സർക്കാർ ആർക്കൊപ്പമാണ്; കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിൽ മിണ്ടാത്തത് എന്താണ്?

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഐഎഫ്എഫ്‌കെയുടെ പ്രധാനവേദിയായ ടാഗോര്‍ തിയ്യേറ്ററില്‍ ഒരു വിദ്യാര്‍ഥിസമരം നടന്നു, കേരളത്തിലെ മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകളുടെയൊന്നും തന്നെ പിന്തുണയില്ലാതെ നടന്ന അവകാശ സമരം. കോട്ടയം കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന സ്ഥാപനത്തിനകത്തെ ജാതിവിരുദ്ധതയെക്കുറിച്ച് സംസാരിക്കാനാണ് രാജ്യാന്തര ചലച്ചിത്ര വേദിയിലെത്തിയത്. സംവരണസീറ്റുകള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്, പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റുകള്‍ തടഞ്ഞുവെക്കുന്നത്, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലീനിംഗ് സ്റ്റാഫിനെക്കൊണ്ട് ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കൈകൊണ്ട് ഉരച്ചു കഴുകിപ്പിക്കുന്നത്.

കല പ്രതിഷേധമാര്‍ഗമാകുന്ന കാലഘട്ടത്തില്‍, കലാവേദികള്‍ പ്രതിഷേധകൂട്ടായ്മകളാകുന്ന നാട്ടില്‍ കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്രവേദികളിലൊന്നായ ഐഎഫ്എഫ്‌കെയിലെ ആ രാത്രി ഈ പ്രതിഷേധത്തിന്റെ പേരിലായിരിക്കും ഇനിയങ്ങോട്ട് അറിയപ്പെടുക. അന്നാ വിദ്യാര്‍ഥികള്‍ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് ഇന്‍സ്റ്റിറ്റ്യൂട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രണ്ട് പേരുടെ പേരുകളായിരുന്നു. ഒന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, രണ്ട് ശങ്കര്‍ മോഹന് കൂട്ടുനില്‍ക്കുന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ഐഎഫ്എഫ്‌കെ കഴിഞ്ഞു, വിദ്യാര്‍ഥി പ്രതിഷേധം വാര്‍ത്തകളില്‍ ഇടംപിടിച്ചു, ചലച്ചിത്ര ലോകത്ത് നിന്നെത്തിയവര്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ചു, ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു, പ്രതിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, ദിവസങ്ങള്‍ മാത്രം കഴിയവെ, അതേ ഐഎഫ്എഫ്‌കെയുടെ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നു, ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്നത് ആരോപണ വിധേയനായ അതേ അടൂര്‍ ഗോപാലകൃഷ്ണന്‍. എന്താണ് അതിനര്‍ഥം.

ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റായ കെ.ആര്‍. നാരായണന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജാതിവിവേചനത്തിനെതിരായ വിദ്യാര്‍ഥി സമരം 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണോ, ഉന്നതവിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു, അപ്പോള്‍ അറിയാത്തത് അല്ല, കണ്ടില്ലെന്ന് വെയ്ക്കുന്നതാണ്, ജാതിവിവേചനത്തിനെതിരെ പോരാടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നുമല്ലാത്ത വിദ്യാര്‍ഥികള്‍ക്കൊപ്പമാണോ അതോ രാജ്യമാദരിക്കുന്ന ഫിലിംമേക്കറായ അടൂര്‍ഗോപാലകൃഷ്ണനൊപ്പമാണോ നില്‍ക്കേണ്ടതെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ ഉത്തരം അടൂരിനൊപ്പമാണെന്നാണ്, സര്‍ക്കാര്‍ വിധേയരാണെന്നാണ്.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഗുരുതരമായ സംവരണ അട്ടിമറിയുടെ വിവരങ്ങള്‍ മുമ്പ് തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ക്യാംപസില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്ന കടുത്ത ജാതി വിവേചനത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ ഒന്നൊന്നായി പുറത്ത് വന്നത്.

അന്ന് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോവുകയും വിവേചനം നേരിട്ട ശുചീകരണ തൊഴിലാളികളോടും വിദ്യാര്‍ഥികളോടും നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാഗത്ത് നിന്നും നേരിടേണ്ടിവന്ന ഞെട്ടിക്കുന്ന അനുഭവങ്ങള്‍ അവര്‍ തുറന്ന് പറഞ്ഞത്. ഇന്സ്റ്റിറ്റിയൂട്ടില്‍ ഇന്റര്‍വ്യൂ നടത്തി നിയമിക്കപ്പെട്ട ശുചീകരണ തൊഴിലാളികള്‍ക്ക് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടിലെ ടോയ്‌ലറ്റ് വരെ കഴുകേണ്ട അവസ്ഥയായിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പണികള്‍ തീര്‍ത്ത ശേഷം ഇങ്ങനെ വീട്ടുപണിയെടുക്കാനായി ഡയറക്ടറുടെ വീട്ടിലെത്തുന്ന തൊഴിലാളികള്‍ക്ക് ശങ്കര്‍ മോഹന്റെയും ഭാര്യയുടെയും ഭാഗത്ത് നിന്ന് നേരിടേണ്ടിവരുന്നതും കടുത്ത വിവേചനമായിരുന്നുവെന്നാണ് അന്നവര്‍ പറഞ്ഞത്. ശുചീകരണ തൊഴിലാളികള്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു. അതായത്, വീട്ടില്‍ പോയപ്പോള്‍ ഡയറക്ടറുടെ ഭാര്യ ഈ തൊഴിലാളികളോട് ജാതി ചോദിച്ചു. ജാതി പറഞ്ഞ ശേഷവും അതില്‍ ഏത് തട്ടില്‍ വരുന്നവരാണെന്ന് ചോദിച്ചു. അച്ഛന്റെ പേര്, ജോലി, റേഷന്‍ കാര്‍ഡിലെ പേര്, ഇങ്ങനെ ആ മനുഷ്യരുടെ ഐഡന്റിന്റി ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലുള്ള പെരുമാറ്റമായിരുന്നു അവിടെ നിന്ന് നേരിടേണ്ടി വന്നത്.

