ഉപരിപഠന രംഗത്തെ തമിഴ്‌നാട് മാതൃക

ഉപരിപഠന രംഗത്തെ തമിഴ്‌നാട് മാതൃക
Summary

അടുത്തിടെ പുറത്തുവന്ന എന്‍.ഐ.ആര്‍.എഫ് റാങ്കില്‍ തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലായി ഇടംപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരോലോചന

'ഹൃദയം' എന്ന സിനിമയില്‍ പ്രണവിന്റെ കഥാപാത്രം ചെന്നൈയിലേക്ക് പോകാന്‍ ട്രെയിനിലേക്ക് കയറിയിരിക്കുന്ന രംഗമുണ്ട്. ട്രെയിനില്‍ ഒരു സീനിയര്‍ വിദ്യാര്‍ഥിയെ കണ്ടുമുട്ടുമ്പോള്‍ ആദ്യമായി കോളേജിലേക്ക് പോകുന്ന അരുണ്‍ ചോദിക്കുന്നത് How's Chennai? എന്നാണ്. കൗതുകമുണര്‍ത്തുന്ന ഒരു ചോദ്യമാണത്. കോളേജിനെക്കുറിച്ചും പഠിക്കാന്‍ പോകുന്ന ഇടത്തെ കുറിച്ചും. ഇത്തവണത്തെ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിന് ശേഷം ഈ ചോദ്യം വീണ്ടും ചോദിക്കുകയാണെങ്കിലോ? ഉന്നതവിദ്യാഭ്യാസ രംഗത്ത് ദക്ഷിണേന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരമാണ് ചെന്നൈ.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കി(NIRF)ന്റെ പുതിയ പട്ടിക അനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ച നൂറുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ചെന്നൈയിലാണ്- റാങ്കില്‍ അഞ്ചാംതവണയും ഒന്നാം സ്ഥാനത്തെത്തിയ ഐ.ഐ.ടി മദ്രാസ് ഉള്‍പ്പെടെ ഏഴു സ്ഥാപനങ്ങള്‍. അണ്ണാ യൂണിവേഴ്‌സിറ്റി, സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ്, എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മദ്രാസ് സര്‍വകലാശാല, സത്യഭാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവയാണവ. മികച്ച നൂറു സര്‍വകലാശാലകളുടെ പട്ടികയില്‍ എട്ടെണ്ണം ചെന്നൈയിലാണ്. മികച്ച നൂറു കോളേജുകളുടെ പട്ടികയില്‍ ഒമ്പതെണ്ണം ചെന്നൈയിലാണ്. അതില്‍ പ്രസിഡന്‍സിയും (മൂന്നാംസ്ഥാനം), ലയോളയും (ഏഴ്), മദ്രാസ് ക്രിസ്ത്യന്‍ കോളേജും (പതിനാറ്) ആദ്യത്തെ ഇരുപതില്‍ ഇടംപിടിച്ചു. കോയമ്പത്തൂരിലെ പി.എസ്.ജി വിമന്‍സ് കോളേജും നാലാംസ്ഥാനത്തുണ്ട്.

ദക്ഷിണേന്ത്യയിലെ പുതുതലമുറ വിദ്യാഭ്യാസ നഗരമായി ചെന്നൈ മാറുകയാണ്. പുതിയ സര്‍വകലാശാലകള്‍ വരുന്നു, ഓഫ് കാമ്പസ് സെന്ററുകള്‍ വരുന്നു, വിദ്യാഭ്യാസ രംഗത്ത് നൂതനമായ പരീക്ഷണങ്ങള്‍ നടക്കുന്നു.. അങ്ങനെ വ്യാപകമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ട് ചെന്നൈ. ഇത് ഈ വര്‍ഷത്തെ മാത്രം കാര്യമല്ല. 2022-ലെ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്കിലും നഗരത്തില്‍ നിന്ന് എട്ടുകോളേജുകളുണ്ടായിരുന്നു. പുതിയ സ്വകാര്യ കോളേജുകളും മത്സരരംഗത്ത് കൂടുതലായി വരുന്നു. സര്‍വകലാശാലയുടെ പട്ടികയിലും എട്ടെണ്ണം ഉണ്ടായിരുന്നു.

