എ രാമചന്ദ്രൻ: ചിത്രകലയിലെ കാളിദാസൻ

എ രാമചന്ദ്രൻ: ചിത്രകലയിലെ കാളിദാസൻ
courtesy: https://www.artisera.com/
Summary

ഒരു ദിവസം രാമചന്ദ്രന് പത്മഭൂഷൺ കിട്ടിയെന്ന വാർത്ത വന്നു. അന്ന് രാവിലെ നടക്കാൻ പോയ ശേഷം ലിഫ്റ്റിൽ കയറി മുകളിലേയ്ക്ക് പോകുമ്പോൾ അതിലുണ്ടായിരുന്ന ചിലർ അടക്കം പറയാൻ തുടങ്ങി. ഒരാൾ ധൈര്യം സംഭരിച്ചു ചോദിച്ചു, ഇന്ന് പത്രത്തിലൊക്കെ പടം വന്ന ആളല്ലേ താങ്കൾ? അതാണ് മലയാളിയുടെ അവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കാലം കുറെയൊക്കെ മാറിയെന്നാണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്.

അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രനെക്കുറിച്ച് കലാചരിത്രകാരനും ക്യൂറേറ്ററുമായ ജോണി.എം.എൽ എഴുതുന്നു

ഇക്കഴിഞ്ഞ ഇൻഡ്യാ ആർട്ട് ഫെയറിൽ എ രാമചന്ദ്രന്റെ അധികം വർക്കുകൾ ഉണ്ടായിരുന്നില്ല. ഡൽഹിയിലെ വധേര ആർട്ട് ഗ്യാലറിയാണ് രാമചന്ദ്രന്റെ ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിക്കുന്നത്. എന്നാൽ ഒരു ശിൽപം ഉണ്ടായിരുന്നു. ഏകാകിയായി നിൽക്കുന്ന ഒരു ലോഹാർ വനിതയുടെ ശിൽപം. അതും ബൂത്തിന് പുറത്ത്. ആ ശില്പത്തെ ഹൈലൈറ്റ് ചെയ്യുവാൻ സ്പോട്ട് ലൈറ്റ് ഉപയോഗിച്ചിരുന്നില്ല. അതിനു മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഓർത്തു, ഇത് അദ്ദേഹത്തിന്റെ നിഷ്ക്രമണത്തിന്റെ ഒരു പ്രതീകമാണോ? വധേര ഗ്യാലറി അങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ? ഓരോ വർഷവും അതാതു വർഷത്തെ ഹോട്ട് പ്രോപ്പർട്ടികളെയാണ് ആർട്ട് ഫെയർ അവതരിപ്പിക്കുക. അങ്ങനെ വരുമ്പോൾ രാമചന്ദ്രൻ സവിശേഷമായ ഒരു ഹോട്ട് പ്രോപ്പർട്ടി ആകാൻ വഴിയില്ല. മറ്റൊരു കാരണം, ഇന്ത്യൻ കലാരംഗത്ത് ഒരൊറ്റ ഗ്യാലറിയുമായി മാത്രം കരാറുണ്ടാക്കി പ്രവർത്തിച്ച വളരെ ചുരുക്കം കലാകാരന്മാരിൽ ഒരാളാണ് എ രാമചന്ദ്രൻ. അതിനാൽ വധേരയ്ക്ക് അദ്ദേഹത്തെ താഴയേണ്ട ആവശ്യവും ഇല്ല. എങ്കിലും എന്റെ മനസ്സിൽ ആ ശിൽപം അങ്ങനെ അനാഥമായി നിൽക്കുന്നത് ഒരു മുറിവായി. ഞാൻ അതാരോടും പറഞ്ഞില്ല. കാരണം, രാമചന്ദ്രൻ സുഖമില്ലാതെ ഇരിക്കുകയാണ്. അത്തരമൊരു വിഷയം ഫേസ്ബുക്കിൽ എഴുതിയാൽപ്പോലും, ആരെങ്കിലും പറഞ്ഞ് ആ വിഷയം അദ്ദേഹം അറിയാൻ ഇടയായാൽ അദ്ദേഹത്തിന്റെ മനസ്സ് വിഷമിക്കും. അദ്ദേഹത്തിന്റെ മകൾ സുജാത കാനഡയിൽ ആണെങ്കിലും അവർ എന്റെ ഫേസ്ബുക് ഫോളോ ചെയ്യുന്നുണ്ട്. അവരെയും വിഷമിപ്പിക്കാനാവില്ല.

