു. പ്രാര്‍ത്ഥനാ വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും ജൂത സിനഗോഗിലേക്കുള്ള കര്‍ട്ടനുകളും തൊപ്പിയും തുന്നുന്ന യൂണിറ്റും സാറയ്ക്കുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in