അഴിമതി നിരോധന സംവിധാനങ്ങളെ സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നു

v d satheesan 

v d satheesan 

'ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാന്‍ മാത്രം കഴിയുന്ന, എന്നാല്‍ കടിക്കാന്‍ കഴിയാത്ത, ഒരു കാവല്‍നായ' എന്നതാണ്. എന്നാല്‍, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തയ്ക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണ നിര്‍വഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകള്‍ക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാന്‍ കഴിയും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ അഴിമതിവിരുദ്ധ-ദുര്‍ഭരണവിരുദ്ധ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി പ്രതീകമാണ് 1999ല്‍ നിയമത്തിലൂടെ വന്ന ലോകായുക്ത. ഇതിനെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയുണ്ടാവണം'

ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2019-ല്‍ പാര്‍ട്ടി പ്രസിദ്ധീകരണമായ 'ചിന്ത വാരിക'യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതാണിത്. അതേ ലോകായുക്തയ്ക്ക് ഇപ്പോള്‍ കത്രിക പൂട്ടിടാന്‍ കാര്‍മ്മികത്വം വഹിക്കുന്നതും പിണറായി വിജയന്‍ തന്നെ. ഉച്ചിയുറപ്പിച്ച കൈകൊണ്ടു തന്നെ ഉദകക്രിയയും!

അഴിമതി നിരോധന സംവിധാനങ്ങളെയാകെ നിര്‍ജ്ജീവമാക്കാനാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അതീവരഹസ്യമായി മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ഏക ആശ്രയമായിരുന്ന ലോകായുക്തയെ അപ്രസക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.

കോടതി വിധി 12-ാം വകുപ്പില്‍; ഭേദഗതി 14-ല്‍

ഹൈക്കോടതിയുടെ രണ്ട് സുപ്രധാന വിധികള്‍ അനുസരിച്ചുള്ള ഭേദഗതി ഓര്‍ഡിനന്‍സെന്നാണ് നിയമ മന്ത്രി പി രാജീവ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഭേദഗതി നടത്തിയിരിക്കുന്ന ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല ഈ രണ്ടു വിധികളും. 12-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. 12(1)-ാം വകുപ്പ് അനുസരിച്ച് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമെ ലോകായുക്തയ്ക്കുള്ളൂ. അതു ശരിയുമാണ്. എന്നാല്‍ ഇവിടെ 12(1)-ാം വകുപ്പല്ല, 14-ാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. ആരോപണ വിധേയനായ ആള്‍ സ്ഥാനം ഒവിയണമെന്ന് ലോകായുക്ത വിധിക്കുന്നത് 14-ാം വകുപ്പ് അനുസരിച്ചാണ്. മന്ത്രി കെ.ടി ജലീലിനെതിരായ കേസില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വിധി പറഞ്ഞതും 14-ാം വകുപ്പനുസരിച്ചാണ്. 22 വര്‍ഷത്തെ ചരിത്രത്തില്‍ 14-ാം വകുപ്പ് അനുസരിച്ച് കെ.ടി ജലീന്റെ കേസില്‍ മാത്രമാണ് ലോകായുക്ത വിധി പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന സര്‍ക്കാര്‍ വാദം വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്.

മന്ത്രിയെപുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് മാത്രമോ?

ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാര്‍ രാജിവയ്ക്കേണ്ടത് ഗവര്‍ണറുടെ 'പ്ലഷര്‍' അനുസരിച്ച് മാത്രമാണെന്ന സര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ല. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് ഒരു മന്ത്രിയെ, എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയാലും രാജി വയ്ക്കണം. അനുച്ഛേദം 32, 226 അനുസരിച്ച് സുപ്രീം കോടതിയോ ഹൈക്കോടതിയോ ക്വാ വാറണ്ടോ റിട്ടുകളില്‍ ഉത്തരവ് നല്‍കിയാലും ഗവര്‍ണറുടെ അനുമതി ഇല്ലാതെ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വരും. അനുച്ഛേദം 164-ന് പരിമിതമായ അധികാരം മാത്രമാണുള്ളത്. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മന്ത്രിമാരെ പുറത്താക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് നിയമ മന്ത്രി വാദിക്കുന്നത്.

നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയേണ്ടത് എക്‌സിക്യൂട്ടീവല്ല

ലോകായുക്ത നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നതാണ് നിയമ മന്ത്രിയുടെ മറ്റൊരു വാദം. 1999-ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലോകായുക്ത നിയമം പ്രബല്യത്തില്‍ വന്നത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോള്‍ പറയാനുള്ള കാരണം എന്തെന്നു വ്യക്തമല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നാണ് പറയുന്നത്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്നു പറയേണ്ടത് എക്‌സിക്യൂട്ടീവല്ല, കോടതികളാണ്. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് കോടതികളില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരത്തെയാണ് സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

ഇപ്പോഴത്തെ ഭേദഗതി അനുസരിച്ച് സുപ്രീം കോടതി ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ പ്രവര്‍ത്തിച്ച ലോകായുക്ത ജുഡീഷ്യല്‍ പ്രക്രിയയിലൂടെ എടുക്കുന്ന തീരുമാനത്തിന്‍ മേല്‍ മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥന്‍മാരോ ഹിയറിങ് നടത്തുന്നതിലൂടെ അവര്‍ തന്നെ അപ്പലേറ്റ് അതോറിട്ടിയാകും. ജുഡീഷ്യല്‍ സംവിധാനമാണ് ജുഡീഷ്യല്‍ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനപരിശോധിക്കേണ്ടത്. എക്സിക്യൂട്ടീവ് എങ്ങനെയാണ് ജുഡീഷ്യല്‍ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിട്ടിയാകുന്നത്?

എക്സിക്യൂട്ടീവ് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയാകും

ലോകായുക്ത നിയമത്തില്‍ അപ്പീലിനുള്ള വകുപ്പ് ഇല്ലെന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ഒരു വകുപ്പ് കൂട്ടിച്ചേര്‍ത്താല്‍ പോരെ? പ്രതിപക്ഷവും അനുകൂലിക്കാം. അപ്പീല്‍ വകുപ്പ് ഇല്ലാതെ തന്നെ നിലവില്‍ ലോകായുക്ത വിധികള്‍ക്കെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാറുണ്ട്. ഇതിനായി ഹൈക്കോടതിയില്‍ ലോകായുക്ത അഭിഭാഷകനെയും നിയോഗിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ ഭേദഗതി അനുസരിച്ച് സുപ്രീം കോടതി ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ പ്രവര്‍ത്തിച്ച ലോകായുക്ത ജുഡീഷ്യല്‍ പ്രക്രിയയിലൂടെ എടുക്കുന്ന തീരുമാനത്തിന്‍ മേല്‍ മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥന്‍മാരോ ഹിയറിങ് നടത്തുന്നതിലൂടെ അവര്‍ തന്നെ അപ്പലേറ്റ് അതോറിട്ടിയാകും. ജുഡീഷ്യല്‍ സംവിധാനമാണ് ജുഡീഷ്യല്‍ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനപരിശോധിക്കേണ്ടത്. എക്സിക്യൂട്ടീവ് എങ്ങനെയാണ് ജുഡീഷ്യല്‍ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിട്ടിയാകുന്നത്? ഈ തെറ്റായ വ്യാഖ്യാനത്തെ അംഗീകരിക്കാനാകില്ല. ഇപ്പോഴത്തെ ലോകായുക്ത നിയമമല്ല ഭേദഗതി ഓര്‍ഡിനന്‍സാണ് ഭരണഘടനാ വിരുദ്ധം.

സ്വാഭാവിക നീതിയുടെ ലംഘനം

അവരവരുടെ കേസില്‍ അവരവര്‍ തന്നെ ജഡ്ജിയാകന്‍ പാടില്ലെന്നത് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വമാണ്. അങ്ങനെയെങ്കില്‍ മന്ത്രിമാര്‍ക്കെതിരായ ഒരു കേസില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതും മുഖ്യമന്ത്രിക്കെതിരായ കേസില്‍ മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതും നിയമവിരുദ്ധമാണ്. ഇന്ത്യന്‍ ജഡീഷ്യറിയുടെ തന്നെ അടിസ്ഥാന പ്രമാണത്തെയാണ് മന്ത്രിസഭയും എക്‌സിക്യൂട്ടീവും അട്ടിമറിക്കുന്നത്.

നിയമസഭ സമ്മേളിക്കാത്ത അടിയന്തിര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടത്. ഫെബ്രുവരിയില്‍ നിയമസഭ സമ്മേളിക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ എന്ത് അടിയന്തിര സാഹചര്യമാണുള്ളത്? മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നു എന്നതു മാത്രമാണ് ഇപ്പോഴത്തെ അടിയന്തിര സാഹചര്യം.