ആ ശില്പത്തിന്റെ ചിത്രം എടുത്തുകഴിഞ്ഞ് ഞാൻ മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരാൾ വിളിച്ചു. അത് മനീഷാ ഗെരാ ബാസ്വാനി എന്ന കലാകാരിയായിരുന്നു. എ രാമചന്ദ്രന്റെ പ്രിയ ശിഷ്യരിൽ ഒരാൾ. വര്ഷങ്ങളായി മനീഷ രാമചന്ദ്രന്റെ ഫോട്ടോഗ്രാഫുകൾ എടുക്കുന്നുണ്ട്. ഫോട്ടോഗ്രാഫർ കൂടിയായ മനീഷ ഇന്ത്യൻ കലാരംഗത്തെ പ്രധാനപ്പെട്ട കലാകാരരുടെയെല്ലാം ഫോട്ടോ എടുക്കുന്ന വലിയൊരു പ്രൊജക്റ്റ് ചെയ്യുന്നുണ്ട്. "ജോണിയെ രാമചന്ദ്രൻ സാർ അന്വേഷിക്കുന്നുണ്ട്. ഞാൻ കഴിഞ്ഞ ദിവസവും സാറിനെ കാണാൻ പോയിരുന്നു. ജോണിയെ സാർ ഓർത്തു. ഒന്ന് പോയി കാണണം. സാറിന്റെ അവസാന സ്റ്റേജ് ആണ്," മനീഷ പറഞ്ഞു നിർത്തി. പോകാമെന്ന് ഞാൻ മനീഷയ്ക്ക് ഉറപ്പു കൊടുത്തു. മനീഷ അങ്ങനെ എന്നോട് പറയാൻ കാരണം, രാമചന്ദ്രൻ സാറും ഞാനും തമ്മിലുള്ള ബന്ധം ഏറെക്കുറെ എല്ലാവര്ക്കും അറിയാം എന്നുള്ളതാണ്. കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി ഞാൻ സാറിനെ കാണുവാൻ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പോകുമായിരുന്നു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഞാൻ നോട്ടുബുക്കുകളിൽ എഴുതി വയ്ക്കുമായിരുന്നു. ഓരോ പ്രാവശ്യവും ഇറങ്ങുമ്പോൾ അദ്ദേഹം പറയും, 'ഇതൊന്നും ഇപ്പോൾ പ്രസിദ്ധീകരിക്കരുത്. എന്റെ മരണശേഷം വേണം അത് ചെയ്യാൻ. അല്ലെങ്കിൽ ആളുകൾ എന്നെ അടിച്ചു കൊല്ലും.' ആ വാക്ക് ഞാൻ പാലിച്ചിരുന്നു. പക്ഷെ അദ്ദേഹം രോഗശയ്യയിൽ വീണശേഷം ഞാൻ കാണുവാൻ പോയില്ല. ഡൽഹിയിൽ വരുന്നവർ എല്ലാം തീർത്ഥാടകരെപ്പോലെ അദ്ദേഹത്തെ കാണുവാൻ പോകുന്നതും ഫോട്ടോഗ്രാഫുകൾ സോഷ്യൽ മീഡിയയിൽ ഇടുന്നതും ഞാൻ ശ്രദ്ധിച്ചു കാണുമായിരുന്നു. പ്രസന്നമായ ആ മുഖത്ത് പടരുന്ന ഇരുൾ എനിയ്ക്ക് കാണുവാനായി. അങ്ങനെയൊരു രാമചന്ദ്രൻ സാറിനെ കാണുവാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല. അതിനാൽ മനീഷയ്ക്ക് വാക്ക് കൊടുത്തെങ്കിലും ഞാൻ പോയില്ല. ഇന്നലെ രാമചന്ദ്രൻ സാർ മരിച്ചു.

ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്ന് മരണാന്തരം പറയുന്നത് ഒരു ക്ളീഷേ ആണെങ്കിലും അതാണിവിടെ സംഭവിച്ചിരിക്കുന്നത്. രാമചന്ദ്രന്റെ മുൻഗാമിയായ കെ ജി സുബ്രമണ്യൻ മരിച്ചപ്പോഴും അത്തരമൊരു തോന്നൽ ഉണ്ടായിരുന്നു. എന്നാൽ കെ ജി എസ്സും രാമചന്ദ്രനും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്; ജീവിത ദർശനത്തിലും കലാശൈലിയിലും. കെ ജി എസ്സിനെ ശാന്തിനികേതനത്തിൽ എത്തിച്ചത്, ക്വിറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത കാരണം പോലീസ് തെരയുന്നത് കൊണ്ടായിരുന്നു. മദ്രാസ് കോളേജിൽ ചേർന്നാൽ പോലീസ് പ്രശ്നമുണ്ടാക്കും, അതിനാൽ ശാന്തിനികേതനത്തിലേയ്ക്ക് അദ്ദേഹം പോയി. രാമചന്ദ്രൻ അവിടെയെത്തിയതിനു പിന്നിൽ കലയോടുള്ള സ്നേഹവും ഒപ്പം ഒരു ഭഗ്നപ്രണയവും ആണെന്ന് പറയപ്പെടുന്നു. കെ ജി എസ് തികഞ്ഞ ഗാന്ധിയനായിരുന്നു. അദ്ദേഹം തന്റെ വാർധാ ആശ്രമത്തിലെ അനുഭവങ്ങൾ കൂടി കലയിൽ ഉൾച്ചേർത്തു. ഗാന്ധിയനായിരുന്ന നന്ദലാൽ ബോസിന്റെ ശിഷ്യത്വം ഗ്രാമസ്വരാജ് എന്ന ആശയത്തെ ത്വരിപ്പിച്ചു. രാമചന്ദ്രൻ ആകട്ടെ ഗാന്ധിയൻ ആശയങ്ങൾക്ക് സമാന്തരമായ അസ്ത്വിത്വദർശനത്തിൽ ശ്രദ്ധയൂന്നി. സമൂഹം വലിയൊരു അലട്ടൽ ആയി അദ്ദേഹത്തിന് തോന്നി. നെഹ്‌റു-അനന്തര കാലത്തിലെ വളരുന്ന ഹിംസാത്മകത രാമചന്ദ്രനിലെ യുവ നിഷേധിയെ അത്തരത്തിലൊരു കലയെ പിന്തുടരുന്നതിന് പ്രാപ്തനാക്കി. മധ്യവർഗ്ഗത്തിന്റെ പ്രലോഭങ്ങളിലേക്കുള്ള വഴുതലിനെ കെ ജി എസ് കണക്കറ്റു കളിയാക്കി. എന്നാൽ മധ്യവർഗം ഒന്നാകെ ഹിംസാത്മകതയുടെ ഭാഗമാണെന്ന് രാമചന്ദ്രൻ കണ്ടു. കെ ജി എസ്സിനെ ഭരണകൂടവും ദേശീയതയും പ്രശ്നഭരിതമാണെന്ന് തോന്നിയില്ല (അവസാനകാലങ്ങളിൽ തോന്നിയിരുന്നു), എന്നാൽ അവ രണ്ടും പ്രശ്നവൽക്കരിക്കേണ്ടതാണെന്ന് രാമചന്ദ്രന് തോന്നി. രാമചന്ദ്രന്റെ ആദ്യകാല ചിത്രങ്ങളെല്ലാം ഈ നിലപാട് പേറുന്നവയാണ്.

