'അമ്മ'യറിയാൻ

'അമ്മ'യറിയാൻ

മലയാളസിനിമാലോകവും വിഗ്രഹവത്ക്കരിക്കപ്പെട്ട പുരുഷാധിപത്യവും

പാര്‍വതി, രേവതി, പദ്മപ്രിയ, റിമ കല്ലിങ്കല്‍ തുടങ്ങിയവരടങ്ങിയ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ കൂട്ടായി കേരളത്തിലെ പൊതുസമൂഹത്തോട് സംസാരിച്ചു തുടങ്ങിയിട്ട് ഏകദേശം മൂന്നുവര്‍ഷങ്ങളായി. അവരുടെ വാക്കുകള്‍ ചെറിയ തോതിലെങ്കിലും ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുമുണ്ട്. അവര്‍ മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് പൗരസമൂഹം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ വാക്കുകളില്‍ നീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട് എന്ന് സമൂഹം തിരിച്ചറിയുന്നു. അവരുടെ പരാതികള്‍ പ്രധാനമായും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ടതാണ്. ജനകീയകലയായ സിനിമയുമായി ബന്ധപ്പെട്ട ഒരു ലോകത്തു നിന്നുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രലോകം പൊതു സമൂഹത്തിലെ മാറ്റങ്ങളെ വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല എന്നതാണ് അവരുടെ പരാതിയുടെ പൊരുള്‍. ഇതിനെ ചില ഒറ്റപ്പെട്ട സംഭവങ്ങളായി നോക്കിക്കണ്ട് പക്ഷംചേരാനുള്ള ശ്രമവും നമുക്കിടയില്‍, കേരളിയ സമൂഹത്തില്‍ സജീവമായി നടക്കുന്നുണ്ട്. അവര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കുന്നു എന്നതുകൊണ്ട് അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് വിധിയെഴുതാന്‍ ശ്രമിക്കരുത്. ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ അവര്‍ ചില സംഭവങ്ങളുടെ പിന്‍ബലം പറ്റി സംസാരിച്ചെന്നു വരും. എന്നാല്‍ അത് വിരല്‍ ചൂണ്ടുന്നത് ആ രംഗത്തെ ചില അടിസ്ഥാന പ്രശ്‌നങ്ങളിലേക്കാണ്. ഉച്ചത്തില്‍ കേള്‍ക്കുന്ന സംഭവങ്ങള്‍ പലപ്പോഴും നിശ്ശബ്ദമായ സഹനത്തിന്റെ പൊട്ടിത്തെറികളാവാനും സാദ്ധ്യതയുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം. ഇവരെല്ലാം ചേര്‍ന്ന് രൂപംകൊടുത്ത വിമന്‍ ഇന്‍ സിനിമ കളക്ടീവ് (wcc) എന്ന സംഘടന കഴിഞ്ഞ മൂന്നുവര്‍ഷമായി ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങള്‍ ആരെയാണ് പ്രതിക്കൂട്ടിലാക്കുന്നത് എന്ന് നമുക്കെല്ലാമറിയാം. ഈ സംഘടനയുടെ നിലപാടിലൂടെ പ്രതിക്കൂട്ടിലായിപ്പോയ താരസംഘടയായ എ.എം.എം.എ എടുക്കുന്ന നിലപാട് എന്ത് എന്നും നമുക്കറിയാം. ക്രിയാത്മകമായ ഒരു നേരിടലിന് അവര്‍ നാളിതുവരെ തയ്യാറായിട്ടില്ല. ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ വേരുകള്‍ നമ്മള്‍ പുറമെ കാണുംപോലെ ബാഹ്യതലത്തിലുള്ളതല്ല. അതെന്താണെന്നാണ് കേരളം മനസ്സിലാക്കേണ്ടത്. അത്തരമൊരന്വേഷണത്തിനുള്ള സാദ്ധ്യതയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ചെറിയ കാലംകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതിനെ പാടേ തള്ളിക്കളയാന്‍ മറുപക്ഷത്തുള്ളവരുടെ അസാമാന്യമായ താരപരിവേഷം മാത്രം പോര എന്നും ഇതിനകം ബോദ്ധ്യപ്പെട്ട വസ്തുതയാണ്.

