മലയാളിക്കും തൊഴിലാളിക്കുമെതിരെ ജയമോഹന്റെ ഇരട്ട വിളയാട്ടങ്ങള്‍

മലയാളിക്കും തൊഴിലാളിക്കുമെതിരെ ജയമോഹന്റെ ഇരട്ട വിളയാട്ടങ്ങള്‍

ജയമോഹന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെക്കുറിച്ച് ചില അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു എന്ന രീതിയില്‍ താരതമ്യേന നിസ്സാരമായ ഒരു പ്രശ്‌നമല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മലയാളികള്‍ക്കെതിരായ ഫാസിസ്റ്റ് വംശഹത്യാ അജണ്ടയുടെ നിഷ്ഠുരമായ പ്രകടനമാണ് ആ ബ്ലോഗ് പോസ്റ്റിലുള്ളത്. ഇത് ജയമോഹന്‍ കാലാകാലമായി പുലര്‍ത്തി വരുന്ന രാഷ്ട്രീയ നിലപാടിന്റെ കൃത്യമായതും മൂര്‍ച്ച കൂട്ടിയതുമായ ബഹിര്‍സ്ഫുരണവുമാണ്. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യയുടെ മൂന്ന് ആഭ്യന്തര ശത്രുക്കളെ പേരിട്ട് വിളിക്കുന്നുണ്ട്. മൂന്ന് എം ആയ മുസ്ലിം, മിഷണറി(ക്രിസ്ത്യന്‍), മാര്‍ക്‌സിസ്റ്റ് എന്നിവരാണവര്‍. ഇവരെക്കൂടാതെ നാലാമത് ഒരു എം കൂടി ഫാസിസ്റ്റുകള്‍ കഴിഞ്ഞ കാലത്ത് ശത്രുപക്ഷത്ത് ചേര്‍ത്തിട്ടുണ്ട്. അതാണ് മലയാളികള്‍. ഈ വാദമാണ് സിനിമയ്‌ക്കെതിരെ എന്ന മട്ടില്‍ ജയമോഹന്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

ജയമോഹന്‍
ജയമോഹന്‍

പാ പ്രഭാകരനും യമുനാ രാജേന്ദ്രനും ചേര്‍ന്ന് സമാഹരിച്ച് കറുപ്പ് പതിപ്പകം(പബ്ലിക്കേഷന്‍സ്) 2021 മാര്‍ച്ചില്‍ പുറത്തിറക്കിയ ഹിന്ദുത്വ ഫാസിസത്തിന്‍ ഇലക്കിയ മുഖം-ജയമോഹനിന്‍ കലാചാര അരസിയല്‍ (ഹിന്ദുത്വ ഫാസിസത്തിന്റെ സാഹിത്യമുഖം-ജയമോഹന്റെ സാംസ്‌ക്കാരിക രാഷ്ട്രീയം) എന്ന പുസ്തകത്തില്‍ നാല്പതിലധികം ലേഖനങ്ങളിലൂടെ തമിഴിലെ നിരവധി സാംസ്‌ക്കാരിക-രാഷ്ട്രീയ വിമര്‍ശകര്‍ ജയമോഹന്റെ വാദങ്ങളെ തുറന്നു കാട്ടിയിട്ടുള്ളതാണ്. തമിഴ്‌നാട്ടില്‍ ചിന്തിക്കുന്നവരും കണ്ണു തുറന്നു വച്ചിട്ടുള്ളവരുമായ സകല ജനാധിപത്യവിശ്വാസികളും ജയമോഹന്റെ നിലപാടുകളുടെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിഞ്ഞിട്ടുള്ളവരാണെന്നതിന് ഈ പുസ്തകം തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം.

