അത്യന്തം അപകടമായ പ്രത്യയശാസ്ത്രമാണ് സംഘപരിവാര്‍ ഫാസിസമെന്ന തിരിച്ചറിവാണ് ബീന ഫിലിപ്പിനെ പോലുള്ളവര്‍ക്ക് ഇല്ലാതെ പോകുന്നത്

അത്യന്തം അപകടമായ പ്രത്യയശാസ്ത്രമാണ് സംഘപരിവാര്‍ ഫാസിസമെന്ന തിരിച്ചറിവാണ് ബീന ഫിലിപ്പിനെ പോലുള്ളവര്‍ക്ക് ഇല്ലാതെ പോകുന്നത്

മതം, വിശ്വാസം, മതമൗലികവാദം, വര്‍ഗ്ഗീയത, ഫാസിസം എന്നിവയെ ലളിതവല്‍ക്കരിച്ച്, ഒരേ നിലയില്‍ മനസ്സിലാക്കുന്നതിന്റെ ദുരന്തമുണ്ട് ബഹുമാനപ്പെട്ട മേയര്‍ ഡോ. ബീനാഫിലിപ്പിന്റെ ബോദ്ധ്യങ്ങളില്‍. അതിനെ ന്യായീകരിച്ചോ കേവലമായി വിമര്‍ശിച്ചോ നിലപാടെടുക്കുന്നവരുടെ കാഴ്ചകളിലും പ്രശ്നമുണ്ട്.

ഒരാള്‍ വിശ്വാസിയാകുന്നതിലോ, ഒരു മതത്തെ പിന്തുടരുന്നതിലോ ഒന്നും സാധാരണ നിലയില്‍ തെറ്റുകാണാനാവില്ല. അപ്പോഴും ഇന്ത്യയെപ്പോലൊരു ബഹുമത/വിശ്വാസ രാജ്യത്ത് ഭരണാധികാരികള്‍ അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യം. ഈ നിലപാട് കര്‍ശനമായി പിന്തുടര്‍ന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ നാം മറന്നു പോകരുത്. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അതാണ് സഹായകം എന്ന് ഭരണാധികാരികള്‍ കരുതിയ ഒരു കാലമുണ്ടായിരുന്നു.

ഒരു നവ സ്വതന്ത്ര രാജ്യമെന്ന നിലയില്‍ തുടക്കകാലത്ത് ഭരണാധികാരികള്‍ പൊതുവേ ഇത്തരമൊരു നിഷ്‌കര്‍ഷ വെച്ചുപുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിക്ക് തന്റെ സഹപ്രവര്‍ത്തകരും തന്റെ നിലപാട് ഇക്കാര്യത്തില്‍ പുലര്‍ത്തണം എന്ന് ശാഠ്യം തന്നെയുണ്ടായിരുന്നു. തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പരസ്യമായി പ്രടിപ്പിക്കുന്നതില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് അത്രയോ ഉദാഹരണങ്ങളുണ്ട്. അപ്പോഴും തന്റെ മതം/വിശ്വാസം എന്നിവയെല്ലാം സ്വകാര്യ ജീവിതത്തില്‍ പുലര്‍ത്തുന്നതിനും ആചരിക്കുന്നതിനും അദ്ദേഹം എതിരായിരുന്നിട്ടില്ല.

മാര്‍ക്‌സിസവും യുക്തിവാദവും

ഒരു മാര്‍ക്‌സിസ്റ്റ്, പ്രപഞ്ചത്തിന്റെയോ സമൂഹത്തിന്റെയോ കാര്യങ്ങളെ പുറത്തുനിന്നു നിയന്ത്രിക്കുന്ന ഒരു തരത്തിലുളള 'കാരണഭൂത'ന്മാരിലും വിശ്വസിക്കുന്നില്ല. 'എല്ലാമറിയുന്ന സാരസമ്പൂര്‍ണ്ണന്മാരോ' പ്രപഞ്ചനാഥന്മാരോ അല്ല; ഭൗതിക കാരണങ്ങളാണ് പ്രപഞ്ചത്തിലെയും സമൂഹത്തിലെയും സകല മാറ്റങ്ങള്‍ക്കും പ്രക്രിയകള്‍ക്കും പ്രതിഭാസങ്ങള്‍ക്കും നിദാനം എന്നവര്‍ വിശ്വസിക്കുന്നു. ഭൗതികവാദപരമായ പ്രപഞ്ച വീക്ഷണമാണ് അത് മുന്നോട്ടു വെക്കുന്നത്. അപ്പോഴും യുക്തിവാദികള്‍ ചെയ്യുന്നത് പോലെ യാന്ത്രികവും കേവലവുമായ ശാസ്ത്ര/യുക്തികളൊന്നും അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. പ്രപഞ്ചാതീത ശക്തികളെക്കുറിച്ചുള്ള അവരുടെ വിശ്വാസങ്ങളെ രൂപപ്പെടുത്തുകയും നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നത്, അവയ്ക്ക് നിലനില്‍ക്കാനുള്ള ഇടം (space) സമൂഹത്തിലുള്ളതുകൊണ്ടാണ്. അത്തരം ഇടങ്ങള്‍ ഇല്ലാതാവുന്നത് വരെ, ഒരു വിശ്വാസം എത്രമാത്രം തെറ്റാണെന്ന് യുക്തിസഹമായി തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടും പ്രയോജനമൊന്നുമില്ല. വിശ്വാസത്തിന് കോട്ടമൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ശാസ്ത്രം/സാങ്കേതിക വിദ്യ എന്നിവ വികസിക്കുന്നതനുസരിച്ച് മതബോധം/വിശ്വാസങ്ങള്‍ എന്നിവ ഇല്ലാതാവുകയല്ല ചെയ്യുന്നത്. പകരം വികസിക്കുകയാണ് എന്നതാണനുഭവം. കമ്പ്യൂട്ടറിന്റെ വ്യാപനം ജാതകത്തെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല, ജാതകത്തിന്റെ വ്യാപനത്തിനാണത് സഹായിച്ചത്. നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ വികസനത്തിന് ഗതാഗത (locomotion), വാര്‍ത്താവിനിമയ (communication) വിവരസങ്കേതങ്ങള്‍ (digital) എന്നിവയൊക്കെ വഹിച്ച പങ്ക് വളരെ വലുതാണ്. വൈരുദ്ധ്യാത്മകവും (dialectical) ചരിത്രപരവുമായ ( historical) കാഴ്ചപ്പാടുകള്‍ പിന്തുടരുന്നവരാണ് മാര്‍ക്‌സിസ്റ്റുകള്‍. അതുകൊണ്ട് അവര്‍ക്ക് മതത്തിലോ മറ്റ് വിശ്വാസങ്ങളിലോ അഭിരമിക്കാനാവില്ല. എന്നാല്‍ സഹസ്രാബ്ദങ്ങളായി ഒരു ജനത നെഞ്ചേറ്റിയ മതബോധത്തെയോ വിശ്വാസങ്ങളെയോ കേവല യുക്തിയിലധിഷ്ഠിതമായ തര്‍ക്കങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് അവര്‍ കരുതുന്നു. ഒരു മാര്‍ക്‌സിസ്റ്റിന് മതവിരോധം ഒരിക്കലും തന്റെ അജണ്ടയാവുന്നില്ല. ചൂഷണവിമുക്തമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് വിശ്വാസിയെയും അല്ലാത്തവരേയും ഒരുമിച്ചണിനിരത്തുകയാണ് അവരുടെ കടമ.