അതേസമയം ദക്ഷിണേന്ത്യയിലെ എജ്യൂക്കേഷന്‍ ഹബ് ആയി അറിയപ്പെട്ടിരുന്ന ബെംഗളുരു കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പിറകോട്ടാണ്. സ്ഥാപനങ്ങളുടെ ഓവറോള്‍ റാങ്കിങ്ങില്‍ രണ്ടുസ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. ഒന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും (ഐ.ഐ.എസ്.സി) ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും. കോളേജുകളുടെ റാങ്കിങ്ങില്‍ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സ് മാത്രം. യൂണിവേഴ്‌സിറ്റികളില്‍ ഐ.ഐ.എസ്.സിക്ക് പുറമെ മൂന്നെണ്ണം മാത്രം-ക്രൈസ്റ്റും ജെയിനും യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസും. ബാംഗ്ലൂരിലേക്കുള്ള പിറകോട്ടടിക്ക് കാരണം പതിനായിരമോ പതിനഞ്ചായിരമോ ഇരുപതിനായിരമോ വിദ്യാര്‍ഥികളും ഉണ്ടായിരിക്കെ ആനുപാതികമായ അധ്യാപകരില്ലായ്മയാവാം ഒരു കാരണം.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ മാറുന്ന ഭൂപടം പുതിയ റാങ്കിങ് പട്ടികയില്‍ കണ്ടെടുക്കാം. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് തയാറാക്കുന്നത് പല കാറ്റഗറിയിലുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്-അധ്യാപനം, പഠനം, അനുബന്ധ വിഭവങ്ങള്‍, പഠനസാമഗ്രികളുടെ ലഭ്യത (ടി.എല്‍.എസ്)-വിദ്യാര്‍ഥികളുടെ എണ്ണം, അധ്യാപക-വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, സാമ്പത്തിക സ്രോതസുകള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നിവ ഇതില്‍പെടും. രണ്ട്- രണ്ട് ഗവേഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും-പ്രസിദ്ധീകരണങ്ങള്‍, സൈറ്റേഷന്‍, പേറ്റന്റ്, ഗവേഷണ പദ്ധതികള്‍ എന്നിവ. മൂന്ന്- ബിരുദധാരികളുടെ കണക്ക്-ആകെ ബിരുദം നേടിയവര്‍, അവരില്‍ ജോലിക്കും ഉപരിപഠനത്തിനും പോയവര്‍, പി.എച്ച്.ഡി ഗവേഷകര്‍ അങ്ങനെ. നാല്-വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍- ലിംഗവൈവിധ്യം, സമുദായങ്ങളുടെ പ്രാതിനിധ്യം, പ്രാദേശികമായ വൈവിധ്യം, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍, ദളിത്, ആദിവാസി, പിന്നോക്ക, ഭിന്നശേഷി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വരും. അഞ്ച്-സ്ഥാപനത്തെ കുറിച്ച് ഉള്ള വിലയിരുത്തലുകള്‍- സ്ഥാപനത്തെ കുറിച്ച് അവിടത്തെ ജീവനക്കാരും പുറത്തുള്ളവരുമായ ആളുകള്‍ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ചുള്ള വിലയിരുത്തല്‍.

എന്‍.ഐ.ആര്‍.എഫിന്റേത് സമഗ്രമായ ഒരു വിലയിരുത്തലാണെന്ന് പറയാനാകില്ല. അതില്‍ കണക്കിലെടുക്കാതെ പോകുന്ന പല ഘടകങ്ങളുണ്ട്. എങ്കിലും ഇത്തരം റാങ്കിങ്ങുകള്‍ വിദ്യാര്‍ഥികളുടെ ഒഴുക്കിനെയും (സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം) നിക്ഷേപസാധ്യതകളെയും സ്ഥാപനങ്ങള്‍ക്കിടയിലെ സഹകരണത്തെയുമെല്ലാം നിര്‍ണയിക്കുന്നതില്‍ സ്വാധീനിക്കാവുന്ന ഘടകമായി മാറാം. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാനും സഹകരണം സാധ്യമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റാങ്കിങ് പ്രധാനമാണ്.