ഹിന്ദുത്വ ഫാസിസത്തിന്‍ ഇലക്കിയ മുഖം-ജയമോഹനിന്‍ കലാചാര അരസിയല്‍
ഹിന്ദുത്വ ഫാസിസത്തിന്‍ ഇലക്കിയ മുഖം-ജയമോഹനിന്‍ കലാചാര അരസിയല്‍

തമിഴ് മലയാളം സൗഹൃദത്തെ പിളര്‍ത്താനും അകാരണമായ വൈരാഗ്യം നമ്മള്‍ തമ്മിലുണ്ടാക്കാനും ഉതകുന്ന രീതിയിലുള്ള സമീപനമാണ് ജയമോഹന്‍ പുലര്‍ത്തി വരുന്നത്. വൈക്കം സത്യാഗ്രഹത്തില്‍ പെരിയാര്‍ ഇ വി രാമസ്വാമിയ്ക്ക് വലിയ പങ്കൊന്നുമില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇവിടെ ഗാന്ധിയുടെയും ദേശാഭിമാനി ടി കെ മാധവന്‍ അടക്കമുള്ളവരുടെയും പക്ഷം പിടിക്കുന്നു എന്നു ഭാവിച്ചുകൊണ്ടാണ് പെരിയാറിനെ അദ്ദേഹം താഴ്ത്തിക്കെട്ടുന്നത്. തമിഴ് നാട്ടില്‍ നിന്ന് വൈക്കത്തെത്തി സത്യാഗ്രഹസമരത്തില്‍ പങ്കെടുത്ത പെരിയാറിനെ രണ്ടു തവണ അറസ്റ്റ് ചെയ്യുകയും തടവിലിടുകയും ചെയ്തു. അദ്ദേഹത്തിന് രാഷ്ടീയ തടവുകാരന്‍ എന്ന പദവി കൊടുക്കാന്‍ അധികാരികള്‍ തയ്യാറായില്ല. കെ പി കേശവമേനോനും സി രാജഗോപാലാചാരിയും അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും അദ്ദേഹത്തോടുള്ള സമീപനം അധികാരികള്‍ മാറ്റിയില്ല. 141 ദിവസങ്ങളാണ് പെരിയാര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തത് എന്നാണ് ഇതു സംബന്ധമായ ഗവേഷണം നടത്തിയ പഴ അതിയമന്‍ സ്ഥിരീകരിക്കുന്നത്. ഇതില്‍ എഴുപത്തി നാല് ദിവസവും അദ്ദേഹം ജയിലിലായിരുന്നു. ഇതു സംബന്ധമായി വേറെയും പുസ്തകങ്ങളും ലേഖനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നേതാവും തമിഴ് പണ്ഡിതനുമായ വി കല്യാണസുന്ദരം പെരിയാര്‍ ഇ വി രാമസ്വാമിയെ വൈക്കം വീരര്‍ എന്ന് പേരിട്ട് വിളിക്കുകയും ചെയ്തു. കേരള നവോത്ഥാനത്തില്‍ വൈക്കം സത്യാഗ്രഹത്തിനുള്ള നിര്‍ണായകമായ പങ്ക് കണക്കിലെടുക്കുമ്പോള്‍ അതില്‍ പെരിയാര്‍ നിര്‍വഹിച്ച ത്യാഗോജ്വലമായ നേതൃപദവി വളരെയധികം മഹത്തരമാണ്.(Vaikom Satyagraha, Periyar and Tamilnadu - By Siddarth Muraleedharan, Frontline Mar 30,2023)

പെരിയാര്‍ ഇ വി രാമസ്വാമി
പെരിയാര്‍ ഇ വി രാമസ്വാമി

ഇതിനെ ഇകഴ്ത്തുന്നതിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിശാലമായ മാനവികതാ നിലപാടുകളെയും മലയാളിയുടെ ആധുനികവത്ക്കരണത്തെയും ഒരേ സമയം റദ്ദാക്കാനാണ് ജയമോഹന്‍ ശ്രമിച്ചത്. ശ്രീനാരായണഗുരുവിനെ പുകഴ്ത്തുന്നതിന്റെ മറവിൽ തന്തൈപ്പെരിയോറെ ഡീഗ്രേഡ് ചെയ്യുന്ന ലേഖനം മനോരമ എഡിറ്റ് പേജില്‍ ജയമോഹന്‍ എഴുതിയിരുന്നു.

സവര്‍ക്കറെ എതിര്‍ക്കുന്നു എന്നു ഭാവിച്ചുകൊണ്ട്, സുഭാഷ് ചന്ദ്രബോസിനെയും ഭഗത് സിംഗിനെയും സവര്‍ക്കറോട് സമീകരിച്ചുകൊണ്ട് അവരെക്കൂടി തള്ളിക്കളയുന്ന സമീപനവും ജയമോഹന്‍ സ്വീകരിക്കുകയുണ്ടായി.