സര്‍ക്കാരിനും സി.പി.എമ്മിനും ഭയം

ലോകായുക്ത സര്‍ക്കാരിനെ മറിച്ചിടാനുള്ള തീരുമാനം എടുക്കുമെന്നാണ് ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. 22 വര്‍ഷത്തിനിടെ സര്‍ക്കാരിനെ മറിച്ചിടാനുള്ള എന്ത് തീരുമാനമാണ് ലോകായുക്ത എടുത്തിട്ടുള്ളതെന്ന് സി.പി.എം വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളില്‍ ലോകായുക്തയില്‍ നിന്നും ശക്തമായ വിധി ഉണ്ടാകുമോയെന്ന് സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നുണ്ട്. അതുതന്നെയാണ് കോടിയേരി പറയാതെ പറയുന്നതും. അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന മൂന്ന് കേസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ കേസും ഉള്‍പ്പെടെ നാലു കേസുകള്‍ 14-ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. പ്രതികൂല വിധി വന്നാല്‍ ജലീല്‍ രാജിവച്ച കീഴ് വഴക്കം മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പാലിക്കേണ്ടി വരും.

ഓര്‍ഡിനന്‍സിനുള്ള അടിയന്തിര സാഹചര്യമെന്ത്?

ഭരണഘടനയുടെ അനുച്ഛേദം 213 ആണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതനുസരിച്ച് നിയമസഭ സമ്മേളിക്കാത്ത അടിയന്തിര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടത്. ഫെബ്രുവരിയില്‍ നിയമസഭ സമ്മേളിക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ എന്ത് അടിയന്തിര സാഹചര്യമാണുള്ളത്? മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നു എന്നതു മാത്രമാണ് ഇപ്പോഴത്തെ അടിയന്തിര സാഹചര്യം.

സി.പി.എം കേന്ദ്ര നേതൃത്വത്തിനും കേരള ഘടകത്തിനും രണ്ട് നയം

ലോകായുക്തയെ ശക്തമാക്കണമെന്നതാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നയം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോകായുക്ത നിര്‍ദ്ദേശം സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അധികാര പരിധി വിപുലപ്പെടുത്തണമെന്നും പാര്‍ലമെന്റില്‍ നിരവധി തവണ വാദിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായാണ് കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത്. 2019-ല്‍ ചിന്ത വാരികയിലെ ലേഖനത്തില്‍ പാര്‍ട്ടി കേന്ദ്ര നിലപാടിനൊപ്പമായിരുന്നു പിണറായി വിജയനും കേരള ഘടകവും. എന്നാല്‍ തനിക്കെതിരായി കേസ് പരിഗണിക്കപ്പെടുമെന്നായപ്പോള്‍ പല്ലും നഖവും കൊഴിച്ച്, മുഖ്യമന്ത്രിക്ക് ശുപാര്‍ശകള്‍ മാത്രം നല്‍കുന്ന വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമാക്കി ലോകായുക്തയെ പിണറായി സര്‍ക്കാര്‍ മാറ്റുകയാണ്. ഇപ്പോള്‍ ഓര്‍ഡിനന്‍സായി കൊണ്ടു വരുന്ന ഈ ഭേദഗതി 1999 -ലെ ഒര്‍ജിനല്‍ ബില്ലിലും ഉണ്ടായിരുന്നു. ഭരണ പ്രതിപക്ഷാംഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതോടെ നിയമമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അത് പിന്‍വലിച്ചു. നിയമസഭ ഒരിക്കല്‍ വേണ്ടെന്നു വച്ച കാര്യം പിന്‍വാതിലൂടെ ഓര്‍ഡിനന്‍സാക്കി കൊണ്ടു വരികയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയായ ഇ.കെ നായനാരെയും പരിണിതപ്രജ്ഞനായ ഇ ചന്ദ്രശേഖരന്‍ നായരെയും അപമാനിക്കുകയാണ് പിണറായി സര്‍ക്കാര്‍.

നിയമ വിരുദ്ധതയെ നിയമപരമായി നേരിടും

കേന്ദ്ര സര്‍ക്കാര്‍ അഴിമതി നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്തിയതു പോലെ കേരളത്തിലും ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. അഴിമതി നിരോധന സംവിധാനങ്ങളെ സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലേത് ഉള്‍പ്പെടെ ഇനിയും നിരവധി അഴിമതി കേസുകള്‍ ലോകായുക്തയ്ക്ക് മുന്നിലെത്തുമെന്നും സര്‍ക്കാരിന് ഭയമുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ സാങ്കേതികമായും നിയമപരവുമായും പറഞ്ഞ ഒരു വാദങ്ങള്‍ക്കും അടിസ്ഥാനമില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തെ പ്രതിപക്ഷം നിയമപരമായി ചോദ്യം ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in