ഭരണഘടനയെ മറികടക്കുന്ന ആർ.എസ്.എസ്

Vinod K Jose
Vinod K Jose
Summary

മാധ്യമങ്ങള്‍ എത്രമാത്രം മറച്ചുവെക്കാന്‍ ശ്രമിച്ചാലും മോദിയുടെ ഭൂതവും വര്‍ത്തമാനവും ഇതാണെന്ന് നാം അറിയേണ്ടതുണ്ട്. പക്ഷേ ഏറ്റവും വേദനാകരമായ കാര്യം, ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലുള്ളതോ ആവട്ടെ, മോദി സര്‍ക്കാരിനെ ഒരു സാധാരണ വലതുപക്ഷ ഗവണ്‍മെന്റായിട്ടാണ് കാണുന്നത് എന്നതാണ്. ഭരണഘടനാ സംവിധാനത്തെ തന്നെ നശിപ്പിക്കുന്ന ഒരു ഫാഷിസ്റ്റ് സര്‍ക്കാരായിട്ട് ഇതിനെ കാണാന്‍ അവര്‍ ശ്രമിക്കുന്നില്ല.

ഇന്ത്യയില്‍ കാവിവല്‍ക്കരണം എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രക്രിയയല്ല എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. പുതിയകാലത്തെ കാവിവല്‍ക്കരണത്തിന്റെ പ്രത്യേകതകളെന്താണ്? ഏങ്ങനെയാണ് ഭീകരമായ രീതിയില്‍ അത് വളര്‍ന്നുവരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് നാമിന്ന് ഉന്നയിക്കേണ്ടത്. ഭക്ഷണം, ഭാഷ, മതം എന്നിവയെ സംബന്ധിച്ച് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച അതേ സംവാദങ്ങളാണ് കേരളത്തിന് പുറത്ത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. എങ്ങനെയുള്ള ഒരു രാജ്യമാകണം ഇന്ത്യ എന്നതിനെ സംബന്ധിച്ച് ഒരു നൂറ്റാണ്ടിന് മുമ്പേ നടന്ന അതേ സംവാദം പുനരാവര്‍ത്തിക്കപ്പെടുകയാണ്.

1920ല്‍ ആ ചര്‍ച്ച വളരെ കൃത്യമായി അവതരിപ്പിക്കപ്പെട്ടു. യൂറോപ്പില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഗാന്ധി, നെഹ്‌റു, അംബേദ്കര്‍ എന്നിവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പല കാര്യങ്ങളില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെയും ദേശീയതയെ സംബന്ധിച്ച്, 'കോണ്‍ട്രാക്ച്വല്‍ നാഷണലിസം'Contractual Nationalism)എന്ന യൂറോപ്യന്‍ കാഴ്ചപ്പാട് അവര്‍ മുറുകെപ്പിടിച്ചിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും നിലനിന്നിരുന്ന ദേശീയതയെ സംബന്ധിച്ച ഈയൊരവബോധം ഒരു ഭാഗത്തുള്ളപ്പോള്‍ ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നായി മറ്റൊരാശയവുമായി വേറൊരു കൂട്ടരും രംഗത്തുണ്ടായിരുന്നു. ഏതൊരു വിധത്തിലുള്ള ദേശരാഷ്ട്ര സങ്കല്പത്തെയാണ് സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ച് യൂറോപ്പിലും സമാനമായ സംവാദം നിലനിന്നിരുന്നു. ഹിറ്റ്‌ലറിനു മുമ്പ് 1880-90 കാലഘട്ടത്തില്‍ ജുഡീഷ്യറിയുമായി ബന്ധപ്പെട്ടായിരുന്നു ഈ ചര്‍ച്ച ആരംഭിച്ചത്. സ്വിസ് നിയമജ്ഞനായ ബ്ലന്‍സ്ച്‌ലിയാണ് ആധുനിക ദേശരാഷ്ട്രങ്ങള്‍ നന്നായി ഭരിക്കണമെങ്കില്‍ അത് ഭൂരിപക്ഷ ദേശീയതയില്‍ അധിഷ്ഠിതമായ രാജ്യമായിരിക്കണം എന്ന സങ്കല്‍പ്പം മുന്നോട്ടുവെക്കുന്നത്.