ഡോ. ബീനാഫിലിപ്പിനെതിരെ പരസ്യനിലപാടെടുത്തും വേണ്ടിവന്നാല്‍ ഒരു പരസ്യശാസന നടത്തിയും കൈ കെഴുകാവുന്ന ഒരു പ്രതിസന്ധിയിലാണോ കേരളത്തില്‍ ഇടതുപക്ഷം അകപ്പെട്ടിട്ടുള്ളത് ? തിരുത്തലുകള്‍ എല്ലാതലത്തിലും നടക്കുന്നില്ലെങ്കില്‍ ആസന്ന ഭാവിയില്‍ തന്നെ അവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിശ്വാസത്തിലെ മൗലികവാദങ്ങള്‍

തന്റെ മതം നൂറ് ശതമാനവും ശരിയാണെന്നും കളങ്കരഹിതമാണെന്നും, അവയുടെ അടിസ്ഥാനങ്ങളും പ്രമാണങ്ങളും ചോദ്യം ചെയ്യപ്പെട്ടു കൂടാത്തതാണെന്നും അത് ആചന്ദ്രതാരം മാറ്റമില്ലാതെ തുടരുമെന്നുമൊക്കെ കരുതുന്ന ഒരു വിശ്വാസി മതമൗലികവാദപരമായ നിലപാടാണ് മുന്നോട്ടു വെക്കുന്നത്. തന്റെ മതത്തെ/വിശ്വാസത്തെ തന്റെ സ്വകാര്യമായ കാര്യം എന്ന നിലയില്‍ കാണുന്നതിന് പകരം, മത ഇതരമായ മേഖലകളിലേക്കും ജീവിതത്തിലേക്കും വലിച്ചുകൊണ്ടുവരികയും തന്റെ മതവും വിശ്വാസവും മാത്രമാണ് ശരി എന്ന് ശഠിക്കുകയും ചെയ്യുമ്പോള്‍ അതൊരു സാമൂഹ്യപ്രശ്‌നമായി മാറുന്നുണ്ട്. തന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കും മതബോധത്തിനും ആചാര മര്യാദകള്‍ക്കുമനുസരിച്ച് ജീവിക്കാന്‍ തനിക്കവകാശമുള്ളതുകൊണ്ട് വിശ്വാസപ്രമാണങ്ങളില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാതിരിക്കുമ്പോഴും അപരന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കും മതബോധത്തിനുമനുസരിച്ച് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ഇങ്ങനെ കരുതുന്ന മതമൗലികവാദികളെ സമൂഹത്തില്‍ ധാരാളമായി കാണാം. അവരുമായി ഒരു സംവാദം, ഒരു പക്ഷേ അസാദ്ധ്യമായിരിക്കാം. അവര്‍ പൊതുവില്‍ ദുരന്തകാരികളാകണമെന്നില്ല.

വിശ്വാസത്തിന്റെ വര്‍ഗ്ഗീയ വിനിയോഗം

തന്റെ മതം പ്രചരിപ്പിക്കുന്നതിനും മതത്തിലേക്ക് ആളെ ചേര്‍ക്കുന്നതിനും മതം ഒരു പ്രിവിലേജായി കൊണ്ടു നടക്കുന്നതിനുമൊക്കെ മധ്യകാലങ്ങളില്‍ വലിയ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അത് പക്ഷേ, ലക്ഷണമൊത്ത വര്‍ഗ്ഗീയതയാണ് എന്ന് പറയാനാവില്ല. രാഷ്ട്രീയ അധികാരം നേടുന്നതിന് വേണ്ടി മതത്തെ ഉപയോഗിക്കുന്നതാണ് ആധുനിക കാലത്തെ ലക്ഷണമൊത്ത വര്‍ഗ്ഗീയത. ജനാധിപത്യം, മതനിരപേക്ഷത, ശാസ്ത്രാഭിമുഖ്യം എന്നിവയൊക്കെയാണ് ആധുനിക മൂല്യസങ്കല്പനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം പുരോഗമനപരമായ ഒന്നായിരുന്നു എന്ന് ചരിത്രബോധമുള്ളവര്‍ എല്ലാവരും സമ്മതിക്കും. പക്ഷേ അത് മുന്നോട്ടു വെച്ച നീതിബോധത്തിന്റെ അടിസ്ഥാനം 'ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്' എന്നതായിരുന്നു. അന്നത്തെ കാലത്ത് അത് പുരോഗമനപരമായിരുന്നു. എന്നാല്‍ ആധുനിക കാലത്തെ നീതിബോധത്തിന്റെ അടിത്തറ 'നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണ്' എന്നതാണ്. അതായത് മതം, ജാതി, ഗോത്രം, വര്‍ണ്ണം, നിറം തുടങ്ങിയ സ്വത്വപ്രശ്‌നങ്ങളല്ല നീതിനിര്‍വഹണത്തിന്റെയും അധികാര വിനിയോഗത്തിന്റേയും അടിത്തറയായി വര്‍ത്തിക്കേണ്ടത്. അത് ഭരണഘടനയും നിയമസംഹിതയുമായിരിക്കണം. ഈ പറഞ്ഞതിനര്‍ത്ഥം സ്വത്വപ്രശ്‌നങ്ങള്‍ പ്രസക്തമല്ലെന്നല്ല. അവയില്‍ പലതും ചരിത്രപരമായ കാരണങ്ങളാല്‍ പ്രസക്തവും ചില സവിശേഷ പരിഗണനകള്‍ അര്‍ഹിക്കുന്നതുമാണ്. അത് ഭരണഘടനതന്നെ അനുവദിച്ചു നല്‍കിയിട്ടുള്ളതുമാണ്. അതായത് നിയമപരമായി സ്ഥാപിതമായിട്ടുള്ള ഭരണകൂടമാണ് നമുക്കുണ്ടാവേണ്ടത്. ആധുനിക മൂല്യസങ്കല്‍പ്പനങ്ങളാണ് നിയമവാഴ്ചയുടെ അടിസ്ഥാനമായിരിക്കേണ്ടത്.

അധികാരം കയ്യടക്കുന്നതിന് വേണ്ടി സ്വത്വപ്രശ്‌നങ്ങളെ ദുരുപയോഗിക്കുന്ന രീതിയാണ് വര്‍ഗ്ഗീയത. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് സ്വത്വവികാരങ്ങളെ ഇളക്കിവിട്ട് വോട്ടുകള്‍ ക്യാന്‍വാസ് ചെയ്ത് വിജയം ഉറപ്പാക്കുന്നതും അതുവഴി അധികാരം കയ്യടക്കുന്നതും വര്‍ഗ്ഗീയതയാണ്. ഒരു മതത്തിനെതിരെ മറ്റൊരു മത വിശ്വാസികളെ രംഗത്തിറക്കുന്നതും മതവികാരം കത്തിച്ച് വോട്ട് പിടിച്ച് അധികാരം നേടുന്നതും വര്‍ഗ്ഗീയതയാണ്. നവസ്വതന്ത്ര രാജ്യമായി ഇന്ത്യ പിറവിയെടുത്ത കാലത്ത് വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ സ്വീകരിച്ചിരുന്നു. കാലക്രമത്തില്‍ മതം, ജാതി, തുടങ്ങിയ സ്വത്വബോധങ്ങളെ ഉപയോഗിച്ച് വോട്ടു പിടിക്കുന്ന രീതി എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേക്കും വ്യാപിച്ചു. ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും. പച്ചയായി വര്‍ഗ്ഗീയക്കാര്‍ഡിറക്കി കളിക്കുന്നവരും മൃദുവായ നിലയിലും പൊതിഞ്ഞു വെച്ചുമൊക്കെ വര്‍ഗ്ഗീയതയെ ഉപയോഗിക്കുന്നവരുമുണ്ട്. അപ്പോഴും വര്‍ഗ്ഗീയത തീണ്ടാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലില്ല എന്നു തന്നെ പറയാം. ഈ സ്വത്വപ്രശ്‌നങ്ങളെ സമൂഹത്തിന്റെ പല കോണുകളില്‍ നിന്ന് പലവിധത്തില്‍ കൂട്ടിച്ചേര്‍ത്തും ചിലതിനെ ഒഴിവാക്കിയും അധികാരസമവാക്യങ്ങളെ മാറ്റിപ്പണിയുന്ന രീതിക്ക് നല്‍കുന്ന ഓമനപ്പേരാണ് സോഷ്യല്‍ എഞ്ചിനീയറിംഗ്. ഈ സോഷ്യല്‍ എഞ്ചിനീയറിംഗി (വര്‍ഗ്ഗീയ വിനിയോഗം) ലൂടെയുള്ള അധികാരം കയ്യടക്കലാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്.

