ഹമാസ് - ഇസ്രായേൽ : ചില ചരിത്ര യാഥാർഥ്യങ്ങൾ

ഹമാസ് - ഇസ്രായേൽ : ചില ചരിത്ര യാഥാർഥ്യങ്ങൾ

ഹമാസിനെ നശിപ്പിക്കാൻ എന്ന പേരിൽ ഇസ്രായേൽ ആരംഭിച്ച ഓപ്പറേഷൻ അയൺ സ്വോർഡിൽ ഒൻപതിനായിരത്തിലധികം പലസ്തീനിയർ കൊല്ലപ്പെട്ടു കഴിഞ്ഞു. ഹമാസിനെ ഇല്ലാതാക്കാൻ എന്ന പേരിൽ പലസ്തീൻ ജനതയെ ഒന്നടങ്കം വെസ്റ്റ് ബാങ്കിൽ നിന്നും ഗാസ മുനമ്പിൽ നിന്നും കുടിയൊഴിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ജൂതന്മാർ പലസ്തീനിയരുടെ ഭൂമി കയ്യേറി അവരെ ഒഴിപ്പിക്കണം എന്ന് വിശ്വസിക്കുന്ന അത്തരം സെറ്റിലെർ മൂവ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന അതിനു നേതൃത്വം നൽകുന്ന ഇത്തെമാർ ബെൻ ഗവിർ, ബെസലേൽ സ്മോട്രിച്ച് തുടങ്ങിയവർ നിലവിലെ ഇസ്രായേലി സർക്കാരിന്റെ ഭാഗമായത് കൊണ്ട് അത്തരം നീക്കങ്ങൾ അപ്രതീക്ഷിതമല്ല. അഷ്‌തോത്, അഷ്‌കലോൻ, നെഗേവ് എന്നീ സ്ഥലങ്ങളിൽ ഹമാസ് നടത്തിയ അതിസാഹസിക മുന്നേറ്റങ്ങൾ മൂലമാണ് ഇസ്രായേൽ ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചത് എന്നും അതിനാൽ ഇസ്രായേൽ ഇവിടെ ഇരയും ഹമാസ് വേട്ടക്കാരനുമാണ് എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. 41 കിലോമീറ്റർ നീളവും ഏകദേശം ഇരുപത് ലക്ഷം പേർ മാത്രം താമസിക്കുന്ന ഗാസയിൽ ഹമാസ് പാരഗ്ലൈഡർ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ തയ്യാറെടുപ്പുകൾ ഇസ്രയേലിന്റെ ഇന്റെലിജൻസ് സംഘടനകൾ അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ ഇസ്രായേലിലെ ജനങ്ങൾ പോലും തയ്യാറല്ല. ഹമാസിന്റെ ആക്രമണത്തെ കുറിച്ച് ഈജിപ്ത് സൂചനകൾ നൽകിയിരുന്നെങ്കിലും അതിനെ ഇസ്രായേൽ അവഗണിച്ചു. ഒരുപക്ഷെ അക്രമം ഒരു അവസരമായി ഉപയോഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചിരുന്നു എന്ന് കരുതിയാലും തെറ്റില്ല. ഇസ്രായേലിന് ഇരയുടെ പരിവേഷം നൽകുന്നവർ ചരിത്രത്തിലുടനീളം പലസ്തീൻ ജനത അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന ക്രൂരതകളെ അഭിസംബോധന ചെയ്യാൻ തയ്യാറല്ല.

