ഗാന്ധിയെ കൊന്നതാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കണം

ഗാന്ധിയെ കൊന്നതാണെന്ന് 
പറഞ്ഞുകൊണ്ടേയിരിക്കണം

മത ഭ്രാന്തനായ നാഥുറാം വിനായക് ഗോഡ്‌സെ ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊലപ്പെടുത്തി എന്ന് ചെറിയ ക്ലാസ്സുകളിൽ വരെ നമ്മളെ പഠിപ്പിക്കുമ്പോൾ അത് സംഘപരിവാറിനെ തിരിച്ചറിയാനുള്ള ഒരു തുമ്പായിരുന്നു. കാര്യങ്ങൾ മനസ്സിലാകുന്ന പ്രായത്തിൽ ഇങ്ങനെ പഠിച്ചുവന്ന വിദ്യാർത്ഥികൾ ഗോഡ്സെക്ക് പുറകിൽ സംഘ്പരിവാറാണെന്ന് തിരിച്ചറിഞ്ഞു. അതിനു ശക്തമായ ഒരു രാഷ്ട്രീയ വിദ്യാഭ്യാസവും സ്‌കൂളുകൾക്ക് പുറത്ത് ലഭ്യമായിരുന്നു.

ഇന്ന് ഗാന്ധിയെ കൊലപ്പെടുത്തിയത് ഒരു മാതഭ്രാന്തനായിരുന്നു എന്ന് സ്‌കൂളുകളിൽ പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ അതിനെതിരായ കൗണ്ടർ നരേറ്റീവുകൾ ഇന്ന് പൊതുമണ്ഡലത്തിൽ ശക്തമാണ്. ഒന്നല്ല. പലത്. പലതരം. ഇന്ത്യയിലെ ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത് ഒരു നരേറ്റീവ് മാത്രം കൊണ്ടാവില്ല എന്ന് സംഘപരിവാറിന് നന്നായറിയാം. ഓരോ തരത്തിലുള്ള ആളുകളെയും തങ്ങളോട് അടുപ്പിക്കാൻ വേണ്ടവിധത്തിൽ കഥകൾ അടിച്ചിറക്കാനായി സംഘപരിവാറിന് ഒരു നരേറ്റീവ് ഫാക്റ്ററി തന്നെയുണ്ട്.

ചരിത്രത്തെ തിരുത്തിയെഴുതുക ഫാസിസ്റ്റ് പ്രക്രിയയിലെ ഒരു പ്രധാന അജണ്ടയാണ്. അവിടെയാണ് ഗാന്ധി കൊല്ലപ്പെട്ടതല്ല, ആത്മഹത്യ ചെയ്തതാണ് എന്ന ചോദ്യം പരീക്ഷാ ചോദ്യപ്പേപ്പറിൽ കടന്നുവരുന്നത്. ഗുജറാത്തിലാണ് ആ ചോദ്യം കടന്നുവന്നത് എന്നതുകൊണ്ട് കേരളം ഒരു വേറിട്ട ദ്വീപാണ് എന്ന് വിശ്വസിക്കാനാണ് നമുക്ക് താൽപ്പര്യം. ഗുജറാത്തിലെ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യം ഒറ്റപ്പെട്ടതാണ് എന്ന് നമ്മളാരും പറയാറില്ലല്ലോ. അപ്പോൾ കേരളത്തിലും അത്തരത്തിൽ സംഭവിച്ചാലോ. അത് ഒറ്റപ്പെട്ട സംഭവമായും, ഒരു ചെറിയ എറർ ആയും നമുക്ക് കരുതാനാവുമോ?

ഉണ്ട്! ഇവിടെയും ഉദാഹരണങ്ങളുണ്ട്. ഗാന്ധിവധത്തിൽ പ്രതിയായിരുന്ന സവർക്കറുടെ ചിത്രം ഭാരത് ജോഡോ യാത്രയെ വരവേൽക്കുന്ന എറണാകുളത്തെ ഫ്ലക്സ് ബോർഡുകളിൽ പ്രത്യക്ഷപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണ്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനായുള്ള കുടകളിൽ സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണ്. ചിലപ്പോൾ ഗാന്ധി തൊപ്പിവച്ച ഫോട്ടോ ആണെന്ന് തെറ്റിദ്ധരിച്ചതായിരിക്കാം. ഗാന്ധിക്കും സവർക്കർക്കും മീശയില്ലല്ലോ!

