ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം
Courtesy The Quint

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം

മുസ്ലിം സമുദായത്തിന്റെ വഹാബി വൽക്കരണമാണ് യഥാർത്ഥ പ്രശ്നം
Summary

ഐസിസ് അതിന്റെ ഭീകരതയിലൂടെ തന്നെ അവസാനിച്ചേക്കാം. പക്ഷേ ഈ മത, രാഷ്ട്രീയ സാഹചര്യം നിലവിലുള്ള കാലത്തോളം ഇത് പോലുള്ള ഭീകര കൂട്ടായ്മകളും ആശയങ്ങളും ഇവിടെ വളരും. ഒരു പുനപ്പരിശോധനക്ക് മുസ്ലിം സമുദായ നേതൃത്വത്തെ പ്രേരിപ്പിക്കാൻ സമുദായാംഗങ്ങൾ, പ്രത്യേകിച്ചും പെണ്ണുങ്ങൾ, മുന്നിട്ടിറങ്ങണം

എതിരാളികൾ പണ്ട് ജനതാദളിനെ വിശേഷിപ്പിച്ചത് "പ്രതിസന്ധിയിൽ ജനിച്ച്, പ്രതിസന്ധിയിൽ ജീവിച്ച്, പ്രതിസന്ധിയിലൂടെ മരിക്കാൻ വിധിക്കപ്പെട്ട പാർട്ടി'' എന്നായിരുന്നു. ഇതിലെ പ്രതിസസി എന്ന വാക്ക് മാറ്റി ഭീകരത എന്നാക്കിയാൽ ഐസിസ് എന്ന പ്രതിഭാസത്തെ കൃത്യമായി അടയാളപ്പെടുത്താം. മൂന്ന് പതിറ്റാണ്ടിലധികമായി അമേരിക്കയും ശിങ്കിടികളും ചേർന്ന് പശ്ചിമേഷ്യയിലും അഫ്ഗാനിലും അഴിച്ചു വിട്ട ഭീകരതയിൽ നിന്നാണ് ഐസിസ് ഉടലെടുക്കുന്നത്. ഇറാഖിലെ അമേരിക്കൻ ഭീകരതയുടെ ഈറ്റില്ലമായിരുന്ന ഫല്ലൂജ പോലുള്ള സ്ഥലങ്ങളിലാണ് ഐസിസ് ആദ്യം വേരൂന്നുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുപ്രസിദ്ധമായിരുന്ന 'ക്യാംപ് ബുകാ' എന്ന അമേരിക്കൻ തടവറയിലെ അന്തേവാസികളായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയും സഹ തടവുകാരുമാണ് പിന്നീട് പുറത്തിറങ്ങിയ ശേഷം ഐസിസ് രൂപീകരിക്കുന്നത് തന്നെ.

റോബർട്ട് ഫിസ്ക് പറഞ്ഞത് പോലെ ഇസ്രായേൽ ഒരിക്കലും ഐസിസിനെ ആക്രമിച്ചിട്ടില്ല, ഇറാൻ-ഷിയാ-അസദ് സേനകളെ മാത്രമേ അക്രമിച്ചിട്ടുള്ളൂ. എന്ന് മാത്രമല്ല, അൽ നുസ്റ എന്ന അൽ ഖായിദയുടെ സിറിയൻ വകഭേദത്തെ മോശമല്ലാത്ത രീതിയിൽ സഹായിച്ചിട്ടുമുണ്ട്. ഇറാൻ-ഷിയാ ബെൽറ്റിനെ ദുർബലപ്പെടുത്താൻ ഐസിസിനെ കയറൂരി വിടണമെന്ന അഭിപ്രായമായിരുന്നു ഒരു പരിധി വരെ അമേരിക്കൻ പൊതുബോധം പോലും

