കാണണം ഈ ദുരിതം; ചെല്ലാനത്തിന്റെ കഥ ചിത്രങ്ങളിലൂടെ

കാണണം ഈ ദുരിതം; ചെല്ലാനത്തിന്റെ കഥ ചിത്രങ്ങളിലൂടെ

Published on

ഈ ദുരിതത്തെ ചിരിച്ചു കൊണ്ട് നേരിടാന്‍ ഞങ്ങളിപ്പോള്‍ പഠിച്ചിരിക്കുന്നു...

ഈ ദുരിതത്തെ ചിരിച്ചു കൊണ്ട് നേരിടാന്‍ ഞങ്ങളിപ്പോള്‍ പഠിച്ചിരിക്കുന്നു. കാരണം ഞങ്ങള്‍ക്കറിയാം അധികൃതരോ ജനപ്രതിനിധികളോ ഞങ്ങളെ തിരിഞ്ഞു നോക്കില്ലെന്ന്. 566 ദിവസങ്ങളായി ജനിച്ചു വളര്‍ന്ന കടല്‍തീരത്ത് ജീവിക്കാനായി ഞങ്ങള്‍ നിരാഹാരം തുടരുന്നു.

കടല്‍ക്കയറ്റം തുടങ്ങിയിട്ടേ ഉള്ളൂ. കാലവര്‍ഷം വരാനിരിക്കുന്നതേ ഉള്ളൂ. വര്‍ഷാ വര്‍ഷം അറബിക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് വീശി അടിക്കുമ്പോഴെല്ലാം എവിടേക്കാണ് ഞങ്ങള്‍ ഇറങ്ങിപോകേണ്ടത്.

വീടും സ്ഥലവും വളര്‍ത്തു മൃഗങ്ങളേയും പോലും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ വര്‍ഷാ വര്‍ഷം കഴിയുന്നവരാണ് ഞങ്ങള്‍. കാലവര്‍ഷമെത്തുമ്പോഴുള്ള ചെല്ലാനത്തുകാരുടെ ദുരിത്തിന് അറുതിവരുത്താന്‍ കളക്ട്രേറ്റില്‍ മാര്‍ച്ചായും ജനപ്രതിനിധികളുടെ വാതിലില്‍ നിവേദനവുമായും നിരവധി തവണ ഞങ്ങള്‍ മുട്ടി.

കാറ്റാഞ്ഞു വീശുമ്പോഴും തിര ആഞ്ഞടിക്കുമ്പോഴും ഇടിഞ്ഞു വീഴുന്നത് ഞങ്ങളുടെ സ്വപ്‌നങ്ങളും കൂടിയാണ്. അത്രയധികം നാശനഷ്ടങ്ങളാണ് ചെല്ലാനത്ത് ഉണ്ടായിരിക്കുന്നത്.

ആരാണ് ഞങ്ങള്‍ക്ക് നഷ്ട പരിഹാരം തരിക

നൂറ് കണക്കിനാളുകളും രണ്ടോ മൂന്നോ ടോയിലറ്റുകളുമുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കാണോ ഞങ്ങള്‍ പോകേണ്ടത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ സര്‍ക്കാരിന് പരിഹാരം കാണാന്‍ കഴിയുന്നതല്ലേയുള്ളൂ ഞങ്ങളുടെ പ്രശ്‌നത്തിന്?

മുട്ടറ്റം വെള്ളം കയറിയ ഞങ്ങളുടെ ജീവിതം ദുരിതമാണ്. കടല്‍ഭിത്തിയും പുലിമുട്ടും ഞങ്ങളുടെ അവകാശമല്ലേ?

പ്രായമായവരും, കിടപ്പു രോഗികളും കുട്ടികളുമെല്ലാം ചെല്ലാനത്തുമുണ്ട്. കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ഇവരെയുമെടുത്ത് എങ്ങോട്ടാണ് ഞങ്ങള്‍ പോകേണ്ടത്?

ഇതാണ് ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകള്‍

പോര്‍ട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് ഇവിടെ നിക്ഷേപിച്ചാല്‍ കടലിന്റെ ആഴം കുറയും. പക്ഷേ അത് എന്തുകൊണ്ട് ചെയ്യുന്നില്ല? ഇവിടെയുള്ള ജനങ്ങളെ ആര്‍ക്കാണ് ഓടിക്കേണ്ടത്‌?

പരിഹാരം കാണാന്‍ കഴിയുന്ന പ്രശ്‌നമായിട്ടുകൂടിയും വര്‍ഷാ വര്‍ഷം ഞങ്ങള്‍ കുടിയിറക്കപ്പെടുകയാണ്.

ഞങ്ങളുടെ പ്രതിരോധത്തിന്റെ അടയാളമായ സമരപന്തല്‍ പോലും കടലെടുക്കുന്നു.

ഇനിയും കാത്തിരുന്നാല്‍ കഴുത്തറ്റം ഞങ്ങള്‍ വെളളത്തില്‍ മുങ്ങും. കടല്‍ കയറി കൊണ്ടിരിക്കുകയാണ്.

മറ്റെവിടേക്കും ഇറങ്ങിപോകാന്‍ കഴിയാത്തവരാണ് ഞങ്ങള്‍

ഞങ്ങള്‍ വീണ്ടും കാത്തിരിക്കുകയാണ് നിങ്ങള്‍ കണ്ണു തുറക്കാന്‍

ചിത്രങ്ങള്‍: നിഷാദ് ഉമ്മർ ഫോട്ടോസ്

ചെല്ലാനത്തെ ജനങ്ങളുമായും, ചെല്ലാനം ജനകീയ വേദി പ്രവര്‍ത്തകരുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്‌

Related Stories

No stories found.
logo
The Cue
www.thecue.in