പ്രതിസ്ഥാനത്തുള്ള താരസംഘനയായ എ.എം.എം.എ.യുടെ നേതൃത്വത്തിലുള്ളത് മലയാളസിനിമയിലെ പ്രമുഖ പുരുഷതാരങ്ങളാണ്. കൂടെയുള്ളത് അവരുടെ വിനീതവിധേയരായ, സിനിമയുടെ ചുറ്റുവട്ടത്ത് നിലനിന്നുപോരുന്ന ചില ചില്ലറ നടത്തിപ്പുകാരും. ഇവരുടെ ചെയ്തികളും നിലപാടുകളുമാണ് വിമര്‍ശനവിധേയമാവുന്നത്. അതില്‍ പ്രതിഷേധിച്ചാണ് ഒടുവിലായി നടി പാര്‍വതി ആ സംഘടന വിട്ടുപോയതും പുതിയ വിവാദത്തിന് കളമൊരുങ്ങിയിട്ടുള്ളതും.

സ്ത്രീയവസ്ഥകളെ തിരിച്ചറിയാന്‍ പുരുഷമേധാവിത്വത്തിന്റെ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റേ മതിയാവൂ. കയ്യടി കിട്ടുന്നുണ്ടോ എന്നല്ല, എന്തിനാണ് കയ്യടി കിട്ടുന്നത് എന്ന് ആലോചിക്കണം. സമ്പത്തിനും പ്രശസ്തിയ്ക്കും വിധേയപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് വ്യക്തിത്വമാണ്. കാര്യങ്ങളെ വ്യക്തതയോടെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയാണ് നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

ഇവര്‍ക്കിടയില്‍ ഒരു സംഘര്‍ഷമുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. യഥാര്‍ത്ഥത്തില്‍ അത് സിനിമയുമായി ബന്ധപ്പെട്ട സംഘര്‍ഷവുമല്ല. അത് നീതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ്. ലിംഗനീതിയുമായി ബന്ധപ്പെട്ട, തുല്യനീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സത്യസന്ധമായി നേരിടാത്തതുകൊണ്ട് വന്ന പ്രശ്‌നങ്ങളാണ്. പുരുഷമേധാവിത്വത്തിന് കീഴടങ്ങിപ്പോയ ഒരു ബിസിനസ്സിന്റെ പ്രശ്‌നങ്ങളാണ്. അല്ലാതെ അതിന് സിനിമ എന്ന കലാരംഗവുമായി ബന്ധമില്ല. നിര്‍ഭാഗ്യവശാല്‍ എ.എം.എം.എ എന്ന താരസംഘടന സിനിമ എന്ന കലയെ അല്ല, വ്യവസായത്തെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുന്നത്. ആ സംഘടനയുടെ തലപ്പിത്തിരിക്കുന്നവര്‍ പ്രായോഗികതലത്തില്‍ സിനിമ എന്ന കലയെയല്ല വ്യവസായത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ അവിടെയിരിക്കുന്നത് സമ്പത്തിന്റെയും പ്രശസ്തിയുടെയും മാത്രം പിന്‍ബലത്തിലാണ്. അഭിനയമികവിന്റെയോ, കലയോടുള്ള പ്രതിബദ്ധതയുടെയോ പിന്‍ബലത്താലല്ല. അതുകൊണ്ടാണ് സാമാന്യം സാമൂഹ്യബോധം കണ്ടേക്കും എന്ന് നാം വിശ്വസിക്കുന്ന മലയാളത്തിന്റെ വര്‍ത്തമാനകാലത്തെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും നിശ്ശബ്ദരായിപ്പോകുന്നത്. അവരുടെ നിശ്ശബ്ദതയുടെ പിന്‍ബലം പേറിയാണ് ഇതര ഭാരവാഹികള്‍ വിവരക്കേടിങ്ങനെ ജല്‍പിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ നിശ്ശബ്ദരായത് അവര്‍ക്ക് സ്വന്തമായ അഭിപ്രായങ്ങളില്ലാത്തതു കൊണ്ടാണോ? തീര്‍ച്ചയായും അല്ല. മറിച്ച് അവര്‍ വിഗ്രഹവത്ക്കരിക്കപ്പെട്ടതുകൊണ്ടാണ്. അതിലവര്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നു. ജീവിച്ചിരിക്കുമ്പോള്‍ വിഗ്രഹവത്ക്കരിക്കപ്പെടുന്നതിന് കൂട്ടുനിന്നാല്‍ അടിമയാവുക എന്നുകൂടിയാണര്‍ത്ഥം. വിഗ്രഹവത്ക്കരിക്കപ്പെടാനിടയായ വ്യവസ്ഥിതിക്ക് അടിമപ്പെട്ടു മാത്രം നേടുന്ന അംഗീകാരമാണത്. മറ്റംഗീകാരങ്ങളെയെല്ലാം അത് നിഷ്പ്രഭമാക്കും.

