ജാതി അധിക്ഷേപം തന്നെ, അപ്പോഴും 'മീടൂ'വും കണ്‍സന്റും വിനായകന് മനസിലായിട്ടില്ല

ജാതി അധിക്ഷേപം തന്നെ, അപ്പോഴും 'മീടൂ'വും കണ്‍സന്റും വിനായകന് മനസിലായിട്ടില്ല
Summary

വിനായകന്‍ എന്ന നടനെയും, പുരുഷമാധ്യമപ്രവര്‍ത്തകരെയും രണ്ടു വശത്തു നിര്‍ത്തി, നടനെന്ന ശരിയെ ഉയര്‍ത്തികാട്ടാനായി അയാള്‍ ചെയ്ത വെര്‍ബല്‍ അബ്യൂസ് വിശ്വസിക്കാനാവില്ല എന്നും, വെര്‍ബല്‍ അബ്യൂസ് അത്ര തീവ്രതയുള്ളതല്ലല്ലോ എന്നും, ചില ഉപജാതി കളികള്‍ കൊണ്ടുള്ള ആരോപണം ആണെന്ന് പറയുന്നവര്‍ സ്ത്രീപക്ഷമാണെന്നും ശരിയുടെ പക്ഷമാണെന്നും പറയുമ്പോള്‍ സത്യത്തില്‍ ആശ്ചര്യം തോന്നുന്നു. എഴുത്തുകാരന്‍ അനന്തു രാജ് എഴുതുന്നു.

അധികാരഘടനകളെയും പ്രത്യയശാസ്ത്ര മേധാവിത്വത്തെയും ചോദ്യം ചെയ്തുകൊണ്ടാണ് പൗരസമൂഹങ്ങള്‍ (Civil Society) ഉദയം കൊള്ളുന്നത്. കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ അവസാന ദശകങ്ങളില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ മറികടന്നുകൊണ്ട് രൂപം കൊണ്ട വ്യത്യസ്ത പൗരസമൂഹങ്ങള്‍ സൂക്ഷ്മരാഷ്ട്രീയങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഭരണകൂടത്തേയും ഒളിവാഴ്ചയെയും (Deep state) ചോദ്യം ചെയ്ത് ബദല്‍ രാഷ്ട്രീയ ശക്തിയായി മാറി. അവര്‍ പൊതുരംഗത്തും, സാഹിത്യത്തിലും അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളും ഉന്നയിച്ചുകൊണ്ടേ ഇരുന്നു. എന്നാല്‍ അക്കാലത്തുതന്നെ നൈതികതയുടെ പരിവേഷം ലഭിച്ച ഈ പൗരസമൂഹത്തെ സംബന്ധിച്ച് ചരിത്രകാരനും സാഹിത്യകാരനുമായ എം. ഗംഗാധരന്‍ വലിയ ഒരു ആശങ്ക കുറിച്ചു. 'പുരുഷന്റേതല്ലാത്ത ഒരു സിവില്‍ സമൂഹം സാധ്യമാവുമോ? 'എന്ന്.

ജാതി അധിക്ഷേപം തന്നെ, അപ്പോഴും 'മീടൂ'വും കണ്‍സന്റും വിനായകന് മനസിലായിട്ടില്ല
കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്

വിനായകന്റെ വിവാദ പരാമര്‍ശവും വിനായകന് എതിരെ ഉണ്ടായ ആക്രോശങ്ങളും സംബന്ധിച്ചു ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ ഇത്തരത്തിലാണ് വിഷയത്തെ കൊണ്ടുപോകുന്നത്. നീതിബോധത്തിന്റെ രണ്ടുവശങ്ങളില്‍ നില്‍ക്കുന്ന നടനും മാധ്യമപ്രവര്‍ത്തകരും. മീറ്റൂ എന്ന ഫ്രിക്ഷന്‍ പോയിന്റില്‍ ഉരഞ്ഞു രണ്ടായ നൈതിക അഭിപ്രായങ്ങള്‍. വിനായകന്‍ പറയുന്നത് ആണ് സ്ത്രീപക്ഷമെന്നും, അതല്ല പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ആണ് സ്ത്രീപക്ഷമെന്നും പൊതുസമൂഹം. ഇത്തരം ബൈനറികള്‍ വളരെ എളുപ്പത്തില്‍ സ്ത്രീകളെയും, ക്വീറുകളെയും പുറത്തുനിര്‍ത്തുന്ന കാഴ്ച്ച. ഇതില്‍ അതിജീവിതങ്ങളാകുന്നവരെ പുറത്തുനിര്‍ത്തി ഈ സിസ് ഹെറ്ററോ പുരുഷന്മാര്‍ നടത്തുന്ന അഭിപ്രായങ്ങള്‍ തികഞ്ഞ 'അഭ്യാസം' അല്ലാതെ മറ്റൊന്നുമല്ല.

