ഭോജ്പുരി സിനിമകളെ വെല്ലുന്ന യു.പിയിലെ എൻകൗണ്ടർ കൊലകൾ

ഭോജ്പുരി സിനിമകളെ വെല്ലുന്ന യു.പിയിലെ എൻകൗണ്ടർ കൊലകൾ
Summary

ഓടി രക്ഷപ്പെടാൻ കഴിയുന്ന അകലത്തിലല്ല വെടിവെപ്പ് പലതുമെന്നും പഠനത്തിലുണ്ട്. എന്നാൽ ഇത് ജനം കയ്യടിക്കുന്ന ത്രില്ലർ പരിപാടിയാണുതാനും. ക്രിമിനലുകൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റിയെന്ന് യോഗി പ്രസംഗങ്ങളിലൂടെ അവകാശപ്പെടുന്നതും ഈ കയ്യടി പ്രതീക്ഷിച്ചുതന്നെയാണ്. മാധ്യമപ്രവർത്തകൻ വി.എസ് സനോജ് എഴുതുന്നു

അലിഗഢിലാണ് അന്നത് നടന്നത്. എന്ന് വെച്ചാൽ കോവിഡിനും മുമ്പ്. രണ്ട് ലോക്കൽ ക്രിമിനലുകളെ പോലീസ് വളഞ്ഞിട്ട് വെടിവെച്ച് കൊല്ലുന്നു. ചാനലുകൾ സംപ്രേഷണം ചെയ്യുന്നു. പരസ്പരമുണ്ടായ വെടിവെപ്പാണ് എന്ന് കാണിക്കാനും സ്ഥിരം പഴി കേൾക്കാതിരിക്കാനും പോലീസ് അലിഗഢിലെ പ്രാദേശിക ചാനലുകളെ വെടിവെപ്പ് സാഹസത്തിന് കൂടെക്കൂട്ടി. സ്തോഭജനക റിപ്പോർട്ടും ലൈവ് ക്യാമറയുമായെത്തി വെടിവെപ്പ് നടക്കുന്നയിടത്തുനിന്ന് അവർ വാർത്ത ചെയ്ത് സംപ്രീതരായി മടങ്ങി. ഹര്‍ദുവ ഗഞ്ചിലെ കനാലിന്റെ പരിസരത്ത് തിങ്ങിത്താമസിക്കുന്ന ദരിദ്ര കോളനികളിൽ നടത്തിയ പോലീസ് നീക്കത്തിൽ ഇരുഭാഗത്തുനിന്നും വെടിവെപ്പ് ഒച്ചകൾ കേട്ടു. എൻകൗണ്ടർ ലൈവിന്റെ അന്ത്യത്തിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ നൗഷാദിനേയും മുഷ്താഖിമിനേയും പോലീസ് വെടിവെച്ചു കൊന്നു. പോലീസ് പട്രോളിങിനിടെ ബൈക്ക് തടഞ്ഞുവെന്നും അവർ പോലീസിന് നേരെ വെടി ഉതിർത്തുവെന്നും തുടർന്നുള്ള ഏറ്റുമുട്ടലിൽ അവർ വെടിയേറ്റ് മരിച്ചുവെന്നുമായി പോലീസ് ഭാഷ്യം. ഏറ്റുമുട്ടല്‍ ഒന്നര മണിക്കൂറോളം നീണ്ടു. കൊലക്കേസുകളിലും മറ്റും പ്രതികളായവർ തന്നെയാണ് വെടിയേറ്റു മരിച്ചതെന്ന കാര്യത്തിൽ യു.പി. പോലീസ് പറഞ്ഞത് സാങ്കേതികമായി ശരിതന്നെ. പക്ഷേ എല്ലാ ക്രിമിനൽ പശ്ചാത്തലക്കാരേയും പോലീസ് വെടിവെച്ചിടുന്നുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ശരിയാണോ? രാജ്യത്തെ നീതിന്യായ സംവിധാനത്തെ ചോദ്യം ചെയ്യലല്ലേ അത്?