ഇത്തവണത്തെ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ശ്രദ്ധേയമായി തോന്നുന്നത് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണ്. ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നവയുടെ പട്ടികയില്‍ തമിഴ്‌നാട്ടിലെ പതിനെട്ട് സ്ഥാപനങ്ങളുണ്ട്. അതില്‍ ഐ.ഐ.ടി മദ്രാസും എന്‍.ഐ.ടി തിരുച്ചിറപ്പള്ളിയും ഉള്‍പ്പെടും. മികച്ച കോളേജുകളുടെ പട്ടികയില്‍ സംസ്ഥാനത്തെ 34 കോളേജുകളുണ്ട്. ചെന്നൈയോടൊപ്പം തന്നെ കോയമ്പത്തൂരും മികച്ച കോളേജുകളുടെ പട്ടികയില്‍ മുന്നിലാണ്-ഒമ്പതു കോളേജുകള്‍. ഇതില്‍ പി.എസ്.ജി കോളേജ് ഫോര്‍ വിമന്‍, കോളേജുകളുടെ പട്ടികയില്‍ പ്രൊവിഡന്‍സിന് തൊട്ടുപിറകെ നാലാംസ്ഥാനത്താണ്. പി.എസ്.ജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇരുപതാം സ്ഥാനത്തുമുണ്ട്. നൂറു മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ 22 എണ്ണം തമിഴ്‌നാട്ടിലാണ്. അതായത് ശരാശരി അഞ്ചിലൊന്ന്.

തമിഴ്‌നാട്ടില്‍ അടുത്തകാലത്ത് വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം വളരെയധികം ചര്‍ച്ച ചെയ്യേണ്ടതാണ്. 2019-20 വര്‍ഷത്തെ കണക്കെടുത്താല്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ നൂറില്‍ അമ്പതുപേര്‍ ഏതെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നുണ്ട്. ഇത് സൂചിപ്പിക്കുന്ന ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (GER) 51.4 ശതമാനമായിരുന്നു. കോവിഡിന് ശേഷമുള്ള കാലയളവില്‍ ഇതില്‍ ചെറിയ തോതില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് പിന്നീട് 49 ശതമാനവും 46.9 ശതമാനവുമായി കുറഞ്ഞു. അതേസമയം ഇക്കാലയളവില്‍ കേരളത്തിന്റെ ജി.ഇ.ആര്‍ 40 ശതമാനം ആയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ, ഒടുവില്‍ പുറത്തുവന്ന കണക്കനുസരിച്ച് ഇത് 43.2 ശതമാനം ആണ്.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജി.ഇ.ആര്‍ താരതമ്യം വളരെ പ്രധാനമായിരിക്കും. തമിഴ്‌നാട്ടിലെ മൊത്തമായ ജി.ഇ.ആര്‍ 46.9 (ഏതാണ്ട് 47) ശതമാനം ആണെങ്കില്‍ പട്ടികജാതി-വര്‍ഗങ്ങളുടെ കണക്ക് യഥാക്രമം 36.8, 40.6 ശതമാനം ആണ്. കോവിഡിന് മുമ്പ് പട്ടികജാതി വിദ്യാര്‍ഥികളുടെ എന്‍ റോള്‍മെന്റ് 39 ശതമാനം ആയിരുന്നു. എന്നാല്‍ കേരളത്തിലാണെങ്കില്‍, പട്ടികജാതി 33.7, പട്ടികവര്‍ഗം 29.1 എന്നിങ്ങനെയാണ്. സാമുദായികമായ, പ്രത്യേകിച്ച് ഒ.ബി.സി, എസ്.സി. എസ്.ടി വിഭാഗങ്ങളുടെ പ്രാതിനിധ്യം എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിനെ പ്രത്യേകഘടകമാണെന്നതിനാല്‍ തമിഴ്‌നാട്, ഇന്‍ക്ലൂസിവിറ്റി എന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് എന്നു പറയേണ്ടതില്ലല്ലോ. സംവരണം പാലിക്കുക എന്നത് സാമൂഹ്യനീതി നടപ്പാക്കുക എന്നതുമാത്രമല്ല, അക്കാദമിക് റാങ്കിങ്ങിനെയും സഹായിക്കുന്ന കാര്യമാണെന്ന് വിദ്യാഭ്യാസ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ മനസിലാക്കിയിരിക്കണം. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ സാന്നിധ്യം കാമ്പസുകളുടെ സ്വഭാവത്തിലും പ്രതിഫലിക്കും. പൊതുവെ കര്‍ണാടകയിലോ കേരളത്തിലോ ഉള്ള കാമ്പസുകളില്‍ ഉള്ളതിനേക്കാള്‍ ദളിത്-ആദിവാസി-പിന്നാക്ക വിഭാഗം വിദ്യാര്‍ഥികളുമായി ഇടപഴകാനും അവരുടെ ജീവിതാവസ്ഥയെ മനസിലാക്കാനും ഒരു പക്ഷേ തമിഴ്‌നാട്ടിലെ കാമ്പസുകളില്‍ കൂടുതല്‍ അവസരമുണ്ടാകും. അതേസമയം, ഇത്തരം അസമത്വങ്ങളെ ദൈനംദിനാടിസ്ഥാനത്തില്‍ തന്നെ അഭിസംബോധന ചെയ്യുന്ന ദ്രവീഡിയന്‍ രാഷ്ട്രീയാവബോധവും ഉണ്ട്.