ഫാസിസത്തിന്റെ അടിസ്ഥാനങ്ങള്‍

ഫാസിസം തികച്ചും വ്യത്യസ്തമായ ഒരു പ്രതിഭാസമാണ്. അതിന്റെ അടിത്തറ ഉല്പാദനവ്യവസ്ഥയിലാണ്. മുതലാളിത്ത വ്യവസ്ഥയാണ് ഇന്ന് ലോകത്താകെ പൊതുവായി നിലനില്‍ക്കുന്നത്. മൂലധന നിക്ഷേപം നടത്തുക, ഉല്പാദനം നടത്തുക, അത് വിറ്റ് ലാഭം നേടുക, നേടിയ ലാഭം വീണ്ടും മൂലധനമാക്കി പുനര്‍നിക്ഷേപം നടത്തുക തുടങ്ങിയ ബലതന്ത്രങ്ങളിലൂടെ (Mechanics)വികസിക്കുന്ന ബന്ധവ്യവസ്ഥയാണ് മുതലാളിത്തം. ഈ ബന്ധ വ്യവസ്ഥക്കകത്തെ വൈരുദ്ധ്യങ്ങള്‍ നിമിത്തം ഈ ഉല്പാദന വ്യവസ്ഥ പലപ്പോഴും പ്രതിസന്ധിയിലേക്ക് പോകും. ഇതോടെ സാമ്പത്തിക വ്യവസ്ഥ മാത്രമല്ല പ്രതിസന്ധിയിലാകുന്നത്. അത് കൊണ്ടു നടക്കുന്ന, രാഷ്ട്രീയ വ്യവസ്ഥയേയും സംസ്‌കാരവ്യവസ്ഥയേയുമൊക്കെ ഒരുപോലെ അത് പ്രതിസന്ധിയിലാക്കും. ഇതിനെ മറികടക്കാനുളള പിടച്ചിലുകള്‍ മുതലാളിത്തത്തിന് നടത്തിയേ ഒക്കൂ. ആദ്യപടി ഉല്പാദന വ്യവസ്ഥയിലിടപെട്ട തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന കൂലിയും മറ്റ് ജീവനോപാധികളും കവര്‍ന്നെടുത്ത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമായിരിക്കും. സ്വാഭാവികമായും ശക്തമായ പ്രതിഷേധം/ചെറുത്തുനില്‍പ്പ് ഉയരും. അതോടെ മുതലാളിത്തം തന്നെ മുന്നോട്ടുവെച്ചതും ഭരണഘടനാദത്തവുമായ മൗലികാവകാശങ്ങള്‍/ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുത്ത് കൊണ്ട് സ്വേച്ഛാധിപത്യമായി ഭരണകൂട വ്യവസ്ഥ പരിണമിക്കും. ഇതിനെ സാധൂകരിക്കുന്നതിന് ഭരണകൂടം മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം, രാജ്യസുരക്ഷ അപകടത്തിലാവുന്നു എന്നതായിരിക്കും. അയല്‍ രാജ്യങ്ങളാലോ ലോകത്തിലെ വന്‍കിടശക്തികളാലോ നമ്മുടെ 'മാതൃരാജ്യം/പിതൃഭൂമി' അപകടപ്പെടുന്നു എന്ന വിലാപം ഉയരും. മഹത്തായ ദേശീയപാരമ്പര്യങ്ങള്‍/ സാംസ്‌കാരികത്തനിമകള്‍ അപരവും ശത്രുതാപരവുമായ മൂല്യങ്ങളാല്‍ വെല്ലുവിളിക്കപ്പെടുന്നു തുടങ്ങിയ വായ്ത്താരികള്‍ ശക്തമാകും. നമ്മുടെ 'സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നന്മയുടെ ഭൂതകാലത്തെ(The Glorius Past)' വീണ്ടെടുക്കാനും അതിനെ നിഗ്രഹിക്കുന്ന വിദേശികളായ അക്രമകാരികളുടെ നുകത്തില്‍ നിന്ന് മാതൃരാജ്യത്തെ രക്ഷിക്കാനും ആഹ്വാനങ്ങളുയരും. തല്‍ക്കാലം മുണ്ടുമുറുക്കിയുടുക്കുന്നതും മൗലികാവകാശങ്ങള്‍ ത്യജിക്കുന്നതുമൊക്കെ ആസന്ന ഭാവിയില്‍ വീണ്ടെടുക്കാനുള്ള നമ്മുടെ സ്വന്തം രാഷ്ട്രത്തിന് വേണ്ടിയാണെന്ന് ജനതയെ ആവേശം കൊള്ളിക്കും.

ലോകം ഭീതിദമായ മുതലാളിത്ത പ്രതിസന്ധിയിലേക്ക് നടന്നടുക്കുന്ന വര്‍ത്തമാനകാലത്ത്, ജനാധിപത്യ മുഖം മൂടികള്‍ വലിച്ചെറിഞ്ഞ് ഫാസിസ്റ്റ് സ്വഭാവങ്ങളാര്‍ജ്ജിക്കുന്ന ഭരണകൂടങ്ങളെ നമുക്കിന്ന് ലോകത്ത് ധാരാളമായി കാണാം.

ക്ലാസിക്കല്‍ ഫാസിസത്തിന്റെ കാലത്ത് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ ഇതേ തരം രാഷ്ട്രീയമാണ് പ്രയോഗിച്ചത്. ജര്‍മ്മനിയുടെ എല്ലാ പ്രതിസന്ധികള്‍ക്കും കാരണം, ജര്‍മ്മനിയുടെ നേരവകാശികളായ ആര്യന്മാരുടെ രക്തം, അപരരും ജാരരുമായ ജൂതന്മാരുടെ രക്തത്താല്‍ കളങ്കിതമായതാണെന്നും അവരെ ഉന്മൂലനം ചെയ്ത് ശുദ്ധരക്തമുള്ള ആര്യന്മാരുടെ സാമ്രാജ്യമാക്കി ജര്‍മ്മനിയെ മാറ്റി, ലോകാധിപത്യം സ്ഥാപിക്കയാണെന്നും, അതിന് ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രതിപുരുഷനാണ് താനെന്നും ഹിറ്റ്‌ലര്‍ വിശദീകരിച്ചു. തന്റെ ആശയാഭിലാഷങ്ങള്‍ നടപ്പിലാക്കുന്നതിന്, ശവകാമന (Necrophilia) പോലുള്ള മാരകമായ മനോരോഗമുള്ളവരെപോലും ഹിറ്റ്‌ലര്‍ ഉപയോഗിച്ചു. ജൂത ഉന്മൂലനം നടത്തിയാണ് ഹിറ്റ്‌ലര്‍ മുന്നേറിയത്. തകര്‍ന്നടിഞ്ഞ ജര്‍മ്മനിയില്‍ തങ്ങളുടെ പ്രാകൃതമായ മതവര്‍ണ്ണ (Race) ബോധങ്ങളെ ഉപയോഗിക്കാന്‍ താല്‍ക്കാലികമായെങ്കിലും ഹിറ്റ്‌ലര്‍ക്ക് സാധിച്ചു