Courtesy : motaz_azaiza

ഹമാസിനോട് യോജിക്കാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ട്. ഹമാസിനെ തീവ്രവാദ സംഘടനയായും മൗലികവാദ സംഘടനയായും നമ്മൾ വിലയിരുത്തുമ്പോൾ ഇസ്രായേൽ പ്രത്യേകിച്ച് അതിന്റെ ഭരണാധികാരത്തിൽ ചരിത്രത്തിൽ ഉടനീളം എങ്ങനെയാണ് ഹമാസിനെ കണ്ടിരുന്നത് എന്ന് നമ്മൾ മനസിലാക്കണം. യഥാർത്ഥത്തിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ നിർവചിക്കാൻ കഴിയുന്ന ഒരു ഉദാഹരണം മേരി ഷെല്ലിയുടെ വിശ്വപ്രസിദ്ധ നോവലായ ഫ്രാങ്കസ്റ്റെയിൻ ആണ്. സൃഷ്ടാവിനു തന്നെ തലവേദനയായി മാറിയ വിചിത്രജീവിയെ കുറിച്ചുള്ള ഈ നോവലിലേതിന് സമാനമായ ബന്ധമാണ് ഇസ്രയേലും ഹമാസും തമ്മിലെന്ന് പറയാം. രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ജിയോപോളിറ്റിക്സിൽ ഇത്തരം ഫ്രാങ്കസ്റ്റെയിൻമാർ ഒരുപാട് ഉണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ, ഒസാമ ബിൻ ലാദൻ തുടങ്ങി അനേകം ഉദാഹരണങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാം. പൊതുവെ യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി എതിർക്കുന്ന റഷ്യ, ഇറാൻ അവർക്ക് തലവേദനകളായ ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങൾ അവരുടെ തന്നെ ഇടപെടലുകളുടെ ഫലമായി പല രാഷ്ട്രീയ പ്രശ്നങ്ങൾക്കും അസ്ഥിരതകൾക്കും വിധേയമായി ഒടുവിൽ നിലവിലെ സ്ഥിതിയിൽ എത്തിചേരുന്നു. അഫ്ഗാനിലെ മുജാഹിദീനുകൾ, ഒസാമ എന്നിവരെ ആദ്യ ഘട്ടത്തിൽ സാമ്പത്തികമായും സായുധപരമായും സഹായിച്ചത് യു.എസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ചേരിയായിരുന്നു. ഹമാസിന്റെ സൈദ്ധാന്തിക ശ്രോതസ് അല്ലെങ്കിൽ ഡിസ്ട്രിബ്യുട്ടറി എന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലിം ബ്രദർഹുഡിന്റെ വളർച്ചയിലും അമേരിക്കയ്ക്ക് പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹാരി.എസ്.ട്രൂമാന് വലിയ പങ്കുണ്ടായിരുന്നു. ഇതേ പോലെ ഹമാസിന്റെ വളർച്ചയിൽ ഇസ്രായേൽ വഹിച്ച പങ്ക് ചർച്ച ചെയ്യപ്പെണ്ടതാണ്.