ഹിന്ദുക്കളെ മുസ്ലിം സമുദായത്തിലേയ്ക്ക് മതം മാറ്റുന്നതിനു വേണ്ടി കോടിക്കണക്കിന് പണം കൈപ്പറ്റുന്നവരെ തനിക്കറിയാമെന്നും അവര്‍ ചെന്നൈയില്‍ വീടു വാങ്ങിയിട്ടുണ്ടെന്നും മറ്റും ഇദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ശൈവമതവും വൈഷ്ണവ മതവും തമ്മിലുള്ള സംവാദങ്ങള്‍ തമിഴ് നാട്ടില്‍ സജീവമാണ്. ഇതിനെ അപഹസിച്ചുകൊണ്ട്, ശൈവം ഹിന്ദുമതമല്ല എന്നു പ്രചരിപ്പിക്കാന്‍ നൂറു കോടി രൂപ തമിഴ്‌നാട്ടില്‍ ഒഴുക്കിയിട്ടുണ്ടെന്നൊക്കെയാണ് ജയമോഹന്‍ പറയുന്നത്.

കമലാ സുരയ്യ അന്തരിച്ചപ്പോള്‍ ജയമോഹന്‍ എഴുതിയത് ഇപ്രകാരമായിരുന്നു: അവര്‍ സുന്ദരിയല്ല, കറുത്തിട്ട് പൊക്കം കുറഞ്ഞ അവലക്ഷണമുള്ള സ്ത്രീ. സുന്ദരിമാരായ സ്ത്രീകള്‍ ജനിച്ച കുടുംബത്തില്‍ ജനിച്ചതു കാരണം അപകര്‍ഷതാ ബോധം പിടിപെട്ടവര്‍. ആഭാസമായി സംസാരിക്കുന്ന, പരസ്യവെറി പിടിച്ച സ്ത്രീ. അവരുടെ മകന്‍ എം ഡി നാലപ്പാട്ട് മാതൃഭൂമിയുടെ എഡിറ്റര്‍ ആയിരുന്നതു കൊണ്ടാണ് അവര്‍ ഇത്രയധികം കൊണ്ടാടപ്പെട്ടത്. ഇതുപോലെ, പ്രശസ്ത കവി മനുഷ്യപുത്രനെ അദ്ദേഹത്തിന്റെ ഭിന്ന ശേഷി (ഡിഫറന്റ്‌ലി ഏബിള്‍ഡ്) പരാമര്‍ശിച്ചുകൊണ്ട് പരിഹസിച്ചതും ഓര്‍ക്കുക. തമിഴ്‌നാട്ടിലെ പെരിയാറിസ്റ്റും മാര്‍ക്‌സിസ്റ്റുമായ പ്രസ്ഥാനങ്ങളെയും എഴുത്തുകാരെയും അവരുടെ സഹയാത്രികരെയും നിരന്തരമായി കടന്നാക്രമിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ സ്ഥിരമായ ദിനചര്യ. ഇര്‍ഫാന്‍ ഹബീബിനെ മതഭ്രാന്തന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ പാ സെയപ്രകാശത്തെ ജാതിവെറിയനെന്നും മറ്റും പരാമര്‍ശിച്ചുകൊണ്ട് ജയമോഹന്‍ എഴുതിയ സ്വഭാവഹത്യാലേഖനത്തിനെതിരെ പെരുമാള്‍ മുരുകന്‍ അടക്കമുള്ള നൂറ്റിയെണ്‍പതോളം എഴുത്തുകാര്‍ പ്രസ്താവന ഇറക്കി. ആ പ്രസ്താവനയില്‍ ഒപ്പിട്ട സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാരിനു മുമ്പില്‍ ഒറ്റുകൊടുക്കുമെന്ന് ജയമോഹന്‍ ഭീഷണിപ്പെടുത്തി. ഇര്‍ഫാന്‍ ഹബീബിനെ മാത്രമല്ല; കരുണാനിധി, അരുന്ധതി റോയ്, പിണറായി വിജയന്‍ എന്നിവരെയും ജയമോഹന്‍ കിട്ടുന്ന അവസരത്തിലൊക്കെയും ആക്ഷേപിക്കും. കോവിഡ് സമയത്ത് കേരളം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ, കേരളം സ്വയം തീ കൊളുത്തിയിരിക്കുകയാണ്, ഗുരുവായൂരിലേയ്ക്കും ശബരിമലയിലേയ്ക്കും ആരും വരരുതെന്ന് അറിയിച്ചിരിക്കുന്നു, ചൈനയെപ്പോലെ ഇവിടെ ബലപ്രയോഗം സാധ്യമല്ല, പിണറായി വിജയന്‍ അമിതഭയവും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു എന്നൊക്കെയാണ് എഴുതിയത്. (സുഹൃത്തായ ഇളവേലില്‍ അരുണന്റെ എഫ് ബി പോസ്റ്റില്‍ നിന്ന്)