ബ്രിട്ടീഷ് ഇന്ത്യയിലെ മതപര /വംശീയ സംഘടനകള്‍

ഇന്ത്യയില്‍ സംഘപരിവാരം മുന്നോട്ടു കൊണ്ടുപോകുന്നതും ഇതേ രാഷ്ട്രീയമാണെന്നത് വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ബ്രിട്ടീഷ് ഉല്പാദനവ്യവസ്ഥ ചോദ്യം ചെയ്യപ്പെടുകയും വിമോചന പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകയും ചെയ്തതോടെ ബ്രിട്ടീഷുകാരാല്‍ സ്ഥാപിതമായതാണ് ഇന്ത്യയിലെ മതവംശീയപ്രസ്ഥാനങ്ങള്‍. അതില്‍ പ്രമുഖമായതാണ് ഹിന്ദുമഹാസഭയും ആര്‍എസ്എസ്സും. മതം/വിശ്വാസം എന്നിവയിലധിഷ്ഠിതമായ ഇത്തരം പ്രസ്ഥാനങ്ങളെ തുടര്‍ച്ചയായി മൗലികവാദത്തിലേക്കും വര്‍ഗ്ഗീയതയിലേക്കും ആനയിക്കുക, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സ്പര്‍ദ്ധ സൃഷ്ടിക്കുക, ആ അവസരം ഉപയോഗിച്ച് ജനാധിപത്യ പ്രസ്ഥാനങ്ങളെ ഭിന്നിപ്പിക്കുക ഒക്കെയായിരുന്നു അവരുടെ അജണ്ട. ഇന്ത്യാചരിത്രം പഠിക്കുന്ന ആര്‍ക്കുമറിയാവുന്ന സംഗതി, മുസ്ലീംമത മൗലികവാദം ഹിന്ദുവിശ്വാസസംഹിതക്കെതിരാണ് എന്ന് വ്യാഖ്യാനിച്ച്, ആര്‍ എസ്സ് എസ്സിനെ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റ് പ്രസ്ഥാനമാക്കി വളര്‍ത്തിയത് ബ്രിട്ടീഷുകാരായിരുന്നു എന്നതാണ്. അവര്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല; അതിനെ ഒറ്റുകൊടുത്തതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നിരത്താനും ബുദ്ധിമുട്ടില്ല. ബ്രിട്ടീഷുകാരല്ല ഇന്ത്യയുടെ ശത്രുക്കളെന്നും 'വരുത്തന്മാരായ മുസ്ലീങ്ങളാണ്' ശത്രുക്കളെന്നുമവര്‍ പരസ്യമായ നിലപാടെടുത്തു. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമായിത്തീരേണ്ടതാണെന്നും ബ്രിട്ടീഷുകാരുടെ സഹായത്തോടെ മുസ്ലീങ്ങളെ തുരത്തി, ഹിന്ദുരാഷ്ട്രം സ്ഥാപിക്കയാണ് വേണ്ടതെന്നും ആവര്‍ ഏറെക്കുറെ പരസ്യമായ നിലപാടെടുത്തു. സംഘചരിത്രമെഴുതിയ ആര്‍ പി ഗോയല്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് സംഘം ചെറുപ്പക്കാരെ ഉപദേശിച്ചത് 'നിങ്ങളുടെ ഈ സംഘശക്തി, ഈ മെയ്ക്കരുത്ത് ബിട്ടീഷുകാര്‍ക്കെതിരെ വൃഥാ പാഴാക്കിക്കളയാനുള്ളതല്ല; ഭാവിയില്‍ വരാനിരിക്കുന്ന മുസ്ലീം വിരുദ്ധ കലാപങ്ങള്‍ക്ക് വേണ്ടി കരുതിവെക്കാനുള്ളതാണ്' എന്നാണ്. പക്ഷേ ഈ ഭിന്നിപ്പിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിജീവിച്ച്, ഇന്ത്യ സ്വതന്ത്രമാകുകയും ജനാധിപത്യഭരണകൂടം സ്ഥാപിതമാകുകയും ചെയ്തു. അപ്പോഴാകട്ടെ, ആ ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിലാണവര്‍ വ്യാപൃതരായത്. അയോദ്ധ്യയിലെ ബാബറി പള്ളിയില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചും ഗാന്ധിയെ കൊലപ്പെടുത്തിയുമൊക്കെ വെറുപ്പിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാനാണവര്‍ ശ്രമിച്ചത്.

പുരാവൃത്തങ്ങളില്‍ നിന്ന് കോര്‍പ്പറേറ്റിസത്തിലേക്ക്

മുതലാളിത്തത്തിന്റെ ആവിഷ്‌കാര പ്രതിസന്ധി(Realisation crisis) മുതല്‍ മനുഷ്യന്റെ സൂക്ഷ്മ മാനസിക ഘടനയില്‍ വരെ വേരാഴ്ത്തി നില്‍ക്കുന്ന അത്യന്തം അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് സംഘപരിവാര്‍ ഫാസിസം എന്ന തിരിച്ചറിവാണ് ബീനാ ഫിലിപ്പിനെപ്പോലുള്ളവര്‍ക്ക് ഇല്ലാതെ പോകുന്നത്. ഭൗതികജീവിതത്തിലും ബോധത്തിലും ശക്തമായ പ്രതിരോധം ഉറപ്പിക്കാനായില്ലെങ്കില്‍, നിങ്ങള്‍ എത്ര വലിയ നന്മമരമായാലും ഫാസിസത്തിലേക്ക് വഴുതിവീഴുക എളുപ്പമാണ്. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ എടുപ്പുകള്‍ക്കകത്തും മനുഷ്യരുടെ മനസ്സിനകത്തും ഫാസിസത്തിന് ഒരു മുറിയുണ്ട് എന്ന് പറയുന്നത്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള പുരാവൃത്തങ്ങളില്‍ നിന്നാണ് അതിന്റെ അടിവേരുകള്‍ കിളിര്‍ത്തുവരുന്നതെന്നും രാഷ്ട്രീയ സമ്പദ്ഘടനകള്‍ അനുകൂലമാണെങ്കില്‍ ഒരു ഫാസിസ്റ്റ് സ്റ്റേറ്റാക്കി ഇന്ത്യയെ മാറ്റാന്‍ എല്ലാ പശ്ചാത്തലസൗകര്യവും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നും ഫാസിസത്തെക്കുറിച്ച് പറയുന്നവര്‍ മനസ്സിലാക്കാതെ പോകുന്നത് ഖേദകരമാണ്.

ഒരാള്‍ മത/വിശ്വാസങ്ങളോട് സ്വതന്ത്രമായി ഇടപെടുന്നത് തെറ്റല്ല. ആവശ്യവുമാണത്. ഇനി മതമൗലികവാദങ്ങളോടോ വര്‍ഗ്ഗീയതയോട് തന്നെയോ ഒരു സംവാദം സാദ്ധ്യമാകുമെങ്കില്‍ അതില്‍ ഏര്‍പ്പെടുന്നതും തെറ്റല്ല. പക്ഷേ ഇന്ത്യയിലെ സവര്‍ണ്ണ ഫാസിസത്തോട് സംവാദത്തിലേര്‍പ്പെടാനാണ് ഞങ്ങളവിടെ പോകുന്നത് എന്ന് പറയുന്നത് അസംബന്ധമാണ്. ഇവിടെ ഓര്‍ക്കേണ്ടത് എം എന്‍ വിജയന്റെ പ്രസിദ്ധമായ ഒരു പ്രയോഗമാണ്. 'ചിതല്‍പ്പൊടി തിന്ന് തടിച്ചു കൊഴുക്കുന്ന ചിതലുകളാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍' എന്നായിരുന്നു വിജയന്‍ മാഷ് പറഞ്ഞത്. അതായത് നെഗറ്റീവ് പ്രത്യയശാസ്ത്രമുള്ള ഒരു പ്രസ്ഥാനത്തിന് ഏറ്റവും ചീഞ്ഞളിഞ്ഞ ആശയങ്ങളില്‍ നിന്ന് പോലും വളം സ്വീകരിച്ച് വളരാനാകും എന്നാണദ്ദേഹം ഉദ്ദേശിച്ചത്. അതായത് ആധുനിക മൂല്യബോധത്തില്‍ നിന്നു കൊണ്ട് നിങ്ങള്‍ നടത്തുന്ന സൃഷ്ടിപരമായ വിമര്‍ശനങ്ങളൊന്നും അവരെ ബാധിക്കുന്നേയില്ല. പകരം അതിനെ വര്‍ഗ്ഗീയത ചേര്‍ത്ത് അഴുക്കിയെടുത്ത് സ്വന്തം വളര്‍ച്ചക്ക് ഉപയോഗിക്കുകയും ചെയ്യും.

ഡോക്ടര്‍ ബീനാ ഫിലിപ്പിന്റെ ബാലഗോകുലം മാതൃസംഗമം ഉദ്ഘാടനം തന്നെ ഉദാഹരണമായെടുക്കുക. പറഞ്ഞതൊക്കെ അസംബന്ധവും ഇന്ത്യയുടെ സാമൂഹ്യപശ്ചാത്തലം അറിയുന്നവരാരും പറയാനിടയില്ലാത്തതും ആണെങ്കിലും അതൊക്കെ അവര്‍ പട്ടാങ്ങമായങ്ങ് പറഞ്ഞതാണ് എന്നതാണല്ലോ വസ്തുത. അതെന്തിനിങ്ങനെ വിവാദമാക്കുന്നു. ഒരു മേയര്‍ എന്ന നിലയില്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അത് സാധാരണ അവസ്ഥയില്‍ ശരിയുമായിരിക്കാം. അവര്‍ക്കൊരുപക്ഷേ, വിശ്വാസികളുടേയോ മതമൗലികവാദികളുടേയോ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയോ ഒക്കെ വേദിയില്‍ പോകേണ്ടിവരികയും ചെയ്യും. അതിനൊന്നും ലിഖിതനിയമങ്ങള്‍ കൊണ്ട് സമ്മതം മൂളാനോ വിലക്കു തീര്‍ക്കാനോ പറ്റില്ല. സ്ഥലത്തിനും കാലത്തിനുമനുസരിച്ച് ഉചിതമായ തീരുമാനം അവര്‍ തന്നെ എടുക്കുകയാണ് വേണ്ടത്. പക്ഷേ ഇവിടെ ഇടപെടുന്നത് സംഘപരിവാറിനോടാണ് എന്നത് കൊണ്ട് കാര്യങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു മാനം കൈവരുന്നു.