Courtesy : motaz_azaiza

ഹമാസിന്റെ ആദ്യ രൂപം എന്ന് വിശേഷിപ്പിക്കാവുന്നത് മുജമ അൽ ഇസ്ലാമിയ എന്ന ചാരിറ്റി സംഘടനയാണ്. ഇത് സ്ഥാപിച്ചത് ഷെയ്ഖ് അഹമ്മദ് യാസിൻ എന്ന മതപണ്ഡിതനാണ്. ഈജിപ്തിലെ രാഷ്ട്രീയ ഇസ്ലാമിസ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായിരുന്ന യാസിൻ ബ്രദർഹുഡിന്റെ പ്രധാന സൈദ്ധാന്തികനായ സയ്ദ് ഖുതുബിനെ ഈജിപ്ത് വധിച്ച ശേഷം യാസിൻ തന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗാസയെ കേന്ദ്രമാക്കി. അറബ് ദേശീയവാദിയും സോഷ്യലിസ്റ്റുമായ നാസർ ഇസ്രായേൽ- ഈജിപ്ത് യുദ്ധത്തിൽ പരാജയപ്പെട്ടതും ബ്രദർഹുഡിന് മാത്രമല്ല പൊളിറ്റിക്കൽ ഇസ്ലാം ധാരയ്ക്ക് പശ്ചിമേഷ്യയിലും അറബ് രാജ്യങ്ങളിലും വലിയ ആശ്വാസം നൽകി. പലസ്തീൻ ലിബറേഷൻ ഓർഗനൈസെഷൻ ഇസ്രായേലിന് വലിയൊരു തലവേദനയായിരുന്നു. പ്രത്യേകിച്ച് അതിന്റെ മതേതര ഇടതുപക്ഷ സ്വഭാവം പലസ്തീൻ ജനതയെ മാത്രമല്ല ലോകത്തെ മുഴുവനും സ്വാധീനിച്ചിരുന്നു. പലസ്തീൻ വിമോചന മുന്നേറ്റത്തിന് തുരങ്കം വയ്ക്കാനും പലസ്തീൻ ജനതയ്ക്കിടയിൽ വിഭാഗീയത കൊണ്ട് വരാനും തക്കം പാർത്തിരുന്ന ഇസ്രായേൽ ഷെയ്ഖ് യാസിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് ചാരിറ്റി, സാമൂഹിക സേവനം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാനും ഇസ്ലാമിക പഠനകേന്ദ്രത്തിന്റെ വ്യാപനത്തിന് നേരെ കണ്ണടച്ച് നിൽക്കുവാനും ആരംഭിച്ചു. പി.എൽ.ഒയുടെ നേതാവായ യാസർ അറഫാത്ത് അടക്കമുള്ളവർ ഇതിനെ ശക്തമായി എതിർത്തിരുന്നു. ആദ്യ നാളുകളിൽ പി.എൽ.ഒ , ഫത്ത തുടങ്ങിയ രാഷ്ട്രീയ ശക്തികളെ ഗാസയിൽ വേട്ടയാടുമ്പോൾ മുജമ അൽ ഇസ്ലാമിയയുടെ പ്രവർത്തനങ്ങൾക്കും അവരുടെ വളർച്ചയ്ക്ക് നേരെയും ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് അനുകൂല നിലപാട് സ്വീകരിച്ചു. ഒടുവിൽ ഒന്നാം ഇന്തിഫാദയുടെ സമയത്ത് രണ്ട് ഇസ്രായേൽ സൈനികരെ ഹമാസ് കൊല്ലപ്പെടുത്തുമ്പോഴാണ് തങ്ങൾ തുറന്നു വിട്ട ഭൂതത്തിന്റെ ശക്തി അവർ മനസിലാക്കിയത്.

ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്രായേലിന് പങ്കുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയത് മുൻ ഇസ്രേയലി സൈനിക തലവന്മാരും ഇന്റലിജൻസ് ഓപ്പറേഷൻസ് നടത്തിയ വ്യക്തികളുമാണ്. 1970 കളിലും 1980 കളിലും ഗാസയിൽ മതപരമായ കാര്യങ്ങളിൽ ഇടപെടുന്ന ഇസ്രായേലി ഉദ്യോഗസ്ഥനായിരുന്ന അവ്‌നർ കോഹൻ വോൾ സ്ട്രീറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഗാസയിൽ ഇസ്ലാമിസ്റ്റുകളെ തുടക്കത്തിൽ തന്നെ തടയാൻ ശ്രമിക്കുന്നതിനുപകരം, ഇസ്രായേൽ വർഷങ്ങളോളം സഹിക്കുകയും ചില സന്ദർഭങ്ങളിൽ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും അതിന്റെ പ്രബല വിഭാഗമായ യാസർ അറാഫത്തിന്റെ ഫത്ത പാർട്ടിയുടെ മതേതര ദേശീയവാദികൾക്ക് എതിരായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും യാസിന് തന്റെ പ്രവർത്തന സീമകൾ വിശാലമാക്കാനും ഇസ്രായേൽ സഹായിച്ചുവെന്നും കോഹൻ പറയുന്നു. 1980-കളുടെ തുടക്കത്തിൽ ഗാസയിലെ ഇസ്രായേൽ സൈനിക ഗവർണറായിരുന്ന യിത്സാക് സെഗെവ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറോടു ഒരു അഭിമുഖത്തിൽ പറഞ്ഞത് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും ഫത്ത പാർട്ടിയുടെയും മതേതരവാദികൾക്കും ഇടതുപക്ഷക്കാർക്കും എതിരായി പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന് ഇസ്രായേൽ ധനസഹായം നൽകിയിട്ടുണ്ട് എന്നാണ്.