പുതിയ ഗ്യാങുകളിലൂടെ കുടിപ്പക വളർത്തി. കൊണ്ടും കൊടുത്തും കൊന്നും മുന്നേറി. സർക്കാരിന്റെ നേരിട്ടുള്ള പ്രതിനിധികളായി പലരും ജയിലിൽ ഇരുന്ന് മത്സരിച്ച് നിയമസഭാംഗങ്ങളായി. രണ്ടും മൂന്നും ടേം ജയിച്ചു കൊണ്ടിരുന്നവരായി മിക്കവരും

മുക്താർ അൻസാരി, സഹോദരൻ അഫ്സൽ അൻസാരി, മഖാനു സിങ്, ഇപ്പോൾ കൊല്ലപ്പെട്ട ഗ്യാങ്സ്റ്റർ ആതിഖ് അഹമ്മദ്, സഹോദരൻ ഖാലിദ് അസീം എന്ന അഷ്റഫ് ഭായ്, രാജാഭയ്യ എന്ന പ്രതാപ്ഗഢിലെ കിരീടം വെക്കാത്ത രാജാവും നേതാവുമായ രഘുരാജ് പ്രതാപ് സിങ്, കിഴക്കൻ യു.പിയിലെ ബ്രിജേഷ് സിങ്, പ്രകാശ് ശുക്ല, ഷേർസിങ് റാണ, കൊല്ലപ്പെട്ട വികാസ് ദുബെ മുന്ന ബജ്റംഗി, സുനിൽ രത്തി... അങ്ങനെയങ്ങനെ യു.പിയിലെ ഗ്യാങ്സ്റ്റർ ലോകം ഗ്യാങ്സ് ഓഫ് വസേപുരിനും മിർസാപുരിനും പാതാൾ ലോകിനും എല്ലാം മേലേയാണെന്ന് പറയാം. യു.പി അധോലോകത്തെ ചില കഥകൾ മാത്രമാണ് ഈ സിനിമകളിൽ വന്നുപോയത്. ഇറ്റാവ മേഖലയിലൂടെ ഗ്വാളിയോറിലേക്ക് പടരുന്ന ചമ്പൽ പ്രദേശങ്ങൾ കൊള്ളക്കാരുടെ സങ്കേതമായ 1980 കളിൽ തന്നെ പൂർവാഞ്ചൽ മേഖലയിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ധാരാളം വികസനപദ്ധതികൾ പ്രഖ്യാപിച്ചു. പ്രദേശത്തെ ആളുകളുടെ സഹായത്തോടെ കമ്മീഷൻ ചെയ്ത പദ്ധതികളിലേക്ക് ലോക്കൽ പ്രമാണിമാർ പണമെറിഞ്ഞു പണികളെടുത്തു നടത്തി. അതിൽ നിന്നുണ്ടാക്കി പലതും. അങ്ങനെ നേടിയെടുത്ത് വളർന്ന് വളർന്ന് പിന്നീട് പ്രദേശം തന്നെ കീഴടക്കി, ഗ്യാങും ഗുണ്ടാസംഘവുമായി അധോലോകമായി തന്നെ മാറി. പുതിയ ഗ്യാങുകളിലൂടെ കുടിപ്പക വളർത്തി. കൊണ്ടും കൊടുത്തും കൊന്നും മുന്നേറി. സർക്കാരിന്റെ നേരിട്ടുള്ള പ്രതിനിധികളായി പലരും ജയിലിൽ ഇരുന്ന് മത്സരിച്ച് നിയമസഭാംഗങ്ങളായി. രണ്ടും മൂന്നും ടേം ജയിച്ചു കൊണ്ടിരുന്നവരായി മിക്കവരും.