അവരവിടെപ്പോയി ഈ നിലയില്‍ കാര്യങ്ങള്‍ പറഞ്ഞു തിരിച്ചു പോരുന്നു. തല്‍ക്കാലം ആരും പ്രതികരിച്ചില്ലെങ്കിലും സംഘപരിവാരം അത് വ്യാപകമായ പ്രചാരണത്തിന് ഉപയോഗിക്കും. ബീനാഫിലിപ്പിനെപ്പോലെ ഒരു മാതൃകാ അദ്ധ്യാപികയും മാര്‍ക്‌സിസ്റ്റും നഗരമാതാവുമൊക്കെയായ ഒരാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചു. കൃഷ്ണഭക്തിയെ വാനോളം പുകഴ്ത്തി, കുട്ടികള്‍ക്ക് പിണറായി വിജയന്റെ കേരളത്തേക്കാള്‍ പരിഗണന ലഭിക്കുന്നത് യോഗി ആദിത്യനാഥിന്റെ യുപിയിലാണ് എന്നവര്‍ പറഞ്ഞു തുടങ്ങി എന്തൊക്കെയാണവര്‍ പ്രചരിപ്പിക്കാന്‍ പോകുന്നത്? അത് അവര്‍ക്കാവശ്യമുണ്ട് എന്ന് തോന്നുമ്പോഴൊക്കെ തുടരുകയും ചെയ്യും. തനിക്ക് പാര്‍ട്ടി നല്‍കിയ വലിയൊരു പദവിയുപയോഗിച്ച് അതിനൊരവസരം അവര്‍ക്ക് ചെയ്തു കൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കാനുള്ള ബുദ്ധിയാണ് ഡോ. ബീനാ ഫിലിപ്പിന് ഇല്ലാതെ പോയത്. ഇനി അവരുടെ നടപടിയെ പാര്‍ട്ടി തള്ളിപ്പറഞ്ഞതും സംഘപരിവാരത്തിന് ഒന്നാന്തരം അവസരം സൃഷ്ടിച്ചു കൊടുക്കുന്നുണ്ട്. ബീനാഫിലിപ്പിനെ പോലൊരു മാതൃകാ അദ്ധ്യാപിക തന്റെ അനുഭവത്തിലും അറിവിലും തോന്നിയ നിഷ്‌കളങ്കമായ സത്യങ്ങള്‍ തുറന്നു പറഞ്ഞതിന് അവരെ ശിക്ഷിക്കുന്നു. അവര്‍ പറഞ്ഞതല്ലേ സത്യം? നമ്മളെല്ലാവരുടെയും മനസ്സിലുള്ളത് തന്നെയല്ലേ അവരും പറഞ്ഞത്.? അതിന് ഒരു നല്ല സ്ത്രീയെ ശിക്ഷിക്കാമോ എന്നൊക്കെയായിരിക്കും ചെവിക്കു ചെവി പ്രചാരണത്തിലൂടെ ( wispering campaign) സംഘപരിവാരം ജനങ്ങളിലെത്തിക്കുക. അവരിതു പറയുന്നത് ആരോടാണ് എന്ന് നമ്മളോര്‍ക്കണം.

പതിറ്റാണ്ടുകള്‍ കൊണ്ട് അവര്‍ക്കനുകൂലമായ സാമൂഹ്യ രൂപീകരണം സംഭവിച്ച ശേഷം അത് തിരിച്ചു പിടിക്കാനെന്ന പേരില്‍ പി ജയരാജന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബദല്‍ ശ്രീകൃഷ്ണാഷ്ടമി ആഘോഷം, കര്‍ക്കിടകവാവുബലി എന്നിവയെക്കുറിച്ചൊക്കെ, പരിഹാസ്യം എന്നല്ലാതെ മറ്റെന്തു പറയാനാണ്? സംഘപരിവാരം കയ്യടക്കി ഉപയോഗിക്കുന്ന ഒന്നിന്റെ വളരെ ദയനീയമായ അനുകരണവുമായി അവരുടെ പിറകെ പോകുന്നത് കൊണ്ട് ആര്‍ക്കെന്ത് പ്രയോജനമുണ്ടാകും എന്ന് കേരളത്തിലെ സിപിഎം ഗൗരവമായി ആലോചിച്ചിട്ടുണ്ടോ?

ഹിന്ദുത്വവല്‍ക്കരണവും ഇസ്ലാമോഫോബിയയും

വലിയ തോതില്‍ ഹിന്ദുത്വവല്‍ക്കരണം നടന്നു കഴിഞ്ഞതും ഇസ്‌ളാമോഫോബിയ നിലനില്‍ക്കുന്നതുമാണ് കേരളീയ സമൂഹം. ശബരിമല പ്രക്ഷോഭവും മുസ്ലീം വിരുദ്ധ ക്യാമ്പെയിനുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും നാം ഓര്‍ക്കണം. 1960-കള്‍ക്ക് ശേഷം ഏകദേശം രണ്ടായിരാമാണ്ട് വരെ കേരളീയ പരിസരത്ത് സംഘപരിവാരം ക്ഷമാപൂര്‍വ്വവും നിഗൂഢവുമായി നടത്തിയ ഒരു പ്രവര്‍ത്തന പദ്ധതിയുണ്ട്. അത് കീഴാളമിത്തുകളെയും ആരാധനാ കേന്ദ്രങ്ങളെയും അന്തിത്തിരിത്തറകളെയും ആചാരനുഷ്ഠാനങ്ങളെയുമെല്ലാം ബ്രാഹ്‌മണവല്‍ക്കരിക്കുക എന്നതായിരുന്നു. അങ്ങിനെയാണ് നമ്മുടെ കീഴാള ദേവസ്ഥാനങ്ങളെല്ലാം ബ്രാഹ്‌മണ ഹൈന്ദവക്ഷേത്രങ്ങളായത്. നമ്മുടെ കാവുകളെല്ലാം സവര്‍ണ്ണ ദേവസ്ഥാനങ്ങളായത്. ഇവിടെയൊക്കെ ബ്രാഹ്‌മണപൂജകള്‍ ആരംഭിച്ചത്. കുട്ടിച്ചാത്തനും മുത്തപ്പനും മാടനും മറുതയും കര്യാത്തനുമൊക്കെ സവര്‍ണ്ണ ഹിന്ദു ദൈവങ്ങളായി വേഷം മാറിയത്. ഫലത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്ന് എട്ടും പതിനാറും മുപ്പത്തിരണ്ടും അടി തീണ്ടാപ്പാടകലെ മാറി നിന്ന കീഴാളനെ ഹൈന്ദവവല്‍ക്കരിച്ച് ബ്രാഹ്‌മണാധിപത്യത്തിന് കീഴില്‍ കൊണ്ടുവന്നത്. അതിനവര്‍ക്ക് വിശ്വസ്തരായ സഹപ്രവര്‍ത്തകരായിരുന്നത് നാട്ടിന്‍പുറങ്ങളിലെ നിഷ്‌കളങ്കരായ കമ്യൂണിസ്റ്റ് അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും സത്യമതാണ്. അതായത് കേരളീയ ഇടതുപക്ഷം, പട്ടിണിക്കെതിരെയും ജാതി വാഴ്ചക്കെതിരെയും അസമത്വങ്ങള്‍ക്കെതിരെയും നടത്തിയ സമരങ്ങളിലൂടെ വികസിച്ചു വന്ന ആധുനികതയുടെ ബോധമണ്ഡലത്തെ, മത നിരപേക്ഷ പൊതുത്ത്വത്തെ (Secular public) ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കി വികസിപ്പിക്കുന്ന ക്ഷേത്രപൊതുത്ത്വമാക്കി (Temple public) പരിവര്‍ത്തിപ്പിക്കുകയാണ് സംഘപരിവാരം ചെയ്തത്. അത് വഴി സമൂഹത്തിലെ മഹാഭൂരിപക്ഷത്തെ ഹിന്ദുമതബോധം പേറുന്നവരാക്കി മാറ്റാനും ക്ഷേത്രങ്ങളെ നാട്ടിന്‍ പുറങ്ങളിലേയും നഗരങ്ങളിലേയും ഏറ്റവും ശക്തമായ സാമൂഹ്യ സ്ഥാപനമാക്കി മാറ്റാനും സാധിച്ചു എന്നതാണ്. ഇതുപയോഗിച്ച് ഹിന്ദുത്വ ആശയങ്ങള്‍ക്ക് സാംസ്‌കാരിക മേധാവിത്വത്തിലേക്ക് (Cultural domination)ഉയരാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. പക്ഷേ സംഘപരിവാരം നേരിടുന്ന വെല്ലുവിളി ഈ സാംസ്‌കാരിക മേധാവിത്വത്തെ വോട്ടുബാങ്കുകള്‍ കയ്യടക്കുന്ന രാഷ്ട്രീയ മേധാവിത്വമായി (Political domination) വളര്‍ത്താന്‍ അവര്‍ക്ക് എത്ര പരിശ്രമിച്ചിട്ടും സാധിക്കുന്നില്ല എന്നതാണ്. അവരുടെ ചിന്തന്‍ ബൈഠക്കുകളില്‍ ചര്‍ച്ച ചെയ്ത പ്രമേയങ്ങള്‍ പറയുന്നത്, കേരളത്തില്‍ ഹൈന്ദവവല്‍ക്കരണവും മുസ്‌ളീം വിരുദ്ധതയും വലിയ തോതില്‍ വളര്‍ന്നെങ്കിലും കേരളം വര്‍ഗ്ഗീയ നിലപാടുകളെ ഇപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗ്ഗീയ കലാപങ്ങളാണ് ഇതിനുള്ള മറുമരുന്ന് എന്നും പരിവാര സംഘടനകള്‍ക്ക് നന്നായറിയാം. ഇതിനൊക്കെ അവസരം സൃഷ്ടിക്കുന്ന നിലയിലാണ് കേരളത്തില്‍ ഇസ്ലാമിക രാഷ്ട്രീയവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാറിനെ മതപരമായ കൂട്ടായ്മകളിലൂടെ പ്രതിരോധിക്കുക എന്ന നിലപാടാണ് അവരും മുന്നോട്ടു വെക്കുന്നത്. ഫാസിസത്തെ എതിര്‍ക്കുന്ന മുഴുവന്‍ ജനാധിപത്യ ശക്തികളുടേയും വിശാലമായ സാമൂഹ്യ രാഷ്ട്രീയ ജനാധിപത്യസഖ്യം ( തെരഞ്ഞെടുപ്പ് സഖ്യമല്ല) എന്ന കാഴ്ചപ്പാടിലേക്ക് അവരും എത്തുന്നില്ല. ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ്സിനോ അത്തരമൊരു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്വയം ഉയരാനും കഴിയുന്നില്ല.