IMAGE FOR REPRESENTATION
IMAGE FOR REPRESENTATION

പൊതുവെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉന്നതവിദ്യാഭ്യാസ അവബോധം, തമിഴ്‌നാട്ടില്‍ കൂടുതലായിട്ടുണ്ട്. നീറ്റ് പരീക്ഷ പോലുള്ളവയുടെ നടത്തിപ്പിലുണ്ടായ മാറ്റങ്ങള്‍ സംസ്ഥാനത്തെ സാമൂഹ്യക്ഷേമ മേഖലയില്‍ ഉളവാക്കിയേക്കാവുന്ന മാറ്റങ്ങള്‍ എപ്രകാരം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നു നോക്കായില്‍ തന്നെ ഇത് വ്യക്തമാകും. നടന്‍ വിജയിനെപ്പോലെ ജനപ്രിയരായി നില്‍ക്കുന്ന താരങ്ങള്‍ വരെ ഇക്കാര്യത്തില്‍ ഇടപെടുന്നുവെന്നതും കാണാം.

വിദ്യാഭ്യാസ രംഗത്ത് തമിഴ്‌നാട് സര്‍ക്കാര്‍ അടുത്തിടെ ദേശീയ ആരോഗ്യമിഷന്റെ കീഴില്‍ വിദ്യാഭ്യാസ സഥാപനങ്ങളില്‍ നടപ്പാക്കുന്ന ഹാപ്പിനെസ്- മെന്റല്‍ വെല്‍നെസ് പ്രോഗ്രാം ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. വിദ്യാര്‍ഥികളിലെ മാനസിക പ്രശനങ്ങളെ തിരിച്ചറിയാനും ആരോഗ്യം ഉറപ്പുവരുത്താനും വേണ്ടി വിദ്യാലയങ്ങള്‍ കേ്ന്ദ്രീകരിച്ചുള്ള സമഗ്രമായ പദ്ധതിയാണിത്.