അമേരിക്കൻ ഭീകരതയിൽ നിന്ന് ഉടലെടുത്ത ഐസിസ് ഒരു ഭീകര പ്രതിഭാസമായി മാറിയപ്പോഴും അതിനെ എങ്ങനെ തങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കാമെന്നതിലായിരുന്നു അമേരിക്കയുടെ കണ്ണ്. അതേ സാമ്രാജ്യത്വ താൽപര്യങ്ങൾ പാലൂട്ടി വളർത്തിയ അങ്ങേയറ്റം സങ്കുചിതമായ വഹാബിസമെന്ന തീവ്ര ഇസ്ലാമിക വ്യാഖ്യാനമായിരുന്നു ഐസിസിന്റെ ജീവവായു. സ്വാഭാവികമായും ഐസിസ് അമേരിക്കൻ താൽപര്യങ്ങളോട് വലിയ തോതിൽ ഏറ്റുമുട്ടിയിട്ടുമില്ലായിരുന്നു. ഇറാൻ പാവയായി അമേരിക്ക കണ്ടിരുന്ന ഇറാഖ് പ്രസിഡന്റ് നൂരി അൽ മാലികി ഭരിക്കുന്ന സമയം ഐസിസിനെ ബോംബിങ്ങിലൂടെ ആക്രമിക്കാതിരുന്നത് "മാലികിക്കെതിരായ സമ്മർദം ദുർബലമാവുന്നതിനാൽ" ആയിരുന്നുവെന്നാണ് ഒബാമ തന്നെ പിന്നീട് സമ്മതിച്ചത്. ഐസിസ് അവസരം മുതലാക്കി മൊസൂള്‍ അടക്കമുള്ള ഇറാഖിന്റെ തന്ത്രപ്രധാന മേഖലകൾ കയ്യടക്കി വൻ ഭീകരത അഴിച്ചു വിട്ടു. അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പ്രതിരൂപമായിരുന്ന മാലികി അമേരിക്ക കണക്ക് കൂട്ടിയത് പോലെ തന്നെ ഒഴിഞ്ഞ് പോവേണ്ടി വരികയും ചെയ്തു. റോബർട്ട് ഫിസ്ക് പറഞ്ഞത് പോലെ ഇസ്രായേൽ ഒരിക്കലും ഐസിസിനെ ആക്രമിച്ചിട്ടില്ല, ഇറാൻ-ഷിയാ-അസദ് സേനകളെ മാത്രമേ അക്രമിച്ചിട്ടുള്ളൂ എന്ന് മാത്രമല്ല, അൽ നുസ്റ എന്ന അൽ ഖായിദയുടെ സിറിയൻ വകഭേദത്തെ മോശമല്ലാത്ത രീതിയിൽ സഹായിച്ചിട്ടുമുണ്ട്. ഇറാൻ-ഷിയാ ബെൽറ്റിനെ ദുർബലപ്പെടുത്താൻ ഐസിസിനെ കയറൂരി വിടണമെന്ന അഭിപ്രായമായിരുന്നു ഒരു പരിധി വരെ അമേരിക്കൻ പൊതുബോധം പോലും. ന്യൂയോർക് ടൈംസ് കോളമിസ്റ്റ് തോമസ് ഫ്രെഡ്മാൻ ട്രംപിനോടാവശ്യപ്പെട്ടത് ഐസിസ് എന്നത് ഇറാൻ-ഹിസ്ബുള്ളാ-റഷ്യൻ ചേരിയുടെ തലവേദനയായി തുടരണമെന്നായിരുന്നു. ഐസിസിനെതിരായി ഏറ്റവും ഉജ്ജ്വലമായി പോരാടിയിരുന്ന കുർദ് സേനകളെ അമേരിക്ക നിർണായക ഘട്ടത്തിൽ തുർക്കിക്ക് വേണ്ടി കയ്യൊഴിയുകയായിരുന്നു. ആയുധങ്ങളാണെങ്കിൽ അമേരിക്കയോ ശിങ്കിടി രാജ്യങ്ങളോ പലർക്കായി പലപ്പോഴും കൊടുത്തതിൽ നല്ലൊരു പങ്ക് ഐസിസ് പോലുള്ള തീവ്ര ഗ്രൂപ്പുകളുടെ കയ്യിലെത്തുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ നട്ടെല്ലായ ആയുധ വ്യാപാരത്തെ നില നിർത്തുന്നത് സമാധാനം വിളയാടുന്ന പശ്ചിമേഷ്യയും ബഹുസ്വരതയിലൂന്നിയ മത വ്യാഖ്യാനങ്ങളുമല്ല ; ഐസിസ് പോലുള്ള ഭീകര സംഘടനകളും അതിനനുസൃതമായ സങ്കുചിത മത വ്യാഖ്യാനങ്ങളുമാണ്.