ആന്തരികമായി ഇസ്ലാമിന് എത്രമേല്‍ ജനാധിപത്യവാദിയാകാന്‍ കഴിയുമെന്നത് പ്രസക്തം തന്നെയാണ്. അപ്പോഴും ലോകമാകെയുള്ള ഇസ്ലാം മത പ്രസ്ഥാനങ്ങള്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ പാതയാണ് തങ്ങളുടെ അതിജീവനത്തിനു നല്ലത് എന്നു തിരിച്ചറിയുന്നുണ്ട്. യു എ ഇ പോലുള്ള ഒരുപാട് ഇസ്ലാമിക രാജ്യങ്ങള്‍ ഈ വഴിയിലാണ് മുന്നേറുന്നത്. ഐസിസ് മുന്നോട്ടു വെച്ച, 'ഇസ്ലാമിനെ അതിന്റെ ആദിമവിശുദ്ധിയിലേക്ക് തിരിച്ചു നടത്തുക' എന്ന ദുര്‍വ്യാഖ്യാനം ചമച്ച, ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയം, സാമ്രാജ്യത്ത്വ രാഷ്ട്രങ്ങളുടെ പിന്തുണയും പണവും ആയുധവും കുറഞ്ഞതോടെ ഒട്ടൊന്ന് മെലിഞ്ഞിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പുനസ്ഥാപിക്കപ്പെട്ടത് അവസരമാക്കിയും മയക്കുമരുന്ന്, ആയുധവ്യാപാരം എന്നിവ വിപുലമാക്കിയും ഒരു തിരിച്ചുവരവിന് അവര്‍ ശ്രമിക്കുന്നുമുണ്ട്. കേരളത്തിലെ ഇസ്ലാമികരാഷ്ട്രീയം എത് പക്ഷത്ത് അണിനിരക്കും എന്നത് കേരളത്തിന്റെ പൊതുഭാവിക്ക് പ്രധാനം തന്നെയാണ്. എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രനിലപാടാണോ അതോ മുസ്ലീംലീഗ് പോലുളള സംഘടനകള്‍ മുന്നോട്ടു വെച്ചിരുന്ന ജനാധിപത്യ നിലപാടാണോ ശരി എന്ന ചോദ്യം പ്രസക്തമാണ്. മുസ്ലീംലീഗ് അധികാരത്തിനും വോട്ടിനും വേണ്ടി വര്‍ഗ്ഗീയതയെ മാറിയും തിരിഞ്ഞും ഉപയോഗിക്കുന്നത് കാണാതെയല്ല ഇത് പറയുന്നത്. മുസ്ലീം ലീഗിനെ അടപടലം ഇടതുമുന്നണിയിലെത്തിക്കുക, അതുവഴി മൂന്നാം തവണയും അധികാരം ഉറപ്പിക്കുക, എന്ന മിനിമം ലക്ഷ്യം മാത്രം വെച്ച് പ്രവര്‍ത്തിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രതിരോധിക്കാനുള്ള അടവുനയം മാത്രമായി മുനീറിന്റെ ജന്റര്‍ന്യൂട്രല്‍ വസ്ത്രവിവാദത്തേയും മാര്‍ക്‌സ് അധിക്ഷേപങ്ങളേയും കണ്ടാല്‍ മതി, എന്നൊക്കെ ലീഗിലെ ഉല്പതിഷ്ണുക്കള്‍ പറയുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.

