രാഹുലിന്റെ ശബ്ദം മോദി ഭയക്കുന്നത് എന്തുകൊണ്ട് ?

രാഹുലിന്റെ ശബ്ദം മോദി ഭയക്കുന്നത് എന്തുകൊണ്ട് ?

രാഹുൽ ഗാന്ധി വേട്ടയാടപ്പെടുന്നതിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന് നിലവിലെ ഭരണകൂടം നൽകുന്ന സന്ദേശമെന്ത്? ഇപ്പോൾ ജനാധിപത്യലോകത്തിൻ്റെ മുന്നിൽ ഉയർന്നുവന്ന പ്രധാന ചോദ്യമാണിത്. ഇന്നലെ ഗുജറാത്തിലെ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പുറത്തു വന്ന വിധി ഞെട്ടിക്കുന്നതായിരുന്നു. അത് എഴുതപ്പെട്ടത് ഭരണകൂടത്തിൻ്റെ അടുക്കളയിലാണ് എന്ന് തെളിയിച്ചു കൊണ്ട് ഇന്ന് ലോകസഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ പാർലമെൻ്റ് അംഗമല്ലാതാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറക്കി. കാര്യങ്ങളുടെ വേഗതയും കുത്യതയും കാണിക്കുന്നത് ഇതിൻ്റെ പിന്നിലെ ഗൂഡാലോചനയാണ്.

ജോഡോ യാത്രയിലൂടെ ഉയർത്തെഴുന്നേറ്റ രാഹുൽ ഗാന്ധിയെന്ന നേതാവിനെ മോദി ഭരണകൂടം ഭയക്കുന്നു എന്നത് വ്യകതമായിരിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്നത് എളുപ്പമല്ല എന്ന തിരിച്ചറിവും അവർക്കുണ്ടായിട്ടുണ്ട്. ഇത്തരം ഭയങ്ങൾ അവരെ കൂടുതൽ കൂടുതൽ ജനാധിപത്യവിരുദ്ധതയിലേക്ക് തള്ളിയിടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.

ഭരണകൂടത്തിന് മറച്ചുവെക്കാൻ പലതുമുണ്ട് എന്നും ഇതിലൂടെ തുറന്നു കാട്ടപ്പെടുകയാണ്. ഗൗതം അദാനിയുടെ പേരിലാണ് പാർലമെൻ്റിലെ ഇപ്പോഴത്തെ പോരിന് തുടക്കം കുറിച്ചത്. അദാനിയുടെ സാമ്രാജ്യത്തിന് മോദി സർക്കാരുമായുള്ള ബന്ധം തുറന്നുകാട്ടാൻ ശ്രമിച്ചു എന്നതാണ് രാഹുലിനെതിരെ പൊടുന്നനെയുണ്ടായ എതിർപ്പിൻ്റെ കാരണം എന്നത് പകൽ പോലെ വ്യക്തമാണ്. 'മോദിയിസം' എല്ലാ അതിരുകളും ലംഘിച്ചു കൊണ്ട് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്. ഭരണകൂടം ജനാധിപത്യത്തെ വെറുക്കുന്നു എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

ഓരോ ഇന്ത്യക്കാരനും വിയോജിക്കേണ്ട വിധിയായിരുന്നു ഇന്നലെ സൂറത്തിലെ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നുണ്ടായത്. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്ന കേസിലാണ് രാഹുലിന് രണ്ടു വർഷം തടവ് കോടതി വിധിച്ചത്. ഒരു ദേശീയ നേതാവിനെതിരെ, തിരഞ്ഞെടുപ്പ് പ്രസംഗത്തിലെ ഒരു വാക്യത്തിനെതിരേ ക്രിമിനൽ അപകീർത്തി കേസ് കൊടുത്ത് പാർലമെൻ്റിൽ നിന്ന് പുറത്താക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ കേട്ടറിവില്ലാത്തതാണ്. കേസിൻ്റെ നാൾവഴികൾ തിരഞ്ഞു പോയാൽ കേസിനെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യകതമാവും. ഇതു പോലെ വിവിധ കേസുകൾ രാഹുലിനെതിരെ ഉപയോഗിക്കാവുന്ന തുരിപ്പ് ശീട്ടായി പല കോടതികളിൽ കിടപ്പുണ്ട്.