നമ്മുടെ അറിവിനെയും ബോധ്യങ്ങളെയും പണയപ്പെടുത്തി നേടുന്ന സ്ഥാനം അഥവാ സമ്മതി, അത് അടിസ്ഥാനപരമായി അടിമയുടേതാണ്. മാത്രവുമല്ല, അതൊരു ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ തുടര്‍ച്ചയോ, ശേഷിപ്പോ ആവാനേ വഴിയുള്ളു. താരസംഘടനയായ എ.എം.എം.എയെ നിയന്ത്രിക്കുന്നത് ഇത്തരമൊരു ഫ്യൂഡല്‍ മനോഭാവമാണ്. ജനാധിപത്യത്തിന്റെയോ ആധുനികതയുടെയോ കാറ്റ് കടക്കാതെ സ്വയം മതിലുകള്‍ തീര്‍ത്ത് അത് തരംതാഴുകയാണ്. കേരള സമൂഹ മന:സ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ പോലും ഈ സംഘടന തിരിച്ചറിയുന്നില്ല എന്നത് എത്ര ലജ്ജാകരമാണ്! ചെറിയ കാലംകൊണ്ട് ചുരുക്കം ചിലരാല്‍ സൃഷ്ടിക്കപ്പെട്ട വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന കൈവരിച്ച ബൗദ്ധികമുന്നേറ്റം ഇതിനകം തന്നെ കേരള സമൂഹത്തിന്റെ ആദരം നേടിക്കഴിഞ്ഞു. അതിലെ അംഗങ്ങളായ വനിതകള്‍ വ്യക്തിപരമായി ആഴത്തില്‍ പ്രശ്‌നങ്ങളെ കാണാന്‍ കഴിവുള്ളവരും അത് പോതുബോധ്യത്തിന്റെ പിന്‍ബലത്തോടെ പ്രകടിപ്പിക്കാന്‍ പ്രാപ്തിയുള്ളവരുമാണെന്ന് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. അപ്പോഴാണ് മറുപക്ഷം പ്രാകൃതമനസ്സോടെ കേവലമായ രാഷ്ടീയശരികളെപ്പോലും ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നത്. മാടമ്പിമനസ്സുകൊണ്ടാണ് അവര്‍ കാര്യങ്ങളെ കാണുന്നത് എന്നുവേണം കരുതാന്‍. സിനിമകളില്‍ അഭിനയിച്ചു പൊലിപ്പിച്ച മാടമ്പികഥാപാത്രങ്ങളുടെ മനസ്സ് അഭിനേതാക്കളുടെയും അതാഘോഷിച്ച അനുചരന്മാരുടെയും മനസ്സുകള്‍ ആവാഹിച്ചുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകളുടെ അവകാശത്തെപ്പറ്റിയും മനുഷ്യാവകാശ ലംഘനത്തെപ്പറ്റിയും ഒന്നും ചിന്തിക്കാനോ സംസാരിക്കാനോ അവര്‍ക്ക് കഴിയാത്തത് . തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ അവരെ അലട്ടാത്തത്. സ്ത്രീയവസ്ഥകളെ തിരിച്ചറിയാന്‍ പുരുഷമേധാവിത്വത്തിന്റെ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റേ മതിയാവൂ. കയ്യടി കിട്ടുന്നുണ്ടോ എന്നല്ല, എന്തിനാണ് കയ്യടി കിട്ടുന്നത് എന്ന് ആലോചിക്കണം. സമ്പത്തിനും പ്രശസ്തിയ്ക്കും വിധേയപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് വ്യക്തിത്വമാണ്. കാര്യങ്ങളെ വ്യക്തതയോടെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയാണ് നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

