ആദിവാസികളെ പൗരന്മാരായല്ല, അടിമകളായാണ് പൊതുജനം കാണുന്നത്

ആദിവാസികളെ പൗരന്മാരായല്ല, 
അടിമകളായാണ് പൊതുജനം 
കാണുന്നത്

കൽപ്പറ്റ അഡ്‌ലേഡ് പാറവയലിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ (46) മരണത്തിനിടയാക്കിയ കൊലപാതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ആത്മഹത്യ ചെയ്യേണ്ടുന്ന യാതൊരു സാഹചര്യവും വിശ്വനാഥന് ഉണ്ടായിരുന്നില്ല. വിശ്വനാഥന്റേത് കൊലപാതകം ആണെന്ന് ഭാര്യ ബിന്ദുവും സഹോദരങ്ങളും ഉറപ്പിച്ചു പറയുന്നുണ്ട്. അതിനു കൃത്യമായ കാരണങ്ങളും അവർ വിശദീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ടശേഷം ‘കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ്സ് എനിക്ക് തരണേ’ എന്നാണ് വിശ്വനാഥൻ പറഞ്ഞതെന്ന് ജ്യേഷ്ഠൻ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയുള്ള വിശ്വനാഥൻ ആത്മഹത്യ ചെയ്യേണ്ടുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. മാത്രമല്ല വെള്ളിയാഴ്ച ബന്ധുക്കൾ തിരച്ചിൽ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മുറിവുകളും മൂക്കിൽ നിന്ന് ചോരയും വന്നിരുന്നു.

മോഷണം നടത്തേണ്ടുന്ന ഒരു സാഹചര്യവും വാഴകൃഷി ചെയ്തു ഉപജീവനം നടത്തുന്ന വിശ്വനാഥന് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ വരുമ്പോൾ വിശ്വനാഥന്റെ കൈയ്യിൽ പണമുണ്ടായിരുന്നുവെന്നു ഭാര്യ ബിന്ദു പറയുന്നു. കാണാതായ അന്നുതന്നെ കേസ് നൽകാൻ ഭാര്യ ബിന്ദുവും അമ്മ ലീലയും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പൊലീസ് കേസ് എടുത്തില്ല. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരൻ വിനോദ് കേസ് നൽകാൻ ചെന്നപ്പോൾ മദ്യപിച്ചു എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിന്നീട് പൊലീസ് കേസ് എടുത്തത്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

യാതൊരു തെളിവും ഇല്ലാതിരുന്നിട്ട് കൂടിയാണ് വിശ്വനാഥനെ മോഷ്ടാവായി മുദ്രകുത്തുകയും ആക്രമിക്കുകയും ചെയ്തത്. മോഷണക്കുറ്റം ആരോപിച്ചു അട്ടപ്പാടിയിൽ മധു കൊലചെയ്യപ്പെട്ടിട്ട് 2023 ഫെബ്രുവരി 22 ന് അഞ്ചു വർഷം തികയുകയാണ്. വീണ്ടും ഒരു ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിച്ചു കൊല്ലപ്പെട്ടിരിക്കുന്നു. ആദിവാസി മേഖലകളായ അട്ടപ്പാടിയിലും വയനാട്ടിലും നിരവധി വംശീയ ആക്രമണങ്ങളാണ് ആദിവാസി യുവതയും ജനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. ആദിവാസികൾ രണ്ടാംതര പൗരന്മാരും മോഷ്ടാക്കളും ക്രിമിനലുകളും മദ്യപാനികളുമാണെന്ന ജാതീയ-വംശീയ ബോധ്യമാണ് ഇതിനു പിന്നിലുള്ളത്. ആദിവാസികളെ പൗരന്മാരായല്ല, അടിമകളായാണ് പൊതുജനം കാണുന്നത്. അധികാരവും സമ്പത്തും വിഭവങ്ങളുമില്ലാത്ത ആദിവാസി ജനതയെ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ഇതിനു പിന്നിലുള്ളത്. ഒരു ആധുനിക സമൂഹം എന്ന നിലയിൽ കേരളത്തിന് തികച്ചും അപമാനകരമായ ഒരു കാര്യമാണിത്.

ഇന്ന് ഗോത്രജനതയുടെ ശബ്ദം ഒരു കൂട്ടം കവികളിലൂടെ ഉയർന്നു കേൾക്കുന്നുണ്ട്. ആദിവാസികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ ഞങ്ങൾക്കു ശക്തമായ പ്രതിഷേധവും ഉൽക്കണ്ഠയുമുണ്ട്. ചോദിക്കാനും പറയാനും ആളില്ലാതെ തെരുവിൽ അനാഥമായി ചൊരിയപ്പെടാനുള്ളതല്ല ആദിവാസിയുടെ രക്തം എന്ന് ഞങ്ങൾ ഗോത്രകവികൾ ഓരോ കേരളീയനേയും ഓർമ്മപ്പെടുത്തുന്നു. ഞങ്ങളുടെ ഉൽക്കണ്ഠയോടും പ്രതിഷേധത്തോടും ഐക്യദാർഢ്യപ്പെടുന്ന എല്ലാവരും ഈ സംയുക്ത പ്രസ്താവനക്കു താഴെ പേരു ചേർത്ത് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. വിശ്വനാഥന്റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നമ്മൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ച്ചയുണ്ടായതു പരിശോധിച്ച് വേണ്ട നടപടികൾ എടുക്കണമെന്നും ആവശ്യപ്പെടുന്നു.

സുകുമാരൻ ചാലിഗദ്ദ, പി ശിവലിംഗൻ, ധന്യ വെങ്ങചേരി, പ്രകാശ് ചെന്തളം, ബിന്ദു ഇരുളം, ആർ.കെ അട്ടപ്പാടി…

Related Stories

No stories found.
logo
The Cue
www.thecue.in