പോകുമ്പോള്‍ ഒരു ജോഡി വസ്ത്രം കയ്യില്‍ കരുതണം. വീടിന് പുറട്ടെ ബാത്രൂമില്‍ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷമേ വീട്ടില്‍ കയറ്റു. ഡയറക്ടറുടെ ടോയ്‌ലെറ്റ് ബ്രഷ് ഉപയോഗിച്ച് കഴുകിയാല്‍ വൃത്തിയാകില്ലെന്ന് പറഞ്ഞ് ഈ സ്ത്രീകളെ കൊണ്ട് കൈവെച്ച് ഉരച്ച് കഴുകിക്കും. വെള്ളം ചോദിച്ചാല്‍ ഒരു ഗ്ലാസില്‍ കൊണ്ടുവന്ന് പുറത്തിരിക്കുന്ന പാത്രത്തിലേക്ക് കൈ മുട്ടാതെ ഒഴിച്ചുകൊടുക്കും. ഡയറക്ടറുടെ വീട്ടുപണി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞ് ഈ ജീവനക്കാരെ ഇത്രയുംകാലം അവര്‍ പറ്റിക്കുകയായിരുന്നു.

സംവരണ അട്ടിമറിയിലൂടെ ശരത് എന്ന ദളിത് വിദ്യാര്‍ഥിക്ക് സീറ്റ് നിഷേധിച്ചതും പിന്നീട് ആ വിദ്യാര്‍ഥി കോടതിയില്‍ പോയി തനിക്ക് അര്‍ഹതപ്പെട്ട സീറ്റ് നേടിയെടുത്തതും ദ ക്യു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശരത്തിന് സീറ്റ് നിഷേധിച്ചതിന് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞ ന്യായീകരണം അയാള്‍ക്ക് യോഗ്യത ഇല്ലെന്നായിരുന്നു. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി മേലാളന്‍മാര്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ ശരത് ഇന്ന് രാജ്യത്തെ തന്നെ പ്രധാന ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ്.

വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഗ്രാന്റുകളെ പറ്റി ചോദിക്കുമ്പോള്‍ അതൊക്കെ ദളിത് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ തരുന്ന ഔദാര്യമാണ് എന്നനിലയിലാണ് പലപ്പോഴും തങ്ങള്‍ക്ക് ശങ്കര്‍ മോഹനില്‍ നിന്ന് മറുപടി ലഭിച്ചിട്ടുള്ളതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ സംവരണത്തെ പറ്റിയുള്ള പ്രാഥമിക ധാരണ പോലുമില്ലാത്തൊരാള്‍ കെ.ആര്‍ നാരായണന്റെ പേരിലുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നു എന്നത് തന്നെ അപമാനമാണ്.

ശങ്കര്‍ മോഹന് എതിരായ സംവരണ അട്ടിമറി ആരോപണവും വിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്ന ജാതീയ അവഹേളനവും ശുചീകരണ തൊഴിലാളികള്‍ക്ക് നേരെയുള്ള മനുഷ്യത്വ വിരുദ്ധതയും തുടങ്ങി ഗുരുതര ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഈ ചലച്ചിത്ര വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്ന് തുടര്‍ച്ചായി വന്നപ്പോള്‍ ശങ്കര്‍ മോഹനുമായി ദ ക്യു ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും നുണയാണെന്നും താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഇഷ്ടമില്ലാത്തവരും പണിയെടുക്കാന്‍ മടിയുള്ളവരുമാണ് തനിക്കെതിരെ പറയുന്നത് എന്നുമായിരുന്നു ഡയറക്ടറുടെ മറുപടി.

അതിന് ശേഷമാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ദ ക്യു ബന്ധപ്പെടുന്നത്. വിദ്യാര്‍ഥി സമരത്തെ പാടെ റദ്ദ് ചെയ്യുന്ന വിധത്തിലായിരുന്നു അടൂരിന്റെ മറുപടി. ഏകദേശം ശങ്കര്‍ മോഹന്‍ എന്ത് പറഞ്ഞോ അതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു അടൂരും ചെയ്തത്.

