ഈ സമരം അവസാനിക്കുന്നില്ല, എത്രപേരെ അവര്‍ക്ക് അറസ്റ്റ് ചെയ്തുകൊണ്ടു പോകാനാകും?

ഈ സമരം അവസാനിക്കുന്നില്ല, എത്രപേരെ അവര്‍ക്ക് അറസ്റ്റ് ചെയ്തുകൊണ്ടു പോകാനാകും?
Summary

കാര്‍ഷിക നിയമത്തിന്റെ പ്രശ്നങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ കര്‍ഷക സംഘത്തിലൂടെയും അഖിലേന്ത്യാ കിസാന്‍ സഭയിലൂടെയും കൃഷ്ണപ്രസാദ് അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് സാധിച്ചത്. വി.പി സാനു എഴുതുന്നു.

ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവവും അതിന് ശേഷം കൃഷ്ണപ്രസാദ്, മഹിളഅസോസിയേഷന്‍ ഡല്‍ഹി സ്‌റ്റേറ്റ് സെക്രട്ടറി ആശ ശര്‍മ, എസ്.എഫ്.ഐ സ്‌റ്റേറ്റ് സെക്രട്ടറി പ്രിതിഷ് മേനോന്‍ തുടങ്ങിയവരെയും, എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ, എ.ഐ.ഡി.ഡബ്ല്യു.എ, കിസാന്‍ സഭ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍ പതിഞ്ഞതാണ്. മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പി. കൃഷ്ണപ്രസാദിനെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്നത്.

മാധ്യമങ്ങള്‍ക്ക് ഒരു ബൈറ്റ് കൊടുക്കുന്നത് പോലും ഇവരെ എത്രമാത്രം ഭയപ്പെടുത്തുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാരണം കര്‍ഷക സമരം തുടങ്ങിയതിന് ശേഷം ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സമരത്തെ കണ്ടില്ല എന്ന് നടിച്ചുകൊണ്ടിരിക്കുകയാണ്.

പി. കൃഷ്ണപ്രസാദ്
പി. കൃഷ്ണപ്രസാദ്
എന്‍.ഡി.ടി.വിയ്ക്ക് നേരെ നടന്ന റെയ്ഡുകള്‍ പോലെ എല്ലാ മാധ്യമങ്ങളെയും ഒന്നുകില്‍ സ്വാധീനിച്ച് അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുക എന്ന തന്ത്രവും അവര്‍ വളരെ കൃത്യമായി നടപ്പാക്കുന്നുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിഴഞ്ഞവരാണ് മാധ്യമങ്ങള്‍ എന്ന് മാധ്യമ രംഗത്തുള്ളവര്‍ തന്നെ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ട് പറയാറുണ്ട്. കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലായാലും, രാജ്യത്ത് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മറ്റു വിവിധ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലായാലും മാധ്യമങ്ങള്‍ പിന്തുടരുന്നത് സാമാനമായ ഒരു നിലപാടാണ്. അതേസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായി വരുന്ന മാധ്യമങ്ങളെ തടയാന്‍ പലവിധത്തിലുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേറെയും നടക്കുന്നുണ്ട്.

എന്‍.ഡി.ടി.വിയ്ക്ക് നേരെ നടന്ന റെയ്ഡുകള്‍ പോലെ എല്ലാ മാധ്യമങ്ങളെയും ഒന്നുകില്‍ സ്വാധീനിച്ച് അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുക എന്ന തന്ത്രവും അവര്‍ വളരെ കൃത്യമായി നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് സഖാവ് കൃഷ്ണപ്രസാദിനെ ശബ്ദിക്കാന്‍ പോലും അനുവദിക്കാതെ അവിടെ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോകുന്ന സമീപനമുണ്ടായത്.

കഴിഞ്ഞ 2014ന് ശേഷം രാജ്യത്ത് നടന്ന എല്ലാ കര്‍ഷക സമരങ്ങളിലും കൃഷ്ണപ്രസാദ്, വിജൂ കൃഷ്ണന്‍ തുടങ്ങി നിരവധി കര്‍ഷക നേതാക്കളുടെയും കിസാന്‍ സഭയുടെയും സാന്നിധ്യമുണ്ട്.
വി.പി സാനു
വി.പി സാനു

പി. കൃഷ്ണപ്രസാദ് ആരാണ് എന്നതും പ്രസക്തമായ ചോദ്യമാണ്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ആള്‍ ഇന്ത്യ ട്രഷറര്‍ ആണ്. ദീര്‍ഘകാലമായി ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന, മുമ്പ് കേരളത്തില്‍ എം.എല്‍.എ ആയിരുന്ന, അതിന് മുമ്പ് എസ്.എഫ്.ഐ ഓള്‍ ഇന്ത്യ പ്രസിഡന്റ് ആയിരുന്ന നേതാവാണ് കൃഷ്ണപ്രസാദ്.

