‘സവര്‍ക്കര്‍ക്ക് ലക്ഷണമൊത്ത കൂട്ടുകാരനെ കിട്ടി’, ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് മന്ത്രിമാരായ തോമസ് ഐസക്കും കെ ടി ജലീലും

‘സവര്‍ക്കര്‍ക്ക് ലക്ഷണമൊത്ത കൂട്ടുകാരനെ കിട്ടി’, ഏഷ്യാനെറ്റിനെ വിമര്‍ശിച്ച് മന്ത്രിമാരായ തോമസ് ഐസക്കും കെ ടി ജലീലും

ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം ഏറ്റെടുത്ത് മന്ത്രി കെ.ടി ജലീല്‍. സവര്‍ക്കര്‍ക്കൊപ്പം ചരിത്രത്തില്‍ ഏഷ്യാനെറ്റും ഇടം പിടിച്ചെന്ന് മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്ന വി.ഡി. സവര്‍ക്കര്‍ക്ക് ലക്ഷണമൊത്ത ഒരു കൂട്ടുകാരനെ കിട്ടിയിരിക്കുന്നുവെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

മാധ്യമവിലക്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍ മാതൃകയാണെന്നും തോമസ് ഐസക്ക്. ഡല്‍ഹി കലാപം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായി കെ ടി ജലീലും എഴുതുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പി ആര്‍ സുനിലിനെ കെ ടി ജലീലും അഭിനന്ദിച്ചിട്ടുണ്ട്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സവര്‍ക്കര്‍ക്കൊപ്പം ചരിത്രത്തില്‍ ഏഷ്യാനെറ്റും ഇടം നേടി. അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്ന വി.ഡി. സവര്‍ക്കര്‍ക്ക് ലക്ഷണമൊത്ത ഒരു കൂട്ടുകാരനെ കിട്ടിയിരിക്കുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ എന്റെ പൊതു ജീവിതത്തില്‍ ഇത്രമേല്‍ അല്‍പ്പന്മാരാലും പേടിത്തൊണ്ടന്‍മാരാലും താല്‍പര്യക്കാരാലും നയിക്കപ്പെടുന്ന ഒരു ചാനല്‍ ഏഷ്യാനെറ്റുപോലെ വേറെ ഞാന്‍ കണ്ടിട്ടില്ല. പി.ആര്‍. സുനില്‍ എന്ന ധീരനായ പത്രപ്രവര്‍ത്തകാ താങ്കള്‍ക്കൊരായിരം അഭിവാദ്യങ്ങള്‍. അങ്ങ് കാണിച്ച ഉശിരിന്റെ ലക്ഷത്തിലൊരംശം താങ്കള്‍ ജോലി ചെയ്ത ഏഷ്യാനെറ്റ് എന്ന സ്ഥാപനം കാണിച്ചിരുന്നു എങ്കില്‍ എത്രനന്നായിരുന്നു. ഡല്‍ഹി കലാപം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം. നിങ്ങളാണ് ശരി. നിങ്ങള്‍ മാത്രമാണ് ശരി.

മന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പ്

നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

മാർച്ച് ആറിന് വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാൽ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാർത്തയുടെ പേരിലാണ് നടപടി. ആ വാർത്തയുടെ പേരിൽ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാർത്തയായില്ല. അതിന്മേൽ ഒമ്പതു മണി ചർച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയിൽ സർക്കാരിനെ വിചാരണ ചെയ്യുന്ന കവർ സ്റ്റോറിയും ഉണ്ടായില്ല.


സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കിൽ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമർപ്പിച്ചു. വാർത്തയിൽ ഉറച്ചു നിൽക്കാൻ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോർട്ടിന് വസ്തുതയുടെ പിൻബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയൽ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുവെന്ന് ബിജെപി സർക്കാരിൻ്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവർക്കർക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാർത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി.

