ജനങ്ങളുമായുള്ള ജീവൽബന്ധം ദുർബലപ്പെട്ടു, വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു; തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് തോമസ് ഐസക്

ജനങ്ങളുമായുള്ള ജീവൽബന്ധം ദുർബലപ്പെട്ടു, വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു; തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച്
തോമസ് ഐസക്
Summary

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയെ വിലയിരുത്തി സിപിഎം നേതാവ് തോമസ് ഐസക് ഫേസ്ബുക്കിൽ എഴുതിയത്.

പാർലമെന്റിൽ എൻഡിഎയുടെ സീറ്റ് 353-ൽ നിന്ന് 292 ആയി കുറയുകയും ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത സന്ദർഭത്തിൽപ്പോലും പ്രധാനമന്ത്രി മോദി പാർലമെന്റിൽ വീമ്പ് പറഞ്ഞൊരു കാര്യം കേരളത്തിൽ അക്കൗണ്ട് തുറന്നുവെന്നുള്ളതാണ്.

തൃശ്ശൂരിൽ വിജയിക്കുക മാത്രമല്ല 11 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി ഒന്നാംസ്ഥാനത്ത് വന്നു. മറ്റ് ഏഴ് മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തും. എൻഡിഎയുടെ വോട്ട് ശതമാനം 2019-നെ അപേക്ഷിച്ച് 3.64 ശതമാനം ഉയർന്ന് 19.2 ശതമാനമായി. 2014-ൽ ഇതിന്റെ പകുതി പിന്തുണയേ കേരളത്തിൽ ബിജെപിക്ക് ഉണ്ടായിരുന്നുള്ളൂ.

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് എങ്ങനെ കഴിഞ്ഞു?

(1) രാജ്യത്താകമാനമുള്ള വർഗ്ഗീയ അന്തരീക്ഷം അനിവാര്യമായും കേരളത്തെയും സ്വാധീനിക്കും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിരോധവുമാണ് ഹിന്ദുത്വ വർഗ്ഗീയതയെ കേരളത്തിൽ നിന്ന് അകറ്റിനിർത്തിയത്. കേരളം പോലുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദുത്വ വർഗ്ഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയിലും ഫലം കണ്ടിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നിട്ടുണ്ട്.

(2) കേരളത്തിൽ വളരെ ഫലപ്രദമായി അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തി. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്നും മറ്റും പാർട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാൻ ആർഎസ്എസിനു സഹായകമായി. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതിൽ തുടരുന്നു. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.

(3) കേന്ദ്ര സർക്കാരിന്റെ സ്കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. മുദ്രാ വായ്പകൾ, കർഷക സമ്മാൻ, മൈക്രോ ഫിനാൻസ്, ജൻ ഔഷധി, തെരുവ് കച്ചവടക്കാർക്കും ആർട്ടിസാൻമാർക്കുമുള്ള സ്കീമുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സംസ്ഥാന സർക്കാർ 25-40 ശതമാനം തുക മുതൽമുടക്കുന്ന കേന്ദ്രാവിഷ്കൃത സ്കീമുകൾപോലും കേന്ദ്രത്തിന്റേതായി ബ്രാൻഡ് ചെയ്യാനുള്ള ശ്രമവും പരാമർശിക്കേണ്ടതുണ്ട്.

(4) ബിജെപി സന്നദ്ധസംഘടനകൾ വഴിയുള്ള ദീനാനുകമ്പ പ്രവർത്തനങ്ങളും സാമൂഹ്യസേവനവും സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് ബിജെപിയുമായി ബന്ധമില്ലാത്ത സന്നദ്ധസംഘടനകൾക്കൊന്നിനും വിദേശപണം ലഭിക്കാത്ത അവസ്ഥയാണ്.

(5) അഴിമതിയിലൂടെയും ഇലക്ടറൽ ബോണ്ടുകളിലൂടെയും സമാഹരിച്ചിട്ടുള്ള ഭീമമായ ഫണ്ട് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ബിജെപി ഉപയോഗപ്പെടുത്തി.

മേൽപ്പറഞ്ഞവയോടൊപ്പം ജാതി സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയിൽ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിതമായ ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എൻഎസ്എസ് നേതൃത്വം ആർഎസ്എസിനെ അകറ്റിനിർത്തുന്നുണ്ടെങ്കിലും കരയോഗങ്ങളിൽ വലിയൊരു പങ്ക് ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഈഴവ സമുദായത്തിൽ ബിഡിജെഎസും ശാഖാ യോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വലിയ പരിശ്രമമാണ് നടക്കുന്നത്. ശിവഗിരിയേയും യോഗത്തെയും തങ്ങളുടെ വരുതിയിലാക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ദളിത് സംഘടനകളെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്. ജാതീയമായി സംഘടിപ്പിക്കുക, വർഗ്ഗീയമായി യോജിപ്പിക്കുക എന്നതാണ് ആർഎസ്എസ് നയം.

ക്രിസ്തുമത വിശ്വാസികളിലാണെങ്കിൽ മുസ്ലിം വിദ്വേഷത്തെ അടിസ്ഥാനമാക്കി ക്രിസംഘികൾ എന്നൊരു വിഭാഗം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഒരു കാലത്ത് പുരോഗമന നിലപാടുകൾക്കു പ്രസിദ്ധമായിരുന്ന കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്ന സംഘടനയിൽപ്പോലും ഇവരുടെ സ്വാധീനം ഇന്ന് പ്രകടമാണ്. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് മതമേലധ്യക്ഷന്മാർക്കെതിരെ ഭീഷണി ഉയർത്തുന്നതിനും ബിജെപിക്കു മടിയില്ല. ഇതിന്റെ ഫലം ചില പ്രദേശങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ തെളിഞ്ഞിട്ടുണ്ട്.

