ലോക്ക് ഡൗണില്‍ കണ്ടത് പത്തിലേറെ ഇര്‍ഫാന്‍ സിനിമകള്‍, വീണ്ടും വീണ്ടും കണ്ട നടന്‍ |PODCAST

ലോക്ക് ഡൗണില്‍ കണ്ടത് പത്തിലേറെ ഇര്‍ഫാന്‍ സിനിമകള്‍, വീണ്ടും വീണ്ടും കണ്ട നടന്‍ |PODCAST

നാടകത്തിലായാലും സിനിമയിലായാലും അഭിനേതാക്കളുടെ രൂപഭാവാദികളാണ് എക്കാലവും എന്നെ കൂടുതലായി ആകര്‍ഷിച്ചു പോന്നത്. അത്തരം നടീനടന്‍മാരെ വീണ്ടും വീണ്ടും കാണുക, അവരുടെ സിനിമകള്‍ അല്ലെങ്കില്‍ നാടകങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കാണുക എന്നുള്ളത് എത്രയോ വര്‍ഷങ്ങളായി എന്റെ ശീലമാണ്. മാക്‌സ് വാന്‍സ് സിഡോ(Max von Sydow), തോഷിറോ മിഫൂണ്‍(Toshiro Mifune) തുടങ്ങിയ ലോകപ്രശസ്തരായ നടന്‍മാരോടൊപ്പം, ഇന്ത്യയിലെ നമ്മുടെ പ്രിയപ്പെട്ട നസ്‌റുദ്ദീന്‍ ഷായും എനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളാണ്.അക്കൂട്ടത്തിലൊരാളായാണ് ഞാന്‍ ഇര്‍ഫാന്‍ ഖാനെ കണ്ടുപോരുന്നത്.

ഇര്‍ഫാന്‍ഖാന്‍ എന്ന നടന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗോവിന്ദ് നിഹലാനി ദൂരദര്‍ശന്റെ ദില്ലി ചാനലിനു വേണ്ടി അഡാപ്റ്റ് ചെയ്ത ലോക ക്ലാസിക്കുകളിലൂടെയാണ്.അക്കാലത്ത് ഒന്നരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ടെലി സിനിമകള്‍ ദില്ലി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ദൂരദര്‍ശന്റെ ആ നല്ല കാലം വളരെ ഗൃഹാതുരതയോടെ മാത്രമേ പ്രേക്ഷകര്‍ക്ക് ഓര്‍മിക്കാനാവൂ.

ഗോവിന്ദ് നിഹലാനിയുടെ പല ചിത്രങ്ങളും ഹിന്ദിയില്‍ വന്നത് ലോക ക്ലാസിക്കുകളെ അടിസ്ഥാനമാക്കിയായിരുന്നു. ടെന്നിസി വില്യംസിന്റെ ഗ്ലാസ് മിനാജറി, ലോര്‍കയുടെ ഹൗസ് ഓഫ് ബര്‍നാഡോ ആല്‍ബ തുടങ്ങിയ പ്രസിദ്ധമായ രചനകള്‍ അക്കാലത്ത് ദൂരദര്‍ശനില്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. അത്തരം ടെലി സീരിയലുകളിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടനെ ആദ്യം ശ്രദ്ധിക്കുന്നത്.

വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം സിനിമയില്‍ എത്തിപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതോടൊപ്പം ഈ പഴയ സീരീസുകളിലെ അദ്ദഹത്തിന്റെ അഭിനയചാതുരി ഓര്‍മിക്കുകയും, ഓരോ ചിത്രത്തിലും വളരെ വ്യത്യസ്തമായ രീതിയില്‍, അനനുകരണീയമായ രീതിയില്‍ അദ്ദേഹം പുലര്‍ത്തുന്ന ഭാവപ്രകടനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നത് എന്റെ ശീലമായിരുന്നു. എന്താണ് നമ്മുടെ താരങ്ങളില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ പോലെ ഒരു നടനെ വ്യത്യസ്തനാക്കുന്നത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം വാസ്തവത്തില്‍ ഇര്‍ഫാന്‍ ഖാന്‍ ഒരു താരമായിരുന്നില്ല എന്നതു തന്നെയാണ്. നമ്മുടെ താരങ്ങളെ കുറിച്ചുള്ള പൊതുബോധത്തില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക സമസ്യകളെ, ഭാവങ്ങളിലൂടെ, ശരീരചലനങ്ങളിലൂടെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് എല്ലാക്കാലത്തും അദ്ദേഹം നടത്തിപ്പോന്നത്.

ആ സിനിമകള്‍ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കേ അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് അനുനിമിഷം വര്‍ദ്ധിച്ചുവരികയും എന്റെ പല സുഹൃത്തുക്കളോടും അദ്ദേഹത്തിന്റെ സിനിമകള്‍ തീര്‍ച്ചയായും കാണുവാന്‍ ഫോണില്‍ വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു.

വലിയ കാന്‍വാസുകളില്‍ കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി സൃഷ്ടിക്കപ്പെടുന്ന സിനിമകളുടെ ഭാഗമായിട്ടല്ല അദ്ദേഹം രംഗത്ത് വന്നത്. ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ അഭിനയമികവില്‍ സംശയം പുലര്‍ത്താന്‍ ഇടവരാത്ത വിധം അതിന്റെ അനന്തമായ വൈവിധ്യങ്ങള്‍ ഏതൊരു പ്രേക്ഷകനേയും ആകര്‍ഷിക്കുവാന്‍ പോന്നവയായിരുന്നു. ഈ ലോക് ഡൗണ്‍ കാലത്ത്, കഴിഞ്ഞ പതിനഞ്ചോളം ദിവസങ്ങള്‍ക്കിടയില്‍ ഞാന്‍ നെറ്റ് ഫ്‌ലിക്‌സില്‍ ഇര്‍ഫാന്‍ ഖാന്റെ ഏതാണ്ട് പത്തിലധികം സിനിമകള്‍ കാണുകയുണ്ടായി.ആ സിനിമകള്‍ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കേ അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് അനുനിമിഷം വര്‍ദ്ധിച്ചുവരികയും എന്റെ പല സുഹൃത്തുക്കളോടും അദ്ദേഹത്തിന്റെ സിനിമകള്‍ തീര്‍ച്ചയായും കാണുവാന്‍ ഫോണില്‍ വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു. ഏറ്റവുമൊടുവില്‍ നമ്മുടെ മലയാളത്തിലെ പാര്‍വതി തിരുവോത്തുമൊത്ത് അദ്ദേഹം അഭിനയിച്ച qarib qarib singIe എന്ന ചിത്രത്തിലും അസാധാരണമായ ഭാവപ്രകടനമാണ് നമ്മള്‍ കണ്ടത്. വലിയ ലോകങ്ങളില്‍ പാര്‍ക്കുന്ന ചെറിയ മനുഷ്യരെ കുറിച്ചുള്ള നമ്മുടെ മൂല്യ സങ്കല്‍പങ്ങള്‍ക്ക് ഇണങ്ങുന്ന ഒരു നടനായിരുന്നു ഇര്‍ഫാന്‍ ഖാന്‍ എന്ന് എനിക്കു തോന്നുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in