മുക്താർ അൻസാരിയെ പോലെ പലരുമുണ്ട് അങ്ങനെ. കൊലയ്ക്ക് മാത്രം അറുതി വന്നില്ല. വെട്ടും കുത്തും കഴിഞ്ഞപ്പോൾ യുപിയുടെ വികസന പുരോഗതി ആയുധശേഖരത്തിൽ മാത്രം സംഭവിച്ചു. വില കൂടിയ കാറുകളും ബംഗ്ലാവുകളും അവർ പണിതു. എ.കെ. 47 എന്ന കലാഷ്നിക്കോവ് തോക്കുകൾ യു.പി. ഗ്യാങ്സ്റ്റർ ചരിത്രത്തിലേക്ക് കടന്നുവന്നത് 80 കളിലാണ്. അതിന്റെ തല തൊട്ടപ്പനാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പ്രേംപ്രകാശ് സിങ് എന്ന മുന്ന ബജ്റംഗി. മുക്താർ അൻസാരിയുടെ ഗ്യാങിൽ നിന്നാണ് മുന്നയുടെ തുടക്കം. ഒടുവിൽ ജുനാപൂരിൽ ശവമടക്കി. ഏറെക്കാലത്തെ വാഴ്ചയ്ക്ക് ശേഷം പിടിക്കപ്പെട്ട് ജയിലിൽ കഴിയവേ ഏറ്റുമുട്ടലിലാണ് മുക്താർ കൊലചെയ്യപ്പെടുന്നത്. ശത്രു സുനിൽ രത്തിയുടെ സംഘമാണ് കൊലയ്ക്ക് പിന്നില്ലെന്ന് പോലീസ് പറഞ്ഞു. അതിനായി റൂര്‍ക്കി ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു ഗ്യാങ്സ്റ്റർ രത്തിയെ സുരക്ഷാ ഭീഷണിയുടെ പേരു പറഞ്ഞ് പൊലീസ് ഭാഗ്പത് ജയിലിലേക്ക് കൊണ്ടുവന്നു. അതായത് സുനിൽ രത്തിയുടെ സ്വന്തം മേഖലിലെ, അയാൾക്ക് ഏറെ ഹോൾഡ് ഉള്ള ജയിലിലേക്ക്. ഇതേസമയം ഝാന്‍സി ജയിലിൽ നിന്ന് മുന്നയെ ഭാഗ്പത് ജയിലിലേക്ക് മാറ്റി. പിറ്റേന്ന് അയാൾ തീർന്നു. മിർസാപൂർ, ജുനാപുർ, ഗാസിപുർ മേഖലയിലെ രാജാവായിരുന്ന വ്യക്തി തീർന്നു. പക്ഷേ ഇതിനൊരു പഴയ ഏട് കൂടിയുണ്ട്. പൂർവാഞ്ചലിലെ ബി.ജെ.പിയുടെ നിയമസഭാംഗമായിരുന്ന കൃഷ്ണാനന്ദ് റായി കൊലക്കേസിലെ പ്രതിയായിരുന്നു മുന്ന. ജുഢീഷ്യല്‍ അന്വേഷണമുണ്ടായി. ഏറെ നാളുകള് കഴിഞ്ഞു. ഏറ്റുമുട്ടൽ കൊല പിന്നെയും തുടർന്നു, മറ്റ് ചിലരിലേക്ക് വാർത്ത മാറി. ഇപ്പോഴിതാ അതീഖ് അഹമ്മദും വീണു. എതിരാളി മാധ്യമപ്രവർത്തകനെന്ന വ്യാജേന വെടിവെച്ചിട്ട് പോകുന്നു. പോലീസ് സുരക്ഷയുള്ളപ്പോൾ. വിചിത്രം.

Atique Ahammed
Atique Ahammed

ലഖ്നൗ വിമാനത്താവളത്തിനടുത്ത് വെച്ച് ഒരു യുവാവ് വെടിയേറ്റുമരിച്ചത് യോഗി ഭരണത്തിന്റെ തുടക്കത്തിൽ ഏറെ വിവാദമായിരുന്നു. തന്റെ കമ്പനിയുടെ പുതിയ ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് അര്‍ധരാത്രി സഹപ്രവര്‍ത്തകയ്‌ക്കൊപ്പം മടങ്ങിയ അയാളെ പോലീസ് കൈ കാണിച്ചു. വണ്ടി നിർത്താൻ വൈകിയെന്ന് പറഞ്ഞ് പോലീസ് വെടിവെച്ചിട്ടു. വെടിയുണ്ട കഴുത്തിലൂടെ കേറി. കൊല്ലപ്പെട്ടത് കുത്ത കമ്പനി ജീവനക്കാരൻ ആയതിനാൽ വലിയ വിവാദമായി. നിക്ഷേപസംഗമം നടക്കുന്ന സമയമാണ്. പതിവുപോലെ ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയക്കുന്നു. പോലീസുകാർക്ക് നേരെ നടപടിയുണ്ടായി, പ്രശ്നമടങ്ങി. നോയ്ഡയിലും സമാനമായ സംഭവമുണ്ടായി. പോലീസ് വ്യക്തിവിരോധത്തിൽ വെടിവെച്ച് കൊന്നുവെന്നതായിരുന്നു കേസ്. പോലീസുകാർക്കെതിരെ നടപടിയുണ്ടായി. സ്ഥാനക്കയറ്റത്തിന് ഗുണം ചാർത്താൻ കിട്ടിയ അവസരം വെച്ച് വെടിവെച്ചിടുന്ന കേസുകളുമുണ്ട്. വികാസ് ദുബെയും മുക്താറും പഴയ ബി.എസ്.പിക്കാരാണ്.