സിനിമാരംഗത്തെ വനിതാ കൂട്ടായ്മ അറിഞ്ഞോ അറിയാതെയോ ഒരു ചരിത്രമുഹൂര്‍ത്തത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഒരുവേള ഇതിന്റെ തുടക്കത്തില്‍ ഇത്തരം സാദ്ധ്യതകളും ഏറ്റെടുക്കലുകളും അവരും ഓര്‍ത്തിരിക്കാനിടയില്ല. ഒരു തുറന്നുകാട്ടല്‍, ഏറിയാല്‍ തിരുത്തലിനുള്ള ഒരാഹ്വാനം അതായിരിക്കും ആഗ്രഹിച്ചിരിക്കുക. തുറന്നുകാട്ടലില്‍ ആദ്യം ആരും കുലുങ്ങിയില്ല. സമ്പത്തിന്റെയും പ്രശസ്തിയുടെയും പുകമറ കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ പൊതുശ്രദ്ധയില്‍ നിന്ന് അകറ്റി നിര്‍ത്താനും നിലനിന്നിരുന്ന സൈ്വരവിഹാരം തുടര്‍ന്നുകൊണ്ടുപോകാനും മറുപക്ഷത്തിന് സാധിച്ചു. അത് സാദ്ധ്യമായത് വിഗ്രഹവത്ക്കരിക്കപ്പെട്ട മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനസമ്മതം കൊണ്ടു മാത്രമാണ്. കേരളം പോലൊരു സമൂഹത്തില്‍ അവരെപ്പോലുള്ള നടന്മാര്‍ നേടിയെടുത്ത സ്വാധീനം അത്ര വലുതാണ്. ക്രിയാത്മക ഇടപെടല്‍ അവരില്‍ നിന്ന് ഉണ്ടാകാതിരുന്നിട്ടും അത് നമ്മുടെ സജീവചര്‍ച്ചയിലേക്ക് വന്നതേയില്ല. അവരുടെ ഇംഗിതം പോലെ അതങ്ങു തണുത്തുപോയി. എന്നാലിപ്പോള്‍ വിഷയം വീണ്ടും രംഗത്തുവരികയും അതിന്റെ പൊതുമാനങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിന് തുടക്കം കുറിച്ചത് നടി പാര്‍വതിയുടെ എ. എം.എം.എ എന്ന സംഘടനയില്‍ നിന്നുള്ള പ്രതിഷേധ രാജിയാണ്. പ്രതിഷേധത്തിന്റെ കാരണമായ സംഭവം ഇടവേള ബാബുവിന്റെ ഒരു പ്രതികരണമാണ്. കൂടാതെ മറ്റൊരു പ്രധാനിയ്‌ക്കെതിരായ ലൈംഗികാരോപണത്തെ സംഘടന അവഗണിച്ച സംഭവവും. ഇവ രണ്ടും കാണിക്കുന്നത് ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഫ്യൂഡല്‍ മനോഭാവം തന്നെയാണ്. അത് നടത്തിപ്പുകാരുടെ സ്വരത്തിലും സംഘടനയുടെ നയത്തിലും പ്രകടമാണ്. ഇതിനെയാണ് വനിതാകൂട്ടായ്മ പൊതുസമൂഹത്തിന്റെ മുന്നിലെ ചര്‍ച്ചയിലേക്ക് വീണ്ടും കൊണ്ടുവന്നു വെച്ചത്. ഇവരുന്നയിച്ച കാര്യങ്ങള്‍ക്കപ്പുറത്തേക്ക് പ്രതിസന്ധിയ്ക്ക് മാനം കൈവരുകയും മാടമ്പിമാരുടെ സൂത്രപ്പണികള്‍ കൊണ്ട് തടുത്തുനിര്‍ത്താനാവാത്ത ഒന്നായി അത് പരിണമിക്കുകയും ചെയ്തു.