Courtesy : motaz_azaiza

സംഭവവികാസങ്ങളുടെ ആകെത്തുക പരിശോധിക്കുമ്പോൾ തങ്ങൾക്ക് തെറ്റി പറ്റിയെന്ന് സമ്മതിക്കുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിലെ അറബ് കാര്യ വിദഗ്ധൻ ഡേവിഡ് ഹെച്ചം പറയുന്നത്. 1984-ൽ, ഷെയ്ഖ് യാസിന്റെ നേതൃത്വത്തിലുള്ള ഗാസ ഇസ്ലാമിസ്റ്റുകൾ ആയുധങ്ങൾ ശേഖരിക്കുന്നതായി ഫതഹ് അനുകൂലികളിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന് ഒരു സൂചന ലഭിച്ചു. ഇസ്രായേൽ സൈന്യം ഒരു പള്ളി റെയ്ഡ് ചെയ്യുകയും ആയുധശേഖരം കണ്ടെത്തുകയും ചെയ്തു. ഷെയ്ഖ് യാസിൻ ജയിലിലായി. ഹച്ചം പറയുന്നതനുസരിച്ച്, ഇസ്രായേൽ അല്ല, എതിരാളികളായ ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കാനാണ് ആയുധങ്ങളെന്ന് അദ്ദേഹം ഇസ്രായേലി ചോദ്യം ചെയ്യുന്നവരോട് പറഞ്ഞു. ഒരു വർഷത്തിനു ശേഷം പുരോഹിതൻ മോചിപ്പിക്കപ്പെടുകയും ഗാസയിലുടനീളം മുജാമയുടെ വ്യാപനം വ്യാപിപ്പിക്കുകയും ചെയ്തു.

ഷെയ്ഖ് യാസിൻ അറസ്റ്റിലായ സമയത്ത്, മതകാര്യ ഉദ്യോഗസ്ഥനായ അവ്നെർ കോഹൻ ഗാസയിലെ മുതിർന്ന ഇസ്രായേലി സൈനികർക്കും സിവിലിയൻ ഉദ്യോഗസ്ഥർക്കും ഒരു റിപ്പോർട്ട് അയച്ചു. യാസിൻ ഒരു "പൈശാചിക" വ്യക്തിയാണെന്ന് വിശേഷിപ്പിക്കുന്ന റിപ്പോർട്ടിൽ, ഇസ്ലാമിസ്റ്റുകളോടുള്ള ഇസ്രയേലിന്റെ നയം മുജാമയെ അപകടകരമായ ശക്തിയായി വികസിപ്പിക്കാൻ അനുവദിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Courtesy : motaz_azaiza

പരിപൂർണമായും മുസ്ലിം ബ്രദർഹുഡിന്റെ രീതികളാണ് ഹമാസും പിന്തുടർന്നത്. ഈജിപ്തിലെ പോലെ തന്നെ അവ വിജയിച്ചു. സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ബ്രദർഹുഡ് മോഡൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് മുന്നേറ്റങ്ങൾ അടിച്ചമർത്തപ്പെടുന്ന സമയത്ത് അവർക്ക് എതിരെയുള്ള പ്രത്യേകിച്ച് അറബ് ദേശീയവാദ മതേതര ഇടതുപക്ഷ ചിന്താഗതിയെ എതിരിടാൻ ഇസ്രായേൽ ഷെയ്ഖ് യാസിനെ കരുവാക്കി. ഒടുവിൽ യാസിനെ ഇസ്രായേലിന് തന്നെ വധിക്കേണ്ടി വന്നു. എന്നാൽ ഹമാസിന്റെ വളർച്ച തടയുവാൻ ആർക്കും കഴിഞ്ഞില്ല. ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് ജയിക്കുകയും കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാനും ആരംഭിച്ചു.