രാജഭയ്യ സ്വന്തം പാർട്ടിയുള്ളയാളാണ് പക്ഷേ ബി.ജെ.പിയെ ഒരിടെ പിന്തുണച്ചിരുന്നു. അയാളിപ്പോഴും ജീവനോടെയുണ്ട്. അജയ് റായ് എന്ന കോൺഗ്രസ് നേതാവും പഴയ കുപ്രസിദ്ധനായ ഗ്യാങ്സ്റ്ററാണ്. ഓരോരുത്തരും പല വേഷത്തിൽ രാഷ്ട്രീയത്തിലും അധോലോകത്തും നിറഞ്ഞുനിൽക്കുന്നു. അതിനിടെ ചിലപ്പോൾ വെടിയേറ്റുമരിക്കുന്നു. സിറ്റിസൺ എഗെയിൻസ്റ്റ് ഹേറ്റ് പഠനമനുസരിച്ച് പടിഞ്ഞാറൻ, യു.പി. ഹരിയാന മേഖലയാണ് ഏറ്റുമുട്ടലിന്റെ മെയിൻ കേന്ദ്രങ്ങൾ, പിന്നെ പൂർവാഞ്ചലും. ഈ മേഖലകൾ മിക്കതും ന്യൂനപക്ഷ മതങ്ങൾ താമസിക്കുന്നവയാണ്. ഈ വിഭാഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും എന്നതാണ് വസ്തുത. എന്നാൽ അല്ലെന്ന് കാണിക്കാൻ കൊല്ലപ്പെട്ട ഭൂരിപക്ഷ മതത്തിൽപ്പെട്ടവരുടെ പേരുകളും സർക്കാർ കണക്കായി അവതരിപ്പിക്കുന്നു.

ക്രിമിനൽ കേസുകളിലെ പ്രതികളെ തിരഞ്ഞ് കൊല്ലുകയെന്ന ഹീറോയിസമാണ് യോഗി സർക്കാർ ചെയ്യുന്നതെങ്കിൽ വാരണസിയിലെ ബ്രിജേഷ് സിങ് (106 ക്രിമിനൽ കേസുകൾ), കൂട്ടബലാത്സംഗക്കേസ് പ്രതിയും ഉന്നാവിലെ നേതാവുമായ കുൽദീപ് സിങ് സെംഗാൾ എന്ന ബി.ജെ.പി. എം.എൽ.എ. (28 ക്രിമിനൽ കേസുകൾ, കൊലപാതക ഗൂഢാലോചന ഉൾപ്പെടെ), ജുനാപൂരിലെ ക്രിമിനലായ ധനഞ്ജയ് സിങ് (46 ക്രിമിനൽ കേസുകൾ) രാജാഭയ്യ എന്ന പ്രതാപ്സിങ് (കൊലപാതകമടക്കം 31 കേസുകൾ) ഇപ്പോഴും വിഹരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ കൊല്ലപ്പെട്ട ഭൂരിഭാഗംപേരും ഒരു പ്രത്യേക മതവിഭാഗമാകുന്നു. ഇതൊരു വിഷയമല്ലേ. മുന്നാ ഭയ്യ എന്ന മുന്ന ബജ്റംഗിയെ ജയിലിൽ വെടിവെച്ചുകൊന്ന ഉദാഹരണം വെച്ചാണ് യു.പിയിലെ ഭരണകക്ഷി കുറച്ചുനാൾ മുമ്പുവരെ വിമർശനങ്ങളെ നേരിട്ടത്. ഒരു വിഭാഗം മാത്രമല്ലല്ലോ ഏറ്റുമുട്ടൽ കൊലകളിൽ വീഴുന്നത് എന്ന് കാണിക്കാനുള്ള അവരുടെ തുറപ്പുചീട്ട് ഇതായിരുന്നു.