സിനിമയ്ക്കകത്തെ പാഠങ്ങളെ നവീകരിക്കുന്നതില്‍ വളര്‍ന്നുവരുന്ന പുതിയ തലമുറ ഒരു ഭാഗത്ത് വലിയ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ മലയാളത്തിലെ സിനിമാവ്യവസായം സമഗ്രമായ തലത്തില്‍ പുതുക്കിപ്പണിയലിന് വിധേയമാവുന്നില്ല. അതിന്റെ പ്രധാന കാരണം അതിനകത്ത് ജനാധിപത്യത്തിന്റെ വെളിച്ചം ഇനിയും കടന്നുവന്നിട്ടില്ല എന്നതുതന്നെയാണ്. അവിടെ ഇരുമ്പുമതിലു പോലെ ഈ പുരുഷാധിപത്യ സംഘടന നിലകൊള്ളുന്നുണ്ട്. നേതൃത്വത്തിലുള്ളവരുടെ സങ്കുചിത മനസ്സ് അതിനുള്ളിലെ മറ്റൊരു വന്‍മതിലാണ്. അവര്‍ സംരക്ഷിയ്ക്കുന്നത് ചില നിക്ഷിപ്തതാല്‍പര്യങ്ങളെയും നേരത്തെ സൂചിപ്പിച്ച ഫ്യൂഡല്‍ സംസ്‌കാരത്തെയുമാണ്. അതിനെ മടികൂടാതെ സമയോചിതമായി ചോദ്യംചെയ്തു എന്നതാണ് വനിതാകൂട്ടായ്മ നിര്‍വ്വഹിച്ച ദൗത്യം. അതിന്റെ വിജയംകാണല്‍ അവരുടെ ഉത്തരവാദിത്തമായി ഞാന്‍ കണക്കാക്കുന്നില്ല. അതിനി കേരളത്തിലെ പൗരസമൂഹം ഏറ്റെടുക്കേണ്ട ഒന്നാണ്. സിനിമ ആത്യന്തികമായി അസാധാരണ ശക്തിയുള്ള ഒരു ജനകീയ മാധ്യമമാണ്. അതിന്റെ സന്ദേശങ്ങള്‍ ലക്ഷക്കണക്കിനാളുകളിലേക്ക് ചെറിയ സമയംകൊണ്ട് എത്തിച്ചേരും. പലപ്പോഴും ഇതിന് സിനിമാപ്രേക്ഷകരാവേണ്ടതു പോലുമില്ല. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴും ഭ്രമാത്മകമായ ഒരാസക്തി സിനിമയുടെ ഇഷ്ടക്കാരില്‍ നിലകൊള്ളുന്നു എന്ന് നമ്മള്‍ തിരിച്ചറിയണം. ആ ആസക്തിയെയാണ് സിനിമയിലെ പുരുഷവിഗ്രഹങ്ങള്‍ മുതലെടുക്കുന്നത്. അതാണ് ആദ്യം മാറേണ്ടത് . എങ്കില്‍ മാത്രമേ ലോകനിലവാരമുള്ള, കലാമൂല്യമുള്ള സിനിമ എന്ന സങ്കല്‍പം നമുക്കിടയില്‍ വളര്‍ന്നുവരികയുള്ളു. നമ്മുടെ സിനിമയുടെ സ്വഭാവത്തിലും ആഖ്യാനരീതികളിലും വലിയ മാറ്റങ്ങള്‍ ആവശ്യമുണ്ട്. അവ അതിന്റെ പടിവാതില്‍ക്കല്‍ വന്നു കാത്തുനില്‍ക്കുകയാണ്. പുതിയ തലമുറയെ അതേല്‍പ്പിച്ചു കൊടുക്കുകയേ വേണ്ടൂ. കാലത്തോടു ചേര്‍ന്നു നില്‍ക്കുന്ന പുതിയ 'നോര്‍മലുകള്‍' സിനിമയുടെ ലോകത്തു നിറയേണ്ടതുണ്ട്. മലയാളിയെ മുന്നോട്ടു നയിച്ച ഒരു സിനിമാ സംസ്‌കാരം ഇന്നലെകളുടെ ചരിത്രത്തിലുണ്ട്. അത് കേരളീയ നവോത്ഥാനത്തിന്റെ അരികുചേര്‍ന്നു സഞ്ചരിച്ച ചരിത്രമാണ്. അങ്ങനെയാണ് അരവിന്ദനും അടൂരും ജോണ്‍ എബ്രഹാമും പദ്മരാജനും ഭരതനും കെ.