POPULAR READ

പടക്കമെറിഞ്ഞും പൊള്ളലേല്‍പ്പിച്ചും കൊല്ലാന്‍ നോക്കിയ നായകള്‍ ഇവിടുണ്ട്, തെരുവ് നായ്ക്കള്‍ക്കായി ജീവിതം മാറ്റിവച്ച എന്‍ജിനിയര്‍ 

ആലോചിച്ചു നോക്കിയാല്‍ നമ്മുടെ ചെറുപ്പകാലത്ത് ഓരോ വീടിന്റെയും മുറ്റത്തോ ഉമ്മറത്തോ ചരിഞ്ഞു കിടക്കുന്ന, അല്ലെങ്കില്‍ തുടലിട്ടു തെങ്ങിലോ കവുങ്ങിലോ കെട്ടിയിരിക്കുന്ന ടിപ്പുവിനെയോ, കൈസറെയോ, പാറുവിനെയോ ഒക്കെ ഓര്‍മ്മ കിട്ടും. പ്രതാപികളായ പഴയ രാജാക്കന്മാരുടെ പേരുള്ള അവന്മാര്‍ പരിചയമില്ലാത്തവരെ ആരെയും തൊടിയില്‍ പോലും കയറ്റിയിരുന്നില്ല. വീരെത്രയുണ്ടായിട്ടും പെണ്‍പട്ടികളെ വളര്‍ത്തിയിരുന്നത് വിരളമാണ്, അവ അന്നും തെരുവില്‍ പെറ്റ് പൊറുത്തു. നാടന്‍ പട്ടിയെന്നു നമ്മള്‍ വിളിക്കുന്ന ഇന്ത്യന്‍ പരിയയോ, കൊമ്പയോ, ചിപ്പിപ്പാറയോ ഇനത്തിലുള്ള തദ്ദേശീയരായ പട്ടി വര്‍ഗ്ഗമായിരുന്ന അവ, വീടിന്റെ ഒരു ഭാഗമായി ഭക്ഷണവും സ്‌നേഹവുമൊക്കെയായി ജീവിച്ചു പോന്നു. അവരൊക്കെ ഇന്ന് എവിടെയാണ്? വീടുകളില്‍ നിന്നവരെ വഴിയിലിറക്കി. പട്ടിണിയും പീഢയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ആ ജീവികള്‍, പെരുകിക്കൊണ്ടേയിരുന്നു. ചിലത് മനുഷ്യരെ ഉപദ്രവിച്ചു. നാടന്‍ പട്ടിയെന്നത് തെരുവ് പട്ടിയായി, അവയുടെ ഇടങ്ങള്‍ വിദേശികളായ പോമറേനിയനും, പഗ്ഗുമൊക്കെ കൈയ്യേറി. അങ്ങനെ നാടന്‍ പട്ടികള്‍ക്കു ഇടമില്ലാതായി. അവര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമില്ലേ?

Photos: അരവിന്ദ് സിദ്ധാർത്ഥ് എസ്

ഏതൊരു മൃഗസ്‌നേഹിയും ഒന്നു പതറുന്ന ചോദ്യമാണത്. ജീവിക്കാനൊക്കെ അവകാശമുണ്ട് പക്ഷേ അത് നമ്മടെ വീട്ടില്‍ വേണ്ട എന്നായിരിക്കും മറുപടി. അങ്ങനെയിരിക്കെയാണ് ദേവന്‍ ബെഹട്ടി എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. പ്രൊഫഷണലി എയറോനോട്ടിക്കല്‍ എന്‍ജിനിയര്‍. ആറര വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദിലൂടെ യാത്ര ചെയ്യുമ്പോള്‍ വെള്ളമൊഴുകുന്ന ഓടയ്ക്കകത്തു ഒരു പട്ടി പെട്ടു കിടക്കുന്നു. 'ലെക്‌സി' എന്ന് പിന്നീട് പേരിട്ട ഒരു ഇന്ത്യന്‍ പട്ടി. അവളാണ് ദേവന്റെ ജീവിതത്തെ തന്നെ മാറ്റി പാര്‍പ്പിച്ചത്. മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എയര്‍ ഇന്ത്യയിലെ ജോലി വിട്ട്, മുഴുവന്‍ സമയ ആനിമല്‍ റെസ്‌ക്യൂവറായി അയാള്‍. നിലവില്‍ സര്‍ക്കസില്‍ നിന്നടക്കം മൂവായിരത്തോളം മൃഗങ്ങളെ രക്ഷപ്പെടുത്തി. അതില്‍ പട്ടി മാത്രമല്ല, പക്ഷികളും, പൂച്ചയും, പാമ്പും, കുതിരയും, കഴുതയും, ഒട്ടകവുമെല്ലാം ഉള്‍പ്പെടും.

ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദ് ബെഞ്ചാര ഹില്‍സില്‍ 'പെറ്റ് കഫേ' എന്ന പേരില്‍ ഒരു കോഫി ഷോപ്പ് ദേവനും പങ്കാളി സോനം സിങ്ങും കൂടി തുടങ്ങി. മുന്‍പ് ക്രൗഡ് ഫണ്ടിംഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമായിരുന്നു ദേവന്‍ മൃഗങ്ങളുടെ പരിചരണത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ അതിനുള്ള പണം പ്രധാനമായും കണ്ടെത്തുന്നത് ഈ കഫേയില്‍ നിന്നാണ്. കഫേയ്ക്കുമുണ്ട് പ്രത്യേകത, നിറയെ നാടന്‍ മൃഗങ്ങളെ കൂട്ടിലിടാതെ തുറന്നു വിട്ടിരിക്കുകയാണ് അവിടെ. പല സ്ഥലങ്ങളില്‍ നിന്നായി റെസ്‌ക്യൂ ചെയ്ത-പരിക്ക് ഭേദമായ മൃഗങ്ങള്‍. കാപ്പി കുടിക്കാന്‍ ചെല്ലുന്നവര്‍ക്കു പേടിയില്ലെങ്കില്‍ എത്ര നേരം വേണമെങ്കിലും സമയം ചെലവഴിക്കുകയും, കളിക്കുകയുമാകാം. പക്ഷേ ഭക്ഷണം മൃഗങ്ങള്‍ക്കുള്ളതല്ല, മനുഷ്യര്‍ക്കുള്ളതാണെന്നു മാത്രം. ഇരുപത്തിരണ്ട് നാടന്‍ പട്ടിയും, രണ്ട് പൂച്ചയും, ഒരു പ്രാവുമാണ് നിലവില്‍ കഫേയില്‍ ഉള്ളത്. പരിക്ക് ഭേദമാകുന്ന മൃഗങ്ങളെ കഫേയില്‍ എത്തി ആളുകള്‍ക്കു അഡോപ്റ്റ് ചെയ്യാം. ആരോഗ്യം വീണ്ടെടുത്ത മൃഗങ്ങളുടെ വിവരം ഓണ്‍ലൈനിലും കഫേയിലും ലഭിക്കും. വില്‍പ്പനയില്ല, ഫ്രീയായി അഡോപ്റ്റ് ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളു. മൃഗങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലാണോ എത്തുന്നതെന്നു മുന്‍പും-പിന്‍പും ദേവന്‍ കൃത്യമായി അന്വേഷിക്കുന്നുണ്ട്. ഇന്നു വരെ അമ്പത്തിയാറ് വിജയകരമായ അഡോപ്ഷന്‍സ് കഫേയിലൂടെ നടന്നു.

ദേവന്‍ പറയുന്നതു, 'നമ്മുടെ വഴിയിലും തെരുവിലുമൊക്കെ കാണുന്ന മൃഗങ്ങളോടുള്ള മനുഷ്യരുടെ സമീപനം വളരെ മോശമാണ്. കഴിഞ്ഞ ദീപാവലിക്കു എയ്ഞ്ചല്‍ എന്നൊരു പട്ടിയെ രക്ഷപ്പെടുത്തുകയുണ്ടായി. അതിന്റെ ദേഹത്ത് ആരോ പടക്കം വെച്ചു പൊട്ടിച്ചു, വെന്ത നിലയിലാണ് ഞാനതിനെ കണ്ടെത്തിയത്. അതിനു മുന്‍പ് മിയാപ്പൂരില്‍, ഒരു കോള്‍ വന്ന അടിസ്ഥാനത്തില്‍ അവിടെ ചെന്നു. ഉള്ളു തകര്‍ന്നു പോകുന്ന കാഴ്ച്ചയാണ് ഞാനവിടെ കണ്ടതു. വളരെ പഴകിയ മുറിവുകളുള്ള ഒരു ഇന്ത്യന്‍ പരിയ, അതിന്റെ വൃണങ്ങളില്‍ ഈച്ചയരിക്കുന്നെന്നും പുഴുക്കളുണ്ടെന്നും പറഞ്ഞു കാലു രണ്ടും കെട്ടി നാട്ടുകാര്‍ റോഡിലൂടെ വലിച്ചിഴച്ചു. ഞാന്‍ എത്തിയപ്പോളേക്കും അത് മരിച്ചിട്ടുണ്ടായിരുന്നു, ഏറ്റവും വിഷമമേറിയ കാര്യം അത് ഗര്‍ഭിണിയായിരുന്നു. ഇങ്ങനെ ഇവിടെയുള്ള ഓരോ മൃഗത്തിനും ഓരോ കഥയുണ്ട്. നമ്മുടെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങള്‍ക്കും ഏറ്റവും യോജിക്കുന്നതാണ് നാടന്‍ പട്ടികള്‍. ഹസ്‌കിയെയോ സെന്റ്. ബെര്‍ണാര്‍ഡിനെയോ ഇവിടെ വളര്‍ത്തുന്നത്രയും മണ്ടത്തരം വേറെയില്ല. വിദേശത്തു നിന്നു വരുന്ന പട്ടികളെ പോലെ തന്നെ ഇണക്കവും സ്‌നേഹവും ബുദ്ധിയുമൊക്കെ നാടന്‍ പട്ടികള്‍ക്കുമുണ്ട്.