ജനം സർക്കാരിനെയാണ് വാഴ്ത്തുക. കയ്യടിക്കും അവർ. അധോലോക നായകർ വെടിയേറ്റുവീഴുന്നുവെന്ന് പറയുകയും ചെയ്യും. അതേസമയം അതിന് പിന്നിലെ മതതാല്പര്യം പുറത്തുവരികയുമില്ല. ഗുണ്ടകളെ വെടിവെച്ചു കൊന്നതാണല്ലോ പിന്നെന്താ പ്രശ്നമെന്ന് ചോദ്യത്തിന് ഉത്തരം മുട്ടിക്കാനുള്ള വകയൊക്കെ കൊല്ലപ്പെട്ടവർ ഉണ്ടാക്കിവെച്ചിട്ടുമുള്ളതുകൊണ്ട് ഇത്തരം തിയറികളിലൂടെ പൊതുബോധം വിലസും

2017 ൽ യോഗി അധികാരത്തിൽ വന്നതിന് ശേഷം 10,900 പോലീസ് ഏറ്റുമുട്ടലുകൾ നടന്നുവെന്നാണ് സർക്കാർ കണക്ക്. ഇതിൽ 183 ക്രിമിനലുകളെ ഏറ്റുമുട്ടലുകളിലൂടെ വധിച്ചുവെന്ന് സർക്കാർ തന്നെ പറയുന്നു. 13 പോലീസുകാർ കൊല്ലപ്പെട്ടു. 1500 ഓളം പോലീസുകാർക്ക് പരിക്കേറ്റു. 23000 ത്തോളം ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തതായി അവർ പറയുന്നു. പക്ഷേ കൊല്ലപ്പെട്ട 183 പേരുകളിൽ ഏതൊക്കെ മതങ്ങളിലുള്ളവർ എന്ന് ഒരു പഠനം നടത്തിയാൽ യഥാർത്ഥ നാടകം എന്താണെന്നറിയാം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എല്ലാ ചട്ടങ്ങളേയും കാറ്റിൽ പറത്തിയാണ് യു.പിയിൽ ഈ ഭോജ്പുരി വെടിവെപ്പ് സിനിമകൾ അരങ്ങേറുന്നത്. തെലുങ്കിൽ ബാലകൃഷ്ണയുടെ സിനിമ പോലെ. കയ്യടി കിട്ടും പക്ഷേ കാട്ടിക്കൂട്ടുന്നതെല്ലാം സാമാന്യയുക്തിയ്ക്ക് നിരക്കാത്തതും. മീററ്റ്, ഗാസിയാബാദ്, ഷാംലി, ആഗ്ര, ബറേലി, കാന്‍പുര്‍, വാരാണസി, അലഹബാദ്, ഖോരക്പുര്‍, മാവു, ഗാസിപുർ, ജുനാപുർ, എന്നിങ്ങനെയാണ് ഏറ്റുമുട്ടലുകൾ കൂടുതൽ നടക്കുന്നയിടങ്ങൾ. മീററ്റ് ആണിതിൽ ഒന്നാമത്. അതായത് യു.പിയിലെ ഏറ്റവും കൂടുതൽ ന്യൂനപക്ഷ പോപ്പുലേഷൻ ഉള്ള സ്ഥലങ്ങളിലൊന്ന്. 39 ശതമാനത്തോളമാണ് മീററ്റിലെ ഹിന്ദു ഇതര ജനസംഖ്യ.