മാര്‍ക്‌സിസം കയ്യൊഴിയുന്നവരുടെ വാചോടോപങ്ങള്‍

ഡോ. ബീനാഫിലിപ്പിനെതിരെ പരസ്യനിലപാടെടുത്തും വേണ്ടിവന്നാല്‍ ഒരു പരസ്യശാസന നടത്തിയും കൈ കെഴുകാവുന്ന ഒരു പ്രതിസന്ധിയിലാണോ കേരളത്തില്‍ ഇടതുപക്ഷം അകപ്പെട്ടിട്ടുള്ളത് ? തിരുത്തലുകള്‍ എല്ലാതലത്തിലും നടക്കുന്നില്ലെങ്കില്‍ ആസന്ന ഭാവിയില്‍ തന്നെ അവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് തെരഞ്ഞെടുപ്പു പാര്‍ട്ടിയായി സംസ്ഥാന അധികാരം പിടിക്കാനും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്തതോ അതിലും തീവ്രമായതോ ആയ നയനിലപാടുകള്‍ പിന്തുടാനുമുള്ള പാര്‍ട്ടികളല്ലല്ലോ ഇടതുപാര്‍ട്ടികള്‍. ഒരു വ്യവസ്ഥാമാറ്റം സ്വപ്നം കണ്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. എങ്കില്‍ പിന്നെ അവരുടെ ദാര്‍ശനിക കാഴ്ചപ്പാട് വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദമായിരിക്കണം എന്നത് ഒരു തര്‍ക്കവിഷയമല്ലല്ലോ. 'അത് ഇന്ത്യയില്‍ പ്രായോഗികമല്ല' എന്ന് പരസ്യപ്രസ്താവന നടത്തിയ ഒരാളാണ് സിപിഎമ്മിന്റെ താത്വികാചര്യനായി ഇരിക്കുന്നത്. ഒരു പ്രപഞ്ചാതീതശക്തിയുടേയും സഹായമില്ലാതെ പ്രപഞ്ച ചലനങ്ങളേയും സാമൂഹ്യവികാസ പ്രക്രിയയേയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു തത്വശാസ്ത്ര പദ്ധതി മാത്രമാണ് മാര്‍ക്‌സിസത്തിന്റെ ഭൗതികദര്‍ശനം. അത് മുന്നോട്ടു വെക്കുന്ന, പ്രകൃതിയുടേയും സമൂഹത്തിന്റേയും വൈരുദ്ധ്യാത്മക സ്വഭാവം, മാറ്റത്തിനും വികാസത്തിനും കാരണമായ ചലന നിയമങ്ങള്‍, പൊതുതത്വങ്ങളും നിലപാടുകളും എന്നിവയെ ഉപകരണങ്ങളാക്കി ഒരു പ്രത്യേക സ്ഥലത്തിലും കാലത്തിലും ശരിയായ നിലപാടുകളിലെത്താന്‍ പരിശ്രമിക്കുകയാണ് മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്യുന്നത്. ഇങ്ങനെ ചെന്നെത്തിയ നിലപാടുകളെ അനുഭവങ്ങള്‍ സാധൂകരിക്കുന്നില്ലെങ്കില്‍, പുനപരിശോധിച്ച് പുതിയ നിലപാടുകള്‍ വികസിപ്പിച്ച് സധൈര്യം നടപ്പില്‍ വരുത്തുകയാണ് മാര്‍ക്‌സിസ്റ്റ് രീതി. ഇങ്ങനെ പ്രയോഗവും തിരുത്തലും(trial and error method) നടത്തി മുന്നോട്ടു പോവുക മാത്രമാണ് എത് മാര്‍ക്‌സിസ്റ്റിനും മുമ്പിലുളള മാര്‍ഗ്ഗം. ഇതിനുപയോഗിക്കുന്ന തത്വങ്ങളോ നിയമങ്ങളോ, നിലവിലുളള കാലത്തിലും സ്ഥലത്തിലും മതിയാവുന്നില്ല എന്ന് കണ്ടാല്‍ അവ കൂടുതല്‍ ശരിയിലേക്ക് വികസിപ്പിക്കുക, പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനുളള സാദ്ധ്യതകള്‍ ആരായുക ഇതൊക്കെയാണ് മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രം. വസ്തുത ഇതായിരിക്കേ, വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ പ്രായോഗികമല്ല എന്ന പ്രസ്താവന വഴി എം.വി.ഗോവിന്ദന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഇത്രകാലമായിട്ടും മനസ്സിലായിട്ടില്ല. അദ്ദേഹം പറഞ്ഞതിന് ഒറ്റ അര്‍ത്ഥം മാത്രമേയുള്ളു. അത് മാര്‍ക്‌സിസം ഒരു പ്രയോഗപദ്ധതിയോ അതിന് വഴി കാട്ടുന്ന ദര്‍ശനമോ അല്ല എന്നതാണത്. അങ്ങിനെയെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് മാര്‍ക്‌സിസം സ്വയം ഉപേക്ഷിക്കുകയും അങ്ങിനെ ചെയ്യാന്‍ പാര്‍ട്ടിയെ ഉപദേശിക്കുകയുമാണല്ലോ. പ്രയോഗത്തില്‍ സിപിഎം പോലുളള കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അത് ചെയ്തു കഴിഞ്ഞു എന്ന് കരുതുന്ന ഒരാളാണ് ഈ ലേഖകന്‍. അതവര്‍ പരസ്യമായി അംഗീകരിക്കുന്നില്ലെന്ന് മാത്രം.

വൈരുദ്ധ്യാത്മകതയും കേവലതയും

പാര്‍ട്ടിയുടെ ആദ്യകാലം മുതല്‍ കേരളത്തിലെങ്കിലും വൈരുദ്ധ്യാത്മകത എന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചിരുന്നില്ല. പകരം യാന്ത്രികതയും കേവലതയുമാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാനായത്. ഭൗതികവാദം എന്നത് കേവല നാസ്തികതയായാണ് അവര്‍ മനസ്സിലാക്കിയത്. ഇതുണ്ടാക്കിയ ചില പ്രതിസന്ധികളുണ്ട്. ചരിത്രപരമായി മതം/വിശ്വാസം എന്നിവക്ക് ആഴത്തില്‍ വേരുള്ള ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വിശ്വാസം സ്വന്തം ജീവിതത്തില്‍ വലിയ സ്വാധീനശക്തി തന്നെയായിരിക്കും. സാമാന്യജനത്തിന് അതിനെ നിരാകരിക്കാന്‍ കഴിയണമെന്നില്ല. പലതും നിരാകരിക്കേണ്ട കാര്യവുമുണ്ടാവില്ല. അതിന് നിര്‍ബന്ധിക്കുന്നത് വിപരീത ഫലമാണ് സൃഷ്ടിക്കുക. വൈരുദ്ധ്യാത്മക ഭൗതികവാദം ദൈവാസ്തിത്വത്തെ ഒരു പ്രധാന വിഷയമായോ അടിയന്തിരമായി പരിഹാരം കാണേണ്ട തര്‍ക്കവിഷയമായോ കാണുന്നില്ല. അപ്പോഴും അതിന്റെ പ്രപഞ്ച വീക്ഷണം ഭൗതിവാദപരം തന്നെയാണ്. ചൂഷക വര്‍ഗ്ഗങ്ങള്‍ക്കെതിരായ സാമൂഹ്യ രാഷ്ട്രീയ ബോധത്തിലേക്ക് ജനങ്ങളെ ഉയര്‍ത്താനും ഭൗതിക വീക്ഷണത്തോടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനും, ജനങ്ങളെ പഠിപ്പിക്കാനാണത് പരിശ്രമിക്കുന്നത്. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത് ശരിയായി ചെയ്തിട്ടുമുണ്ട്. തന്റെ കഷ്ടപ്പാടുകള്‍ക്കും ഭാരിദ്ര്യത്തിനും കാരണം ദൈവവിധിയല്ല, ചൂഷണ വ്യവസ്ഥയാണ് എന്ന് ശരിയായി മനസ്സിലാക്കുന്ന ഒരാള്‍ ക്രമത്തില്‍ സമൂഹത്തെ ഭൗതിക കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാന്‍ തുടങ്ങും. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ തന്നെ ഒരു വലിയ പങ്കിന് ഭൗതികവാദവും യുക്തിവാദവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനായില്ല. അത് കഴിയണമെങ്കില്‍ ഒന്നിനെ അതിന്റെ വൈരുദ്ധ്യാത്മക സത്തയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. അതിനുള്ള കഴിവില്ലായ്മ പലപ്പോഴും യുക്തിവാദപരമോ ആശയവാദപരമോ ആയ നിലപാടുകള്‍ സ്വീകരിക്കുന്നതിലേക്ക് അവരെ നയിച്ചു. ക്ഷേത്രത്തിലെ കനലാട്ട സ്ഥലത്തുചെന്ന് തീക്കനലില്‍ ശര്‍ക്കരത്തുണ്ടുകളിട്ട്, കോമരക്കാരന്റെ കാലില്‍ ഉരുകിയ ശര്‍ക്കരയും തീക്കനലും പറ്റിപ്പിടിച്ച് പൊള്ളാനിടയാക്കിയ മണ്ടോടി കണ്ണന്റെ കഥ വായിച്ച് കുട്ടിക്കാലത്ത് ആവേശം കൊണ്ടിട്ടുണ്ട്. ശബരിമലക്ക് പാര്‍ട്ടി അംഗങ്ങള്‍ പോകുന്നതിനെതിരെ എ കെ ജി നിരാഹാരമനുഷ്ടിച്ച കഥയും വായിച്ചിട്ടുണ്ട്. അത് വൈരുദ്ധ്യാത്മകമായ നിലപാടല്ല, എന്ന വിമര്‍ശനം ഒട്ടും കഴമ്പില്ലാത്തതാണ് എന്ന് കരുതുന്നില്ല. പാര്‍ട്ടിയുടെ നയരൂപീകരണ സമിതികളിലും നേതൃഘടകങ്ങളിലുമൊക്കെ പ്രവര്‍ത്തിയുന്നവര്‍ക്ക് ഭൗതിക വാദപരമായ പ്രപഞ്ച വീക്ഷണമില്ലെങ്കില്‍ അതൊരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയല്ലാതായിത്തീരുകയും ചെയ്യും. ഇതേ പോലെ ജാതി ഉള്‍പ്പെടെയുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളേയും സാമൂഹ്യസ്ഥാപനങ്ങളെയും മനസ്സിലാക്കുന്നതില്‍ കേവലവാദത്തിന്റെ സ്വാധീനം കമ്മ്യൂണിസ്റ്റുകാരില്‍ വളരെയധികം പ്രകടമായിരുന്നു. അതുകൊണ്ടു തന്നെ മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന ഉത്സവാഘോഷങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ അകന്നു നിന്നു. ലോകത്താകെ മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്തത് തങ്ങളുടെ പരമ്പരാഗത സംസ്‌കാരം, മിത്തുകള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ സ്വാംശീകരിച്ച് ഉപയോഗിക്കാവുന്നതിനെ ഉപയോഗിക്കുകയും നിരാകരിക്കേണ്ടതിനെ കണിശമായി തന്നെ നിരാകരിക്കുകയുമാണ്. അതുവഴി പാരമ്പര്യത്തില്‍ നിന്നോ സമൂഹത്തിന്റെ സ്വാഭാവിക വളര്‍ച്ചയില്‍ നിന്നോ അപകടകരമായ ഒരു വിഛേദം അവര്‍ക്കുണ്ടായില്ല. അവരുടെ പല പുരാണ കഥാപാത്രങ്ങളേയും മറ്റ് മിത്തുകളേയും സ്വാംശീകരിച്ച് സാമൂഹ്യ വികാസപ്രക്രിയയെ ത്വരിപ്പിച്ച് ഉപയോഗിക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നു. കേരളത്തില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ വിരളമായിരുന്നു. എന്നാല്‍ ഇടതുപക്ഷ സഹയാത്രികരായ കവികളും സാഹിത്യകാരന്മാരുമൊക്കെ ഇത്തരം സാദ്ധ്യതകള്‍ നന്നായി ഉപയോഗിച്ചിട്ടുമുണ്ട്. വൈലോപ്പിള്ളിയുടേയും ഒ എന്‍ വിയുടേയുമൊക്കെ കൃഷ്ണപക്ഷക്കവിതകള്‍ ഓര്‍ക്കുക. ഇടതുപക്ഷം വിട്ടൊഴിഞ്ഞുപോയ മേഖലകളിലേക്കാണ് സംഘപരിവാരം കൗശലപൂര്‍വ്വം കടന്നു വന്നത്. അതുവഴി വിശ്വാസികളായ ജനതയെ 'പൈഡ്‌പൈപ്പര്‍ക്ക് എലികളെയെന്ന പോലെ' കൂടെ കൊണ്ടുനടക്കാനും അവസാനം വര്‍ഗ്ഗീയതയുടെ ആറ്റില്‍ ചാടിക്കാനും കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യം. പതിറ്റാണ്ടുകള്‍ കൊണ്ട് അവര്‍ക്കനുകൂലമായ സാമൂഹ്യ രൂപീകരണം സംഭവിച്ച ശേഷം അത് തിരിച്ചു പിടിക്കാനെന്ന പേരില്‍ പി ജയരാജന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബദല്‍ ശ്രീകൃഷ്ണാഷ്ടമി ആഘോഷം, കര്‍ക്കിടകവാവുബലി എന്നിവയെക്കുറിച്ചൊക്കെ, പരിഹാസ്യം എന്നല്ലാതെ മറ്റെന്തു പറയാനാണ്? സംഘപരിവാരം കയ്യടക്കി ഉപയോഗിക്കുന്ന ഒന്നിന്റെ വളരെ ദയനീയമായ അനുകരണവുമായി അവരുടെ പിറകെ പോകുന്നത് കൊണ്ട് ആര്‍ക്കെന്ത് പ്രയോജനമുണ്ടാകും എന്ന് കേരളത്തിലെ സിപിഎം ഗൗരവമായി ആലോചിച്ചിട്ടുണ്ടോ? 'കപ്പലിന്റെ പിന്നാലെ പറക്കാങ്കൂസ്, എന്ന പോലെ പറക്കാം എന്നല്ലാതെ മറ്റെന്ത് പ്രയോജനമാണ് ഇതുകൊണ്ടുണ്ടാവുക?