വിനായകന് എതിരെ നടന്നത് കൃത്യമായ ജാതി അധിക്ഷേപവും, സവര്‍ണ്ണ ധിക്കാരവുമാണ് എന്ന് ഈ വിഷയത്തിലേക്ക് സ്ഥൂലമായോ സൂക്ഷ്മമായോ നോക്കിയാല്‍പ്പോലും എളുപ്പത്തില്‍ മനസ്സിലാകുന്ന കാര്യമാണ്. ആദ്യം മുതല്‍ക്കേ തന്നെ വിനായകന്‍ എന്ന ദളിത് വ്യക്തി വളരെ അസ്സേര്‍റ്റീവ് ആയി സംസാരിക്കുന്നതില്‍ പൊതുവില്‍ ആള്‍ക്കാര്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നു. ഒരു ദളിതന്‍ ഇത്തരത്തില്‍ ഉറപ്പോടെ, കൂസലില്ലാതെ സംസാരിക്കുന്നത് അവരുടെ സവര്‍ണ്ണ ബോധത്തിന് താങ്ങാവുന്നതിലും കൂടുതലാണ്. പൊതുസമൂഹത്തിന്റെ സൗന്ദര്യബോധത്തിന് പുറത്തുനില്‍ക്കുന്ന, അവരുടെ മേലായ്മ ബോധത്തെ കൂസാത്ത വ്യക്തി എന്ന നിലയില്‍ വിനായകനെ ആസൂത്രിതമായി തന്നെയാണ് ആക്രമിക്കാനും പ്രശ്‌നവല്‍ക്കരിക്കാനും ശ്രമിച്ചത് എന്ന് ആ വീഡിയോ ക്ലിപ്പ് കാണുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. അതല്ലാതെ സ്ത്രീപക്ഷ ചിന്ത തലയില്‍കയറി പിടിവിട്ടു പോയതൊന്നുമല്ല. ആയിരുന്നെങ്കില്‍ ഇവര്‍ മറ്റ് കുറ്റാരോപിതരായ നടന്മാരോടും, പുരുഷന്മാരോടും ഇതുപോലെ തന്നെ പെരുമാറുമായിരുന്നു. എന്നാല്‍ അവരെല്ലാം ഫ്രാന്‍കോ തിരുമേനിയും, ദിലീപേട്ടനും, വിജയ് സാറും ആയിരിക്കുകയും വിനായകന്‍ 'താനും' 'നീയും' ഒക്കെ ആവുന്നതും തികഞ്ഞ ജാതി ബോധത്തില്‍നിന്നാണ്. ആ ഒരു കാര്യത്തില്‍ ഉറപ്പായും നടന്‍ നേരിട്ട ജാതിവിവേചനത്തിനൊപ്പം തന്നെയാണ്. ജാതിയുടെ പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ല.

ജാതി അധിക്ഷേപം തന്നെ, അപ്പോഴും 'മീടൂ'വും കണ്‍സന്റും വിനായകന് മനസിലായിട്ടില്ല
കളിയാട്ടക്കാവ് മഹോത്സവം; ഓര്‍മപ്പെടുത്തുന്ന സ്ത്രീ നവോത്ഥാനവും മതേതര ഇടങ്ങളും