ഭൂരിപക്ഷ ദേശീയതയ്ക്ക് മാത്രമേ രാഷ്ട്രത്തെ ചലിപ്പിക്കാന്‍ സാധിക്കൂ എന്നും എല്ലാ ഭരണസ്ഥാപനങ്ങളും മാധ്യമങ്ങളും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അന്ന് ശക്തമായി ഉന്നയിക്കപ്പെടുകയുണ്ടായി. ഈയൊരു നിലപാടിനെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്, ഇറ്റലിയില്‍ മുസോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറുമായിരുന്നു. വിവിധ മതവിശ്വാസികളും സാമൂഹ്യ വിഭാഗങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് രാഷ്ട്രീയ ഭരണം സോഷ്യല്‍ കോണ്‍ട്രാക്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം എന്നതിനാല്‍ കോണ്‍ട്രാക്ച്വല്‍ നാഷണലിസമായിരിക്കണം നമ്മുടെ ഭരണസംവിധാനത്തിന്റെ അടിത്തറ എന്ന യൂറോപ്യന്‍ വാദത്തെ ഗാന്ധി-നെഹ്‌റു-അംബേദ്കര്‍ ത്രയങ്ങള്‍ അംഗീകരിച്ചപ്പോള്‍ അതിന് വിരുദ്ധമായൊരു തിസീസ്- ഗ്രാന്റ് തിസീസ്- അവതരിപ്പിച്ചത് 1924ലായിരുന്നു. സവര്‍ക്കര്‍ 'ഹിന്ദുത്വ' എന്ന പുസ്തകമെഴുതുന്നു. അങ്ങനെ പൊളിറ്റിക്കല്‍ ഹിന്ദുത്വത്തിന്റെ ആദ്യപുസ്തകമെന്ന നിലയില്‍ 'ഹിന്ദുത്വ' കടന്നുവരുന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും അടക്കമുള്ള വിവിധ സോഷ്യല്‍ ഗ്രൂപ്പുകള്‍ ഇക്കാലയളവില്‍ വളര്‍ന്നുവരികയുണ്ടായെങ്കിലും ഒരു മാറ്റവും കൂടാതെ തുടരുന്ന ഒന്നാണ് ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ എന്ന് നാം മനസ്സിലാക്കണം. ആര്‍എസ്എസ് എന്ന് നാം പറയുന്നത് ഒരുകാലത്ത് ഹിന്ദുമഹാസഭയുടെ യുവജന വിഭാഗം മാത്രമായിരുന്നു എന്ന് ഓര്‍ക്കണം. 18 വയസ്സില്‍ താഴെയുള്ളവര്‍ പ്രവര്‍ത്തിക്കേണ്ട ഹിന്ദു മഹാസഭയുടെ വിഭാഗം. മുസോളിനിയുടെ കളരിയില്‍ നിന്ന് പരിശീലനം നേടിയ മുഞ്‌ജേയാണ് ഹിന്ദുമഹാസഭയെ ഈ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. ഇറ്റലിയില്‍ പോയി പരിശീലനം നേടി തിരിച്ചെത്തി, ബ്രിട്ടീഷ് മിലിട്ടറിയുടെ പഴയ ചീഫിന്റെ സഹായത്തോടെ പരിശീലനത്തിലുള്ള ആളെ കണ്ടെത്തിയാണ് ആര്‍.എസ്.എസ് രൂപപ്പെടുന്നത്. ഹിന്ദു മഹാസഭയുടെ വളര്‍ച്ചയെയും വികാസത്തെയും സംബന്ധിച്ച ആ ചരിത്രവസ്തുതകള്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും കണ്ടെത്താന്‍ ഇന്ന് പ്രയാസമാണ്. അവ നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. എന്തുതന്നെയായാലും ഭരണഘടനാ നിര്‍മാണ സമിതി ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സാധിച്ചില്ല.