അക്കാദമിക് സ്വയംഭരണവും ഗവേഷണപ്രവര്‍ത്തനങ്ങളിലുള്ള ഊന്നലുമാണ് തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ സ്ഥാപനങ്ങള്‍ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ഇടംപിടിക്കുന്നതിന് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഈ സ്വയംഭരണം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലെ പല സ്ഥാപനങ്ങളിലും പൂര്‍ണമായും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, ഗവേഷണ പദ്ധതികള്‍ക്കായുള്ള ഗ്രാന്റ്, പേറ്റന്റ് നേടിയെടുക്കുന്നതിനുള്ള പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങള്‍ക്കായി സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രത്യേകം തുക വകയിരുത്തുന്നുണ്ട്. സര്‍വകലാശാലകള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്റ് നല്‍കുന്നതിനായി അമ്പതുകോടി രൂപ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ കാര്യത്തില്‍ അക്കാദമിക് നിലവാരത്തിന്റെ കാര്യത്തില്‍ മേന്‍മ അവകാശപ്പെടുമ്പോഴും ഗവേഷണത്തിന് ഊന്നലില്ലായ്മ, പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാത്ത അവസ്ഥ തുടങ്ങിയവ റാങ്കിങ്ങില്‍ പിന്നോട്ടുപോകാന്‍ കാരണമാകുന്നുണ്ട്. തുക നീക്കിവെക്കുന്നതുമാത്രമല്ല, അവയുടെ നീതിപൂര്‍വവും സുതാര്യവുമായ വിതരണത്തിനുള്ള മാര്‍ഗരേഖ രൂപപ്പെടുത്തുന്നതും അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളില്‍ തമിഴ്‌നാട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്നുകാണാം.

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിന്റെ ഒരു പരിമിതിയായി പറയാവുന്നത്, അതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും റാങ്ക് തയാറാക്കുന്ന രീതിയെക്കുറിച്ചും അറിവുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ മാത്രം പിന്തുടര്‍ന്നാല്‍ പട്ടികയില്‍ ഒരുപരിധിവരെ മുന്നിലെത്താനാകുമെന്നതാണ്. അതിനാവശ്യമായ കാര്യങ്ങള്‍ തയാറാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നതിനാല്‍ പലപ്പോഴും അക്കാദമിക് നിലവാരത്തില്‍ ഇടിവു സംഭവിക്കാനും ഇടയുണ്ട്. അതുപോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റര്‍ ഉള്ള മേഖലകളില്‍ ഇവയുടെ വിവരങ്ങളുടെ പരസ്പരമായ പങ്കുവെക്കലുകള്‍ നടക്കുമെന്നതിനാല്‍ പ്രത്യേക മേഖലകളില്‍ റാങ്കിങ് ഉയര്‍ന്നിരിക്കുന്നതായും കാണാം. ചെന്നൈയുടെയും കോയമ്പത്തൂരിന്റെയും കാര്യത്തില്‍ ഇതുകൂടി പരിഗണനയില്‍ വരേണ്ടതാണ്. അതേസമയം, ഒറ്റയൊറ്റയായി പരസ്പരം വിവരങ്ങള്‍ പങ്കുവെക്കാത്ത സ്ഥാപനങ്ങളുള്ള മേഖലകളില്‍ റാങ്കിങ്ങില്‍ പിന്നോട്ടുപോകാനും ഇടയുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഈ സാധ്യത കൂടുതലാണ്.

വൈരുധ്യമായി തോന്നാം. കര്‍ണാടകവും(62) തെലങ്കാനയും(53) കഴിഞ്ഞാല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്ദ്രതയില്‍ ഹിമാചലിനൊപ്പം മൂന്നാംസ്ഥാനത്ത് (50) നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതായത് പതിനെട്ടിനും ഇരുപത്തിമൂന്നിനും മധ്യേ പ്രായമുള്ള ഒരുലക്ഷം പേര്‍ക്ക് അമ്പതുകോളേജുകള്‍ വീതം ഉണ്ട്. പക്ഷേ ഇവയ്ക്കിടയില്‍ വിവരവിനിമയങ്ങള്‍ സാധ്യമാകുന്നുണ്ടോ എന്നതാണ് പ്രശ്‌നം.

എല്ലാറ്റിനുമപ്പുറം കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അപ്പുറം പ്രണവിന്റെ സിനിമയില്‍ തന്നെ പറയുന്നതുപോലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥികളെ സ്ഥാപനങ്ങളുമായി കണക്ട് ചെയ്യുന്ന ഒരു 'ഹൃദയം' രൂപപ്പെടുത്താനാകുന്നുണ്ടോ എന്നതാണ് ചോദ്യം.

ഐ.ഐ.ടി മദ്രാസിലെ ​ഗവേഷകനാണ് ലേഖകൻ

Related Stories

No stories found.
logo
The Cue
www.thecue.in