എന്നാല്‍ അതുകൊണ്ട് വിനായകന്‍ എന്ന പുരുഷന്‍ പറയുന്നത് ശരിയാണ് എന്നര്‍ത്ഥം ഇല്ലല്ലോ. വിനായകന് 'മീടൂ' മുന്നേറ്റം എന്താണെന്നോ, കണ്‍സന്റ് എന്താണെന്നോ, സ്ത്രീപക്ഷം എന്താണെന്നോ ഇനിയും മനസിലായിട്ടില്ല. 'മീടൂ' എന്ന വിഷയം വരുമ്പോള്‍ ഇത്ര പബ്ലിക് ആയി പോലും ആക്രമണോത്സുകനാവുന്നത് നടന്റെ ടോക്സിക് പുരുഷബോധത്തിന്റെ ഭാഗമായാണ്. കണ്‍സന്റ് എന്നത് ഓപ്പണ്‍ ആയി ഒരു സ്ത്രീയോട് (അതും ഒരു പരിചയം പോലുമില്ലാത്ത സ്ത്രീയോട്/ ലൈംഗിക-ലിംഗത്വ പാര്‍ശ്വവത്കൃത വിഭാഗങ്ങളോട്) നേരില്‍ ലൈംഗികവേഴ്ചയ്ക്ക് താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നതാണ് എന്ന് നടനും നടനെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമാണ്. എന്നാല്‍ അത്തരം പെരുമാറ്റം ഈ ലൈംഗിക-ലിംഗത്വ പാര്‍ശ്വവത്കൃത വിഭാഗങ്ങളെ എത്രത്തോളം മാനസിക പ്രയാസത്തില്‍ എത്തിക്കും എന്നതില്‍ ഇവര്‍ ബോധവാന്മാരെ അല്ല എന്നതാണ്. 'ശാരീരികവും, മാനസികവുമായ പീഡനം അല്ലേ 'മീടൂ', അത് ഞാന്‍ ചെയ്തിട്ടില്ല' എന്ന് വിനായകന്‍ വീണ്ടും പറയുമ്പോള്‍ വെര്‍ബല്‍ അബ്യുസ് വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

വിനായകന്‍ എന്ന നടനുവേണ്ടി എഴുതുന്നവര്‍ ഭാവനയെയും, ചിന്മയി ശ്രീപദയേയും, തനുശ്രീയേയും ചൂണ്ടികാണിച്ചു നെടുനീളന്‍ എഴുത്തുകള്‍ എഴുതുകയും നടനാല്‍ വെര്‍ബല്‍ അബ്യൂസ് നേരിട്ട ഒരു ദളിത് സ്ത്രീയെ ബോധപൂര്‍വ്വം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു.
അനന്തു രാജ്
അനന്തു രാജ്

അടിത്തട്ട് ജാതിസമൂഹങ്ങള്‍ പലപ്പോഴായി 'ജാതി പേര്' വിളിച്ചതുവഴി തങ്ങള്‍ അപമാനിക്കപ്പെടുന്നതായും അത് മാനസികമായി തങ്ങളെ ബുദ്ധിമുട്ടില്‍ ആക്കിയതായും പറയാറുണ്ട്. ഇത്തരത്തില്‍ ഒരു വെര്‍ബല്‍ പ്രയോഗം ഒരു അബ്യൂസ് ആയി തിരിച്ചറിയപ്പെട്ട മനുഷ്യര്‍ക്ക് എന്തുകൊണ്ടാവും ഒരു സ്ത്രീയ്ക്കോ (പ്രത്യേകിച്ചും ദലിത് സ്ത്രീകള്‍ക്ക്), ലൈംഗിക-ലിംഗത്വ പാര്‍ശ്വവത്കൃത വിഭാഗത്തിലുള്ള മനുഷ്യര്‍ക്കോ നേരിടുന്ന വെര്‍ബല്‍ അബ്യൂസ് മനസിലാകാത്തത്. തീര്‍ച്ചയായും അവരുടെ ഇന്റര്‍സെക്ഷണാലിറ്റിയെ അവഗണിക്കുന്ന പുരുഷാധിപത്യ ബോധത്തില്‍നിന്നാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ ജാതിബോധത്തെ അപലപിക്കുന്നവരും, വിമര്‍ശിക്കുന്നവരും വിനായകന്‍ എന്ന പുരുഷനെ വീര'പുരുഷനായി' വാഴിക്കാനുള്ള വ്യഗ്രതയിലും കൂടിയാണ്. നടന് എതിരെ നിലവില്‍ ഉള്ള വെര്‍ബല്‍ അബ്യൂസ് കേസ് 'മീടൂ'വിന്റെ പരിധിയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്ന് തോന്നിക്കും വിധമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. വിനായകന്‍ എന്ന നടനുവേണ്ടി എഴുതുന്നവര്‍ ഭാവനയെയും, ചിന്മയി ശ്രീപദയേയും, തനുശ്രീയേയും ചൂണ്ടികാണിച്ചു നെടുനീളന്‍ എഴുത്തുകള്‍ എഴുതുകയും നടനാല്‍ വെര്‍ബല്‍ അബ്യൂസ് നേരിട്ട ഒരു ദളിത് സ്ത്രീയെ ബോധപൂര്‍വ്വം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു.