ഹമാസിനെ ശക്തമായി എതിർക്കുമ്പോഴും ഇസ്രായേൽ ഹമാസിനെ എങ്ങനെ കാണുന്നു എന്നതിൽ മാറ്റം വന്നോ ? പ്രത്യേകിച്ച് നെതന്യാഹു അധികാരത്തിലിരിക്കുമ്പോഴെങ്കിലും ?

2019 ൽ ലികുഡ് പാർട്ടിയുടെ മീറ്റിംഗിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ വരികൾ ഇങ്ങനെയാണ് ; " പലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണം തടയാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ചെയ്യേണ്ടത് ഹമാസിനെ പണമുപയോഗിച്ച് സമ്പുഷ്ടിപ്പെടുത്തുക, അവരെ വളരാൻ അനുവദിക്കുക." ഇസ്രയേലിന്റെ ഇന്റലിജൻസ് സംഘടനയുടെ മുൻ തലവൻ യുവാൻ ഡിസ്കിന്റെ അഭിപ്രായത്തിൽ ഹമാസിന്റെ ശാക്തീകരണത്തിന്റെ പ്രധാന ഉത്തരവാദി നെതന്യാഹുവാണ്. ഇത് ഡിസ്കിൻ പറഞ്ഞതാകട്ടെ 2013 ൽ ഒരു ഇസ്രായേലി പത്രത്തിന് നൽകി അഭിമുഖത്തിലും. ഹമാസിനെ ശക്തിപ്പെടുത്തി പലസ്തീൻ ദേശീയ അതോറിറ്റിയെ ദുർബലപ്പെടുത്താനാണ് ലികുഡ് പാർട്ടിയുടെ ഭരണത്തിന്റെ ശ്രമമെന്ന് മുൻ ഇസ്രായേലി പ്രധാനമന്ത്രി എഹൂദ് ബാരാക് 2019 ൽ ഇസ്രായേലി ആർമി റേഡിയോയുടെ ഒരു പരിപാടിയിൽ പറഞ്ഞു. ഇതിലും വലിയ വെളിപ്പെടുത്തൽ നടത്തിയത് നെതന്യാഹു സർക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന അവിഗ്‌ദോർ ലിബർമാൻ ആണ്. ഖത്തറിൽ നിന്ന് ഹമാസിന് ലഭിച്ചിരുന്ന പണം മുടക്കാതിരിക്കാൻ മൊസാദും ഐ.ഡി.എഫും ഇടപെട്ടതായി ലിബർമാൻ ആരോപിച്ചു. നിലവിലെ ഇസ്രായേലി ധനകാര്യ മന്ത്രിയായ ബെലസെൽ സ്മോട്രിച്ച് ഹമാസ് ഒരു അസ്റ്റും പലസ്തീൻ അതോറിറ്റി നേതാവ് മഹ്മൂദ് അബ്ബാസ് ഒരു ബാധ്യതയുമാണ് എന്ന് ഇസ്രായേൽ പാർലിമെന്റിൽ 2015 ൽ പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ഈജിപ്ത് മുഖേന ഹമാസുമായി ചർച്ചകൾ നടത്താൻ ശ്രമിച്ച് വീണ്ടും ഇസ്രായേൽ പലസ്തീൻ അതോറിറ്റിയെ ദുർബലപ്പെടുത്തുകയാണ്.