കഴിഞ്ഞ 2014ന് ശേഷം രാജ്യത്ത് നടന്ന എല്ലാ കര്‍ഷക സമരങ്ങളിലും കൃഷ്ണപ്രസാദ്, വിജൂ കൃഷ്ണന്‍ തുടങ്ങി നിരവധി കര്‍ഷക നേതാക്കളുടെയും കിസാന്‍ സഭയുടെയും സാന്നിധ്യമുണ്ട്.

2014ല്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍, രാഷ്ട്രീയമില്ലാത്ത ആളുകള്‍, എന്‍.ജി.ഒകള്‍, അങ്ങനെ വിവിധ തലത്തിലുള്ള സംഘടനകളെ കോര്‍ത്തിണക്കികൊണ്ട് ആള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. അതില്‍ തുടക്കത്തില്‍ അന്‍പതോളം സംഘടനകളാണ് ഉണ്ടായിരുന്നത്. അവരുടെ ഇടപെടലിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ ബില്ലുമായി ബന്ധപ്പെട്ട് ശബ്ദമുയര്‍ത്തുകയും പ്രതിഷേധത്തിനൊടുവില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുകയും ചെയ്തു.

വിജൂ കൃഷ്ണന്‍
വിജൂ കൃഷ്ണന്‍
ആ സമരത്തിലേക്ക് കര്‍ഷകരെ ഒരുക്കുന്നതിന് കിസാന്‍ സഭ വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കര്‍ഷകരുമായി സംവദിച്ച്, കര്‍ഷകര്‍ക്ക് എന്താണ് ഈ മൂന്ന് കാര്‍ഷിക നിയമങ്ങളെന്നും ബോധ്യപ്പെടുത്താന്‍ കിസാന്‍ സഭാ നേതാക്കള്‍ ഇടപെട്ടു.

അതിന് ശേഷം മഹാരാഷ്ട്ര, രാജസ്ഥാന്‍, ഒഡീഷ, അസം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സമരങ്ങള്‍ക്ക് കിസാന്‍ സഭ നേതൃത്വം നല്‍കുകയുണ്ടായി.

വിവിധ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നടത്തിയ സമരങ്ങളുടെ ഭാഗമായി ആദ്യം വളരെ കുറച്ച് സംഘടനകളേ ഉണ്ടായിരുന്നുള്ളുവെങ്കിലും പതുക്കെ അതിന്റെ എണ്ണം വര്‍ധിച്ചുകൊണ്ട്, ഏതാണ്ട് 30,000 ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കിസാന്‍ സഭ ഡല്‍ഹിയില്‍ 2017ല്‍ വലിയൊരു മാര്‍ച്ച് സംഘടിപ്പിച്ചു. അതിന്റെയൊക്കെ ഭാഗമായി ഇപ്പോള്‍ ഏകദേശം 500ല്‍ അധികം സംഘടനകളുള്ള ഒരു കൂട്ടായ്മയായി ഈ സമരം മാറിയിരിക്കുകയാണ്. നേരത്തെ പറഞ്ഞതുപോലെ രാഷ്ട്രീയമുള്ളവര്‍, രാഷ്ട്രീയമില്ലാത്തവര്‍, വിവിധ സംഘടനകളിലുള്ളവര്‍ എല്ലാവരും ഇതിന്റെ ഭാഗമാണ്.

കേന്ദ്രം പാസാക്കിയ ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എതിരാണ് എന്നകാര്യം കൃത്യമായി ബോധ്യപ്പെടുത്താന്‍ ഈ സംഘടനാ നേതാക്കളുടെ പ്രവര്‍ത്തന ഫലമായി സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ 26ന് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സമരം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുകയാണ്. കേന്ദ്രം കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയ സമയം മുതല്‍ തന്നെ ഹരിയാനയിലും പഞ്ചാബിലുമൊക്കെ ട്രെയിന്‍ തടഞ്ഞുകൊണ്ട് പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിരുന്നു. അങ്ങനെ നോക്കിയാല്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായെന്ന് പറയേണ്ടി വരും.