തിരക്കഥയനുസരിച്ചുള്ള ഏറ്റുമുട്ടലുകളാണ് പലതുമെന്നാണ് ഇത്തരം പഠന റിപ്പോർട്ടുകളുടെ കൺക്ലൂഷൻ. പല വെടിവെപ്പ് കൊലകളിലേയും ഓട്ടോപ്സി റിപ്പോർട്ടുകളിലും വെടിവെപ്പിന് സമാനതകളുണ്ടെന്ന് എടുത്തുപറയുന്നുണ്ടെന്ന് സിറ്റിസൺ എഗെയ്ൻസ്റ്റ് ഹേറ്റിന്റെ പഠനം പറയുന്നുണ്ട്. ക്ലോസ് റേഞ്ച് ഷൂട്ടുകളാണ് അതിലൊന്ന്. ഓടി രക്ഷപ്പെടാൻ കഴിയുന്ന അകലത്തിലല്ല വെടിവെപ്പ് പലതുമെന്നും പഠനത്തിലുണ്ട്. എന്നാൽ ഇത് ജനം കയ്യടിക്കുന്ന ത്രില്ലർ പരിപാടിയാണുതാനും. അതായത് തട്ടുപൊളിപ്പൻ ഭോജ്പുരി സിനിമയിലെ രംഗങ്ങൾ പോലെയാണ് വോട്ടർമാർ ഇത്തരം വേട്ടയാടലുകളെ കാണുന്നത്. അതിനാൽ തന്നെ എത്ര വലിയ ചർച്ചകൾ നടന്നാലും ഇവരൊക്കെ കൊല്ലപ്പെടേണ്ടവരല്ലേ എന്നതാണ് പൊതുബോധ ന്യായം. ക്രിമിനലുകൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റിയെന്ന് യോഗി പ്രസംഗങ്ങളിലൂടെ അവകാശപ്പെടുന്നതും ഈ കയ്യടി പ്രതീക്ഷിച്ചുതന്നെയാണ്. രണ്ടു സംഭവങ്ങൾ കുറച്ചുദിവസത്തേക്ക് സർക്കാരിനെ പ്രതിരോധത്തിലാക്കും പിന്നീട് അതെല്ലാം മാറും. അതിന് മുന്നേ തന്നെ ജനം ഇതെല്ലാം കണ്ട് കയ്യടിക്കും. അതാണ് യു.പിയിൽ പതിവ്. അതാണ് ഇതിലെ കൗതുകം.

ഇതിനോട് ജനം അപലപിക്കുമെന്നും കരുതേണ്ടതില്ല. ജനം സർക്കാരിനെയാണ് വാഴ്ത്തുക. കയ്യടിക്കും അവർ. അധോലോക നായകർ വെടിയേറ്റുവീഴുന്നുവെന്ന് പറയുകയും ചെയ്യും. അതേസമയം അതിന് പിന്നിലെ മതതാല്പര്യം പുറത്തുവരികയുമില്ല. ഗുണ്ടകളെ വെടിവെച്ചു കൊന്നതാണല്ലോ പിന്നെന്താ പ്രശ്നമെന്ന് ചോദ്യത്തിന് ഉത്തരം മുട്ടിക്കാനുള്ള വകയൊക്കെ കൊല്ലപ്പെട്ടവർ ഉണ്ടാക്കിവെച്ചിട്ടുമുള്ളതുകൊണ്ട് ഇത്തരം തിയറികളിലൂടെ പൊതുബോധം വിലസും. കാരണം ക്രിമിനൽ കേസുകൾക്ക് പഞ്ഞമില്ലാത്തവരാണല്ലോ പലപ്പോഴും വെടിയേറ്റ് വീഴുന്നവരും. അതിനാൽ വെടിയൊച്ച ഇനിയും തുടരും അതിന്റെ പുക പതിയെ ശമിക്കും, കയ്യടി മാത്രം അവശേഷിക്കും. യു.പിയിലെ നീതിപാലനം ഒരു ഭോജ്പുരി സിനിമയ്ക്ക് അപ്പുറമോ ഇപ്പുറമോ ഇല്ലാത്ത അത്രയും അളവിൽ കൃത്യമായി സംവിധാനം ചെയ്തെടുക്കാൻ പോലീസിനും സർക്കാരിനുമാകുന്നു. അത് വോട്ടാവുകയും ചെയ്യും ഇനിയുമിനിയും.

Related Stories

No stories found.
logo
The Cue
www.thecue.in