റേഡിയോയുടെ പരിഷ്‌കൃതരൂപമല്ല പോഡ്കാസ്റ്റ്

റേഡിയോയുടെ പരിഷ്‌കൃതരൂപമല്ല പോഡ്കാസ്റ്റ്
Summary

ദില്ലി ദാലി എന്ന പോഡ്കാസ്റ്റിലൂടെ മലയാളം പോഡ് കാസ്റ്റ് രംഗത്ത് പുതിയ സാധ്യതകള്‍ തീര്‍ത്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എസ്. ഗോപാലകൃഷ്ണന്‍ എഴുതുന്നു.

സെപ്റ്റംബര്‍ മുപ്പതാം തീയതിയാണ് ലോകം പോഡ്കാസ്റ്റ് ദിനമായി ആചരിക്കുന്നത് . നൂറോളം സജീവ മലയാളി പോഡ്കാസ്റ്റേഴ്സ് അംഗങ്ങളായിട്ടുള്ള Malayalam Podcast Community ഇക്കൊല്ലത്തെ ദിനാചരണച്ചടങ്ങുകളുടെ ഉദ്ഘാടനത്തിന് എന്നെയാണ് വിളിച്ചിരുന്നത് . ഊര്‍ജ്ജദായിനികളായ ചെറുപ്പക്കാര്‍ക്ക് എന്റെ നന്ദി . ഉദ്ഘാടനച്ചടങ്ങില്‍ ഇന്നലെ ഞാന്‍ ചെയ്ത പ്രസംഗത്തിന്റെ സംക്ഷിപ്തമാണിവിടെ നല്‍കുന്നത്.

പോഡ്കാസ്റ്റ് ഈ ലോകത്തില്‍ അത്ര പുതിയ കാര്യമൊന്നുമല്ല . ആ വാക്കുതന്നെ ഇംഗ്ലീഷ് നിഘണ്ടുവില്‍ വന്നിട്ട് പതിനാറുകൊല്ലങ്ങള്‍ കഴിഞ്ഞു. ഇന്ത്യയിലും പ്രത്യേകിച്ച് മലയാളത്തിലും ഇത് താരതമ്യേന പ്രാരംഭകാലത്തില്‍ ആണെങ്കില്‍ പോലും. പല രാജ്യങ്ങളിലും പോഡ്കാസ്റ്റ് വഴി വലിയ താരോദയങ്ങള്‍ തന്നെ ഉണ്ടായിക്കഴിഞ്ഞു.

ആദ്യമൊക്കെ ആളുകള്‍ ധരിച്ചിരുന്നത് ഇത് റേഡിയോയുടെ ഒരു പുതിയ മുഖം മാത്രമാണെന്നാണ്. പലയിടങ്ങളിലും പോഡ്കാസ്റ്റ് നേരിടുന്ന ഒരു വലിയ പ്രതിസന്ധിയും ഇതുതന്നെയാണ്. പോഡ്കാസ്റ്റ് പരമ്പരാഗത റേഡിയോയുടെ പരിഷ്‌കൃതരൂപമല്ല. രണ്ടും തമ്മിലുള്ള ഒരേയൊരു സമാനത രണ്ടും ശബ്ദമാധ്യമം ആണെന്നത് മാത്രമാണ്.