Photos: അരവിന്ദ് സിദ്ധാർത്ഥ് എസ്

നമ്മുടെ ഫോര്‍സുകള്‍ പോലും രാജപാളയം പട്ടിയെ പരിശീലിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തദ്ദേശീയരായ പട്ടികളുടെ കൂടിയല്ലേ ഈ നാട്. പട്ടികള്‍ക്കു ഒരു ഭാഷയുണ്ട്, അത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെയൊരു തിരിച്ചു വരവില്ല. അപകടം പറ്റിയ സ്വയം രക്ഷപ്പെടാനാകാത്ത മൃഗങ്ങളെ മാത്രമേ ഞങ്ങള്‍ കഫേയിലേക്കു കൊണ്ടു വരാറുള്ളു. അല്ലാത്തതിനു വേണ്ട ചികിത്സ നല്‍കി ആ സ്ഥലത്തു തന്നെ തിരികെ വിടുകയാണ് പതിവ്. എല്ലാ മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതില്ല, അത് അതിന്റേതായ സാഹചര്യത്തില്‍ ഇര തേടി കണ്ടെത്തുകയാണ് വേണ്ടതു. പക്ഷേ നിങ്ങളുടെ സ്‌നേഹം എല്ലാം മൃഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. നാടന്‍ പട്ടികളെ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഉപേക്ഷിക്കും പോലെ വിദേശ പട്ടികളെയും ഉപേക്ഷിക്കാറുണ്ട്. എനിക്ക് അതിന്റെയൊക്കെ ഏമാന്‍മാരോട് പറയാനുള്ളത് ഇത്രയേയുള്ളു. കര്‍മ്മ എന്നൊന്നുണ്ട്.'

എസ്. തിയോഡോര്‍ ഭാസ്‌കരന്റെ 'ദ് ബുക്ക് ഓഫ് ഇന്ത്യന്‍ ഡോഗ്‌സ്' ആണ് തനതായ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയും അതിന്റെ ചരിത്രത്തെ പറ്റിയുമുള്ള ഒരു പ്രധാന പുസ്തകം. അതില്‍ കൊമ്പൈ, ജൊനാന്‍ഗി, പാണ്ടികൊണ, രാജപാളയം, ചിപ്പിപ്പാറ, റാംപൂര്‍, ലാസ അപ്‌സോ തുടങ്ങി ഇരുപത്തഞ്ചോളം ഇനങ്ങളെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. പുസ്തക പ്രകാരം, ലോകത്തെമ്പാടും ചരിത്രാതീത കാലത്തു ഇന്ത്യന്‍ ബ്രീഡുകള്‍ക്കു വലിയ വിലയും ആവശ്യക്കാരുമായിരുന്നു ഉണ്ടായിരുന്നത്. വേട്ടയാടുന്നതിനു കേള്‍വികേട്ടവ ആയിരുന്നു ഇന്ത്യന്‍ പട്ടികള്‍. റോമിലേക്കും, ഈജിപ്തിലേക്കും, ബാബിലോനിലേക്കും കയറ്റി അയയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ബ്രിട്ടീഷുകാര്‍ വന്നതു തങ്ങളുടെ നായകളുമായാണ്. മനുഷ്യരോടെന്ന പോലെ, ഇന്ത്യന്‍ നായകളുടെ വര്‍ഗ്ഗം നിലനില്‍ക്കണമെന്നൊന്നും കമ്പനിക്കു ആഗ്രഹം ഉണ്ടായിരുന്നില്ല. നിലനിന്നിരുന്ന നാട്ടു രാജ്യങ്ങള്‍ക്കതു തീരെയുമില്ലായിരുന്നു, അവര്‍ തങ്ങളുടെ നാടന്‍ പട്ടികളെ ഓടിച്ചു, വിദേശ പട്ടികളെ കൊണ്ടു വന്നു. അന്ന് രക്ഷപ്പെട്ടോടിയവയും, വീടുകളില്‍ ഒളിച്ചു താമസിച്ചവയും, നായ തത്പരരായ കുറച്ചു ബ്രിട്ടീഷുകാര്‍ സംരക്ഷിച്ച ബ്രീഡുകളും മാത്രമാണ് നിലവിലുള്ളത്.

