ഷഹീന്‍ബാഗ്, ഇന്ത്യയുടെ പുതിയ സമരശീലം

ഷഹീന്‍ബാഗ്, ഇന്ത്യയുടെ പുതിയ സമരശീലം

Summary

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സമരം ഒരു മാസത്തിലേറെയായി. രാപ്പകലില്ലാതെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ചരിത്രപ്രക്ഷോഭത്തെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അധ്യാപകനായ പ്രദീപ് കുമാര്‍ ദത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ഷഹീന്‍ബാഗ് ഇപ്പോഴും സമരാവേശത്തിലാണ്. കഴിഞ്ഞ രണ്ട് മാസത്തോളമായി രാപ്പകലില്ലാതെ ജനങ്ങള്‍ സംഘടിച്ച് മുദ്രാവാക്യം മുഴക്കുന്ന ഇടമാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തവും സമാധാനപൂര്‍ണ്ണവുമായ സമരമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നത്.

ഇവിടെ എങ്ങും അത്യാവേശത്തിലുള്ള മുദ്രാവാക്യം വിളികളാണ് ഉയരുന്നത്. അതിനിടയിലാണ്, തീരെ മെലിഞ്ഞ, പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഒരു പെണ്‍കുട്ടി വേദിയിലേക്ക് കയറിയത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആ പെണ്‍കുട്ടി വലിയൊരു ആശയകുഴപ്പത്തിലായിരുന്നു. അവളുടെ അടുത്ത സുഹൃത്തുക്കളിലേറെയും ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ പറഞ്ഞത് മാത്രമായിരുന്നു പൗരത്വ ഭേദഗതിയെ കുറിച്ച് ഇത്ര നാളും അവള്‍ മനസിലാക്കി വച്ചിരുന്നത്. എന്നാല്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ പറഞ്ഞത് അതിന് നേര്‍വിപരീതമായതും.

അവളെ സംഘാടകരിലൊരാളാണ് വേദിയിലേക്ക് ക്ഷണിച്ചത്. ഏറിയാല്‍ 50 മീറ്റര്‍,അതിനപ്പുറമുള്ളവര്‍ക്ക് അവളെ കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.അതിനപ്പുറമുള്ളവര്‍ ആ സമയത്ത് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതോടെ അനൗണ്‍സര്‍ മൈക്ക് കൈയ്യിലെടുത്തു, എല്ലാവരും നിശബ്ദരായിരിക്കണം എന്നഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ കരഞ്ഞുപോകും എന്ന നിലയിലായിരുന്നു ആ പെണ്‍കുട്ടി. അവളെ കേള്‍ക്കണമെന്ന അനൗണ്‍സറുടെ ആവശ്യം കേട്ടയുടന്‍ മുദ്രാവാക്യങ്ങള്‍ അടങ്ങി.

ഇതാണ് ഷഹീന്‍ബാഗിലെ സമരത്തെ പ്രത്യേകതയുള്ള ഒന്നാക്കി മാറ്റുന്നത്. സമരവേദി സംശയങ്ങള്‍ തീര്‍ക്കാനുള്ള ഒരിടമായി കൂടി മാറ്റുകയാണ് ഇവിടെ. അത് മാത്രമല്ല, ഒരു സമരവേദി എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒരിടമാണ് ഷഹീന്‍ബാഗ്.ഷഹീന്‍ബാഗിലെ സമരത്തിന് സംഘാടകര്‍ മാത്രമേയുള്ളൂ, നേതാക്കളില്ല. പൊലീസിനെ കുഴക്കുന്നതും ഇതാണ്. സമരം ഒത്തുതീര്‍ക്കാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് പോലും പൊലീസിനറിയില്ല. ഹിജാബോ, തട്ടമോ ധരിച്ച സ്ത്രീകള്‍ കുട്ടികളുമായി വന്നിരിക്കുന്നു, പുരുഷന്മാരും വിദ്യാര്‍ത്ഥികളും വേറെ. ഇവര്‍ പരസ്പരം സംസാരിക്കുന്നു, ചില നേരങ്ങളില്‍ അവര്‍ പ്രഭാഷകരെ ശ്രദ്ധയോടെ കേള്‍ക്കുകയും ഇടയ്ക്ക് പ്രസംഗങ്ങള്‍ക്കിടയില്‍ പോലും അത്യുച്ചത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നു.

വേദിയില്‍ ഒരാള്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ അടുത്തയാള്‍ പ്രസംഗിക്കാനായി കയറുന്നുണ്ട്. അത് ഇടതടവില്ലാതെ തുടരുന്നുണ്ട്. വളണ്ടിയര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യുന്ന തിരക്കിലാണ്. സമരവേദിയിലെത്തുന്നവര്‍ കൈയ്യില്‍ കരുതുന്ന ഭക്ഷണ സാധനങ്ങള്‍ വീതിച്ച് നല്‍കുകയാണ് അവര്‍. അതേസമയം വേദിക്ക് മുന്നില്‍ ദേശീയപതാകയും കൈയ്യിലേന്തി കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കളിക്കുകയായിരുന്നു. ദില്ലി തണുത്തുവിറച്ച, കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഷഹീന്‍ബാഗിലെ ഈ സമരത്തില്‍ ഒരിക്കല്‍ പോലും സംഘര്‍ഷം ഉണ്ടായിട്ടില്ല. കൃത്യമായ അച്ചടക്കം സമരത്തിന്റെ എല്ലാ കോണിലും കാണാം. ജാമിയയിലും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങളും ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചവര്‍ അഴിച്ചുവിട്ട സംഘര്‍ഷങ്ങളുമാണ് ഷഹീന്‍ബാഗിലെ സമരം അങ്ങേയറ്റം സമാധാനപരമായിരിക്കിയത്.