റേഡിയോ മാതൃകകകളില്‍ കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടുകളില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കിയാലേ പോഡ്കാസ്റ്റ് എന്ന ശ്രവ്യമാധ്യമത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി എന്ന് മനസ്സിലാക്കാന്‍ കഴിയൂ . ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ധനപിന്തുണയുള്ള റേഡിയോകള്‍ ഒഴിച്ചുള്ള എല്ലാ റേഡിയോയോകളും ദൈര്‍ഘ്യമുള്ള പ്രഭാഷണങ്ങളും നാടകങ്ങളും പൂര്‍ണമായും ഒഴിവാക്കി. റേഡിയോ പുതിയ ഒരു സമയബോധത്തിലേക്ക് ശരവേഗത്തില്‍ ഓടിക്കയറുകയായിരുന്നു. പൊതുധനം എങ്ങനെ ചെലവാകുന്നു എന്ന സോഷ്യല്‍ ഓഡിറ്റിങ് ഇല്ലാത്ത സര്‍ക്കാര്‍ മാധ്യമങ്ങളില്‍ കാര്യങ്ങള്‍ കുത്തഴിഞ്ഞതിനാല്‍ സ്വയം നവീകരിക്കപ്പെടാനുള്ള ആര്‍ജ്ജവം ഇല്ലാതായി. ഒരു വാര്‍ത്താമാധ്യമം എന്ന നിലയില്‍ BBC പ്രസക്തമായി തുടരുന്നുവെങ്കിലും സ്വയം തകരാനുള്ള ആത്മസംഘര്‍ഷങ്ങള്‍ അവര്‍ക്കും വേണ്ടുവോളമുണ്ട് . വിനോദ റേഡിയോ മോശം കാര്യമല്ല. വിനോദ റേഡിയോ ആണ് സ്വന്തം ഘടികാരത്തില്‍ സൂചികള്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാന്‍ തുടങ്ങിയത്. കുറച്ചു സംസാരിക്കുക , കൂടുതല്‍ പാട്ടുകേള്‍ക്കുക എന്ന ദാര്‍ശനാടിസ്ഥാനത്തില്‍ ഈ സമയബോധം കമ്പോള റേഡിയോയെ മാറ്റിത്തീര്‍ത്തു. ദൃശ്യമാധ്യമങ്ങളുടെ ആകര്‍ഷണീയതയെ വെല്ലുവിളിക്കാനുള്ള ശ്രമമാണ് കമ്പോള റേഡിയോ നിരന്തരം ശ്രമിച്ചത്. ലോകമെങ്ങും വിജയിച്ച ഫോര്‍മുലയാണിത് .പക്ഷേ , എന്തേ എന്നിട്ടും നമ്മുടെ കുട്ടികള്‍ എപ്പോഴും സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട് . കൂടുതല്‍ കൂടുതല്‍ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ റേഡിയോ ഒരു പരാന്നഭോജി വള്ളിച്ചെടിപോലെ ദൃശ്യവൃക്ഷത്തില്‍ തളര്‍ന്ന് പടരാന്‍ ശ്രമിക്കുകയാണ് . ആ പ്രശ്‌നം കൂടുതല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല .

ദില്ലി ദാലി പോഡ്കാസ്റ്റ്
ദില്ലി ദാലി പോഡ്കാസ്റ്റ്
സോഷ്യല്‍ മാധ്യമങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോഡ്കാസ്റ്റുകളെ ധീരമാക്കുന്നുണ്ട്. സംശയമില്ല . പണമിറക്കിയ മാധ്യമ മുതലാളിയുടെ ന്യായമായ നഷ്ടാശങ്കകള്‍ രൂപപ്പെടുത്തിയ പത്രാധിപനിയമങ്ങള്‍ വ്യക്തികള്‍ നടത്തുന്ന പോഡ്കാസ്റ്റുകളെ പരിമിതപ്പെടുത്തുന്നില്ല. വലിയ പണം മുടക്കി, അനവധി പേര്‍ക്ക് ശമ്പളം നല്‍കി, വലിയ ചെലവില്‍ സ്റ്റുഡിയോകള്‍ നിലനിര്‍ത്തി , റേഡിയോ വ്യവസായം നടത്തുന്നതിന്റെ കമ്പോളസംഘര്‍ഷം പോഡ്കാസ്റ്റിനെ അലട്ടുന്നില്ല

റേഡിയോ സൃഷ്ടിച്ച ഈ സമയബോധം ജനങ്ങളുടെ ജീവിതത്തില്‍ വലിയ speed ഉണ്ടായിരിക്കുന്നു എന്ന ബോധ്യത്തിന്റെ പ്രതിഫലനമായിരുന്നു. ഈ പുതിയ ഘടികാരം ലോകമെങ്ങും റേഡിയോയെ ആകര്‍ഷകമാക്കി എന്നത് യാഥാര്‍ഥ്യമാണ് .