the quint

ഐസിസിനും സമാന സ്വഭാവമുള്ള അതിന്റെ വകഭേദങ്ങൾക്കും സൈദ്ധാന്തികാടിത്തറയായി മാറിയത് ഇതേ സാമ്രാജ്യത്വവും ശിങ്കിടി അൽ സഊദ് ഭരണകൂടവും ചേർന്ന് വളർത്തിയെടുത്ത വഹാബിസമാണ്. അഥവാ സാമ്രാജ്യത്വ ഭീകരത സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യവും വഹാബിസമെന്ന തീവ്ര മത വ്യാഖ്യാനവുമാണ് ഈ തീവ്രവാദി കൂട്ടങ്ങളെ ഉണ്ടാക്കുന്നതും നില നിർത്തുന്നതും. ഇന്ന് പാശ്ചാത്യ ലോകത്ത് തന്നെ സാമ്രാജ്യത്വ നിയോ ലിബറൽ നയങ്ങൾക്കെതിരായ ശബ്ദങ്ങളുയർന്നു വരുന്നുണ്ട്. ഇസ്ലാമടക്കമുള്ള മതങ്ങളുടെ പുനർ വായനകളും വ്യാഖ്യാനങ്ങളും വരുന്നുണ്ട്. പ്രമാണങ്ങളുടെ അക്ഷരാർത്ഥ വായനകളുടെ അപകടം തിരിച്ചറിയുന്ന ശബ്ദങ്ങൾ ഉയരുന്നുണ്ട്. ജൈവികമായ ഒരു വിശ്വാസ, വിമോചന പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ന്യൂസിലാന്റിൽ നടന്ന ഭീകരാക്രമണത്തെ അവിടെയുള്ള മുസ്ലിം സമൂഹവും മറ്റുള്ളവരുമൊക്കെ നേരിട്ട മാതൃകാപരമായ രീതി ഇക്കാര്യം അടിവരയിടുന്നുണ്ട്.

ശാസ്ത്രം തൊട്ട് രാഷ്ട്രീയം വരെയുള്ള എല്ലാവിധ മേഖലകളിലേയും എല്ലാ വിധ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ഖുർആനെന്ന വികല ധാരണ വെച്ച് പുലർത്തുന്ന, കാരുണ്യം, ദയ, സമത്വം തുടങ്ങിയ ഖുർആനിക സങ്കൽപങ്ങൾക്ക് കടക വിരുദ്ധമായ ലോക വീക്ഷണം ഉൾക്കൊള്ളുന്ന ഒരു തലമുറ ആഗോള മുസ്ലിങ്ങൾക്കിടയിൽ വളർന്നു വന്നിട്ടുണ്ട് എന്ന നഗ്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചാൽ ഇരുട്ടാവില്ല.