രാഹുൽ പാർലമെൻ്റിൽ തുടരേണ്ട എന്ന തീരുമാനം ഭരണകൂടത്തിൻ്റേതാണ്. അതവർ പരസ്യമായി പ്രഖ്യാപിച്ചതുമാണ്. അതു കൊണ്ട് തന്നെയാണ് ഇത്തരം കേസുകൾക്ക് വിധിക്കാവുന്ന പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് എന്നത് ഇന്നലത്തെ വിധിയിലുണ്ടായത്. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതിയിൽ നിന്നും വന്നിരിക്കുന്നത് തീർത്തും രാഷ്ട്രീയ ചായ്‌വുള്ള വിധിയാണെന്നർത്ഥം.

വിധി വന്ന സമയവും ശിക്ഷാകാലയളവും ഒക്കെ രാഷ്ട്രീയമായ കണക്കുകൂട്ടലുകളുടെ പിൻബലത്തോടെ സൃഷ്ടിക്കപ്പെട്ടതാണ്. രാഹുൽ ഗാന്ധിയെ ഏതുവിധേനയും നിശ്ശബ്ദനാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഭരണകൂടം അതിൻ്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തുകയാണ്. ഭരണപക്ഷക്കാരല്ലാത്തവരെയെല്ലാം കുറ്റവാളികളാക്കി മാറ്റുന്ന തരംതാണ കളിയാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. എല്ലാ കളളൻമാരെയും രക്ഷിക്കുവാനായി സത്യം പറയുന്നവരെ ശിക്ഷിച്ചു കൊണ്ട് നിശ്ശബ്ദരാക്കുക എന്ന നയം ഇന്ത്യയിലാകെ നടപ്പിലാക്കപ്പെടുകയാണ്.

വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി എം.പിയായി തുടരുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടാവാം. ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരം രണ്ടു വർഷമോ അതിലധികമോ കാലത്തേക്ക് ശിക്ഷിക്കപ്പെട്ടയാൾ പാർലമെൻ്റിലിരിക്കാൻ അയോഗ്യനാണെന്നതാവാം നിലവിലെ നിയമം. ഇക്കാര്യത്തിൽ സുപ്രീംകോടതി 2013 -ൽ നടത്തിയ സുപ്രധാന വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ വിധിയെ മറികടക്കാനായി മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള അന്നത്തെ യു.പി.എ ഗവൺമെൻ്റ് കൊണ്ടുവന്ന ഓർഡിനൻസ് പരസ്യമായി കീറിയെറിഞ്ഞ നേതാവു കൂടിയാണ് രാഹുൽ ഗാന്ധി. നിലപാടാണ് പ്രധാനം എന്ന ബോധ്യത്തിലാവുമല്ലോ അന്നദ്ദേഹം അങ്ങനെ ചെയ്തിരിക്കുക. ഇന്നത് അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ജീവിതത്തിൽ തടസ്സമായി നിൽക്കുന്നുണ്ടെങ്കിലും.

ഇന്ത്യയുടെ ജനാധിപത്യത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ പാർലമെൻ്റ് അംഗമാവണമെന്നില്ലെന്ന് ചരിത്രമറിയുന്നവർക്കറിയാം. സംശയമുള്ളവർക്ക് അടിയന്തരാവസ്ഥയെ തോൽപ്പിച്ച ജെ.പി മൂവ്മെൻറിനെ പറ്റി അന്വേഷിച്ചാൽ മതി. ഇനിയങ്ങോട്ട് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം അത്തരത്തിലുള്ളതാവണം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അന്തിമ വിജയത്തിന് അത്തരം മുന്നേറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. മോദി സംഘത്തെ ചെറുത്തു തോല്പിക്കുന്നതിൽ ഓരോ ജനാധിപത്യവിശ്വാസിയും രാഹുൽ ഗാന്ധിയുടെ കൂടെ നിൽക്കണം. അത് രാജ്യത്തിനു വേണ്ടിയുള്ള ചേർന്നു നിൽക്കലാണ്. ഇന്ത്യ എന്ന ആശയത്തിനു വേണ്ടിയുള്ള ചേർത്തു നിൽപ്പാണ്. മോദി ഭരണകൂട വിരുദ്ധത മാത്രമാവണം ഇനിയങ്ങോട്ടുള്ള പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം. തൽക്കാലം അവിടെ മറ്റൊരാഗ്രഹത്തിനും പ്രസക്തിയില്ല.