ശരി തെറ്റുകളുടെ ബൈനറി ഉണ്ടാക്കുന്ന സിസ് ഹെറ്ററോ പുരുഷന്മാരും മറ്റ് പുരുഷാധിപത്യ വാദികളും തങ്ങളുടെ ജാതി-ജെന്‍ഡര്‍ മൂലധനം ഉപയോഗിച്ച് ലൈംഗിക-ലിംഗത്വ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ മേല്‍ കര്‍ത്തൃത്വം എടുക്കുന്നിടത്ത്, നൈതികമായൊരു സിവില്‍ സമൂഹം സാധ്യമാവുമോ?

വിനായകന്‍ എന്ന നടനെയും, പുരുഷമാധ്യമപ്രവര്‍ത്തകരെയും രണ്ടു വശത്തു നിര്‍ത്തി, നടനെന്ന ശരിയെ ഉയര്‍ത്തികാട്ടാനായി അയാള്‍ ചെയ്ത വെര്‍ബല്‍ അബ്യൂസ് വിശ്വസിക്കാനാവില്ല എന്നും, വെര്‍ബല്‍ അബ്യൂസ് അത്ര തീവ്രതയുള്ളതല്ലല്ലോ എന്നും, ചില ഉപജാതി കളികള്‍ കൊണ്ടുള്ള ആരോപണം ആണെന്ന് പറയുന്നവര്‍ സ്ത്രീപക്ഷമാണെന്നും ശരിയുടെ പക്ഷമാണെന്നും പറയുമ്പോള്‍ സത്യത്തില്‍ ആശ്ചര്യം തോന്നുന്നു. ഭാവനയ്ക്കും, തനുശ്രീയ്ക്കും, ചിന്‍മയിക്കും കൊടുത്ത അതിജീവിതയുടെ ഗൗണ്‍, ഈ ദളിത് സ്ത്രീയ്ക്ക് നല്‍കാന്‍ മടിക്കുന്നതിന്റെ പുറകില്‍ ജാതിബോധവും, പുരുഷബോധവും തന്നെയാണ്. 'മീടൂ'വിനെയും, സ്ത്രീപക്ഷത്തെയും പറ്റി വലിയ ചര്‍ച്ചകള്‍ നടക്കേണ്ടത് ജനാധിപത്യത്തില്‍ അനിവാര്യം തന്നെയാണ്. എന്നാല്‍ ഈ സിസ്-ഹെറ്ററോ പുരുഷന്മാര്‍ അല്ല അത് നടത്തേണ്ടത്. സ്ത്രീകളും, ലൈംഗിക-ലിംഗത്വ പാര്‍ശവത്കൃത വിഭാഗങ്ങളും, അവര്‍ നേരിടുന്ന വിഷയത്തെപറ്റിയും, 'മീടൂ' എന്താണെന്നും പറയട്ടെ. അത്തരത്തില്‍ സാമൂഹിക സാക്ഷരതയുള്ള പൗരസമൂഹങ്ങള്‍ ഉണ്ടാവട്ടെ. അതല്ലാതെ ഇന്റര്‍സക്ഷണാലിറ്റിയെ പറ്റി ധാരണയിലാത്ത അതിനോട് അവഗണന പുലര്‍ത്തുന്ന, ശരി തെറ്റുകളുടെ ബൈനറി ഉണ്ടാക്കുന്ന സിസ് ഹെറ്ററോ പുരുഷന്മാരും മറ്റ് പുരുഷാധിപത്യ വാദികളും തങ്ങളുടെ ജാതി-ജെന്‍ഡര്‍ മൂലധനം ഉപയോഗിച്ച് ലൈംഗിക-ലിംഗത്വ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ മേല്‍ കര്‍ത്തൃത്വം എടുക്കുന്നിടത്ത്, നൈതികമായൊരു സിവില്‍ സമൂഹം സാധ്യമാവുമോ?

Related Stories

No stories found.
logo
The Cue
www.thecue.in