മറുവശത്ത് എൺപതുകൾക്ക് ശേഷം സൗദി-അമേരിക്കൻ അച്ചുതണ്ടിന്റെ പിന്തുണയോടെ പെട്രോ ഡോളറിന്റെ പിൻ ബലത്തിൽ വ്യാപിച്ച വഹാബിസം അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുകയാണ്. അങ്ങേയറ്റം അപകടകരമായ ഈ അച്ചുതണ്ടിന്റെ പശ്ചിമേഷ്യൻ ജിയോ പൊളിറ്റിക്സിലെ ആണിക്കല്ലായിരുന്നു വഹാബിസം. തീർത്തും ഇസ്ലാമിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ അവരുടെ ജിയോ പൊളിറ്റിക്സിന് മുസ്ലിം ലോകത്ത് സ്വീകാര്യത നേടാൻ സ്വീകരിച്ച കുറുക്കു വഴിയായിരുന്നു വഹാബിസം. ഇങ്ങനെ വഹാബി വൽക്കരിക്കപ്പെട്ട പള്ളികളും മദ്രസകളും അക്ഷര പൂജകരായ ഒരു തലമുറയെ പടച്ചു വിട്ടതിന്റെ ദുരന്തം ഇന്ന് ലോകം മുഴുവൻ അനുഭവിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഇരകൾ സ്വാഭാവികമായും മുസ്ലിങ്ങൾ തന്നെയാണ്, വിശേഷിച്ചും അതിലെ പെണ്ണുങ്ങൾ. സൗദിയും അഫ്ഗാനുമായിരുന്നു പ്രഭവ കേന്ദ്രങ്ങളെങ്കിൽ ഇന്നത് വ്യാപിച്ച് ലോക മുസ്ലിങ്ങളിൽ അവഗണിക്കാനാവാത്ത ഒരു ധാരയായി മാറിയിട്ടുണ്ട്. ആഗോള വൽക്കരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വലിയ തോതിൽ പൊതു ഇടങ്ങൾ കയ്യടക്കി തുടങ്ങിയ മുസ്ലിം സ്ത്രീയെ "തളച്ചിടാൻ'' പോന്ന സ്ത്രീ വിരുദ്ധത ഉള്ളിലുള്ള, ആഗോള താപനത്തേക്കാളും ആഭ്യന്തര യുദ്ധങ്ങളേക്കാളും വലിയ പ്രശ്നമായി താടിയുടെ നീളവും പാന്റിന്റെ വലിപ്പവും ചർച്ച ചെയ്യുന്ന അരാഷ്ട്രീയ ബോധം പേറുന്ന, ദുനിയാവിലെ സകല പ്രശ്നങ്ങൾക്കും കാരണം ഏഴാം നൂറ്റാണ്ടിൽ ഒരു പ്രത്യേക സാഹചര്യത്തിലും സ്ഥലത്തും നില നിന്നിരുന്ന ജീവിത രീതി അക്ഷരാർത്ഥത്തിൽ പിൻ പറ്റാത്തതാണെന്ന ലളിത വൽക്കരണത്തിന്റെ അടിമയായ, ലോകം മുഴുവൻ ഒരു സുപ്രഭാതത്തിൽ ഇസ്ലാമിനും ഖിലാഫത്തിനും ശരീഅത്തിനും കീഴിൽ വരുന്ന മൂഢ സ്വപ്നത്തെ താലോലിക്കുന്ന, ശാസ്ത്രം തൊട്ട് രാഷ്ട്രീയം വരെയുള്ള എല്ലാവിധ മേഖലകളിലേയും എല്ലാ വിധ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ഖുർആനെന്ന വികല ധാരണ വെച്ച് പുലർത്തുന്ന, കാരുണ്യം, ദയ, സമത്വം തുടങ്ങിയ ഖുർആനിക സങ്കൽപങ്ങൾക്ക് കടക വിരുദ്ധമായ ലോക വീക്ഷണം ഉൾക്കൊള്ളുന്ന ഒരു തലമുറ ആഗോള മുസ്ലിങ്ങൾക്കിടയിൽ വളർന്നു വന്നിട്ടുണ്ട് എന്ന നഗ്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചാൽ ഇരുട്ടാവില്ല.