ആ സമരത്തിലേക്ക് കര്‍ഷകരെ ഒരുക്കുന്നതിന് കിസാന്‍ സഭ വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കര്‍ഷകരുമായി സംവദിച്ച്, കര്‍ഷകര്‍ക്ക് എന്താണ് ഈ മൂന്ന് കാര്‍ഷിക നിയമങ്ങളെന്നും ബോധ്യപ്പെടുത്താന്‍ കിസാന്‍ സഭാ നേതാക്കള്‍ ഇടപെട്ടു. കാര്‍ഷിക നിയമം വന്നാല്‍ കര്‍ഷകരെ മാത്രമല്ല ഇത് ബാധിക്കുന്നത് എന്നതാണ് വസ്തുത. ഇതിന്റെ ഭാഗമായി വരുന്ന ഒരു ബില്ല്, അവശ്യവസ്തുക്കളില്‍ നിന്ന് നെല്ലും ഗോതമ്പും ഉരുളക്കിഴങ്ങും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്ന ബില്ലാണ്. അത് വന്നുകഴിഞ്ഞാല്‍ ഇത് മൂന്നും പൂഴ്ത്തിവെക്കാനും കരിഞ്ചന്തയില്‍ വില കൂട്ടിവില്‍ക്കാനും സാധിക്കും. അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കും. ഓരോരുത്തരും കഴിക്കുന്ന ആഹാരത്തിന് എന്ത് വിലവേണമെന്ന് കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന അവസ്ഥയും വരും.

ഭാരത് ബന്ദിനിടെ കര്‍ഷകര്‍
ഭാരത് ബന്ദിനിടെ കര്‍ഷകര്‍

ഇത്തരത്തില്‍ കാര്‍ഷിക നിയമത്തിന്റെ പ്രശ്‌നങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ കര്‍ഷക സംഘത്തിലൂടെയും അഖിലേന്ത്യാ കിസാന്‍ സഭയിലൂടെയും കൃഷ്ണപ്രസാദ് അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയും സാധിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകരും തൊഴിലാളികളും ഇത്രമാത്രം ഒരുമിച്ചു നില്‍ക്കുന്ന ഒരു ഘട്ടം ഉണ്ടായത്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നാല് ലേബര്‍ കോഡുകള്‍, അത് എല്ലാ വിധത്തിലുമുള്ള തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആ നിയമത്തിനെതിരായ ശക്തമായ പോരാട്ടം ഈ കര്‍ഷകരോട് ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളും ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദ് വലിയ വിജയമായിരുന്നു. കര്‍ഷക-തൊഴിലാളി ഐക്യത്തിന്റെ ഭാഗമായിരുന്നു ആ ബന്ദ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം തന്നെ 'കോന്‍ബനേഗ ഹിന്ദുസ്ഥാനി, ഭാരത് കേ മസ്ദൂര്‍- കിസാന്‍' (ആരാണ് ഹിന്ദുസ്ഥാന്‍ ഉണ്ടാക്കിയത്, അത് തൊഴിലാളികളും കര്‍ഷകരുമാണ്) എന്നാണ്.

അതായത് ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ട് വെക്കുന്നതിലൂടെ കര്‍ഷക തൊഴിലാളി ഐക്യം കൂടി ശക്തിയാര്‍ജിക്കുകയായിരുന്നു. അത് തീര്‍ച്ചയായും ഭരണ വര്‍ഗത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം, കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകര്‍ക്കുമേല്‍ വണ്ടി കയറ്റുന്നതിന് മുമ്പ് അച്ഛനായ അജയ് കുമാര്‍ മിശ്രയോട് രണ്ട് മിനിട്ടുകൊണ്ട് സമരം അവസാനിപ്പിക്കാന്‍ എന്ന് തനിക്ക് അറിയാം എന്ന് പറയുന്നത്. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വളരെ കൃത്യമായി കൊല്ലുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇതുവരെ കര്‍ഷകരുടെ ഭാഗത്ത് നിന്നും യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. എന്തെങ്കിലും തരത്തില്‍ ഒരു അക്രമമോ ഒന്നും കര്‍ഷകരുടെ ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിന് മുമ്പ് ഹരിയാനയില്‍ കര്‍ഷകനെ തലക്കടിച്ചുകൊന്നു. ഏതാണ്ട് 600ല്‍ അധികം കര്‍ഷകര്‍ ഈ സമരത്തിന്റെ ഭാഗമായി മരണപ്പെട്ടിട്ടുണ്ട്. അതില്‍ കൊല്ലപ്പെട്ടവരുണ്ട്, നിരാശരായി ആത്മഹത്യ ചെയ്തവരുണ്ട്, സമര സ്ഥലത്തും മറ്റും വെച്ച് അസുഖം ബാധിച്ച് മരിച്ചവരുണ്ട്. അതിനും അപ്പുറം നില്‍ക്കുന്നതാണ് കഴിഞ്ഞദിവസമുണ്ടായ സംഭവം.