മൌജ്പുരയിലെയും യമുനാവിഹാറിലെയും ഇരകളായ ഭൂരിപക്ഷ സമുദായത്തിനു പറയാനുള്ളതും തങ്ങൾ 25-02-2020ന് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നൊരു ബാലൻസിംഗും അതിനിടയിൽ നടത്തി നോക്കി. പക്ഷേ, ഒന്നും ചെലവായില്ല. 48 മണിക്കൂർ നേരത്തേയ്ക്ക് സംപ്രേക്ഷണം വിലക്കുന്ന ശിക്ഷ ഏഷ്യാനെറ്റ് ന്യൂസിന് ഏറ്റുവാങ്ങേണ്ടി വന്നു. അതെന്തുകൊണ്ട് എന്നാണല്ലോ പരിശോധിക്കേണ്ടത്?

കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവർത്തനമല്ല സർക്കാർ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത്. പൊലീസ് ഇനിയും നിഷ്ക്രിയമാകും. മതം ചോദിച്ച് ആക്രമണമുണ്ടാകും. കടകളും വീടുകളും വാഹനങ്ങളും കത്തിക്കും. ആദ്യഘട്ടത്തിൽ നിഷ്ക്രിയമാകുന്ന പോലീസ് പിന്നീട് അക്രമികൾക്കൊപ്പം അണിനിരന്ന് കടമ നിർവഹിക്കും.

പക്ഷേ, ഇതൊന്നും ആരും റിപ്പോർട്ടു ചെയ്യാൻ പാടില്ല. ഇത്തരം വസ്തുതകൾ റിപ്പോർട്ടു ചെയ്യുന്നത് രാജ്യത്തിന്റെ മതസൌഹാർദ്ദം തകർക്കുമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ സുചിന്തിതമായ അഭിപ്രായം.
കേബിൾ റെഗുലേഷൻ നെറ്റു്വർക്ക് ആക്ടിലെ വ്യവസ്ഥകളുടെ പുനർനിർവചനമാണ് ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേക്ഷണം വിലക്കിയ ഉത്തരവ്. . കലാപം റിപ്പോർട്ടു ചെയ്യുമ്പോൾ വസ്തുതയെ കുഴിച്ചു മൂടണമെന്ന് എല്ലാ മാധ്യമങ്ങൾക്കുമുള്ള കൽപനയാണത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ വർഗീയകലാപം നടക്കുമ്പോൾ മാധ്യമങ്ങൾ കലാപകാരികൾക്കൊപ്പമാണ് നിൽക്കേണ്ടത് എന്ന പരസ്യമായ നിർദ്ദേശം. ഒപ്പം, മാധ്യമവിമർശനത്തിൽ നിന്ന് ഒഴിച്ചു നിർത്തപ്പെടേണ്ട വിശുദ്ധ പദവിയാണ് ആർഎസ്എസിനുള്ളത് എന്ന് ഔദ്യോഗികമായി സർക്കാർ പ്രഖ്യാപിച്ചു.

കേരളത്തിൽപോലും മുഖ്യധാരാ മാധ്യമങ്ങൾ ഈ കൽപന ശിരസാവഹിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്, ഈ വിലക്ക് ഇന്നത്തെ പത്രങ്ങളിലൊന്നും ഒന്നാം പേജ് വാർത്തയായി ഇടംപിടിക്കാത്തത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെക്കുറിച്ച് മുഖപ്രസംഗങ്ങളില്ല. വിശകലനവിദഗ്ധരൊന്നും എഡിറ്റ് പേജിൽ പ്രത്യക്ഷപ്പെട്ടില്ല. പത്രപ്രവർത്തക യൂണിയന്റെ പ്രതിഷേധം പോലും മൂലയിലെവിടെയോ തള്ളി. മാധ്യമ ഉടമകളുടെ വിധേയത്വമാണ് ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളുടെ ഓരോ പേജിലും എട്ടു കോളത്തിൽ പ്രതിഫലിച്ചത്.