ജി. ജോര്‍ജും ഷാജിയുമൊക്കെ നമ്മുടെ ചലച്ചിത്രഭൂമികയുടെ നിറസാന്നിദ്ധ്യങ്ങളായത്. ഗോപിയും കരമനയും നെടുമുടിയുമൊക്കെ പരിവേഷങ്ങളില്ലാത്ത താരങ്ങളായത്. അവിടെയാണ് എം ടി.യെപ്പോലുള്ളയാളുകള്‍ അവരുടെയും കയ്യൊപ്പു പതിപ്പിച്ചത്. അവിടെയാണ് തോപ്പില്‍ ഭാസി വിപ്ലവത്തിനായി വിളവെടുപ്പ് നടത്തിയത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഭൂമികയിലാണ് നിര്‍മ്മാല്യം പിറന്നു വീണത്. ആഹ്ലാദിപ്പിക്കലും ആലോചിപ്പിക്കലും കലയുടെ ധര്‍മ്മാണെന്ന് ബോധ്യമുണ്ടായിരുന്ന, സാങ്കേതിക മികവിനേക്കാള്‍ ഊന്നല്‍ സൗന്ദര്യാവിഷ്‌ക്കാരങ്ങള്‍ക്ക് കൊടുത്ത ഒരു തലമുറ മലയാള ചലച്ചിത്രലോകത്ത് നിര്‍ണ്ണായകസ്വാധീനം ചെലുത്തിയിരുന്നു. മലയാളിയുടെ ഭാവുകത്വദര്‍ശനത്തില്‍ ഗുണകരമായ ഇടപെടലാണ് അവര്‍ നടത്തിപ്പോന്നത്.

പുതിയ ലോകത്തിന്റെ അനുഭവവും അനുഭൂതിയും ആവിഷ്‌ക്കരിച്ചു കൊണ്ട് സിനിമയെന്ന കലയെ കാലത്തിനുമുമ്പേ നടത്തുവാന്‍ ഇവരുടെ ശ്രമം മൂലം ഇടയാകട്ടെ. പുതിയ സാംസ്‌കാരികധാരകള്‍ നമ്മുടെ സിനിമകളെയും അതുവഴി ജനതയുടെ ജീവിതത്തെയും സ്വാധീനിക്കുമാറാകട്ടെ.

ഇന്ന് നമ്മുടെ സിനിമാ ലോകം മുഖ്യധാരാ സംസ്‌ക്കാരത്തില്‍ നിന്നും അകന്നുകൊണ്ട് ഒറ്റപ്പെട്ട് നില്‍ക്കാന്‍ ശ്രമിക്കുന്നു. വര്‍ണ്ണാഭമെങ്കിലും ഉള്ളുപൊള്ളയായ അവരുടെ ലോകത്തെ കേരളിയസമൂഹത്തിന്റെ മുന്നില്‍ കേവലമൊരു പ്രദര്‍ശനവസ്തുവാക്കി വെച്ച് അഭിരമിക്കുന്നു. ആത്മാവില്ലാത്ത ആള്‍ക്കൂട്ടമാണത്. ഇതൊരു സെല്‍ഫി സംസ്‌കാരത്തിന്റെ അരങ്ങായി അധ:പതിച്ചിരിക്കുന്നു. കാഴ്ചകളോടൊപ്പം കാഴ്ചപ്പാടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനെയാണ് കലയെന്ന് വിശേഷിപ്പിക്കുന്നത്. വെറും കെട്ടുകാഴ്ചകള്‍ കൊണ്ട് തൃപ്തിയടയാനാണ് മലയാളസിനിമയുടെ നിലവിലെ സംഘടിത നേതൃത്വം ആവശ്യപ്പെടുന്നത്. പുതിയ കാലത്തിന്റെ മഹാസാദ്ധ്യതകളെയും പുതിയ തലമുറയുടെ അസാധാരണമായ ഊര്‍ജ്ജത്തെയും ഉള്‍ക്കൊള്ളാന്‍ നമ്മുടെ ചലചിത്രലോകം