2022 ജനുവരി 30. കൃത്യം ഒരു വർഷം മുൻപ്. സാംസ്കാരിക തലസ്ഥാനത്തെ പ്രബുദ്ധ കലാലയമായ കേരളവർമ്മയിൽ നിന്നും ഒരു സോഷ്യൽ മീഡിയ പോസ്റ്റർ വന്നു. എൻ.എസ്.എസ് വകയായിരുന്നു ആ പോസ്റ്റർ. ജനുവരി 30, രക്തസാക്ഷി ദിനം എന്ന പേരിൽ ആയിരുന്നു ആ പോസ്റ്റർ. അതിൽ ഗാന്ധി ഒഴിച്ച് എല്ലാവരുമുണ്ട്. കൂടെ സവർക്കറും. ഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ, ഗാന്ധിയെ സ്മരിക്കേണ്ട പോസ്റ്ററിൽ ഗാന്ധിവധത്തിൽ പ്രതിയായിരുന്ന സവർക്കറുടെ പോസ്റ്റർ. ഔദ്യോദിക പോസ്റ്റർ അല്ല എന്ന് പറഞ്ഞുകൊണ്ട്, ക്ഷമയും പറഞ്ഞ് എൻ.എസ്.എസ് അധികാരികൾ നൈസ് ആയി തലയൂരി. പക്ഷെ അത് എൻ.എസ്.എസ് ഔദ്യോ​ഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും തന്നെയാണ് പ്രചരിച്ചത് എന്നത് ഒരു അപ്രിയ സത്യമായി മറന്നുകളഞ്ഞു. ഒരു കോളിളക്കവും സൃഷ്ടിക്കാതെ രക്തസാക്ഷിയായ, സ്വാതന്ത്ര സമര സേനാനിയായ സവർക്കർ കടന്നുപോയി. അല്ല ഇത് കേരളമാണല്ലോ. അങ്ങനെയൊന്നും സംഭവിക്കില്ല. സംഭവിച്ചാൽ തന്നെ അത് ആരുടെയോ ചെറിയ എറർ മാത്രമാണ്. ആരുടെയോ എറർ. ആരും ഒന്നിന്റെയും ഉത്തരവാദികളാവില്ല.

സത്യാനന്തര കാലത്ത് ഗാന്ധി അഭിമുഖീകരിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്‌. സ്വന്തം അസ്‌തിത്വം പോലും നഷ്ടപ്പെട്ട് പരലോകത്ത് വിതുമ്പുകയാണ് ഗാന്ധി എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. പത്തമ്പത് കൊല്ലം ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവായി അറിയപ്പെട്ട വ്യക്തി ഇന്ന് ഇത്തരം ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട് എങ്കിൽ രാജ്യം നേരിടുന്ന പ്രതിസന്ധി അത്രയും ശക്തമാണ്. സത്യത്തെ തിരഞ്ഞുപോകാൻ ഒരു ജനതയെ പഠിപ്പിച്ചയാൾ തന്നെ സത്യാന്തരത്തിൽ പെട്ട് ഒരു വിശദീകരണം കൊടുക്കാൻ പോലുമാകാതെ വിലപിക്കുന്നതാണ് ദുരവസ്ഥ. ഇന്ന് ഗാന്ധി ജീവിച്ചിരിക്കുന്നുണ്ടെകിൽ ഗാന്ധി അഹിംസയിൽ ഉള്ള വിശ്വാസം തുടരും എന്ന് കരുതാൻ യാതൊരു നിവർത്തിയുമില്ല ഇന്നത്തെ ഇന്ത്യയിൽ.

ഗാന്ധി എന്തിനും അതീതനാണ് എന്നല്ല പറഞ്ഞുവരുന്നത്. വിമർശനങ്ങളാവാം, പക്ഷെ ഇവിടെ സംഭവിക്കുന്നത് വിമർശനങ്ങൾക്കപ്പുറത്ത് ഗാന്ധി ഇവിടെ ജീവിച്ചിരുന്നു എന്നത് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്, ഗാന്ധി വധത്തിലെ സംഘപരിവാറിന്റെ പങ്ക് വെള്ളപൂശാനുള്ള ശ്രമങ്ങളാണ്. അതിന് പലരും പ്രത്യക്ഷമായും പരോക്ഷമായും നേതൃത്വം നൽകുന്നു.