മോദിയുടെ കാലത്ത് കോർപറേറ്റ് മാധ്യമങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഇത്തരമൊരു ഘട്ടത്തിൽ മാധ്യമപ്രവർത്തകരുടെ റോളെന്ത് എന്ന് അവർ ചിന്തിക്കേണ്ട സമയമാണ്. ഏതൊരു മാനേജ്മെന്റിന്റെ കീഴിലായാലും, അവരെത്രതന്നെ ഭരണകൂടത്തിന്റെ പിണിയാളുകളായാലും, മാധ്യമപ്രവർത്തകർക്ക് സ്ഥാപനത്തിനുള്ളിൽ ഒരു താരതമ്യസ്വാതന്ത്ര്യമുണ്ടായിരിക്കും. ആ സ്വാതന്ത്ര്യമുപയോഗിച്ച് ഈ മഹാവിപത്തിനെതിരെ ഒളിപ്പോരു നടത്താനുള്ള ആർജവമാണ് നമ്മുടെ മാധ്യമപ്രവർത്തകർ കാണിക്കേണ്ടത്.

പി ആർ സുനിൽ ഇക്കാര്യത്തിൽ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആ മാധ്യമപ്രവർത്തകൻ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്. ഒന്നോ രണ്ടോ തവണയല്ല. തുടർച്ചയായി, ഇരകൾക്കൊപ്പം നിൽക്കാനുള്ള ധീരത സുനിൽ കാണിച്ചു. സുനിലിന്റെ ഓരോ റിപ്പോർട്ടും ബിജെപിയെ എത്ര അലോസരപ്പെടുത്തി എന്നതിന്റെ ഉദാഹരണമാണ് ഈ വിലക്കും കേന്ദ്രസർക്കാരിന്റെ അഭ്യാസപ്രകടനങ്ങളുമൊക്കെ. ഈ മാതൃക പിന്തുടരുക എന്ന ഉത്തരവാദിത്തമാണ് ആ സ്ഥാപനത്തിലെ മറ്റു മാധ്യമപ്രവർത്തകരിൽ നിന്നും ജനാധിപത്യസമൂഹം പ്രതീക്ഷിക്കുന്നത്.

എന്തായാലും, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കാട്ടിയതിനേക്കാൾ വലിയ വിധേയത്വത്തിന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമകൾ തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തിൽ ഇനി സംശയമൊന്നുമില്ല. ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരോടാണ്. എന്താണ് നിങ്ങളുടെ റോൾ?

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ നിയമലംഘനമുണ്ടെന്ന് കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസിനും, മീഡിയാ വണ്ണിനും ഫെബ്രുവരി ഏഴ് മുതല്‍ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമവിലക്ക് പിന്‍വലിക്കാന്‍ ക്ഷമാപണമോ ഇടപെടലോ നടത്തിയിട്ടില്ലെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ സി എല്‍ തോമസ് പറഞ്ഞിരുന്നു. വിലക്കിനെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നും മീഡിയാ വണ്‍ പ്രതികരിച്ചിരുന്നു. ഏഷ്യാനെറ്റ് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്നതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്നീട് പിന്‍വലിച്ചതെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് അവകാശപ്പെട്ടിരുന്നു.

വിലക്കിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിശദീകരണം

കഴിഞ്ഞ 25 വർഷക്കാലമായി മാധ്യമപ്രവർത്തനത്തിലും വാർത്താപ്രക്ഷേപണത്തിലും ഉന്നതമായ നിലവാരം പുലർത്തിവരുന്ന ഒരു സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നുണ്ടായ ദൗർഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വർഷത്തെ സേവനകാലത്തിനിടയിൽ ഇതാദ്യമായിട്ടാണ്.

