കോണ്‍ഗ്രസില്‍ തമ്മിലടി തുടരും, പുത്തന്‍ഗ്രൂപ്പിന് മേല്‍ക്കൈ, എ-ഐ ഗ്രൂപ്പുകളെ നിര്‍വീര്യമാക്കി കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസില്‍ തമ്മിലടി തുടരും, പുത്തന്‍ഗ്രൂപ്പിന് മേല്‍ക്കൈ, എ-ഐ ഗ്രൂപ്പുകളെ നിര്‍വീര്യമാക്കി കെ.സി വേണുഗോപാല്‍

ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംസ്ഥാനത്ത് പ്രബലരായ എ-ഐ ഗ്രൂപ്പുകളെയും മുതിര്‍ന്ന നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ ഡി.സി.സി അധ്യക്ഷന്‍മാരെ നിയമിച്ചെന്ന നിലപാടിലാണ് ഇരു നേതാക്കളും. കെ.സി വേണുഗോപാലിനോടും കെ.സുധാകരനോടും അടുപ്പം പുലര്‍ത്തുന്ന എ-ഐ ഗ്രൂപ്പുകാരെ തലപ്പത്തെത്തിച്ച് ഗ്രൂപ്പ് പിളര്‍ത്തിയെന്ന നിലപാടാണ് പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്.

പാര്‍ട്ടിക്ക് മുകളിലല്ല ഗ്രൂപ്പുകളെന്നും പുരക്ക് മീതെ വളര്‍ന്ന മരമാണെങ്കില്‍ വെട്ടിമാറ്റുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ഗ്രൂപ്പിന് അതീതമായി ഡിസിസി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെയും നിലപാട്. എന്നാല്‍ ഇന്നലെ പുറത്തുവന്ന ലിസ്റ്റ് കെ.സി വേണുഗോപാലിന്റെയും കെ.സുധാകരന്റെയും താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായിരുന്നുവെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. നിലവില്‍ നിയമിതരായ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ എ-ഐ ഗ്രൂപ്പില്‍പ്പെട്ടവരാണെങ്കിലും സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ ഇവരില്‍ പലരും കെ.സി വേണുഗോപാലുമായും കെ.സുധാകരനുമായും വി.ഡി സതീശനുമായും മറ്റ് നേതാക്കളുമായും ചേര്‍ന്നുനില്‍ക്കുന്നവരാണ്.

കോഴിക്കോട് ഡി.സിസി അധ്യക്ഷനായി നിയമിക്കപ്പെട്ട അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ എം.കെ രാഘവനുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി പക്ഷക്കാരനായ സി.പി മാത്യുവിനെ അധ്യക്ഷനാക്കിയെന്നായിരുന്നു വാദം. എന്നാല്‍ ഇദ്ദേഹത്തെ നിര്‍ദേശിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. ഇടുക്കിയിലെ സി.പി മാത്യു പി.ടി തോമസിനോട് ചേര്‍ന്ന് നില്‍ക്കുന്ന നേതാവാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃനിരയില്‍ നിന്ന് മാറിയതോടെ രൂപപ്പെട്ട പുതിയ ഗ്രൂപ്പുകള്‍ക്ക്് പ്രാമുഖ്യം നല്‍കിയാണ് ഡിസിസി പട്ടികയെന്നും എ-ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു.

വയനാട്ടില്‍ എന്‍.ഡി അപ്പച്ചനെയും മലപ്പുറത്ത് ബി.എസ് ജോയിയെയും ഡിസിസി തലപ്പത്ത് നിയോഗിച്ചത് കെ.സി വേണുഗോപാലിന്റെ താല്‍പര്യപ്രകാരമാണെന്നും ഗ്രൂപ്പ് വക്താക്കള്‍ ആരോപിക്കുന്നു. പത്തനം തിട്ടയില്‍ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ അധ്യക്ഷനാക്കിയതും കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരന്‍ എന്ന നിലക്കാണെന്നും എ ഗ്രൂപ്പിന് വിമര്‍ശനമുണ്ട്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനായ മാര്‍ട്ടിന്‍ ജോര്‍ജ്ജ് കെ.സുധാകരന്റെ നോമിനിയാണെന്നാണ് വാദം. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിയും കെ.സി വേണുഗോപാലിന്റെ നോമിനിയാണെന്നാണ് വിമര്‍ശനം. ചുരുക്കത്തില്‍ എ ഗ്രൂപ്പിനെ നിര്‍വീര്യമാക്കുന്നതാണ് ഡിസിസി പുനസംഘടന.

ആലപ്പുഴയില്‍ ബാബുപ്രസാദ് രമേശ് ചെന്നിത്തലയുടെ നോമിനിയാണ്. ഐ വിഭാഗത്തിന് എട്ട് ജില്ലകളില്‍ അധ്യക്ഷന്മാരെ ലഭിച്ചെങ്കിലും നിയുക്ത ഡിസിസി അധ്യക്ഷന്‍മാരില്‍ പലരും രമേശ് ചെന്നിത്തലയോട് ചേര്‍ന്നുനില്‍ക്കുന്നവരല്ല. ഗ്രൂപ്പിലെ പുതിയ ചേരികളിലേക്ക് മാറിയവരുമുണ്ട്. ഇതാണ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതൃപ്തിയിലാക്കിയത്.

ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി

സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഇതിനെക്കാള്‍ നല്ല അന്തരീക്ഷം ഉണ്ടാക്കാമായിരുന്നു. ഇവിടെ കാര്യമായ ചര്‍ച്ച നടന്നില്ല. ചര്‍ച്ച നടത്തിയെന്ന് വരുത്തി. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിന് മുമ്പും പുനസംഘടനയില്‍ ഫലപ്രദമായ ചര്‍ച്ച സംസ്ഥാനത്ത് നടക്കാറുണ്ടായിരുന്നു. എന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചു. കോട്ടയം, ഇടുക്കി ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ എന്റെ പേര് വലിച്ചിഴച്ചു. പാനല്‍ ചോദിച്ചപ്പോള്‍ ഒരാളുടെ പേരല്ല കൊടുത്തിരുന്നത്. അതിനപ്പുറത്തേക്ക് ഇടപെടല്‍ നടത്തിയില്ല. ഇടുക്കി ഡിസിസി പ്രസിഡന്റായി വന്ന ആളുടെ പേര് ഞാന്‍ നിര്‍ദ്ദേശിച്ചതല്ല. അദ്ദേഹം പോലും അത് പ്രതീക്ഷിക്കുന്നില്ല. ചില താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചില വാര്‍ത്തകള്‍ ഉണ്ടാക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in