ജാതി വിവേചനം എന്നു പറയുന്നത് ഇല്ലാത്ത ഒരു സംഗതിയാണെന്നും, ചില വിദ്യാര്‍ഥികളും തൊഴിലാളികളും അവരുടേതായ കാരണങ്ങള്‍ കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് പോകുമെന്നായപ്പോള്‍ ജാതി പറഞ്ഞ് വന്നിരിക്കുന്നു എന്നായിരുന്നു ചെയര്‍മാന്‍ പറഞ്ഞത്. അഡ്മിഷനില്‍ നടക്കുന്ന സംവരണ അട്ടിമറിയെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് അങ്ങനെ ഒരു സംഭവമേ ഇല്ല, താന്‍ അറിയാതെ സ്ഥാപനത്തിനകത്ത് ഒന്നും നടക്കില്ല എന്നായിരുന്നു. ഇന്നോളം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും തന്റെ അറിവോടെയാണ് എന്നും ആ സംസാരത്തിന്റെ അവസാനം അടൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ എങ്ങനെയാണ് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിക്കപ്പെടുന്നത് എന്ന് തെളിവടക്കം പിന്നീടുള്ള ദിവസങ്ങളില്‍ പുറത്ത് വന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മൂക്കിന് താഴെ, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഒരു സ്ഥാപനത്തില്‍ നടക്കുന്ന ഇത്രയും ഗുരുതരമായ ജാതി വിവേചനം ദ ക്യു തുടക്കം മുതല്‍ തന്നെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അടക്കം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മന്ത്രി ആര്‍ ബിന്ദുവിനോട് സംസാരിച്ചപ്പോള്‍ മന്ത്രി അന്ന് പറഞ്ഞത് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്, എത്രയും പെട്ടെന്ന് വിഷയത്തില്‍ നടപടിയുണ്ടാകും എന്നായിരുന്നു. എന്നാല്‍ അന്ന് മന്ത്രി പറഞ്ഞ അന്വേഷണ കമ്മീഷന്‍ വിവേചനം നേരിട്ട വിദ്യാര്‍ഥികളെ നേരില്‍ കാണാന്‍ ഇന്‍സ്റ്റ്റ്റിയൂട്ടില്‍ എത്തിയത് പോലും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച അതിഗുരുതരമായ വിഷയങ്ങളൊന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് പോലെ നുണകളല്ല. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ താന്‍ ചെയര്‍മാനായി ഇരിക്കുന്ന സ്ഥാപനത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉന്നയിച്ചിട്ടും ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനോ, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ പോലും അടൂര്‍ തയാറായിട്ടില്ല.

മുമ്പ് ശങ്കര്‍ മോഹന്റെ ദളിത് വിരുദ്ധത ചോദ്യം ചെയ്ത പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കെല്ലാം കടുത്ത പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലര്‍ക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകേണ്ടിവന്നിട്ടുണ്ട്. ശങ്കര്‍ മോഹന്റെ ജാതി വിവേചനം തുറന്ന് പറഞ്ഞ് രംഗത്ത് വന്ന ശുചീകരണ തൊഴിലാളികളായ അഞ്ച് സ്ത്രീകളില്‍ രണ്ടുപേര്‍ വിധവകളാണ്. ഈ ജോലി നഷ്ടപ്പെട്ടാല്‍ ജീവിതം വഴിമുട്ടുന്നവരാണ്. ഈ ആശങ്കകളെല്ലാം നിലനില്‍ക്കുമ്പോഴും സധൈര്യം മുന്നോട്ട് വന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെല്ലാം ആ സ്ത്രീകളും വിദ്യാര്‍ഥികളും തുറന്ന് പറഞ്ഞത് സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന വിശ്വാസത്തിലാണ്.

സംവരണ അട്ടിമറിയുടെ, ജാതി വിവേചനത്തിന്റെ, ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും പച്ചയ്ക്ക് ലംഘിക്കപ്പെടുന്നതിന്റെ ഇത്രയും തെളിവുകള്‍ പുറത്ത് വന്നിട്ടും ഈ ഡയറക്ടറെ നീക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ഇനിയും ജാതിവെറി പുലര്‍ത്തുന്ന ഈ ബിംബങ്ങളെ തലയില്‍ വെച്ച് നടക്കുകയാണെങ്കില്‍, ജാതി വിവേചനത്തില്‍, വിദ്യാര്‍ഥി വിരുദ്ധതയില്‍, മനുഷ്യാവകാശ ലംഘനങ്ങളില്‍ നിങ്ങളുടെ നിലപാട് എന്താണെന്ന് സര്‍ക്കാര്‍ ദയവായി പൊതു സമൂഹത്തോട് തുറന്ന് പറയണം. ഏറ്റവും കുറഞ്ഞത് നിങ്ങളില്‍ നിന്ന് നീതി പ്രതീക്ഷിച്ച് കഴിഞ്ഞ 15 ദിവസങ്ങളായി സമരം ചെയ്യുന്ന ആ വിദ്യാര്‍ഥികളോടെങ്കിലും അത് പറയണം.

Related Stories

No stories found.
logo
The Cue
www.thecue.in