തനിക്ക് തോന്നിയാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ ശാഖയ്ക്ക് കാവല്‍ നിന്ന കഥ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ്

തനിക്ക് തോന്നിയാല്‍  ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ ശാഖയ്ക്ക് കാവല്‍ നിന്ന കഥ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ്

ഒടുവില്‍ കെ.സുധാകരന്‍ തന്റെ രാഷ്ട്രീയ നിറം മറ നീക്കി തുറന്നു പറഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, കിഴുന്ന, തോട്ടട മേഖലയിലെ ആര്‍.എസ്.എസ് ശാഖകളെ നേരിടാന്‍ സി.പി.ഐ.(എം) ശ്രമിച്ചപ്പോള്‍ തന്റെ അനുയായികളെ അയച്ച് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നാണ് എം.വി.ആര്‍ അനുസ്മരണ പരിപാടിയില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരിക്കുന്നത്. കെ.സുധാകരനെ കുറിച്ച് പൊതു സമൂഹം വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് ബാന്ധവം സുധാകരന്‍ തന്നെ ഇപ്പോള്‍ വെളിവാക്കി തന്നിരിക്കുകയാണ്.

കണ്ണൂരിലെ ആര്‍.എസ്.എസുകാര്‍ തങ്ങളുടെ നേതാവായി കരുതുന്ന ആളാണ് കെ.സുധാകരന്‍. ഇദ്ദേഹം എംഎല്‍എയും മന്ത്രിയും ആയ ഘട്ടത്തില്‍ കണ്ണൂരിലെ ജയിലില്‍ കിടക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് പരോള്‍ ലഭ്യമാക്കാന്‍ എത്രയോ തവണ ഇടപെട്ടതിന്റെ തെളിവുകള്‍ ജയില്‍ രേഖകള്‍ പരിശോധിച്ചാല്‍ ലഭിക്കും.

തനിക്ക് തോന്നിയാല്‍ താന്‍ ബിജെപിയിലേക്ക് പോകുമെന്ന് തുറന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്ന കഥ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ്. സഖാവ് ഇ.പി ജയരാജന്‍ വധശ്രമം അടക്കം കണ്ണൂരിലെ ആര്‍.എസ്.എസുകാര്‍ പ്രതിയായ ഒട്ടനവധി അക്രമ-കൊലപാതക കേസുകളില്‍ കെ.സുധാകരന്റെ പങ്ക് പലപ്പോഴായി വെളിപ്പെട്ടതാണ്. ഈ ബന്ധമാണ് ആര്‍.എസ്.എസുകാരെ പല കൊലപാതകങ്ങള്‍ക്കും സുധാകരന്‍ ചാവേറാക്കി വിടാന്‍ കാരണവും.

കോണ്‍ഗ്രസിന് ഇനി രാജ്യത്ത് ഭാവിയില്ലെന്നും തനിക്ക് അധികാര രാഷ്ട്രീയത്തില്‍ ഇടം ലഭിക്കില്ലെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണോ സുധാകരന്‍ പരസ്യമായ ആര്‍.എസ്.എസ് പക്ഷത്തേക്ക് പോകുന്നത് എന്ന് സംശയിക്കാവുന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരന്റെ ഈ പ്രസ്താവനയോയുള്ള അഭിപ്രായം രേഖപ്പെടുത്തേണം. കോണ്‍ഗ്രസ് നേതൃത്വം സുധാകരനോട് യോജിക്കുന്നുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്.

രാജ്യത്ത് ഉടനീളം ആര്‍.എസ്.എസ് ആളുകളെ വിലക്കെടുക്കുകയാണ്. കേരളത്തിലും അവര്‍ക്ക് അത്തരം ലക്ഷ്യങ്ങളുണ്ട്. അതിന്റെ ഭാഗമാണോ സുധാകരന്റെ ഈ അഭിപ്രായപ്രകടനമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയെപ്പോഴാണ് കെ.പി.സി.സി അദ്ധ്യക്ഷനായി ഇന്ദിരാ ഭവനിലിരിക്കുന്ന സുധാകരന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മാരാര്‍ജി ഭവനിലേക്ക് കൂട് മാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി.

Related Stories

No stories found.
logo
The Cue
www.thecue.in