സിഎഎ, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങളിൽ എൽഡിഎഫ് സ്വീകരിച്ച തത്വാധിഷ്ഠിത സമീപനത്തെ മുസ്ലിം പ്രീണനമായി പ്രചരിപ്പിക്കുന്നതിന് ബിജെപി നടത്തിയ പരിശ്രമം കുറച്ചൊക്കെ ഏശുകയുണ്ടായി.

ഇവയെല്ലാം ആസ്പദമാക്കിയുള്ള പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ സാമൂഹ്യവിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയിട്ടുള്ളത്? ഉറച്ചനിലപാടാണോ അതോ ഫ്ലോ‌ട്ടിംഗ് വോട്ടുകളുടെ സ്വഭാവത്തിലുള്ളവയാണോ ഈ മാറ്റം? ബിജെപിയുടെ വർദ്ധിച്ച സ്വാധീനം എല്ലായിടത്തും ഒരുപോലെ അല്ല. ലഭ്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവയെല്ലാം പരിശോധിച്ചുകൊണ്ട് ശരിയായ ഇടപെടലിനു രൂപം നൽകാൻ കഴിയും.

അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. ഇത് പാർട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാൻ. വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ ചൊല്ലുണ്ടല്ലോ.
തോമസ് ഐസക്

വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ് - ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്.

എന്നാൽ പോളിംഗിന് മുമ്പുള്ള വിലയിരുത്തലും പോളിംഗിനു ശേഷം ബൂത്തുകളിൽ നിന്നുള്ള വിലയിരുത്തലും താരമ്യപ്പെടുത്തുമ്പോൾ പല മണ്ഡലങ്ങളിലും ഗണ്യമായ തോതിൽ എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടില്ലായെന്നു കാണാൻ കഴിഞ്ഞു. പോൾ ചെയ്ത വോട്ടുകളിൽ അഞ്ച് മണ്ഡലങ്ങളിൽ ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നത്.

എന്തുകൊണ്ട് വിലയിരുത്തലുകൾ പാളുന്നൂവെന്നതാണ് ഉത്തരം കാണേണ്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം. ഒന്നുകിൽ ജനങ്ങളെ മനസിലാക്കാൻ കഴിയുന്നില്ല. അതല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ മനസ് തുറക്കുവാൻ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒരു കാര്യം തീർച്ച. ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു.

അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. ഇത് പാർട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാൻ. വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ ചൊല്ലുണ്ടല്ലോ.

സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർദ്ധിക്കുന്നുണ്ട്.

തുടർഭരണം ഇത്തരത്തിലുള്ള ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തൽരേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

മുൻകാലത്ത് സർഗ്ഗാത്മകതയിലും പഠിത്തത്തിലും മുൻനിൽക്കുന്നവർ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ ആഗോള, ദേശീയ സ്ഥിതിവിശേഷം ഇതിനു കാരണമാണ്. അതുപോലെ തന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലവുമാണ്.

ഇവിടെ പറഞ്ഞതൊന്നും പൂർണ്ണമല്ല. പാർട്ടിക്കുള്ളിൽ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയിൽ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് മുകളിൽ തീരുമാനമെടുത്ത് താഴേക്ക് റിപ്പോർട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചർച്ചകളും നിർദ്ദേശങ്ങളും പരിശോധിച്ച് രൂപം നൽകുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്.

ഇങ്ങനെ പാർട്ടിക്കുള്ളിൽ മാത്രമല്ല പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചർച്ച ചെയ്യുന്നതിനാണു തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഒസ്യത്താണ്. പാർട്ടിയിൽ ഇല്ലെങ്കിലും അവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾക്കും ചെവി കൊടുത്ത് അവയിൽ നിന്ന് ഉൾക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകും.

2014-ൽ പാർലമെന്റിലേക്ക് 40 ശതമാനം വോട്ട് ലഭിച്ച എൽഡിഎഫിന് 2019-ൽ 35 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ശബരിമലയുമായി ബന്ധപ്പെട്ട കോളിളക്കം പാർട്ടി അടിത്തറയിൽ നിന്ന് ഒരു വിഭാഗത്തെ യുഡിഎഫിലേക്കും ബിജെപിയിലേക്കും നയിച്ചു. ബിജെപിയുടെ വോട്ട് ശതമാനം 10.8-ൽ നിന്ന് 15.6 ആയി ഉയർന്നു. എന്നാൽ എൽഡിഎഫിന്റെ വോട്ട് തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ 42.5 ആയി ഉയർന്നു. ബിജെപിയുടേത് 14.9 ശതമാനമായി താഴ്ന്നു. അസംബ്ലി തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എൽഡിഎഫിന്റെ വോട്ട് 45.3 ശതമാനമായി ഉയർന്നു. ബിജെപിയുടേത് 12.5 ശതമാനമായി താഴ്ന്നു. ബിജെപിയിലേക്കു പോയ നല്ലൊരു പങ്ക് വോട്ടുകൾ തിരിച്ച് എൽഡിഎഫിലേക്ക് തന്നെ വന്നു.

ലോകസഭാ തെരഞ്ഞെടുപ്പിൽ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തു നിന്നും ബിജെപിയിലേക്കു മാറിയ വോട്ടർമാർ ഒരുപോക്ക് പോയി എന്ന നിഗമനത്തിൽ എത്തുന്നതിൽപ്പരം വിഡ്ഢിത്തം വേറെയുണ്ടാവില്ല.

Related Stories

No stories found.
logo
The Cue
www.thecue.in