രാമചന്ദ്രൻ എന്ന കലാകാരനെ ആരാധനയുടെ ഒരു സോപ്പ് കുമിളയ്ക്കുള്ളിൽ നിർത്തി, സമൂഹ-സ്വാധീന നിരപേക്ഷമായി സംസാരിക്കരുത് എന്നുള്ളത് കൊണ്ടാണ് കെ ജി എസ്സുമായി ഉള്ള ഒരു താരതമ്യത്തിന് ഇവിടെ മുതിരുന്നത്. കെ ജി എസ് ഇന്ത്യയിലെ നാടോടി-ഗോത്ര പാരമ്പര്യങ്ങളെയും ക്‌ളാസിക്കൽ പാരമ്പര്യത്തെയും ഒരു ചരിത്രത്തുടർച്ചയായി കാണുകയും അതിലൂടെ ഊർജ്ജം സ്വീകരിക്കേണ്ടവരാണ് കലാകാരന്മാർ എന്നുള്ള ഒരു അർണോൾഡിയൻ നിലപാട് സ്വീകരിക്കുകയും ചെയ്തു. കെ ജി എസ്സിനെ സംബന്ധിച്ചിടത്തോളം അത് രൂപത്തിനൊപ്പം ഉള്ളക്കടക്കത്തിന്റെ വൈവിധ്യം കൂടി ഉൾപ്പെടുന്നതായിരുന്നു. രാമചന്ദ്രൻ പാരമ്പര്യത്തെ നിഷേധിച്ചില്ല. എന്നാൽ ആധുനികതയുടെ അനിഷേധ്യമായ ഊർജ്ജത്തെയും സ്വാധീനത്തെയും അദ്ദേഹം സ്വാംശീകരിച്ചു. കെ ജി എസ് ടെറാക്കോട്ട മ്യൂറലുകളും പരമ്പരാഗത സാങ്കേതിക വിദ്യകളും ഒക്കെ തന്റെ ചിത്ര-ശില്പ നിർമ്മാണ പരിപാടികളിൽ ഉൾച്ചേർത്തപ്പോൾ രാമചന്ദ്രൻ രാമചന്ദ്രന് അവയോടുള്ള സമീപനം തികച്ചും അക്കാദമികമായ തന്നെ നിന്ന്. അദ്ദേഹത്തിന്റെ കേരളാ മ്യൂറൽ പഠനങ്ങളും രാജാ രവിവർമ്മയുടെ റിവൈവലും ഒക്കെ പരിശോധിച്ചാൽ ഉള്ളടക്കത്തിന്റെ സാമൂഹിക -സാമ്പത്തിക - സാംസ്‌കാരിക രാഷ്ട്രീയത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് ഫോമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതുകൊണ്ടാണ് അവയിലെ ഇമേജുകളെക്കുറിച്ചും അവയുടെ എപിസ്‌റ്റമോളജിക്കൽ ആയ വേരുകളെക്കുറിച്ചും വിശകലം ചെയ്യുവാൻ അദ്ദേഹം മുതിരാതിരുന്നത്. രാമചന്ദ്രന്റെ ചിത്രങ്ങളിലെല്ലാം നാടോടി ഗോത്ര പാരമ്പര്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ ശൈലീവത്കൃതമായ രൂപങ്ങളിലാണ്. യയാതി എന്ന മാഗ്നം ഓപ്പസിന് ശേഷമുണ്ടായ ചിത്രങ്ങളിൽ ഒന്നും തന്നെ, ഒരു ഇടത് വിശ്വാസി ആയിരുന്ന (ദൈവവിശ്വാസിയും കൂടിയായിരുന്നു) രാമചന്ദ്രൻ, അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ അധ്വാനശക്തിയെക്കുറിച്ചോ ക്രയവിക്രയശേഷിയെക്കുറിച്ചോ സാമൂഹികമായ നിലനില്പിനെക്കുറിച്ചോ വിശകലനം ചെയ്തില്ല. അത് അദ്ദേഹത്തിന്റെ വഴി ആയിരുന്നില്ല. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ കലയിൽ ഭംഗിവൽക്കരണത്തിന്റെ ഒരംശം എപ്പോഴും മുന്നിട്ട് നിന്നിരുന്നു.