ജനാധിപത്യത്തിൽ ഉയർന്നു വരുന്ന സാഹചര്യങ്ങൾ വലിയ നേതാക്കളെ സൃഷ്ടിക്കും എന്നത് ചരിത്ര സത്യമാണ്. അത്തരമൊരു ചരിത്രസന്ധിയായി ഇപ്പോഴത്തെ അവസ്ഥയെ നോക്കിക്കാണാവുന്നതാണ്. 'മോദിയിസം' പരാജയപ്പെടേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണ്. അത് ഫാസിസത്തെ തോൽപ്പിക്കുന്ന തരത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ കൂട്ടായ്മയെ ചെറുത്തു തോൽപ്പിക്കുവാൻ ഇന്ത്യയിലെ ജനങ്ങളെ രാഹുലിൻ്റെ നേതൃത്വത്തിൽ അണിനിരത്താൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാവണം. ശത്രു ആരാണെന്ന് ബി.ജെ.പി ശക്തികൾ വിളിച്ചു പറഞ്ഞു കഴിഞ്ഞു. അവർ ഭയപ്പെടുന്ന ശത്രു രാഹുൽ ഗാന്ധിയാണ്. അതു കൊണ്ടു തന്നെ എതിർപ്പിൻ്റെ പ്രതീകവും അദ്ദേഹം തന്നെയാവണം.

ഇന്ത്യയുടെ മുന്നിലെ ഇന്നത്തെയാവശ്യം സംഘപരിവാർ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതു മാത്രമാണ്. അതിനായി സ്വാർത്ഥ താൽപ്പര്യങ്ങൾ വെടിഞ്ഞു കൊണ്ട് എല്ലാവരും ഒരേ ലക്ഷ്യത്തിനായി അണിചേർന്നേ മതിയാവൂ. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മുന്നിൽ മറ്റു വഴികളില്ല. ഭൂരിപക്ഷ വർഗീയതയെ ഉണർത്തിക്കൊണ്ട് സംഘപരിവാർ നടത്തുന്ന തേരോട്ടം ഏതുവിധേനയും അവസാനിപ്പിക്കേണ്ടതുണ്ട്.

ഇതിൻ്റെ പശ്ചാത്തലത്തിലാവണം രാഹുൽ ഗാന്ധിക്കെതിരായ നീക്കങ്ങളെ നോക്കിക്കാണാൻ. ഒരു കോടതി വിധിയോ, നഷ്ടപ്പെട്ട എം.പി സ്ഥാനമോ ഒന്നുമല്ല പ്രശ്നം. അത്തരം ദുഷ്പ്രവർത്തികൾ മടികൂടാതെ ചെയ്തുകൂട്ടുന്ന, അവയെ നീതികരിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് ഇന്ത്യയിൽ നിലവിലുള്ളത് എന്നത് യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ നേർക്കുനേർ നിന്നു കൊണ്ട് പരാജയപ്പെടുത്താൻ ഇനിയും വൈകരുത് എന്ന വലിയ സന്ദേശമാണ് ഈ ദിവസം ഇന്ത്യൻ ജനതയുടെ മുന്നിൽ വെച്ചിരിക്കുന്നത്.

ഈ വിഷമപരീക്ഷണത്തെ കോൺഗ്രസ് എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സമീപകാലഭാവി. ജനാധിപത്യത്തിൻ്റെ നിലവിളി ജനങ്ങളെ ബോധ്യപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് സാധിച്ചാൽ ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. അതിനുള്ള വിവേകവും കരുത്തും അദ്ദേഹത്തിനും കൂട്ടാളികൾക്കുമുണ്ടോ എന്ന വലിയ ചോദ്യം നമുക്ക് മുന്നിലുണ്ട്. ഗാന്ധിജിയുടെ വാക്കുകൾ കടമെടുത്തതു കൊണ്ടായില്ല; ആ പ്രവർത്തികൾ ഏറ്റെടുക്കാൻ കൂടി തയ്യാറാവണം. ജനങ്ങളിലുള്ള അധികാരം എന്നത് ഒരു കോടതിക്കോ ലോകസഭാ സെക്രട്ടറിയേറ്റിനോ റദ്ദു ചെയ്യാവുന്ന ഒന്നല്ലെന്നറിയുക. ഇന്ത്യയുടെ ഭാവിക്കു വേണ്ടി, നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി തെരുവുകളിലെ ശബ്ദമാവുക. പാർലമെൻ്റിനെ നിയന്ത്രിക്കുന്നവർ നിങ്ങളെ ഭയപ്പെട്ടു തുടങ്ങും.

ഒരു മഹാപ്രതിരോധത്തിൻ്റെ കാലടികൾ കേട്ടു തുടങ്ങിയിട്ടുണ്ട്. അതിനെ നയിക്കുക എന്ന ഏറ്റവും വലിയ ജനായത്ത ചുമതലയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. നിങ്ങളെ അവർ ഭയപ്പെടുന്നു എന്നതിനേക്കാൾ വലിയൊരു ശക്തി വേറെയെന്തുണ്ട്? ഇന്ത്യയെന്ന രാഷ്ട്രരൂപത്തെ സൃഷ്ടിച്ചവരിൽ നിന്ന് കരുത്ത് സംഭരിച്ച് ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെന്ന ദേശത്തെ ജനാധിപത്യത്തിൻ്റെ ശുദ്ധമായ വഴികളിലേക്ക് തിരിച്ചു കൊണ്ടുവരണം. അതിനായി ദേശീയ പ്രസ്ഥാനത്തിൻ്റെ പാഠങ്ങൾ പൊടി തട്ടിയെടുക്കണം.

അപഹാസ്യമായ അവസാനത്തിലേക്ക് ഹിന്ദുത്വ ശക്തികളെ തള്ളിയിടണം. ഈ നാടിനു വേണ്ടിയാണ് നമ്മളെല്ലാം ഒത്തുചേരേണ്ടത്. നിലവിലെ രാഷ്ട്രീയ വൈകൃതങ്ങളെ ഇനിയും ഇങ്ങനെ വളരാനനുവദിച്ചുകൂട. ഇപ്പോഴത്തെ പ്രതിസന്ധികളെ അവസരമാക്കി നോക്കിക്കണ്ട് കോൺഗ്രസ് മുന്നേറണം. മോദി സർക്കാരിൻ്റെ ജനായത്തവിരുദ്ധതയും അധികാരപ്രമത്തതയും തുറന്നു കാട്ടപ്പെടുന്നതോടെ ഇന്ത്യക്കാർ രാഹുലിനോടൊപ്പം അണിചേരും. സ്വന്തം പതനത്തെ ഭയപ്പെടുന്ന നരേന്ദ്ര മോദി നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും. അദ്ദേഹത്തിനു മുന്നിൽ വേറെ വഴികളില്ല. ആ വേട്ടയാടൽ പ്രക്രിയ കരുത്താക്കി മാറ്റുന്നതോടെ നിങ്ങൾ ഈ രാജ്യം കാത്തിരുന്ന നേതാവായി പരിണമിക്കും.

മോദി ഭയപ്പെടുന്ന ഒരു ശബ്ദത്തിനു മാത്രമെ ഈ വിഷമസന്ധിയിൽ ഇന്ത്യയുടെ ശബ്ദമായി മാറാൻ കഴിയൂ. അതാരുടേതാണെന്ന് ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു. ആ ശബ്ദം രാഹുൽ ഗാന്ധിയുടെതാണ്. അതാണ് ഇന്ത്യയിലിനി ഉയർന്നു കേൾക്കേണ്ടത്. അത് ജനങ്ങളുടെ ശബ്ദമായി ഉയരട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in