ഞാന്‍ ഓര്‍ക്കുകയാണ് ശാസ്ത്രജ്ഞനായ ഡോക്ടര്‍ ജോര്‍ജ് സുദര്‍ശന്‍ സമയബോധത്തെക്കുറിച്ച് ഡല്‍ഹിയില്‍ ചെയ്ത ഒരു പ്രസംഗം. യഥാര്‍ത്ഥത്തില്‍ സമയം അനന്തവും അചലവുമാണ്. മനുഷ്യന്‍ അവന്റെ ആവശ്യത്തിനാണ് ഇരുപത്തിനാലു മണിക്കൂറിന്റെ ഘടികാരം കണ്ടെത്തിയത് . അങ്ങനെ വരുമ്പോള്‍ കാലത്തിനനുസരിച്ച് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സമയബോധം ന്യായീകരിക്കപ്പെടാവുന്നതേയുള്ളു . എന്നാല്‍ നീണ്ടസമയങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അപ്പോഴും നിലനില്‍ക്കുന്നുണ്ട്. തെന്നിത്തെറിക്കുന്ന പരല്‍ മീനുകള്‍ മാത്രമല്ല ഭൂഖണ്ഡങ്ങളെപ്പോലെ, ശാന്തസംഗീതം പോലെ നീങ്ങുന്ന തിമിംഗലങ്ങളുമുണ്ട് .

അവിടെയാണ് ലോകത്തില്‍ പോഡ്കാസ്റ്റ് നീന്തിത്തുടങ്ങിയത്. ജനങ്ങള്‍ അതിനെ സ്വീകരിച്ചു. രാവിലേ ഒരുമണിക്കൂര്‍ നടക്കാന്‍ പോകുമ്പോള്‍ എന്റെ പോഡ്കാസ്റ്റ് 'ദില്ലി -ദാലി ' കേള്‍ക്കുന്ന നൂറുകണക്കിനാളുകളെ എനിക്കറിയാം. അപ്പോള്‍ ആ സമയം അവിടെ ഉണ്ടായിരുന്നു. അത് നാം ശ്രദ്ധിച്ചിരുന്നില്ല എന്നേയുള്ളു .

സോഷ്യല്‍ മാധ്യമങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം പോഡ്കാസ്റ്റുകളെ ധീരമാക്കുന്നുണ്ട്. സംശയമില്ല . പണമിറക്കിയ മാധ്യമ മുതലാളിയുടെ ന്യായമായ നഷ്ടാശങ്കകള്‍ രൂപപ്പെടുത്തിയ പത്രാധിപനിയമങ്ങള്‍ വ്യക്തികള്‍ നടത്തുന്ന പോഡ്കാസ്റ്റുകളെ പരിമിതപ്പെടുത്തുന്നില്ല. വലിയ പണം മുടക്കി, അനവധി പേര്‍ക്ക് ശമ്പളം നല്‍കി, വലിയ ചെലവില്‍ സ്റ്റുഡിയോകള്‍ നിലനിര്‍ത്തി , റേഡിയോ വ്യവസായം നടത്തുന്നതിന്റെ കമ്പോളസംഘര്‍ഷം പോഡ്കാസ്റ്റിനെ അലട്ടുന്നില്ല, ഒരു മാധ്യമം നടത്തുന്ന പോഡ്കാസ്റ്റ് അല്ലെങ്കില്‍ .

പക്ഷേ, ചെറുപ്പക്കാരോട് എനിക്കൊന്നേ പറയാനുള്ളു, നിങ്ങള്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കിലേ ആളുകള്‍ കേള്‍ക്കൂ . മാധ്യമരംഗത്തുള്ള എല്ലാവരേക്കാളും ലോകവിവരവും ധാരണകളുമുള്ളവരാണ് വായനക്കാരും , കേള്‍വിക്കാരും , കാണികളും. എനിക്ക് വ്യക്തിപരമായി നിരവധി അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളതാണ് . അവര്‍ നമ്മെ ശ്രദ്ധിക്കുന്നില്ല എങ്കില്‍ അത് നമ്മുടെ കുഴപ്പം കൊണ്ടായിരിക്കണം .