ഗുരുതരമായ ഈ പ്രശ്നത്തെ നേരിടണമെങ്കിൽ ഇതിന് കാരണമായ പരസ്പര പൂരകങ്ങളായ രാഷ്ട്രീയ സാഹചര്യവും മത വ്യാഖ്യാനവും ഒരേ പോലെ വിചാരണ ചെയ്യപ്പെടണം. അതിന് നേതൃത്വം നൽകേണ്ടത് ഈ ഭീകരതയുടെ ഏറ്റവും വലിയ ഇരകളായ മുസ്ലിങ്ങൾ തന്നെയാണ്, വിശേഷിച്ചും പെണ്ണുങ്ങൾ

തീർത്തും ഉപരിപ്ലവവും യാഥാർത്ഥ്യങ്ങളുമായി പുല ബന്ധം പോലുമില്ലാത്തതുമായ ഈയൊരു വികല ലോക വീക്ഷണം പേറുന്നവരാണ് ലോകത്തിന്റെ നാനാ ഭാഗത്തും നിരപരാധികളെ കൊന്നൊടുക്കി സ്വയം ഇല്ലാതാവുന്നത്. 30-40 വർഷം കൊണ്ട് ചിന്തിക്കാൻ പോലും സാധിക്കാത്ത മാറ്റത്തിനാണ് മുസ്ലിം സമുദായം വിധേയമായത്. ശ്രീലങ്ക ഇതിലേറ്റവും പുതിയത് മാത്രമാണ്. ഒരു പക്ഷേ കേരളത്തിനടുത്ത് കിടക്കുന്നതിനാലും പരമ്പരാഗതമായി തീവ്ര മുസ്ലിം ആശയങ്ങളുടെ മണ്ണായി അറിയപ്പെടാത്തതിനാലും സവിശേഷ പ്രാധാന്യം അർഹിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ സമൂഹത്തിലും സമുദായത്തിലും ഉന്നത ശ്രേണിയിൽ നിൽക്കുന്നവരുമുണ്ടെന്നത് സൂചിപ്പിക്കുന്നതും ഇതിന് പിന്നിലുള്ള ആശയത്തിന്റെ സ്വാധീനമാണ്. അത് ഐസിസോ അൽ ഖായിദയോ അതിന്റെ നൂറായിരം വകഭേദങ്ങളിൽ ഏതാണോ എന്നതൊന്നും പ്രസക്തമല്ല. ഈ ലോക വീക്ഷണം പേറുന്ന മുസ്ലിങ്ങളിൽ പെട്ടവർ ചെയ്തു എന്നതാണ് പ്രസക്തം. ഗുരുതരമായ ഈ പ്രശ്നത്തെ നേരിടണമെങ്കിൽ ഇതിന് കാരണമായ പരസ്പര പൂരകങ്ങളായ രാഷ്ട്രീയ സാഹചര്യവും മത വ്യാഖ്യാനവും ഒരേ പോലെ വിചാരണ ചെയ്യപ്പെടണം. അതിന് നേതൃത്വം നൽകേണ്ടത് ഈ ഭീകരതയുടെ ഏറ്റവും വലിയ ഇരകളായ മുസ്ലിങ്ങൾ തന്നെയാണ്, വിശേഷിച്ചും പെണ്ണുങ്ങൾ. ഓരോ ഭീകരാക്രമണം കഴിയുമ്പോഴും മുസ്ലിം സംഘടനകളും നേതാക്കളും സമുദായാംഗങ്ങളുമെല്ലാം ഇതിനെ വളരെ ശക്തമായി തന്നെ അപലപിക്കുന്നുണ്ട്. തീവ്രവാദത്തെ എതിർക്കുന്ന ഖുതുബകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അവരുടെ ആത്മാർത്ഥതയും ഉദ്ദേശ ശുദ്ധിയും നൂറ് ശതമാനം അംഗീകരിക്കുമ്പോഴും അതിലെ ഫലപ്രാപ്തി പരിമിതമായിരിക്കുമെന്ന് പറയാതെ വയ്യ. കാരണം