പ്രതിഷേധക്കാര്‍ റോഡിന്റെ ഒരു ഭാഗം മുഴുവന്‍ ആക്ടിവിറ്റി സെന്ററുകളായി മാറ്റിയിരിക്കുകയാണ്. അമിതാവ് ഘോഷിന്റെയും ജോര്‍ജ്ജ് ഓര്‍വെല്ലിന്റെയും അടക്കം പുസ്തകങ്ങളാണ് ഇവിടെയുള്ള ഒരു ആക്ടിവിറ്റി സെന്ററില്‍. അതൊരു താത്കാലിക ലൈബ്രറിയാണ്. മുന്നില്‍ കസേരകള്‍ നിരത്തിവച്ചിട്ടുണ്ട്.താത്പര്യമുള്ളവര്‍ക്ക് ഇവിടെയിരുന്ന് വായിക്കാം.

അതിനോട് ചേര്‍ന്ന് കുട്ടികളുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സെന്ററുണ്ട്. ഇവിടെ കുട്ടികള്‍ ഒരു വരിയിലായി അവരുടെ ഡ്രോയിങ് ബുക്കുകളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് പുറകിലായി വരച്ച ചിത്രങ്ങളും പോസ്റ്ററുകളും തൂക്കിയിട്ടിട്ടുണ്ട്. ഈ ആക്ടിവിറ്റി ലൈനിനോട് ചേര്‍ന്ന് ഇവ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളോ, ഇവിടെ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയവരോ ആയി നിരവധി പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം ഒരു ഘട്ടത്തിലും ദുര്‍ബലപ്പെടരുതെന്ന നിര്‍ബന്ധം ഉള്ളത് കൊണ്ടാണ് ഇത്തരം ആക്ടിവിറ്റികള്‍ കൂടി പ്രതിഷേധത്തിന്റെ ഭാഗമാക്കിയതെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു. കുട്ടികള്‍ക്ക് മനക്ലേശം അനുഭവപ്പെടാതിരിക്കാനാണ് പ്രധാന ശ്രദ്ധ. ഇവയ്‌ക്കെല്ലാം പുറമെ, ജെഎന്‍യുവിലെ സംഘര്‍ഷം മുതല്‍ ഓസ്‌ട്രേലിയയിലെ കാട്ടുതീയെ കുറിച്ച് വരെ വിശദീകരിച്ച് കുട്ടികളില്‍ സഹാനുഭൂതി വളര്‍ത്താനുള്ള ശ്രമം കൂടി ഇവിടെ നടക്കുന്നുണ്ട്.

ഷഹീന്‍ബാഗില്‍ നിന്ന് ഏറെയല്ലാതെയുള്ള ജാമിയ സര്‍വകലാശാലയിലും ഇതാണ് സാഹചര്യം.ഇവിടെയും നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ഇപ്പോഴും പ്രതിഷേധിക്കുകയാണ്. ഇവിടെ നിരവധി വിദ്യാര്‍ത്ഥികളാണ് നിരന്നിരുന്ന് വായിക്കുന്നത്. റീഡ് ഫോര്‍ റെവല്യൂഷന്‍ എന്ന മുദ്രാവാക്യം കൂടി ഇവിടെ ഉയര്‍ത്തുന്നുണ്ട്. ജാമിയ ലൈബ്രറിയില്‍ കയറി ദില്ലി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനും ലൈബ്രറി തകര്‍ത്തതിനും എതിരായ പ്രതിഷേധം കൂടിയാണിത്. വാഹനങ്ങളുടെ ശബ്ദവും പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുടെയും ഇടയിലാണ് പുസ്തകത്തില്‍ നിന്ന് ഏകാഗ്രത തെറ്റാതെ വിദ്യാര്‍ത്ഥികള്‍ വായിക്കുന്നത്.

ജാമിയക്ക് മുന്നിലെ റോഡില്‍ ചിത്രകാരന്മാരായ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ കാണാന്‍ വാഹനത്തില്‍ പോകുന്നവര്‍ വരെ ശ്രമിച്ചതോടെ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായി.ഇതോടെയാണ് ഈ ചിത്രങ്ങള്‍ റോഡില്‍ നിന്ന് മായ്ച്ചത്. എങ്കിലും ജാമിയ പ്രതിഷേധത്തിന്റെ പ്രധാന അടയാളമായി ഈ ചിത്രങ്ങളും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഇങ്ങിനെയൊക്കെയാണെങ്കിലും ഓഖ്ലയില്‍ ഭാവി എപ്പോഴും ആശങ്ക നിറഞ്ഞതാണ്.എന്നാണ് തങ്ങള്‍ക്ക് നേരെ ടിയര്‍ ഗ്യാസും ലാത്തികളും വന്ന് പതിക്കുകയെന്നത് ആര്‍ക്കുമറിയില്ല. രാജ്യത്താകമാനമുള്ള പ്രതിഷേധങ്ങളും ഈ വെല്ലുവിളിയോടെയാണ് മുന്നോട്ട് പോകുന്നത്. എങ്കിലും ആത്മവിശ്വാസവും ഐക്യദാര്‍ഢ്യവും പ്രതീക്ഷയുംപകരാന്‍ സാധിക്കുന്ന പുതിയൊരു സമരപാതയാണ് ഓഖ്ലയില്‍ സമരക്കാര്‍തുറന്നിരിക്കുന്നത്.

പ്രദീപ് കുമാര്‍ ദത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in