ഇതിന്റെ മറുപുറമാണ് എല്ലാതരം അന്ധവിശ്വാസങ്ങളോടും സമരസപ്പെടാനും അതുവഴി വോട്ടു പിടിക്കാനുമൊക്കെയുളള വര്‍ത്തമാനകാല നിലപാടുകള്‍. ഭൗതികവാദപരമായ പ്രപഞ്ച വീക്ഷണം നേതാക്കള്‍ക്കു പോലും അന്യമായിരിക്കുന്നു. സി പി എം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന എസ് രാമചന്ദ്രന്‍ പിള്ള ഭാര്യയുടെ ചിതാഭസ്മം ഹരിദ്വാറിലൊഴുക്കാന്‍ മകനോടൊപ്പം പോയതിന്റെ കഥ മുതല്‍, പുതുതലമുറയിലെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് വിജയം കാംക്ഷിച്ച് ഒരു സന്യാസിയുടെ അനുഗ്രഹം തേടി തൊഴുതു നിന്നത് വരെ കഥ നീളും. ഇ പി ജയരാജന്‍, ശ്രീമതി ടീച്ചര്‍ തുടങ്ങിയ കേന്ദ്രക്കമ്മറ്റി അംഗങ്ങള്‍, കടകംപള്ളി സുരേന്ദ്രന്‍ മുതല്‍ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കൂടിയായ കെ. അനന്തഗോപന്‍ മുതല്‍ ദേവസ്വം പ്രസിഡണ്ടുമാര്‍ തുടങ്ങി ജില്ലാക്കമ്മിറ്റിയിലേക്കൊക്കെ വന്നാല്‍ വിശ്വാസികളുടെ മലവെള്ളപ്പാച്ചില്‍ നാം കാണേണ്ടിവരും. എന്താണിത് കാണിക്കുന്നത്? പാര്‍ട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നവര്‍ പോലും വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിക്കുകയും ക്ലാസെടുക്കുകയുമൊക്കെ ചെയ്യുന്നതല്ലാതെ, എണ്ണം പറഞ്ഞ ദൈവവിശ്വാസികളും ആശയവാദികളുമാണ് എന്നതല്ലേ? ഇത് തികഞ്ഞ കാപട്യമല്ലേ? ഇവരെങ്ങിനെയാണ് മാര്‍ക്‌സിസ്റ്റാവുക? അടിത്തട്ടിലെ വിശ്വാസപ്രശ്‌നങ്ങളെ നമുക്കാ നിലയില്‍ മനസ്സിലാക്കാം. എന്നാല്‍ മാര്‍ക്‌സിസ്റ്റ് എന്ന് ബ്രാക്കറ്റില്‍ പ്രത്യകമായി രേഖപ്പെടുത്തിയ, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയധാരകള്‍ പിന്‍പറ്റുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണല്ലോ സി പി എം. ആ പാര്‍ട്ടിയുടെ നേതാക്കളുടെ ആശയഅടിത്തറ ഇവ്വിധം ദുര്‍ബലമായാല്‍ പിന്നെ ആ പാര്‍ട്ടി എങ്ങിനെയാണ് മാര്‍ക്‌സിസ്റ്റ് ദര്‍ശനം പിന്തുടരുന്ന പാര്‍ട്ടിയാവുക? ഇതുപോലെ കപടമായ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് എങ്ങിനെയാണ് ജനവിശ്വാസം വീണ്ടെടുക്കാനാവുക?

ഡോക്ടര്‍ ബീനാ ഫിലിപ്പിനെ ഒരിക്കലും ഒരു സംഘടനാ പ്രവര്‍ത്തകയായി ഞാന്‍ കണ്ടിട്ടില്ല. അവര്‍ പാര്‍ട്ടി അംഗവുമായിരുന്നിട്ടില്ല. മേയറായശേഷം പ്രത്യേക പദവി കണക്കിലെടുത്ത് അംഗത്വം നല്‍കിയോ എന്നറിയില്ല. അവര്‍ ഒരു സാധാരണ ടീച്ചറായിരുന്നു. വിരമിച്ച ശേഷം കൈവന്ന ഒരു സ്ഥാനലബ്ധിയാണ് മേയര്‍ പദവി. അവരെ പാര്‍ട്ടി നിലപാടുകള്‍ പഠിപ്പിച്ചെടുക്കേണ്ടവരുടെ കാപട്യമാണ് മുകളിലുദ്ധരിച്ചത്. ഇത്തരം ഒരു സാഹചര്യത്തില്‍ അവര്‍ക്ക് സംഭവിച്ച പോരായ്മകള്‍ പര്‍വ്വതീകരിച്ച് ചര്‍ച്ച ചെയ്തത് കൊണ്ട് ഒരു പ്രയോജനവും ലഭിക്കാനില്ല. തിരുത്തല്‍ പ്രക്രിയ മുകളില്‍ നിന്നാണ് തുടങ്ങേണ്ടത്. ഉറങ്ങണമെങ്കില്‍ കള്ള് ഇനിയുമൊരു പാട് കുടിക്കേണ്ടിവരും എന്ന് ചുരുക്കം.

Related Stories

No stories found.
The Cue
www.thecue.in