ഭാരതി ആർട്ടിസ്റ്റ്സ് കോളനിയിലെ ചേടി നിറമുള്ള മൂന്നു നില കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ഉള്ള സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ രാമചന്ദ്രൻ സാർ മഞ്ഞ നിറമുള്ള ഏപ്രണും അണിഞ്ഞു നിൽപ്പുണ്ടാകും. മുഴുക്കൈയ്യൻ ഷർട്ട്, കൈ മുട്ടിനു താഴെ വരെ ചുരുട്ടി വെച്ച്, കോർഡ്രോയ് കൊണ്ടുള്ള പാന്റ്സും അണിഞ്ഞു കൈയിൽ ബ്രഷുമായിട്ടാകും അദ്ദേഹം വാതിൽ തുറക്കുക. ചെന്നയുടൻ ഒരു ചിരിയാണ് സ്വീകരണമായി നൽകുന്നത്. എന്നെ നോക്കിയുള്ള ചിരിയ്ക്ക് മറ്റൊരു അർഥം കൂടിയുണ്ട്; ഇന്ന് കുറെ തമാശക്കഥകൾ പറയാം. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നത് കൊണ്ടും കൂട്ടുകാരെല്ലാം മലയാളം സംസാരിക്കാത്തവർ ആയത് കൊണ്ടും അദ്ദേഹത്തിന്റെ ഭാഷ ഇംഗ്ലീഷോ ഹിന്ദിയോ ഒക്കെയാണ്. ബംഗാളിയും നന്നായി പറയും. നമുക്കദ്ദേഹം എ രാമചന്ദ്രൻ ആണെങ്കിലും ഡൽഹിയിലെ സുഹൃത്തുക്കൾക്ക് അദ്ദേഹം നായർ സാബ് ആണ്. ആദ്യമൊക്കെ നായർ സാബ് എന്ന് കേൾക്കുമ്പോൾ ഇത് മമ്മൂട്ടിയെക്കുറിച്ചാണോ എന്ന് ഞാൻ ആലോചിക്കുമായിരുന്നു. അത് അദ്ദേഹത്തിന്റെ ഔദ്യോഗികപ്പേര് ആയതിനാൽ ജാമിയ മില്ലിയയിൽ അധ്യാപകനായി ചേർന്നപ്പോൾ വീണതാകാം ആ വിളിപ്പേര്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹം മലയാളം പറയുന്നത് നമ്മളെപ്പോലെ ചിലർ കാണാൻ ചെല്ലുമ്പോഴാണ്. പിന്നെ ബാബു സേവ്യർ എന്ന കലാകാരനാണ് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹത്തെ വിളിച്ച് കാര്യങ്ങളെല്ലാം പറയുന്നത്. രസകരമാണ് അദ്ദേഹത്തിന്റെ സംഭാഷണം. ഡൽഹിയിലാണെങ്കിലും മലയാളികളായ നല്ല കലാകാരന്മാരെയെല്ലാം സൂക്ഷ്മമായി പിന്തുടരും. ഗോപീകൃഷ്ണ എന്ന ചിത്രകാരൻ അദ്ദേഹത്തിന് പ്രിയപ്പെട്ടവനാണ്. ഷിബു നടേശനെയാണ് അദ്ദേഹം കരുതലോടെ നോക്കുന്ന മറ്റൊരു ചിത്രകാരൻ.