ഈ രാജ്യത്തെ ഏതൊരു പൗരന്മാരെയും, സ്ഥാപനങ്ങളെയും പോലെ നിയമങ്ങൾക്ക് അനുസൃതമായി മാത്രം പ്രവർത്തിച്ചു പോരുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. ബോധപൂർവം, ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങൾ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തന്നെ, ജനാധിപത്യത്തിന്റെ ഉത്തരവാദിത്തബോധമുള്ള നാലാം നെടുംതൂൺ എന്ന നിലയ്ക്ക്, അത് തുറന്നു സമ്മതിക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുമുള്ള ആർജ്ജവവും ഞങ്ങൾക്കുണ്ട്. തികഞ്ഞ ബോധ്യത്തോടെ തന്നെ സ്വധർമ്മം അനുഷ്ഠിക്കുന്നവരാണ് ഞങ്ങൾ.

ഇന്ത്യയിൽ ആരെയും കുറ്റവാളിയെന്നോ നിരപരാധിയെന്നോ പ്രഖ്യാപിക്കുന്നതിന് മുമ്പ്, നിയമം അനുശാസിക്കുന്ന ഒരു പ്രക്രിയയിലൂടെ കടന്നു പോകാനുള്ള അവകാശം, അവർക്ക് നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ ഉണ്ട്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഞങ്ങളുടെ ചാനലിനുമേൽ 48 മണിക്കൂർ നേരത്തെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി സ്വീകരിക്കും മുമ്പ് അങ്ങനെയൊരു പ്രക്രിയക്കുള്ള അവകാശം ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടു എന്നത് തികച്ചും നിർഭാഗ്യകരമാണ്. ആ പ്രക്രിയ കൂടാതെ അടിച്ചേൽപ്പിക്കുന്ന ഏതൊരു നിരോധനവും സ്വാഭാവിക നീതിയുടെ ലംഘനമാണ്. അത് സമ്മർദ്ദതന്ത്രങ്ങളുടെയും പക്ഷപാതിത്വപരമായ സമീപനത്തിന്റെയും മുഖമുദ്രയാണ്

മാധ്യമപ്രവർത്തനത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെയും, ഏഷ്യാനെറ്റ് ന്യൂസ്.കോമിന്റെയും ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെയും ഒക്കെ ശക്തിയെന്നത് പ്രേക്ഷകർ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ്. 'നേരോടെ, നിർഭയം, നിരന്തരം' എന്നത് ഞങ്ങളുടെ ആദർശസൂക്തം മാത്രമല്ല, ഞങ്ങളുടെ പ്രൊഫഷണൽ എത്തിക്സിന്റെയും, നിത്യം പരിപാലിച്ച് പോരുന്ന മാധ്യമധർമ്മത്തിന്റെയുമൊക്കെ അടിസ്ഥാനതത്വം കൂടിയാണ്. ഇനിയങ്ങോട്ടും അത് ഒരു വിട്ടുവീഴ്ചയും കൂടാതെ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി വാക്കുതരുന്നു.

നമ്മുടെ ഭരണഘടനയുടെ 'ആർട്ടിക്കിൾ 19' നമുക്കെല്ലാവർക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചുതരുന്നുണ്ട്. സ്വതന്ത്രവും, സ്വച്ഛന്ദവുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ അസ്തിവാരമുറപ്പിക്കുന്നത്. ഈ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള അന്യായമായ ഏതൊരു നീക്കവും നമ്മുടെ ജനാധിപത്യവും ഭരണഘടനയും വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും അടിസ്ഥാനമൂല്യങ്ങളുടെയും അടിത്തറ ഇളക്കുന്നതാകും.

ഈ നടപടി ഒരു തെറ്റിദ്ധാരണാപ്പുറത്തുണ്ടായതാണെന്നും, ഇത് സംബന്ധിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് വന്നിരിക്കാൻ സാധ്യതയുള്ള ഏതൊരു പിഴവും പരിഹരിക്കാൻ വേണ്ടത് ഉടനടി ചെയ്യും എന്നുമുള്ള മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന ആശാവഹമാണ്. കേന്ദ്ര സർക്കാർ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണ് എന്നുറപ്പിച്ചുപറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ തന്റെ ആശങ്കകൾ പങ്കുവെച്ചിരുന്നു എന്നറിയിക്കയുണ്ടായി.