കമലാ സുരയ്യ, മനുഷ്യപുത്രൻ
കമലാ സുരയ്യ, മനുഷ്യപുത്രൻ

മഞ്ഞുമ്മല്‍ ബോയ്‌സ് അതിജീവനത്തിന്റെയും അഗാധസൗഹൃദത്തിന്റെയും ആവിഷ്‌ക്കരണമാണെന്നത് എല്ലാവരും ഇതിനകം തിരിച്ചറിയുകയും, ഈ സിനിമ അവിശ്വസനീയമായ രീതിയില്‍ വാണിജ്യവിജയം കൈവരിക്കുകയും ചെയ്തു. ഇതില്‍ തമിഴും മലയാളവും തമ്മില്‍ അല്ലെങ്കില്‍ തമിഴ്‌നാടും കേരളവും തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങലിന്റെ സമ്മേളനവുമുണ്ടെന്നത് തികച്ചും ശ്രദ്ധേയമാണ്.

ഗുണ ഗുഹ എന്ന പേരില്‍ പ്രശസ്തമായ കൊടൈക്കാനലിലെ ചെകുത്താന്റെ അടുക്കള (ഡെവിള്‍സ് കിച്ചണ്‍) എന്ന കഠിനവും പേടിപ്പെടുത്തുന്നതുമായ ഗുഹയുടെ കുഴിയില്‍ വീണു പോയ കൂട്ടുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എന്നാലതു മാത്രമല്ല, സന്താനഭാരതി സംവിധാനം ചെയ്ത ഗുണ(1991) എന്ന സിനിമയുടെയും അതിലെ കണ്‍മണി അന്‍പോട് കാതലന്‍ എന്ന പാട്ടിന്റെയും കാലത്തെ കടന്നു നില്ക്കുന്ന വിനിമയം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഏറെ ജനപ്രീതി ആര്‍ജ്ജിച്ചത്. ഇപ്പോള്‍, ഈ സിനിമ തമിഴ്‌നാട്ടിലെ സിനിമാശാലകളിലും മുമ്പു പതിവില്ലാത്ത വിധത്തില്‍ നിറഞ്ഞോടുകയും കോടികള്‍ വരുമാനമായി നേടുകയും ചെയ്യുമ്പോള്‍, തമിഴും മലയാളവും തമ്മിലുള്ള അഗാാധമായ സൗഹൃദത്തിന്റെ വഴികള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു.

നൂറു സിംഹാസനങ്ങള്‍ എഴുതിയ ജയമോഹനാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്നു ചില സുഹൃത്തുക്കള്‍ വേദനിക്കുന്നതു കണ്ടു. എന്താണ് നൂറു സിംഹാസനങ്ങളുടെ യഥാര്‍ത്ഥ 'കഥ'? എസ് ലക്ഷ്മണ പെരുമാള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പുതുവിസൈ മാസികയിലേയ്ക്ക് പ്രസിദ്ധീകരണത്തിനായി അയച്ച കഥ അന്ന് പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം യുഗമൈനി എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പതിപ്പില്‍ ഈ കഥ പ്രസിദ്ധീകരിച്ചു. ഈ കഥയാണ് നൂറു സിംഹാസനങ്ങള്‍ എന്ന പേരില്‍ ജയമോഹന്‍ പിന്നീട് എഴുതി പ്രസിദ്ധീകരിച്ച് പുകള്‍ പെറ്റതെന്ന് പ്രസിദ്ധ തമിഴ് എഴുത്തുകാരനായ ആദവന്‍ ദീക്ഷണ്യ അദ്ദേഹത്തിന്റെ തന്തുഗി എന്ന ബ്ലോഗില്‍ 2016 ആഗസ്ത് 4നെഴുതിയ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ഡോക്ടറൈ കലക്ടറാക്കും രസവാദി അല്ലത് കഥൈ തിരുടന്‍ (ഡോക്ടറെ കലക്ടറാക്കും രസവാദി അഥവാ കഥാമോഷ്ടാവ്) എന്നാണ് ഈ കുറിപ്പിന്റെ ശീര്‍ഷകം.