ദേവന്‍, ഒരു വലിയ കണ്ണിയുടെ തുടര്‍ച്ചയാണ്. ലോകത്തെമ്പാടും മനുഷ്യര്‍ അന്നാട്ടിലെ ജീവജാലങ്ങളെ സംരക്ഷിക്കാന്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. വിദേശ പട്ടികളെ സ്‌നേഹിക്കരുതെന്നോ വളര്‍ത്തരുതെന്നോ നാടുകടത്തണെമെന്നോ അതിനര്‍ത്ഥമില്ല. എല്ലാവരും ഉള്‍ക്കൊള്ളുന്നതാണല്ലൊ ഇന്ത്യന്‍ ജനാധിപത്യം. നാടന്‍ പട്ടികളും നമ്മുടെ സ്‌നേഹം ആഗ്രഹിക്കുന്നുണ്ട്. കരുതലും കരുണയും ഭക്ഷണത്തിന്റെ ഒരു പങ്കും അര്‍ഹിക്കുന്നുണ്ട്. വഴിയില്‍ ഒരു നായ പരിക്കേറ്റു കിടന്നാല്‍ നമ്മള്‍ക്കും രക്ഷപ്പെടുത്താം, ഒറ്റയ്ക്കു പറ്റില്ലേല്‍ ജന സംഖ്യാനിരക്ക് അധികമുള്ള രാജ്യത്തു ആരേലുമൊക്കെ സഹായത്തിനുണ്ടാകുമെന്നേ.

Photos: അരവിന്ദ് സിദ്ധാർത്ഥ് എസ്

മനുഷ്യന്റെ ആദ്യത്തെ കൂട്ടുകാരന്‍ പട്ടിയായിരുന്നെന്നു കേട്ടിട്ടുണ്ട്. അവര്‍ രണ്ടു പേരും ഗുഹകളില്‍ ഒരുമിച്ചു ജീവിച്ചിരുന്നു. മനുഷ്യന്റെ വളര്‍ച്ചയില്‍, മൃഗമല്ലെന്നു തെളിയിക്കാന്‍ വലിയ വീട്ടിലേക്കവനും, ഒരു കൊച്ചു കൂട്ടിലേക്ക് പട്ടിയേയും മാറ്റി. തൊടലിട്ടു യജമാനനും അടിമയുമായി.

Photos: അരവിന്ദ് സിദ്ധാർത്ഥ് എസ്

നമ്മുടെ വലിയ ജീവിതത്തിന്റെ ഒരു ഭാഗത്ത് കടന്നു വന്നു കുറച്ചു കാലം കൂടെ കൂടി തിരിച്ചു പോകുന്ന ആ ജീവി ഇതിലും നല്ല ജീവിതമര്‍ഹിക്കുന്നുണ്ട്. നമ്മള്‍ക്കു കൂട്ടുകാരുണ്ട്, ബന്ധുക്കളുണ്ട്, എല്ലാവരുമുണ്ട്. പക്ഷേ തന്റെ കുടുംബത്തില്‍ നിന്ന് അടര്‍ത്തി നമ്മുടെ കൂടുകളില്‍ കഴിയുന്ന പട്ടികള്‍ക്കു നമ്മള്‍ മാത്രമേയുള്ളു. അവര്‍ക്കുമുണ്ട് പങ്കുവയ്ക്കാന്‍ വിഷമങ്ങളും, സ്‌നേഹവും, സന്തോഷവുമൊക്കെ. മനുഷ്യരുടെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മൃഗങ്ങള്‍, അല്ലാതെ ഒരു കൊച്ചു കൂരയ്ക്കുള്ളില്‍ കാവല്‍ നിര്‍ത്തേണ്ടവരല്ല.