ചുമരിനെതിരെ തയാറാക്കിയ വലിയൊരു തടിച്ചട്ടം ഉണ്ട്. അത് വലിയ കാൻവാസുകളെയും ചെറിയ കാൻവാസുകളെയും ഒക്കെ സൗകര്യമായി വെയ്ക്കാൻ പറ്റിയ രീതിയിൽ സ്വയം ഡിസൈൻ ചെയ്തു സജ്ജീകരിച്ചതാണ്. പ്രായമാകുന്തോറും അതൊക്കെ എടുക്കാനും വെയ്ക്കാനും വിളിപ്പുറത്ത് അദ്ദേഹത്തിന്റെ ഡ്രൈവർ ഉണ്ടാകും. ആ തടിച്ചട്ടത്തിന് എതിർ വശത്തായി ഒരു സവിശേഷ ഡിസൈൻ ഉള്ള ഈസൽ ഉണ്ടാകും. മൂന്നടി- നാലടി വലുപ്പമുള്ള ഒരു കാൻവാസ്‌ എപ്പോഴും അതിലുണ്ടാകും. തൊണ്ണൂറ്റിയേഴിൽ സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോൾ പത്രാധിപരായ എസ് ജയചന്ദ്രൻ നായർ സാർ എന്നെ വിളിച്ചു പറഞ്ഞു, നിങ്ങൾ പോയി രാമചന്ദ്രനെ ഇന്റർവ്യൂ ചെയ്യണം. അങ്ങനെയാണ് ഞാൻ 'ഔദ്യോഗികമായി' രാമചന്ദ്രൻ സാറിനെ ആദ്യം കാണുന്നത് (അതിനു മുൻപേ അവിടെ പോയിരുന്നു). ആ ഇന്റർവ്യൂ സമയത്ത് ഞാൻ ചോദിച്ചു, എന്തിനാണ് ആ ചെറിയ കാൻവാസ്‌ വെച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു, വലിയ കാൻവാസിൽ വരയ്ക്കാനായി പെയിന്റ് ബ്രഷിൽ എടുക്കുമ്പോൾ ചിലപ്പോൾ അത് അധികം വരും. ടർപന്റൈനിൽ മുക്കി കഴുകി വൃത്തിയാക്കി വയ്ക്കുന്നതിന് മുൻപ്, അതിൽ ഇരിയ്ക്കുന്ന ബാക്കി നിറം ഉപയോഗശൂന്യമാകാതിരിക്കാൻ ചെറിയ കാൻവാസിൽ മറ്റൊരു ചിത്രത്തിന് തുടക്കമിടും. അങ്ങനെ ഒരു വലിയ പെയിന്റിങ് തീരുമ്പോഴേയ്ക്കും ഒരു ചെറിയ പെയിന്റിങ്ങും തീർന്നു കഴിയും. അത് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു. ഒരു കലാകാരൻ എത്രയും സൂക്ഷ്മതയോടെ തന്റെ മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഫ്രാൻസിസ് ബേക്കനെപ്പോലുള്ള കലാകാരന്മാരുടെ സ്റ്റുഡിയോയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് അത്.

(Panel from Ramachandran's masterpiece Yayati;
(Panel from Ramachandran's masterpiece Yayati; image source: artoframachandran.com)

മലയാളികൾക്ക് ഇനിയും ദൃശ്യസാക്ഷരത ഉണ്ടായിട്ടില്ലെന്നായിരുന്നു രാമചന്ദ്രൻ സാർ അഭിപ്രായപ്പെട്ടിരുന്നത്. ഒരിക്കൽ തിരുവനന്തപുരത്ത് വഴുതക്കാട് ഒരു വീട് വാങ്ങി കുറെ നാൾ താമസിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ അത് തനിയ്ക്ക് പറ്റിയ ഇടമല്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അക്കാലത്തു നടന്ന രസകരമായ ഒരു കഥ അദ്ദേഹം എന്നോട് പറഞ്ഞതോർക്കുന്നു. അദ്ദേഹവും ചിത്രകാരിയും ഭാര്യയുമായ ചമേലി രാമചന്ദ്രനും എന്നും നടക്കാൻ പോകും. പലരെയും കാണും. ആരും ഒന്നും ചോദിക്കാറില്ല. ഒരു ദിവസം രാമചന്ദ്രന് പത്മഭൂഷൺ കിട്ടിയെന്ന വാർത്ത വന്നു. അന്ന് രാവിലെ നടക്കാൻ പോയ ശേഷം ലിഫ്റ്റിൽ കയറി മുകളിലേയ്ക്ക് പോകുമ്പോൾ അതിലുണ്ടായിരുന്ന ചിലർ അടക്കം പറയാൻ തുടങ്ങി. ഒരാൾ ധൈര്യം സംഭരിച്ചു ചോദിച്ചു, ഇന്ന് പത്രത്തിലൊക്കെ പടം വന്ന ആളല്ലേ താങ്കൾ? അതാണ് മലയാളിയുടെ അവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കാലം കുറെയൊക്കെ മാറിയെന്നാണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്. മറ്റൊരു കഥയിൽ വില്ലൻ എം ടി വാസുദേവൻ നായർ ആണ്. ഒരിക്കൽ എം ടി യുമായുള്ള കൂടിക്കാഴ്ചയിൽ, തുഞ്ചൻ സ്മാരകത്തിന് വേണ്ടി എ രാമചന്ദ്രന്റെ ഒരു പെയിന്റിങ് വേണം എന്ന് എം ടി പറഞ്ഞു. അത് നൽകാമെന്ന് എ രാമചന്ദ്രൻ സമ്മതിക്കുകയും ചെയ്തു. കുറേനാൾ കഴിഞ്ഞപ്പോൾ ഒരു ഫോൺ വിളി. 'എന്താണ് ആ പെയിന്റിങ് അയയ്ക്കാത്തത്?' ഈ സംഭവം രാമചന്ദ്രനെ ക്രുദ്ധനാക്കി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എം ടി യ്ക്ക് പോലും ഒരു പെയിന്റിങ് എങ്ങനെ ആവശ്യപ്പെടണം എന്നറിയില്ല, ഒരു പുസ്തകം അയയ്ക്കണം എന്ന ലാഘവത്തോടെയാണ് അദ്ദേഹം അത് പറഞ്ഞത്. അനേകം ലക്ഷങ്ങൾ വിലയുള്ള ഒരു പെയിന്റിങ് അയയ്ക്കുമ്പോൾ ഉണ്ടാക്കേണ്ട ധാരണാപത്രങ്ങൾ, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല അവർക്ക്. അതിനാൽ രാമചന്ദ്രൻ ആ പെയിന്റിങ് അയച്ചില്ല. എഴുപത് കോടിയോളം വിലമതിയ്ക്കുന്ന തന്റെ വർക്കുകൾ കേരളം സർക്കാരിന് നൽകാം എന്ന് അദ്ദേഹം മുൻപ് ഒരു ഓഫർ വെച്ചു. ഒരു മ്യൂസിയം തന്റെ പേരിൽ വരണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ ഇന്നും കേരള സർക്കാർ ഇക്കാര്യത്തിൽ ചുവപ്പു നാടയിൽ കുരുങ്ങികിടപ്പാണ്.

മുൻപൊരിക്കൽ രാമചന്ദ്രൻ സാർ എന്നോട് പറഞ്ഞു, ഒരുപക്ഷെ മലയാളികളേക്കാൾ കൂടുതൽ ബീഹാറികൾക്ക് എന്നെ അറിയാം. ഞാൻ കൗതുകം പൂണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'എന്നെക്കുറിച്ചുള്ള ലേഖനങ്ങളും എന്റെ ചില ലേഖനങ്ങളും ഹിന്ദിയിലേക്ക് ചില എഴുത്തുകാർ തർജ്ജമ ചെയ്തിട്ടുണ്ട്. അവ പുസ്തകരൂപത്തിലും വന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ ബീഹാറിൽ ചെന്നപ്പോൾ അവിടത്തെ ആളുകൾ എന്റെ ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി.' മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന് പറയുന്നതിൽ പലപ്പോഴും കാര്യമുണ്ട്. വലിയൊരു ദൃശ്യസമ്പത്ത് പിന്നിലുപേക്ഷിച്ചാണ് രാമചന്ദ്രൻ സാർ കടന്നു പോകുന്നത്. വലിയ പഠനങ്ങൾക്ക് അവ വിധേയമാകേണ്ടതുണ്ട്. കേരള ലളിത കലാ അക്കാദമിയും സർക്കാരും അതിനുവേണ്ട നടപടികൾ എടുക്കുമെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in