മഞ്ഞുമ്മല്‍ ബോയ്‌സ് നിലവാരമില്ലാത്ത സിനിമ എന്നു പറയുന്ന ജയമോഹന്‍, ഇതേ വാദം തനിക്കെതിരെ തിരിച്ചടിക്കുമോ എന്നു ഭയന്നാണ് സിനിമ എന്നാല്‍ വെറും വാണിജ്യം മാത്രമാണ് അതില്‍ കലയൊന്നുമില്ലെന്നും മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്. ടു പോയന്റ് സീറോ, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ജയമോഹന്‍ എഴുതിയ സിനിമകളൊന്നും തന്നെ മികച്ച സിനിമകളായി ആരും കണക്കാക്കുന്നില്ല. നിബിഡ വനങ്ങളില്‍ ഇടിച്ചു കയറി അവിടെ പ്രകൃതി നാശം വരുത്തുന്നവരായാണ് മലയാളി ടൂറിസ്റ്റുകളെ ജയമോഹന്‍ അധിക്ഷേപിക്കുന്നത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി അനധികൃതമായി കൈവശപ്പെടുത്തി നവീനവും പരിഷ്‌കൃതവുമായ രീതിയില്‍ ആശ്രമം സ്ഥാപിച്ച കോര്‍പ്പറേറ്റ് സന്യാസിയായ ജഗ്ഗി വാസുദേവിനെ പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളാണ് ജയമോഹന്‍. ഇതിലെ വൈരുദ്ധ്യം മറ്റൊന്നുമല്ല. കൂലിത്തൊഴിലാളികളും തൊഴില്‍ രഹിതരുമായ സാധാരണക്കാര്‍ക്ക് ആനന്ദമൊന്നും അനുവദനീയമല്ല എന്ന വരേണ്യ ചിന്താഗതിയാണ് അദ്ദേഹത്തെ നയിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ സുഭാഷ് (ശ്രീനാഥ് ഭാസി) കൈയില്‍ പണമൊന്നുമില്ലാത്തതിനാല്‍ വിനോദയാത്രയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റു പോകുന്ന ദൃശ്യം, ഇത്തരം പ്രയാസങ്ങള്‍ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള തൊഴിലാളി വര്‍ഗത്തില്‍പ്പെട്ട സാധാരണക്കാരായവരുടെ ഹൃദയത്തില്‍ പെട്ടെന്ന് സ്പര്‍ശിക്കും. ഇതേ സ്പര്‍ശനമാണ് ജയമോഹനില്‍ അവജ്ഞ ഉണ്ടാക്കുന്നത്. അദ്ദേഹം ധനിക വരേണ്യരുടെ ലോകബോധത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനാലാണത്.

ജഗ്ഗി വാസുദേവ്
ജഗ്ഗി വാസുദേവ്

2019ല്‍, വീടിനടുത്ത ചെറിയ കടയില്‍ നിന്ന് റെഡിമെയ്ഡ് അരിമാവ് വാങ്ങി വീട്ടിലെത്തിയ ജയമോഹന്‍ അതില്‍ പുളിപ്പ് കൂടുതലാണെന്നാരോപിച്ച് ആ മാവ് കടക്കാരന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. കടക്കാരന്‍ തിരിച്ച് ജയമോഹനെ മര്‍ദ്ദിക്കുകയും ചെയ്തു. പരുക്കുകള്‍ പറ്റിയ അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായത് പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. കവിയും എഴുത്തുകാരനുമായ രാജഗംഭീരന്‍ പറയുന്നതു പോലെ, ചെറുകിട കടക്കാരന്റെ താരതമ്യേന നിസ്സാരമായ ഒരു പിഴവിനോടു പോലും പക്വമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്ത അറുപതുവയസ്സുകാരനായ ജയമോഹനാണ്; ഇരുപതുകളിലുള്ള ചെറുപ്പക്കാര്‍ ലേശം മദ്യപിച്ച് ബഹളം വെച്ചതും ഛര്‍ദ്ദിച്ചതും ആഗോളപ്രശ്‌നമാക്കുന്നത്. അതായത്, സാധാരണക്കാര്‍ക്ക് പറ്റുന്ന ചെറിയ പിഴവുകളെ പര്‍വതീകരിക്കുന്ന ജയമോഹന്‍ വന്‍ അധികാരശക്തികളുടെ കൊള്ളകളെ കണ്ടില്ലെന്നു നടിക്കുകയോ പരോക്ഷമായി ന്യായീകരിക്കുകയോ ചെയ്യുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലെ തൊഴിലാളികളായ ചെറുപ്പക്കാരോടും ജഗ്ഗി വാസുദേവിനോടും അദ്ദേഹം സ്വീകരിക്കുന്ന സമീപനത്തില്‍ നിന്ന് ഇത് വ്യക്തമാകും.