ഗാന്ധിയുടെ കൊലപാതകത്തിൽ സംഘപരിവാറിനുള്ള പങ്കിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ മാത്രമല്ല നടക്കുന്നത്. ഗാന്ധി കൊല്ലപ്പെടേണ്ടവനായിരുന്നു എന്ന നരേറ്റീവുകൾ വരെ സംഘപരിവാർ ഫാക്റ്ററികൾ പടച്ച് വിടുന്നുണ്ട്. ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ വാദങ്ങളാണ് ഇന്ന് ജനങ്ങളുടെ മനസ്സിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാവാനും, ഗാന്ധിയെ ഇന്ത്യയ്ക്ക് ചേരത്തെ നേതാവായി ചിത്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്നത്. ഗാന്ധിയെ കൊന്നതിന്റെ വിശദീകരണം എഴുതിക്കൊണ്ട് ഗോഡ്‌സെ അവസാനം ഇങ്ങനെയെഴുതി “I Have no doubt that honest writers of history will weigh my act and find the true value thereof someday in future” (Why I Killed Gandhi – Godse).

"ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായി ഇരിക്കാനാണ് യോഗ്യൻ, അദ്ദേഹം ഹിന്ദുക്കൾക്ക് വേണ്ടി നിലകൊണ്ടില്ല, അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ചു, ഗാന്ധി ഹിന്ദിയെ ദേശീയ ഭാഷ ആക്കുന്നതിനു വിഘാതം നിന്നു" ഇതൊക്കെയാണ് ഗാന്ധിവധത്തിന്റെ ന്യായീകരണമായി ഗോഡ്‌സെ എഴുതിയത്. ഇതേ ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ മുദ്രാവാക്യം തന്നെയാണ് ഇന്ന് സംഘപരിവാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദു ദേശീയത സംഘപരിവാർ വളർത്തുമ്പോൾ, ഗോഡ്‌സെയുടെ ആശയങ്ങളിലൂടെ ഗാന്ധി വധത്തെ ന്യായീകരിക്കുക കൂടി ചെയ്യുന്നുണ്ട് സംഘപരിവാർ. ഗാന്ധി പ്രതിമയ്ക്കുനേരെ നിറയൊഴിക്കുന്ന ഹിന്ദുത്വ തീവ്രവാദികളുടെ പ്രവർത്തികൾ നമ്മുടെ രാജ്യത്ത് ഒരു ആശ്ചര്യം പോലും സൃഷ്ടടിക്കാതെ കടന്നുപോകുന്നതും, അത് തീവ്വ്രവാദത്തിന്റെ നിർവചനത്തിൽ പെടാത്തതും സംഘപരിവാറിന്റെ ഹിന്ദുത്വ വാദങ്ങൾ ഇവിടെ അത്രയും വേരുപിടിച്ചതുകൊണ്ടാണ്.

Godse
Godse

പാഠപുസ്തകങ്ങളിൽ നിന്നും, മുഖ്യധാരയിൽ നിന്നും ചരിത്രം പുറം തള്ളപ്പെടുന്ന ഈ കാലത്ത്, ഈ സത്യാനന്തര കാലത്ത് ഗാന്ധി മരിച്ചതല്ല, കൊന്നതാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. സംഘപരിവാറാണ് ഗാന്ധി വധത്തിന് പുറകിലെന്ന് ഉറക്കെ വിളിച്ചുപറയുക തന്നെ വേണം. ആ ഓർമ്മപ്പെടുത്തൽ ഈ രാജ്യം ആഗ്രഹിക്കുന്നുണ്ട്. ചരിത്രത്തെ കീഴ്മേൽ മറിക്കാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള ആഹ്വാനങ്ങളും ബിജെപി-സംഘപരിവാർ നേതൃത്വങ്ങളിൽനിന്നും അടുത്തകാലത്ത് നാം കേട്ടു. ഇന്ത്യയുടെ ചരിത്രത്തിന് പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. ആ പ്രശ്നങ്ങൾ പരിഹരിക്കലല്ല സംഘപരിവാർ ആഗ്രഹിക്കുന്നത്. അവർക്ക് വേണ്ടത് ഒരു ഹിന്ദുത്വ-ഫാസിസ്റ്റ് രാഷ്ട്രം യാഥാർഥ്യമാകുന്നതിന് വേണ്ട ചരിത്രമാണ്. ആ ഇന്ത്യയുടെ ചരിത്രത്തിൽ ഗാന്ധിയുണ്ടാവരുത്, നെഹ്‌റു ഉണ്ടാവരുത്, മതേതരത്വം ഉണ്ടാവരുത്. അതുകൊണ്ട് ചരിത്രം ഓർമ്മപ്പെടുത്തുക തന്നെ വേണം.

Related Stories

No stories found.
logo
The Cue
www.thecue.in