ഇതോടൊപ്പം തന്നെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സമാനമായ രീതിയില്‍ സമരത്തെ അടിച്ചൊതുക്കണമെന്ന രീതിയില്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവളരെ കൃത്യമായി മാധ്യമങ്ങളില്‍ വരാതെ, പ്രധാന വാര്‍ത്തയാക്കി കര്‍ഷക സമരത്തെ മാറ്റാതിരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി, രാജ്യത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ ജനങ്ങള്‍ ഒറ്റപ്പെടുത്തുന്ന ഒരു വിഷയമായി കര്‍ഷക സമരം മാറിയിട്ടുണ്ട് എന്ന ചിന്ത ഇപ്പോള്‍ ബിജെപിക്ക് ഉണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ജനുവരി 26ന് ശേഷം ഒരു ചര്‍ച്ചയും കര്‍ഷക നേതാക്കളുമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത്. പക്ഷെ സര്‍ക്കാര്‍ പലവിധത്തിലും സമരത്തെ അടിച്ചൊതുക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു തരത്തിലും ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും അവരെ ഈ വിഷയം നന്നായി ഉലയ്ക്കുന്നുണ്ട് എന്നതും, ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് അവരെ കര്‍ഷകരില്‍ നിന്നും സാധാരണ ജനങ്ങളില്‍ നിന്നും അകറ്റുന്നുണ്ട് എന്നതും വ്യക്തമാണ്. ഇതില്‍ ഉണ്ടാകുന്ന ഫ്രസ്‌ട്രേഷന്‍ ആണ് അവര്‍ കാണിക്കുന്നത്. കര്‍ഷക തൊഴിലാളികള്‍ക്കിടയിലെ ഐക്യം രാജ്യത്തെ ഏറ്റവും ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എത്രപേരെ അവര്‍ക്ക് അറസ്റ്റ് ചെയ്തുകൊണ്ടു പോകാന്‍ സാധിക്കും? ബിജെപിക്കാര്‍ നടത്തുന്ന പ്രചാരണം എന്നു പറയുന്നത് കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ അവര്‍ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന തരത്തിലുള്ള സമരം ശക്തമല്ല എന്നാണ്. പക്ഷെ അവിടെ പോയി കാണുമ്പോഴാണ് അതിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കുക. കഴിഞ്ഞ ഡിസംബറില്‍ ടാര്‍പോളീന്‍ ഷീറ്റുകളില്‍ ടെന്റടിച്ച് താമസിച്ചവര്‍ ഇന്ന് ഈറ്റ ഉപയോഗിച്ച് കുടിലുകളായി അത് മാറിയിരിക്കുകയാണ്. അത് സൂചിപ്പിക്കുന്നത്, നിങ്ങള്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കാതെ ഞങ്ങള്‍ ഇവിടുന്ന് പിരിഞ്ഞു പോകില്ല എന്ന നിശ്ചയദാര്‍ഡ്യമാണ്. ഇതിന് വേണ്ടി എത്രകാലം വേണമെങ്കിലും ഇവിടെയിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണ്. ഒരേസമയം ഒരു വിഭാഗം അവിടെ പോയി കൃഷി നടത്തുകയും മറുവിഭാഗം ഇവിടെ സമരം ചെയ്യുകയും ചെയ്യുന്നു. തങ്ങളുടെ ഓരോരുത്തരുടെയും ജീവനെ ബാധിക്കുന്ന വിഷയമാണ്, നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് രാജ്യത്തെ കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ മോദി സര്‍ക്കാരിന്റെ അന്ത്യത്തിലേക്ക് ഇത് വഴിവെക്കും എന്ന് തന്നെയാണ് കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in