ചികിൽസിക്കേണ്ടത് രോഗത്തെയാണ്, രോഗലക്ഷണത്തെയല്ല. ഇവിടെ മുസ്ലിം സമുദായത്തിന്റെ വഹാബി വൽക്കരണമാണ് യഥാർത്ഥ പ്രശ്നം. അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയണമെങ്കിൽ രണ്ട് ഉദാഹരണം മാത്രം നോക്കിയാൽ മതി. ഒന്ന്, സിറിയ. അടുത്ത പതിറ്റാണ്ടുകൾ വരെ അറബ് ലോകത്ത് തീവ്ര മതാശയങ്ങൾക്ക് ഏറ്റവും കുറവ് സ്വാധീനമുണ്ടായിരുന്ന സിറിയ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഐസിസിന്റെ ആസ്ഥാനമായി മാറുകയായിരുന്നു. വഹാബി ആശയങ്ങൾക്കുള്ള സ്വാധീനത്തിലുപരിയായി അസദിന്റെ കിരാത ഭരണവും മേഖലക്കകത്തും പുറത്തുമുള്ള ശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങളുമായിരുന്നു ഐസിസിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്. രണ്ടാമത്തെ ഉദാഹരണത്തിന് ഏറ്റവുമധികം വിഭവ ശേഷിയും വിദ്യാഭ്യാസ ഉന്നതിയുമുള്ള കേരളത്തിലേക്ക് തന്നെ നോക്കിയാൽ മതി. പരമ്പരാഗതമായി സൗദിയും വഹാബിസ്റ്റ് ആശയങ്ങളുമായും ഏറ്റവുമധികം അടുപ്പം പുലർത്തിയ മുജാഹിദ് വിഭാഗങ്ങൾ മാത്രമല്ല, പ്രഖ്യാപിത വഹാബി വിരുദ്ധരായ സുന്നികൾ പോലും ഫലത്തിൽ അതേ ആശയത്തിന്റെ പ്രചാരകരായി മാറിയിട്ടുണ്ട്. ഇ കെ സുന്നി വിഭാഗത്തിന്റെ സ്റ്റാർ പ്രാസംഗികനായ സിംസാറുൽ ഹഖ് ഹുദവിയെ പോലുള്ളവർ വഹാബി അച്ചിൽ വാർത്തെടുത്ത സ്ത്രീ വിരുദ്ധ ആശയങ്ങൾ നിരന്തരം പറയുന്നു. ജമാഅത്തിലും പലരും ഇതേ അക്ഷര പൂജയും രീതി ശാസ്ത്രവും ലേബൽ മാറ്റിയിറക്കുന്നു. സ്ത്രീയുടെ ശബ്ദം പോലും പൊതു ഇടങ്ങളിൽ പാടില്ലാത്തതാണെന്നും പൊതു ഗതാഗത സമ്പ്രദായം പോലും അവർക്ക് നിഷിദ്ധമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവിടെ സജീവമായി വരുന്നു. പെണ്ണുങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരായും ആണുങ്ങളായ ഡോക്ടറുടെ ചികിൽസ തേടുന്നതിരായും വിഷം തുപ്പുന്നവർക്ക് സമുദായ മണ്ഡലങ്ങളിൽ സജീവമായി തുടരാൻ സാധിക്കുന്നത് തന്നെ ഈ തീവ്ര ആശയങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നു.