തയ്യാറാവണം. ക്രിയാത്മകമായ മുന്നേറ്റങ്ങളെ നെറികേടുകള്‍കൊണ്ട് തടസ്സപ്പെടുത്തരുത്. നൈസര്‍ഗ്ഗികമായ കലാവിഷ്‌ക്കാരത്തിന് വിലങ്ങുതടിയായി വികലബുദ്ധികളുടെ കൂട്ടായ്മ നിലകൊള്ളരുത്. അംഗങ്ങള്‍ക്കിടയിലെ സാമൂഹ്യവിരുദ്ധ പ്രവണതകളെ കര്‍ശനമായി നേരിടാനുള്ള ആര്‍ജ്ജവം കൈവരിച്ചെങ്കിലേ സംഘടനയ്ക്ക് അടിസ്ഥാനലക്ഷ്യങ്ങളില്‍ ശ്രദ്ധയൂന്നി മുന്നേറാനാവൂ. പുതിയ കാലത്തിന്റെ നീതിബോധത്തെ ഉള്‍ക്കൊള്ളണമെന്നു മാത്രമാണ് നിങ്ങളുടെ സഹോദരിമാര്‍ പുറത്തുപോയി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ക്കത് അകത്തു നിന്നുകൊണ്ട് പോലും ആവശ്യപ്പെടേണ്ടി വരരുതായിരുന്നു. അകത്തുനിന്നും പുറത്തുനിന്നും നിലവിളിയുണ്ടായിട്ടും നിങ്ങള്‍ കേട്ടില്ല എന്ന് പറയുന്നിടത്താണ് നിങ്ങളാരാണ് എന്ന് വലിയ ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നുവന്നത്. നിങ്ങള്‍ ബൗദ്ധികമായും സംസ്‌കാരികമായും നിലവാരം കുറഞ്ഞ ഒരാള്‍ക്കൂട്ടമാണ് എന്ന തിരിച്ചറിവിലേക്ക് കേരളം എത്തുകയായി. ഇങ്ങനെയൊരു സംവാദമൊരുക്കാന്‍ നമ്മുടെ മുന്നിലെ ചെറിയ പെണ്‍കൂട്ടായ്മയ്ക്ക് സാധിക്കുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. കേരളീയ നവോത്ഥാനത്തിന് ഇനിയാവശ്യം വനിതാനേതൃത്വമാണ്. സിനിമയുടെ ലോകത്തെങ്കിലും അതിനു തുടക്കം കുറിക്കാന്‍ സാധിച്ചു എന്നത് ഗുണപരമായ ഒരു മുന്നേറ്റമാണ്. പുതിയ ലോകത്തിന്റെ അനുഭവവും അനുഭൂതിയും ആവിഷ്‌ക്കരിച്ചു കൊണ്ട് സിനിമയെന്ന കലയെ കാലത്തിനുമുമ്പേ നടത്തുവാന്‍ ഇവരുടെ ശ്രമം മൂലം ഇടയാകട്ടെ. പുതിയ സാംസ്‌കാരികധാരകള്‍ നമ്മുടെ സിനിമകളെയും അതുവഴി ജനതയുടെ ജീവിതത്തെയും സ്വാധീനിക്കുമാറാകട്ടെ. നെഞ്ചുവിരിച്ച, മീശ ചുരുട്ടിയ, മസിലു കാണിച്ച ആണത്തം അതിന്റെ ഭാഗമാവാതിരിക്കട്ടെ. യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളലേറ്റ് ആ പുരുഷാധിപത്യം തകര്‍ന്നുവീഴുകതന്നെ ചെയ്യും. അവരുടെ തകര്‍ച്ചയില്‍ നിന്നും ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവുകയും വേണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in