ഭരണഘടനാ സമിതിയില്‍ പരാജയപ്പെട്ട, കോണ്‍ട്രാക്ച്വല്‍ നാഷണലിസത്തിന് എതിരുനിന്ന, ഭരണഘടന പരസ്യമായി കത്തിച്ച, ത്രിവര്‍ണ പതാകയുടെ നിറത്തെച്ചൊല്ലി, അതിന്റെ ആകാരത്തെച്ചൊല്ലി കലഹിച്ച അതേ സംഘടന ഇന്ന് ഭരണഘടനാ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയിരിക്കുന്നു. ആ സംഘടനയുടെ പ്രതിനിധിയെന്ന നിലയില്‍ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന നരേന്ദ്ര മോദി ഭരണഘടനാ സംവിധാനങ്ങള്‍ക്ക് അപ്പുറത്ത് കാര്യങ്ങളെ കാണുകയും ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 2011-12 കാലത്ത് ഞാന്‍ മോദിയെക്കുറിച്ച് കാരവനില്‍(caravanmagazine.in) ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് എഴുതിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയോടൊപ്പം യാത്ര ചെയ്ത്, നൂറ്റിയഞ്ചോളം ആളുകളുമായി അഭിമുഖം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു അത്. ആ റിപ്പോര്‍ട്ടില്‍ മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും തമ്മിലുണ്ടായ ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച് പറയുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു അഭിപ്രായവ്യത്യാസമായിരുന്നു അത്. ജെയ്റ്റ്‌ലി എ.ബി.വി.പി നേതാവായി മാത്രം വളര്‍ന്നുവന്ന കരിയറിസ്റ്റായ ഒരു നേതാവാണ്. വക്കീലായി, മുപ്പത്തഞ്ചാം വയസ്സില്‍ വി.പി സിംഗ് സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി, ബൊഫോഴ്‌സ് കേസ് അന്വേഷിക്കാന്‍ വിദേശത്ത് പോയി, രാഷ്ട്രീയത്തിന് ഭരണഘടനാപരമായ അതിരുകളുണ്ടെന്ന് വിശ്വസിക്കുന്നയാളാണ്. അരുണ്‍ ജെയ്റ്റ്‌ലി ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ക്കകത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, അല്ലെങ്കില്‍ അതിനകത്ത് നിന്ന് കാര്യങ്ങളെ നോക്കിക്കാണുമ്പോള്‍ നരേന്ദ്ര മോദിയെ സംബന്ധിച്ച് ഭരണഘടനയ്ക്കപ്പുറം കാര്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് സൂക്ഷിക്കേണ്ടവരാണ് രാഷ്ട്രീയക്കാര്‍ എന്ന നിലപാടാണുള്ളത്. ഇതായിരുന്നു ഇവര്‍ തമ്മിലുണ്ടായ പ്രധാന അഭിപ്രായ വ്യത്യാസം.

മാധ്യമങ്ങള്‍ എത്രമാത്രം മറച്ചുവെക്കാന്‍ ശ്രമിച്ചാലും മോദിയുടെ ഭൂതവും വര്‍ത്തമാനവും ഇതാണെന്ന് നാം അറിയേണ്ടതുണ്ട്. പക്ഷേ ഏറ്റവും വേദനാകരമായ കാര്യം, ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലുള്ളതോ ആവട്ടെ, മോദി സര്‍ക്കാരിനെ ഒരു സാധാരണ വലതുപക്ഷ ഗവണ്‍മെന്റായിട്ടാണ് കാണുന്നത് എന്നതാണ്. ഭരണഘടനാ സംവിധാനത്തെ തന്നെ നശിപ്പിക്കുന്ന ഒരു ഫാഷിസ്റ്റ് സര്‍ക്കാരായിട്ട് ഇതിനെ കാണാന്‍ അവര്‍ ശ്രമിക്കുന്നില്ല. അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ അടിസ്ഥാനപരമായി ഉന്നയിക്കാന്‍ അവര്‍ ശ്രമിക്കുന്നുമില്ല. ഇതിന്റെ അടിസ്ഥാനമെന്തെന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാരണം, ലളിതമായ സംഖ്യാശാസ്ത്രം മനസ്സിലാക്കിയാല്‍ ഭരണത്തിനനുകൂലമായി വോട്ട് ചെയ്തവരുടെ എണ്ണം ഇന്ത്യയില്‍ 30 ശതമാനം മാത്രമേ വരൂ v, പല പാര്‍ട്ടികള്‍ക്കായിട്ടാണെങ്കിലും വോട്ടു ചെയ്തവരാണ് എന്ന വസ്തുത ബോദ്ധ്യപ്പെടും. അതായത് ഇന്ത്യയില്‍ 70 ശതമാനം പേരും ഗവണ്‍മെന്റിനെതിരായി ചിന്തിക്കുന്നു എന്നാണ് അര്‍ത്ഥം. എങ്കില്‍കൂടിയും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിക്കാന്‍ മാധ്യമങ്ങള്‍ മടിക്കുന്നതിന് പിന്നില്‍ മാധ്യമങ്ങളുടെ കണ്‍സോളിഡേഷനും വരുമാന മാര്‍ഗങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളുടെ വരുമാനത്തിന്റെ 60 ശതമാനവും വരുന്നത് ടെന്‍ഡര്‍, പൊതുസ്ഥാപന പരസ്യങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഗവണ്‍മെന്റിന്റെ കൂടെ നില്‍ക്കുക എന്നത് അവരുടെ നിലനില്‍പ്പിന്റെ കാര്യമായിട്ടാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഫ്രീ പ്രസ്സ് എന്നത് ഇന്ത്യയില്‍ ഒരു മിഥ്യ മാത്രമാണ്.