ABC NEWS

ഈ അപകടകരമായ മത വായനകളേയും അതിന്റെ അടിസ്ഥാനമായ അക്ഷര പൂജയേയും പൊളിച്ചെഴുതാനുള്ള ആർജവം കേരളത്തിലെങ്കിലും മുസ്ലിങ്ങൾ കാട്ടുമോ എന്നതാണ് ചോദ്യം. അത് മറ്റുള്ളവരുടെയല്ല, പ്രാഥമികമായും മുസ്ലിങ്ങളുടെ ആവശ്യമാണെന്ന് തിരിച്ചറിയലാണ് ഇതിലെ ആദ്യ പടി. കാരണം എല്ലാ അർത്ഥത്തിലും ഇതിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിങ്ങൾ തന്നെയാണ്. അത് കൊണ്ട് തന്നെ മറ്റ് സമുദായങ്ങളിലെ ഭീകരതക്കെതിരെ അതത് സമുദായങ്ങൾ എന്ത് ചെയ്യുന്നുവെന്ന താരതമ്യം പ്രസക്തവുമല്ല( ഇതര സമുദായങ്ങളിലെ ഭീകരതയുടെ ഇരകൾ പോലും കൂടുതലും അവരല്ല എന്നതാണ് വസ്തുത). ഇതൊരു മുസ്ലിം പ്രശ്നം എന്നതിലുപരിയായി മുസ്ലിങ്ങൾ നേരിടുന്ന ഒരു പ്രശ്നമാണ്. അപകടകരമായ ഈ അക്ഷരാർത്ഥ വായനകൾക്കും വ്യാഖ്യാനങ്ങൾക്കും പകരം ഇസ്ലാമിന്റെ ബഹുസ്വര, സ്ത്രീ, പരിസ്ഥിതി, സമത്വ, കീഴാള വായനകൾ പരിചയപ്പെടുത്താൻ മുസ്ലിങ്ങൾക്ക് സാധിക്കണം. പാശ്ചാത്യ, പൗരസ്ത്യ രാജ്യങ്ങളിൽ വലിയ തോതിൽ അക്കാദമിക് തലത്തിലെങ്കിലും ഈ വായനകൾ ഉയർന്നു വരുന്നുണ്ട്. കേരളത്തിലെ മുസ്ലിം സംഘടനകളും നേതൃത്വവും ഈ വായനകളെ പരിചയപ്പെടുത്താനും ഒരു വിമോചന പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ മനസ്സിലാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാനും ശ്രമിക്കണം. അതിനായി അവരുടെ മദ്രസകളും പള്ളികളും മറ്റു സംവിധാനങ്ങളും ഉടച്ചു വാർക്കാനും സാധിക്കണം. മൊറോക്കോ, ടുണീഷ്യ പോലുള്ള പല മുസ്ലിം രാജ്യങ്ങളിലും സംഘടനകളും നേതൃത്വങ്ങളും ഈ വഴിക്കുള്ള ധീര ശ്രമങ്ങൾ നടത്തുന്ന മാതൃക മുന്നിലുണ്ട്. അതിന്റെ ഫലമായി കുടുംബ/ശരീഅത്ത് നിയമങ്ങൾ പരിഷ്കരിച്ച മൊറോക്കോ, പാർട്ടി സംവിധാനം ഉടച്ചു വാർത്ത അന്നഹ്ദ എന്നിവയിലേക്കൊക്കെ കണ്ണെത്തിക്കാൻ ഇവിടെയുള്ള മുസ്ലിം സംഘടനകൾക്കും സാധിക്കണം. അല്ലാതെ വഴിപാട് പോലുള്ള അപലപന ഖുതുബകളും പ്രസ്താവനകളും കൊണ്ട് മാത്രം, അതെത്ര തന്നെ ആത്മാർത്ഥമായാലും ഈ പ്രശ്നത്തെ നേരിടാൻ കഴിയില്ല. ഐസിസ് അതിന്റെ ഭീകരതയിലൂടെ തന്നെ അവസാനിച്ചേക്കാം. പക്ഷേ ഈ മത, രാഷ്ട്രീയ സാഹചര്യം നിലവിലുള്ള കാലത്തോളം ഇത് പോലുള്ള ഭീകര കൂട്ടായ്മകളും ആശയങ്ങളും ഇവിടെ വളരും. ഒരു പുനപ്പരിശോധനക്ക് മുസ്ലിം സമുദായ നേതൃത്വത്തെ പ്രേരിപ്പിക്കാൻ സമുദായാംഗങ്ങൾ, പ്രത്യേകിച്ചും പെണ്ണുങ്ങൾ, മുന്നിട്ടിറങ്ങണം

Related Stories

No stories found.
logo
The Cue
www.thecue.in