അനീതിക്കെതിരായ പോരാട്ടം യുവതയുടെ കടമയെന്ന് ആവര്‍ത്തിച്ച തങ്ങള്‍

അനീതിക്കെതിരായ പോരാട്ടം യുവതയുടെ കടമയെന്ന് ആവര്‍ത്തിച്ച തങ്ങള്‍

സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും വളരെ അടുത്ത ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കളോട് അവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുമായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് താല്‍പര്യത്തോടെ അന്വേഷിക്കുകയും മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എം.എസ്.എഫിന്റെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്യുന്ന സമയത്ത് കലവറയില്ലാത്ത പിന്തുണ നല്‍കി കൂടെ നിന്നിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നല്ല പദ്ധതികള്‍ എന്ന് പറഞ്ഞ് ആശിര്‍വദിക്കും. നേരത്തെ മുഹമ്മദലി ശിഹാബ് തങ്ങളും ഇതുപോലെ നല്ല കാഴ്ചപ്പാടോടെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നു. ആ പാതയിലൂടെ മാര്‍ഗദീപമായി ഹൈദരലി ശിഹാബ് തങ്ങളും ഉണ്ടായിരുന്നു.

എം.എസ്.എഫിന്റെ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിവ് നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഊന്നി പറയുമായിരുന്നു. രാഷ്ട്രീയം പറയുന്നതിനപ്പുറം, വിമോചനത്തിന്റെ മാര്‍ഗദീപം അറിവാണെന്ന ശക്തമായ സന്ദേശമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയിരുന്നത്. സമസ്തയക്ക് കീഴിലുള്ള വിദ്യാര്‍ത്ഥി വിഭാഗമായ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യത്തെ പ്രസിഡന്റ് ഹൈദരലി തങ്ങളായിരുന്നു. വിദ്യാര്‍ത്ഥി സംഘടനയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ വന്ന വ്യക്തി എന്നനിലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടും അതിന്റെ പ്രവര്‍ത്തകരോടും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എപ്പോഴും വലിയ താല്‍പര്യവും ഇഷ്ടവുമുണ്ടായിരുന്നു.

എം.എസ്.എഫിന്റെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് കോഴ വാങ്ങുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവിന് പല മാനേജ്മെന്റുകളും ദുരുപയോഗം ചെയ്യുകയും മാര്‍ക്കുള്ള കുട്ടികള്‍ക്ക് പോലും പണം നല്‍കിയാലേ സീറ്റ് കിട്ടുകയുള്ളു എന്ന അവസ്ഥയുണ്ടായി. അത്തരം സ്ഥാപനങ്ങളുടെ പട്ടിക ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. അത്തരം സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചു. ഈ വിഷയം മുസ്ലീം ലീഗിന്റെ മലപ്പുറം ജില്ലാ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നു. മുസ്ലീംലീഗിന്റെ നേതാക്കള്‍ ഭാരവാഹികളായിട്ടുള്ള സ്ഥാപനങ്ങളാണ് ഇതില്‍ പലതുമെന്നും എം.എസ്.എഫ് പ്രഖ്യാപിച്ച മാര്‍ച്ച് മാറ്റിവെക്കണമെന്ന് യോഗത്തില്‍ ഒരാള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനം പറയേണ്ടതെന്നായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ മറുപടി. മാര്‍ച്ചിന് ഹൈദരലി ശിഹാബ് തങ്ങള്‍ അനുമതി നല്‍കി. അതൊരു വലിയ മാറ്റമായിരുന്നു. ഏത് അനീതിയോടും ശക്തമായി പ്രതികരിക്കണമെന്നത് വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ കടമയാണെന്ന വലിയ സന്ദേശമാണ് അന്ന് യോഗത്തില്‍ ആ നിലപാട് സ്വീകരിച്ചതിലൂടെ ഹൈദരി ശിഹാബ് തങ്ങള്‍ നല്‍കിയത്. പല ഇടപെടലുകളിലും ഇത് വീണ്ടും വീണ്ടും അദ്ദേഹം അടിവരയിട്ടു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ഭാരവാഹികളെ കാണാനും പരിചയപ്പെടാനും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വലിയ താല്‍പര്യമായിരുന്നു. എം.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിന് മുമ്പും വിജയിച്ചതിന് ശേഷവും ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തും. അങ്ങനെ വിദ്യാര്‍ത്ഥി നേതാക്കള്‍ എത്തുമ്പോള്‍ അവര്‍ക്കായി പ്രത്യേകം മധുര പലഹാരങ്ങള്‍ അദ്ദേഹം കരുതിവെച്ചിട്ടുണ്ടാകും. എത്ര തിരക്കിനിടയിലാണെങ്കിലും കുട്ടികളെത്തിയാല്‍ അവരോട് സംസാരിക്കാനും മധുരം നല്‍കാനും ഹൈദരലി ശിഹാബ് തങ്ങള്‍ സമയം കണ്ടെത്തും. വിദ്യാര്‍ത്ഥി സംഘടനയിലൂടെ കടന്നുവന്ന ആള്‍ എന്ന നിലയില്‍ ആ രാഷ്ട്രീയത്തോടുള്ള താല്‍പര്യം ഈ സ്നേഹത്തിലും കരുതലിലും പ്രകടമായിരുന്നു.

2011ല്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് കോണ്‍ഫറന്‍സിലെ എ.പി.ജെ അബ്ദുള്‍ കലാം പങ്കെടുത്ത പരിപാടി നടന്നു. ആദ്യം തീരുമാനിച്ച തിയതി മാറ്റേണ്ടി വന്നു. ഉദ്ഘാടകനായിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ അക്കാര്യം അറിയിക്കാനായി അന്നത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന പി.കെ ഫിറോസും ഞാനും കൂടി പോയപ്പോള്‍ തന്റെ അസൗകര്യങ്ങള്‍ നോക്കേണ്ടതില്ലെന്നും മുന്‍ രാഷ്ട്രപതി കൂടിയായ എ.പി.ജെ അബ്ദുള്‍ കലാമിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരം കിട്ടുമെങ്കില്‍ അത് ചെയ്യൂ എന്നായിരുന്നു മറുപടി. ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ പ്രാധാന്യമാണ് ഞങ്ങള്‍ ഇതിലെല്ലാം കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in