ഞങ്ങൾ ഈ പ്രതിസന്ധിയെ അതിജീവിക്കുന്ന ഈ ക്ലേശകരമായ അവസ്ഥയിലും ഞങ്ങളോടൊപ്പം അടിയുറച്ച വിശ്വാസത്തോടെ തുടരുന്ന ഞങ്ങളുടെ പ്രേക്ഷരുടെ പിന്തുണയ്ക്ക് ഈ അവസരത്തിൽ ഞങ്ങൾ അകൈതവമായ നന്ദി അറിയിച്ചു കൊള്ളുന്നു. ഭാവിയിലും ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റവും നീതിയുക്തമായി, കൃത്യമായി, സത്യസന്ധമായി, ഇന്നാട്ടിലെ നിയമങ്ങൾക്ക് അനുസൃതമായിത്തന്നെ നിറവേറ്റുമെന്ന വാഗ്ദാനം ഇത്തരുണത്തിൽ പ്രേക്ഷകരോടും, ഗവണ്മെന്റിനോടും ഒരിക്കൽ കൂടി അടിവരയിട്ടുറപ്പിച്ചുകൊണ്ട്,

എംജി രാധാകൃഷ്ണൻ, എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്.

മീഡിയ വണ്‍ പറയുന്നു

ഞങ്ങള്‍ ഇരുട്ടിലായ 14 മണിക്കൂര്‍, ജനങ്ങളും പ്രേക്ഷകരും പ്രസ്ഥാനങ്ങളും ,രാഷ്ട്രീയ നേതാക്കളും സഹ മാധ്യമങ്ങളും നല്‍കിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി . 48 മണിക്കൂര്‍ വിലക്കാണ് മീഡിയ വണിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയത്. 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വിലക്ക് കേന്ദ്രസര്‍ക്കാര്‍ സ്വയം നീക്കുകയും ചെയ്തു.ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുളള സന്തോഷം അറിയിക്കുന്നു. അഭ്യര്‍ത്ഥന നടത്തുകയോ മാപ്പപേക്ഷിക്കുകയോ ചെയ്തിട്ടില്ല. അതിലാണ് ഏറെ സന്തോഷം. ജനങ്ങളുടെ പ്രതിഷേധവും സമൂഹത്തില്‍ വലിയ തോതില്‍ ഉണ്ടായ പിന്തുണയും ആകാം നേരത്തെ തന്നെ ഈ വിലക്ക് പിന്‍വലിക്കാന്‍ കാരണമായതെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ജനകീയ വികാരത്തെ കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. ഈ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുളള അറിയിപ്പ് നിരോധനത്തിന് ശേഷമാണ് ഔദ്യോഗികമായി ലഭിക്കുന്നത്. ഏഴര മുതല്‍ വിലക്ക് ഏര്‍പ്പെടുത്തി ഞങ്ങളുടെ അപ് ലിങ്കിങ്ങ് സ്റ്റേഷനിലേക്ക് മന്ത്രാലയത്തില്‍ നിന്നുളള അറിയിപ്പ് വിടുകയും അവിടെ നിന്ന് ഞങ്ങള്‍ ഇത് അറിയുമ്പോള്‍ വിലക്ക് നടപ്പാക്കി കഴിയുകയുമായിരുന്നു. അതിന് ശേഷമാണ് ഇതിനെ കുറിച്ചുളള വിശദമായ കത്ത് മീഡിയ വണിന് ലഭിക്കുന്നത്. ഇതുവരെ മീഡിയ വണ്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഏന്ത് പാതയാണോ പിന്തുടര്‍ന്നത് ആ പാത അങ്ങനെ തന്നെ തുടരും

Related Stories

No stories found.
logo
The Cue
www.thecue.in