ലോകത്തില്‍ ഇപ്പോള്‍ ഒരുകോടിയിലധികം പോഡ്കാസ്റ്റുകള്‍ ഉണ്ടെന്നാണ് കണക്ക്. മലയാളത്തില്‍ തന്നെ നൂറുകണക്കിനുണ്ട് . നമ്മുടെ ശബ്ദം വേറിട്ടതാണെങ്കില്‍ മാത്രമേ ആളുകള്‍ കേള്‍ക്കൂ. അമേരിക്കയില്‍ ജനസംഖ്യയില്‍ ഇരുപത്തിരണ്ടു ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും പോഡ്കാസ്റ്റുകള്‍ കേള്‍ക്കുന്നു. UK യില്‍ അത് 12 .5 ശതമാനമാണ് . കോവിഡ് കാലത്ത് മറ്റു മാധ്യമങ്ങള്‍ , പ്രത്യേകിച്ച് FM , internet റേഡിയോകള്‍ തളര്‍ന്നപ്പോള്‍ വളര്‍ന്നത് പോഡ്കാസ്റ്റുകള്‍ ആണ്. പക്ഷേ ഒറ്റയ്ക്കു മലകയറുന്നതുപോലെയാണിത്. ഒരു പര്‍വ്വതാരോഹകന് നിരവധി ജാഗ്രതകള്‍ ഉണ്ടായിരിക്കണം. അതുപോലെ. നിത്യവും ഒരു പോഡ്കാസ്റ്റര്‍ updated ആയിരിക്കണം. നിങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയത്തില്‍ ആഴത്തില്‍ സമകാലികമായിക്കൊണ്ടിരിക്കണം . ചാരുകസേരയില്‍ നിത്യവും കിടക്കുന്നവന്‍ എവറസ്റ്റ് കയറില്ല എന്നുപറയുമ്പോലെയാണിത് . മൂന്നുതരത്തില്‍ ഒരാള്‍ക്ക് പറയാനെന്തെങ്കിലും ഉള്ളവരാകാന്‍ കഴിയും ...ഒന്ന് സ്വന്തം ജീവിതാനുഭവങ്ങളാല്‍ അപൂര്‍വമായ വിധത്തില്‍ സമൃദ്ധരായവര്‍ . രണ്ട് , നിരന്തരം യാത്രകള്‍ ചെയ്ത് , അപരനെ മനസ്സിലാക്കി , അസാധാരണരായ മനുഷ്യരുടെ കഥകള്‍ പറയുന്നവര്‍ , മൂന്ന് , അപാരമായ താല്‍പര്യത്തോടെ വായിച്ചും കണ്ടും കെട്ടും ജീവിക്കുന്നവര്‍ . ഇങ്ങനെയുള്ളവരെ കേള്‍ക്കുവാനാണ് ആളുകള്‍ പോഡ്കാസ്റ്റുകള്‍ കേള്‍ക്കുന്നത് . ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നവര്‍ നിരവധിയാണ് ...പോഡ്കാസ്റ്റ് മാതൃക മനുഷ്യ ഘടികാരത്തില്‍ ഒളിഞ്ഞുകിടന്നിരുന്ന സമയദൈര്‍ഘ്യത്തെ മോചിപ്പിച്ചിരിക്കുന്നു . ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി മറ്റ് മാധ്യമങ്ങളിലെ വിജയസൂത്രവാക്യങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കാതിരിക്കുക . ഓരോന്നിനും ഓരോ വഴികള്‍ . ഹൈജംപില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ലോങ്ങ് ജംപ് സാധിക്കില്ലല്ലോ .

ഈ വരുന്ന ലോകപോഡ്കാസ്റ്റ് ദിനത്തിനോടനുബന്ധിച്ച് മലയാളം പോഡ്കാസ്റ്റ് സമൂഹം നടത്താനുദ്ദേശിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍

ദില്ലി ദാലി പോഡ്കാസ്റ്റ് ഇവിടെ കേള്‍ക്കാം

Related Stories

No stories found.
logo
The Cue
www.thecue.in