Courtesy : motaz_azaiza

ഹമാസ് ഇന്ന് ഹിസ്‌ബൊള്ളയുമായും, വെസ്റ്റ് ബാങ്കിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ എന്ന കമ്മ്യൂണിസ്റ്റ് സായുധ സേനയുമായും നല്ല ബന്ധത്തിലാണ്. അത് പോലെ തന്നെ വെസ്റ്റ് ബാങ്കിൽ പോപുലർ ഫ്രണ്ട് നടത്തിയ ഇസ്രായേൽ വിരുദ്ധ അക്രമണങ്ങളെ ഹമാസ് അഭിനന്ദിച്ചിരുന്നു. നിലവിലെ സംഘർഷം ആരംഭിച്ച സമയത്ത് ഹിസ്‌ബൊള്ള ഇസ്രയേലുമായി യുദ്ധത്തിന് ഇറങ്ങിയാൽ തങ്ങളും ഹിസ്‌ബൊള്ളയ്ക്ക് ഒപ്പം നിൽക്കുമെന്ന് ലെബനോനിൽ അഭയം പ്രാപിച്ച ഫത്ത പാർട്ടി അംഗങ്ങളും പോപ്പുലർ ഫ്രണ്ട് അംഗങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ആക്രമണങ്ങളിൽ ഇസ്രായേൽ തന്നെയാണ് പ്രതിസ്ഥാനത്ത് എന്ന് പറയേണ്ടി വരുന്നത് ഇത് കൊണ്ടൊക്കെയാണ്. ഹമാസിനെ പലസ്തീൻ വിരുദ്ധത ആളികത്തിക്കാനും ഗാസയും കിഴക്കൻ ജെറുസലേമും, വെസ്റ്റ് ബാങ്കും ഒഴിപ്പിക്കാനുമുള്ള ഉപാധിയായിട്ടാണ് ലികുഡ് പാർട്ടി കാണുന്നത്. എന്നാൽ ഹമാസിന്റെ ആക്രമണത്തിന് നേരെ ഇസ്രായേലി ഇന്റലിജൻസ് കണ്ണടച്ചുവെന്ന യാഥാർഥ്യം ഇസ്രായേലിലെ ജനങ്ങളിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്. മുൻ കാലങ്ങളെക്കാൾ ഇസ്രായേലിന് ആഗോളതലത്തിൽ പിന്തുണ ഇടിഞ്ഞെങ്കിലും ഇപ്പോഴും വംശഹത്യ പ്രക്രിയ ഇസ്രായേൽ തുടരുകയാണ്.

Courtesy : motaz_azaiza

ശ്രദ്ധേയമായ മറ്റൊരു കാര്യം ഹമാസിന്റെ മതമൗലിക മുഖവും അതിസാഹസികതയും ഒരു വർഗ്ഗീയ ആയുധമായി മാറുമ്പോൾ മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യൻ സഭകൾ സ്വീകരിക്കുന്ന നിലപാട് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ് ഒക്ടോബർ ഏഴിന് ശേഷമുണ്ടായ ഇസ്രായേൽ അതിക്രമങ്ങളെ കുറിച്ച് പറഞ്ഞത് അവ പ്രത്യാക്രമണങ്ങൾ അല്ല മറിച്ച് വംശഹത്യയുടെ ആരംഭമാണ് എന്നാണ്. ഇസ്രയേലിന്റെ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ ഹമാസിനെ കുറിച്ച് അവർ നിശ്ശബ്ദരാണ്. ഇന്റർനാഷണൽ റിലേഷന്റെ അക്കാദമിക്ക് ഭാഷയിൽ ഒരു നോൺ സ്റ്റേറ്റ് ആക്ടർ അഥവാ ഭരണകൂടയിതര ശക്തിയാണ് ഹമാസ്. അതിന്റെ ഉത്ഭവത്തെ കുറിച്ച് അറിവുണ്ടെങ്കിലും അവരുടെ പ്രവർത്തനങ്ങളോട് മതഭേദമെന്യേ അനുഭാവം പുലർത്തണമെങ്കിൽ ഇസ്രയേലിന്റെ ചെയ്തികളും അറബ് ക്രിസ്ത്യൻ, മുസ്ലിം , ഇതര മതവിഭാഗങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകളുടെ ആഴം എത്രത്തോളമായിരിക്കും. ഹമാസിനോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. ഒരു ബൈനറിയിൽ നിന്നുള്ള വീക്ഷണത്തേക്കാൾ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് വിഷയാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്നതാണ് ഉചിതം.

( ഡൽഹി യൂണിവേഴ്‌സിറ്റിയിൽ എം.എ.പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയും എ.ഐ.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Related Stories

No stories found.
logo
The Cue
www.thecue.in