ഈ മരണം ആരംഭിച്ചത് 2014ഓടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് മോദിയുടെ കാലത്ത് ആരംഭിച്ച പ്രതിഭാസമല്ല. നാഷണലിസത്തെ സംബന്ധിച്ച് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച അതേ സംവാദമാണ് ഇന്ന് കാവിവല്‍ക്കരണത്തിന്റെ മൂര്‍ത്തിമത്ഭാവമായി നാം കാണുന്നത്.

90 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ, കോണ്‍ട്രാക്ച്വല്‍ നാഷണലിസം വേണോ അതോ മെജോറിറ്റേറിയന്‍ നാഷണലിസം വേണോ എന്ന ചര്‍ച്ചയില്‍ തന്നെ ഇന്ത്യ എത്തി നില്‍ക്കുകയാണ്. എന്നാല്‍ 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാജയപ്പെട്ടെങ്കിലും, മെജോറിറ്റേറിയന്‍ നാഷണലിസമാണ് വേണ്ടത് അല്ലെങ്കില്‍ ഇന്ത്യ ആ രീതിയിലേക്ക് മാറുകയാണ് എന്നതിന്റെ വ്യക്തമായ സൂചനകളിലേക്ക് പല കാര്യങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നു. മാധ്യമങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും കാവിവല്‍ക്കരണത്തിന്റെ സ്വഭാവമിതാണ്. ജുഡീഷ്യറിയാവട്ടെ, ബ്യൂറോക്രസിയാകട്ടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളാകട്ടെ, റിസര്‍ച്ച് സെന്ററുകളാകട്ടെ, എല്ലാം സ്ഥാപനപരമായ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മരണം ആരംഭിച്ചത് 2014ഓടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് മോദിയുടെ കാലത്ത് ആരംഭിച്ച പ്രതിഭാസമല്ല. നാഷണലിസത്തെ സംബന്ധിച്ച് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച അതേ സംവാദമാണ് ഇന്ന് കാവിവല്‍ക്കരണത്തിന്റെ മൂര്‍ത്തിമത്ഭാവമായി നാം കാണുന്നത്. ഭൂരിപക്ഷ ദേശീയതയെ സംബന്ധിച്ച സംവാദം ഇന്ന് സംവാദത്തിന്റെ തലം വിട്ട് പ്രയോഗത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈയൊരു ആശയപരമായ ജീര്‍ണതയെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരിക്കണം നമ്മുടെ മുന്നിലുള്ള സുപ്രധാന ചോദ്യം.

(കേരളീയം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ 2018ല്‍ സംഘടിപ്പിച്ച 'റൈറ്റ് ടു ഡിസന്റ്: വിസമ്മതങ്ങളുടെ കൂടിച്ചേരല്‍' എന്ന പരിപാടിയില്‍ നടത്തിയ പ്രഭാഷണം, courtesy -keraleeyammasika, chandrikaweekly)

Related Stories

No stories found.
logo
The Cue
www.thecue.in