മഞ്ഞുമ്മല്‍ ബോയ്‌സ്
മഞ്ഞുമ്മല്‍ ബോയ്‌സ്

സാമാന്യ മലയാളികള്‍ക്ക് മറ്റു ഭാഷകളൊന്നും അറിയില്ലെന്നും മര്യാദയ്ക്ക് പെരുമാറാന്‍ അറിയില്ലെന്നും ജയമോഹന്‍ വിധിക്കുമ്പോള്‍; മലയാളികളുടെയും കേരളീയരുടെയും അഭിമാനബോധത്തെയാണ് അദ്ദേഹം ആക്രമിക്കുന്നത്. സാക്ഷരതയിലും വിജ്ഞാനം ആര്‍ജ്ജിച്ചെടുക്കുന്നതിലും മലയാളികള്‍ മികച്ചു നിൽക്കുന്നുവെന്ന ധാരണയെ റദ്ദാക്കാനാണ് അദ്ദേഹം ഈ ആക്രമണം നടത്തുന്നത്. കേരളത്തിനു പുറത്ത്, കേരളത്തിനെതിരെയും മലയാളത്തിനെതിരെയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ദുരാരോപണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ തന്റെ വകയും കുറച്ച് വിഷമിരിക്കട്ടെ എന്ന മനോഭാവമാണ് ജയമോഹനെ ഈ പോസ്‌റ്റെഴുതാന്‍ പ്രേരിപ്പിച്ചതെന്നു വേണം വിശ്വസിക്കാന്‍.

ജയമോഹന്‍, മലയാള കവികളുടെയും പത്രാധിപന്മാരുടെയും മേളക്കാര്യസ്ഥന്മാരുടെയും ഒരു ഡീപ്പ് സ്റ്റേറ്റുണ്ടാക്കി അതിന്റെ നാട്ടുപ്രമാണിയും കരയോഗം നായകനുമായി വിലസുന്നുണ്ടെന്നത് മലയാള സാഹിത്യം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാമറിയാം. സെക്കുലര്‍ മനോഭാവം ഇപ്പോഴും കൈവിട്ടിട്ടില്ലാത്ത മലയാള സാഹിത്യത്തിലേയ്ക്ക് ഫാസിസ്റ്റാശയങ്ങളും ശൈലികളും വ്യാകരണഭംഗികളും സൗന്ദര്യാനുഭൂതികളും ഒളിച്ചുകടത്താനുള്ള വെള്ളച്ചാട്ടമായി വേണം ഈ ഡീപ്പ് സ്റ്റേറ്റിനെ മനസ്സിലാക്കാന്‍.

എഴുത്ത് എന്നത് ഭാഷകൾക്കുള്ളിലും പുറത്തും ഭാഷകൾ തമ്മിലുമുള്ള ഒളിച്ചുകളിയും കൗശലങ്ങളുമല്ല. ചരിത്രബോധത്തോടെ മനുഷ്യപക്ഷത്തുറച്ചു നിൽക്കലാണെന്ന അടിസ്ഥാന ബോധ്യത്തിൽ നിന്നുകൊണ്ടു വേണം ജയമോഹനടക്കമുള്ള സെലിബ്രിറ്റികളെ കാണാനും കേൾക്കാനും വായിക്കാനും ഉൾക്കൊള്ളാനും വിമർശിക്കാനും തള്ളിപ്പറയാനും.

Related Stories

No stories found.
logo
The Cue
www.thecue.in